ADVERTISEMENT

കെയ്റ്റിന്റെ തലച്ചോറിൽ ഞാൻ തന്ത്രപൂർവ്വം ഒരു ചിപ്പ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ നിയമപരമായി ഞാൻ ചെയ്തത് ഒരു ക്രിമിനൽകുറ്റമാണെന്ന് എനിക്കറിയാം. സർജൻ ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകൾ ഈ കാലത്തിനിടയിൽ ഞാൻ ചെയ്തിട്ടുണ്ട് എങ്കിലും എന്റെ ശരികളിൽ ഏറ്റവും വലിയ ശരി കെയ്റ്റിന്റെ തലച്ചോറിൽ സ്ഥാപിച്ച ചിപ്പാണ്. അവളുടെ നീക്കങ്ങൾ മനസിലാക്കാനാണ് അത് ചെയ്തതെങ്കിലും പതിയെ പതിയെ എനിക്കതൊരു അപ്രധാനമായ ദൗത്യമായി തോന്നി തുടങ്ങി. ഞാൻ ഏറ്റവും അധികം ശ്രദ്ധിച്ചത് ബന്ധങ്ങൾക്ക് അവൾ നൽകുന്ന സ്ഥാനങ്ങളും നിർവചനങ്ങളുമാണ്. ഞങ്ങൾ റൂം മേറ്റ് ആയിരുന്ന കാലത്ത് ആ രഹസ്യ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അംഗമായി അവൾ മാറുന്നതിന് മുമ്പ് കെയ്റ്റ് സെബാസ്റ്റ്യനെ അതി തീവ്രമായി പ്രണയിച്ചിരുന്നു. അയാൾക്കതൊരു നേരംപോക്കു പോലെ ആയിരുന്നതുകൊണ്ട് ആ ബന്ധം അയാൾ ഒരിക്കലും കാര്യമായി എടുക്കില്ലെന്ന് പറഞ്ഞിരുന്നു. പിന്നീടയാൾ അവളിൽ നിന്നും ഇറങ്ങിപ്പോയ ശേഷം ദിവസങ്ങളോളം വിഷാദരോഗിയായാണ് കെയ്റ്റ് ജീവിച്ചത്. 

പഠനം ഉപേക്ഷിച്ച് അവൾ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു. സൈന്യത്തിന് അവളെ ആവശ്യമില്ലാത്തതുകൊണ്ടാകാം ആ സൈന്യത്തിന് എതിരെ നിൽക്കുന്ന സംഘടനയുടെ ഭാഗമായപ്പോൾ അവൾ ലവലേശം കുറ്റബോധം കാണിച്ചില്ല. ഞാൻ ആ കാലത്ത് അമേരിക്കയിൽ എം ബി ബി എസിന് പഠിക്കുകയാണ്. തിരികെ ഇന്ത്യയിൽ എത്തിയ ശേഷം വളരെ വൈകിയാണ് കെയ്റ്റിന്റെ കേസ് എനിക്ക് ലഭിക്കുന്നത്. ഒരു ഡോക്ടർ ആയിരുന്നിട്ടു കൂടി  ഞാനൊരു അർദ്ധ സൈനിക വിഭാഗത്തിന്റെ ഭാഗമായാണ് ജോലി ചെയ്തിരുന്നത്. കെയ്റ്റിന്റെ തലച്ചോറിലേക്ക് മൂർച്ചയുള്ള ബ്ലെയ്ഡ് ഇറക്കുമ്പോൾ അവൾ ഡോക്ടറിന്റെ കൈയ്യബദ്ധത്തിൽ മരണപ്പെട്ടു എന്നൊരു തിരക്കഥയെഴുതി അവളെ രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അതു മൂലം ലഭിക്കാതെ പോകുന്ന തെളിവുകൾ രാജ്യത്തിനു തന്നെ ഭീഷണിയാകുമെന്ന് അറിയാവുന്നതുകൊണ്ട് എനിക്കതിന് കഴിഞ്ഞില്ല. ആ ചിപ്പ് സ്ഥാപിച്ച ശേഷം അവളൊരു കുറ്റവാളി അല്ലെന്ന വ്യാജേന അവളെ തുറന്നു വിടുകയായിരുന്നു. 

കെയ്റ്റ് ഒരു സാധാരണക്കാരിയായാണ് മറ്റുള്ളവർക്കു മുമ്പിൽ ജീവിച്ചത്. വല്ലപ്പോഴും നടത്തുന്ന അന്താരാഷ്ട്ര യാത്രകൾ ഒരു യാത്രാപ്രേമി ആയതുകൊണ്ടാണെന്ന് ആളുകൾ വിചാരിച്ചു കൊള്ളും. കൂടാതെ അവൾ യൂട്യൂബിലെ ഒരു നമ്പർ വൺ വ്ലോഗറും ആയിരുന്നു. ഒരു തീവ്രവാദി എന്ന ഭാഗം അവളുടെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ എത്ര മനോഹരവും സ്വതന്ത്രവും ആയ ജീവിതമാകുമായിരുന്നു അത്. സൈന്യത്തിലുള്ളവർ അവളുടെ രാജ്യത്തിനെതിരെയുള്ള നീക്കങ്ങൾ നിരീക്ഷിക്കുമ്പോൾ അതിന് പുറത്തുള്ള അവളുടെ ജീവിതത്തിലേക്കാണ് എന്റെ ശ്രദ്ധപോയത്. കാരണം കെയ്റ്റ് വളരെക്കാലം മുമ്പ് ഏറ്റവും സാധാരണക്കാരിയായ ഒരു പെണ്ണും എന്റെ റൂം മേറ്റും ആയിരുന്നല്ലോ. ഒരുമാസം മുമ്പ് വർഷങ്ങൾക്കു ശേഷം അവൾ സെബാസ്റ്റ്യനെ മീറ്റു ചെയ്തു. ഒരു വ്ലോഗർ എന്ന നിലയിൽ അവളെ ഒരുപാട് പുകഴ്ത്തി സംസാരിക്കാൻ അയാൾ മടിച്ചില്ല. പണ്ടത്തേതിൽ നിന്നും സെബാസ്റ്റ്യൻ വളരെ പക്വതയുള്ള ഒരാളായി മാറിയിരിക്കുന്നു. അയാളുടെ സംസാരത്തിൽ അവളോടുള്ള അങ്ങേയറ്റത്തെ ബഹുമാനം നിറഞ്ഞു നിന്നിരുന്നു. ഇന്നലെ അവർക്കിടയിൽ സെക്സ് ഉണ്ടായി. പക്ഷെ ആ ഒരുമാസക്കാലത്തിൽ ഒരിക്കൽ പോലും കെയ്റ്റ് അയാളോട് പ്രണയത്തോടെ ഒന്നും സംസാരിച്ചിട്ടില്ല. ഇന്നലെ സെക്സിന് ശേഷം അവൾ ഒരേ ഒരു കാര്യമാണ് പറഞ്ഞത്.. ''എനിക്ക് നിന്നോട് പ്രണയമില്ല സെബാസ്റ്റ്യൻ.. ഇനി ഇതിന്റെ പേരിൽ എന്റെ പിന്നാലെ വന്നേക്കരുത്.'' അതയാളെ വേദനിപ്പിച്ചിട്ടുണ്ടാവാം. അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടാവാം. അവർക്കിടയിൽ അതിന് ശേഷം സംഭാഷണങ്ങൾ ഉണ്ടായിട്ടില്ല. 

''ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച് പോയ ഒരുത്തനുമായി വീണ്ടും കണ്ടു മുട്ടിയാൽ ശാരീരികമായ അടുപ്പം ഉണ്ടാവുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ  നിങ്ങൾ അത് ഒരു വസ്തുവിനെ ഉപയോഗിക്കും പോലെ ലാഘവത്തോടെ മാത്രമേ ആകാവൂ. മാനസികമായൊരടുപ്പം അയാൾക്ക് അനുഭവപ്പെടുകയേ അരുത്. കാരണം അയാൾ ആഗ്രഹിക്കുന്നത് അതുകൂടി ആണ്. ഒടുവിൽ അയാൾ ഉയോഗിച്ച്  ഉപേക്ഷിക്കപ്പെട്ട പോലെ അപമാനിതനായി ഇറങ്ങി പോകും. ശരീരം സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് അവൻ ഓർക്കേണ്ടതുണ്ട്.'' അവൾ ഇങ്ങനെ ഒറ്റയ്ക്ക് സംസാരിക്കുന്ന വ്യക്തിയാണ്. കൂടുതലും പുസ്തകങ്ങളിലെ കഥാപാത്രങ്ങളുമായി ഒപ്പമുള്ളവരെ താരതമ്യം ചെയ്യുന്നതിൽ അവൾ അതീവ ബുദ്ധിശാലിയാരുന്നു. പിന്നീട് കുറേ കാലം കെയ്റ്റിന്റെ നീക്കങ്ങൾ എനിക്ക് അറിയാൻ സാധിച്ചിരുന്നില്ല. കാരണം ഞങ്ങളുടെ ടീം അംഗങ്ങൾ അത് കുറച്ചുകൂടി രഹസ്യമായി കൈകാര്യം ചെയ്യാൻ തുടങ്ങി. പതിയെ ഞാൻ കെയ്റ്റിനെ മറന്നു തുടങ്ങി. 

ഒരിക്കൽ ഞങ്ങളുടെ ഓഫീസിൽ വച്ച് ഞാൻ കെയ്റ്റിനെ അപ്രതീക്ഷിതമായി കണ്ടു മുട്ടി. ഞങ്ങളുടെ ടീമിന്റെ ഐഡികാർഡ് അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു. അവളുടെ ഫിംഗർ പ്രിന്റ് പതിപ്പിക്കുമ്പോൾ ആ അകത്തേക്കുള്ള രഹസ്യവാതിൽ തുറക്കുന്നതും ഞാൻ കണ്ടു. അതെനിക്ക് വിശ്വസിക്കാനായില്ല. കാരണം ആ വാതിലിനപ്പുറത്തേക്ക് എനിക്ക് പോലും അതുവരെ കടക്കാൻ ആയിട്ടില്ല. ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു. കൈ ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഞാൻ മാസങ്ങളായി ഒരു മുറിയിൽ ഇരുന്ന് ചില സംഭാഷണങ്ങൾ കേൾക്കുകയായിരുന്നു. കെയ്റ്റിനെ നിരീക്ഷിക്കാൻ അവർ എന്നെയും കൂടിയാണ് ഏൽപ്പിച്ചിരുന്നത്. പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ കെയ്റ്റിനെ കണ്ടിരിക്കുന്നു. എന്നേക്കാൾ  സീനിയറായ ഓഫീസറുടെ രൂപത്തിൽ. വർഷങ്ങളായി അവൾ ഇവിടെ ജോലിചെയ്യുന്നു എന്ന് ഞാൻ മനസിലാക്കി. അപ്പോൾ ഈ കഴിഞ്ഞ ദിവസങ്ങളിലത്രയും ഞാൻ ആരെയാണ് കേട്ടത്. മുൻകാലങ്ങളിൽ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദങ്ങൾ വീണ്ടും പ്ലേ ചെയ്ത് കേൾപ്പിച്ചതായിരുന്നു അതെന്ന് എനിക്ക് മനസിലായി. തലയുടെ പിറകിൽ ഒരു മുറിവുണ്ട്. ഞാനത് തൊട്ടു നോക്കി. സർജറിയുടെ പാടുകൾ വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്. ഒരുപക്ഷെ ആ ചിപ്പ് അവർ തിരികെ എടുത്തതാകാം. ഞാൻ പൂർവകാലം മറന്ന് പോയപ്പോൾ കെയ്റ്റ് മറ്റൊരാളാണെന്ന് അവർ എന്നെ വിശ്വസിപ്പിച്ചതാകാം. 

ഞാനൊരു സർജനല്ലെന്ന് എനിക്ക് മനസിലായി. എന്നേ സർജറി ചെയ്തത് പണ്ട് എന്റെ റൂം മേറ്റായ സുഹൃത്താണെന്നും മനസിലായി. ഞാനൊരു വ്ലോഗർ ആണെന്നും മനസിലായി. എനിക്ക് സെബാസ്റ്റ്യനുമായി ബന്ധമുണ്ടായതും മനസിലായി. ഏറ്റവും ഒടുവിൽ ഞാനൊരു രാജ്യദ്രോഹിയാണെന്നും മനസിലായി. എന്റെ റൂം മേറ്റ് ഡോറിൽ രണ്ടു തവണ നോക്ക് ചെയ്ത് അകത്തേക്ക് വന്നു. അവൾ എന്നോട് ഇപ്പോഴും മര്യാദ കാണിക്കുന്നതു കണ്ട് എനിക്ക് അതിശയം തോന്നി. അവൾ എനിക്കൊരു ഗുളിക തന്നു. കാഴ്ചകൾ മങ്ങുന്നതു പോലെ തോന്നി. പക്ഷെ അവളെ മാത്രം എനിക്ക് വ്യക്തമായി കാണാം. ഞാൻ പലതവണ അവളുടെ പേര് ചോദിച്ചു. പൂർണ്ണമായും കണ്ണുകൾ അടയും മുമ്പ് അവളുടെ പേര് ഓർത്തെടുക്കണം എന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ പിന്നീടൊരിക്കലും ആ പേര് കണ്ടെത്താൻ അവസരമില്ലെന്ന് എനിക്കറിയാം. ഞാൻ അവളെയും എന്നെയും ഒരേ ഫ്രെയിമിൽ ഒരുമിച്ച് നിർത്തിയതായി സങ്കൽപ്പിച്ചു. ഞങ്ങൾക്ക് ഒരേ മുഖമായിരുന്നു. ഞാൻ രണ്ടു പേരായി ജീവിച്ചു. അതിൽ ഏതാണ് യാഥാർഥ്യമെന്ന് തിരിച്ചറിയാതെ ഞാൻ കണ്ണുകൾ ഇറുക്കി കളഞ്ഞു. പക്ഷെ എന്റെ സ്വത്ത്വം കണ്ടെത്താനാകാതെ ഞാൻ ഇന്ന് രാവിലെ മരണപ്പെട്ടു.. അത്  മാത്രമാണ് സത്യം.

Content Summary: Malayalam Short Story ' Swathwam ' Written by Megha Nisanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com