'അപ്പനെ നെഞ്ചുവേദനയായിട്ട് ആശുപത്രിയിൽ കൊണ്ടുപോയി, മരണം സംഭവിച്ചത് പരീക്ഷ അടുത്ത ദിവസം...
Mail This Article
രാത്രി മൊബൈലിൽ ഹിന്ദി പാട്ടിനൊപ്പം ഡാൻസ്റീൽ ചെയ്യുന്ന പെൺകുട്ടിയെ നോക്കിക്കൊണ്ട് കിടക്കുമ്പോഴായിരുന്നു അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടത്. “എടാ അനീഷേ... നാളെ പള്ളിപ്രാർഥനയ്ക്കൊള്ള പരിപ്പുവടേം ഏത്തയ്ക്കാപ്പോം കടേ പറഞ്ഞോ...” “പറഞ്ഞമ്മേ... നാളെ വൈകുന്നേരം അഞ്ചു മണിയാകുമ്പോഴ് പായ്ക്കറ്റിലാക്കി കൊണ്ടുവരാന്നാ അവര് പറഞ്ഞേ...” ഞാൻ വീണ്ടും മൊബൈലിൽ റീൽസുകൾ നോക്കി തുടങ്ങിയപ്പോൾ വീണ്ടും അമ്മ പറഞ്ഞു. “നീയാ ഹാളൊക്കെ വൃത്തിയാക്കിയിട് അനീഷേ... നാളെത്തെ പ്രാർഥനയ്ക്ക് അച്ഛനൊക്കെ വരുന്നതാ...” ഓ.. അമ്മ വീണ്ടും തൊടങ്ങി... അല്ലേലും ശനിയാഴ്ച വൈകുന്നേരമാ കൊറച്ചെങ്കിലും സമയം കിട്ടുന്നത്, അത് കളയാൻ എനിക്ക് വയ്യ. “അമ്മേ നാളെയല്ലേ പ്രാർഥന, അതിനിപ്പഴെയെന്തിനാ ചെയ്യിന്നെ, സമയമുണ്ടല്ലോ...” “നീയിങ്ങനെ ഒന്നുംചെയ്യാതെ 24 മണിക്കൂറും മൊബൈലും കുത്തിക്കൊണ്ടുകിടന്നോ...” പിന്നേം അമ്മ അടുക്കളയിൽനിന്ന് എന്തൊക്കെയോ പറയുകയും പാത്രങ്ങൾ തട്ടുന്ന ശബ്ദവുമൊക്കെ കേൾക്കാമായിരുന്നു. പപ്പാ ഏതായാലും എട്ടരയൊക്കെ ആകുമ്പോഴെ കടയിൽ നിന്ന് വരത്തുള്ളു. വന്നു കുളികഴിഞ്ഞെയുള്ളു പ്രാർഥന, ഞാൻ അത്രയും നേരം മൊബൈലും നോക്കി കിടക്കും.
നാളത്തെ പ്രാർഥനയെപ്പറ്റി അമ്മ പറഞ്ഞപ്പോഴായിരുന്നു പഴയ ഓർമ്മകൾ മനസ്സിൽ കയറി കൂടിയത്. അഞ്ച് വർഷം എത്ര പെട്ടന്നായിരുന്നു കഴിഞ്ഞത്. മാവി മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. മാവി ആരെന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. അപ്പന്റെ പെങ്ങളെയാണ് ഞങ്ങടെ കുമ്പനാട്ടൊക്കെ മാവിയെന്നു വിളിക്കുന്നത്. മാവിയെപ്പറ്റി ഓർത്തപ്പോൾ എനിക്കു പിന്നെ മൊബൈലിൽ ഒന്നും കാണാൻ തോന്നിയില്ല. മൊബൈൽ കട്ടിലിൽവെച്ച ഞാൻ ജനാലയിൽകൂടി പുറത്തേക്ക് നോക്കി അങ്ങനെതന്നെ കിടന്നു. വലിയ ചിറകുകളടിച്ചു പറന്നുവന്നൊരു കടവാവൽ വാഴക്കൂമ്പേൽ തൂങ്ങിക്കിടക്കുന്നത് നേർത്ത നിലാവെട്ടത്തിൽ കാണാമായിരുന്നു. എന്റെ പേരായ്ക്കാ മുഴുവനും തിന്നു ചവച്ചുതുപ്പിയിടുന്നത് ഈ പന്നസാധനമാ… ഞാനോർത്തു. വീണ്ടും പുറത്തേക്ക്തന്നെ നോക്കികൊണ്ടു കിടന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ദുബായിലുള്ള എബിനച്ചാച്ചനും യു. കെയിലുള്ള ആൻസിമോളും വിളിച്ചിരുന്നു. ഒത്തിരിനേരം അമ്മയെപ്പറ്റിയും, പണ്ട് ഞങ്ങടെ കുമ്പനാട്ടെ വീട്ടിൽ വരുന്ന കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. കുഞ്ഞുവാവ ആയേപിന്നെ ആൻസിമോൾക്ക് വിളിക്കാനൊന്നും ഒട്ടും നേരമില്ല. വിളിക്കുമ്പോഴെല്ലാമവൻ ഫോൺ തട്ടിതെറിപ്പിക്കുകയൊക്കെ ചെയ്തോണ്ടിരിക്കും. എനിക്കും പപ്പാക്കും അമ്മയ്ക്കുമെല്ലാം കുഞ്ഞിനെ കാണാൻ വല്യ കൊതിയാണ്. പിന്നെ ഡിസംബറിൽ എല്ലാവരും നാട്ടിൽ വരുന്നുണ്ട്. കുഞ്ഞിന്റെ മാമോദീസ കുമ്പനാട്ടെ വലിയപള്ളിയിൽ നടത്തണമെന്നാണ്. ലൈറ്റെല്ലാം അണച്ച് ഉറങ്ങാനായി കിടന്നപ്പോഴാണ് തുറന്നിട്ട ജനൽപാളികൾക്കിടയിൽകൂടി മിന്നാമിനുങ്ങുകൾ മുറിയിലേക്ക് പറന്നു വന്നത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ എന്നിലെ പൂർവസ്മരണകൾ മനതാരിൽ നിറഞ്ഞു തുളുമ്പി.
മാവിയെപ്പറ്റിയോർക്കുമ്പോഴൊക്കെ ഉൾത്തടത്തിൽ വല്ലാത്തൊരു വിങ്ങലാണ്. വർഷത്തിൽ മൂന്നാല് പ്രാവശ്യമെങ്കിലും ആനിക്കാട്ടുനിന്നും റോസമ്മമാവി കുമ്പനാട്ടെ ഞങ്ങടെ വീട്ടിലേക്ക് വരുമായിരുന്നു. വന്നാൽ ഒരാഴ്ചയെങ്കിലും താമസിച്ചേ മടങ്ങാറുള്ളു. അടർത്തിയ ചക്കച്ചൊളയും വാട്ടുക്കപ്പയും കോഴിമുട്ടയും ഒരു കുപ്പിനിറയെ നെയ്യുമൊക്കെയായിട്ടായിരിക്കും ആ വരവ്. ലൂബിക്കായുടെ സീസണാണെങ്കിൽ അതും ഉപ്പിലിട്ടത് ഒരുകുപ്പി കാണും. ഞാനും പെങ്ങളും മാവി വരുന്നദിവസം കവലയിൽ പോയി നിൽക്കും. രാവിലെ പത്തരയ്ക്കുള്ള സെന്റ്. തോമസിനാണ് മിക്കപ്പോഴും വരുന്നത്. ബസിറങ്ങിയാൽ ഒരിടവഴിയും തോടും പൊക്കത്തിലുള്ള കപ്പക്കാലയും കഴിഞ്ഞാണ് ഞങ്ങടെ വീട്. തോടുവരെ ബൈക്കോ കഷ്ടിച്ചൊരു കാറോ വരുന്നവഴി. പിന്നീടങ്ങോട്ട് കുന്നുകേറണം. മാവീടെ കൈയ്യിലെ സഞ്ചിരണ്ടും ഞങ്ങളായിരിക്കും പിടിക്കുക. കൂടെ മാവീടെ മക്കളായ എബിനച്ചാച്ചനും ആൻസിമോളും കാണും. തിരുവല്ലായിലെ മാർത്തോമ്മ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന എബിനച്ചാച്ചൻ എന്നോട് കാണുമ്പോഴൊക്കെ പറയും, നീയും പ്രീഡിഗ്രി തിരുവല്ലായിലെ കോളജിലേ ചേരാവൂന്ന്. പത്താംക്ലാസ് കഴിയുമ്പോൾ തിരുവല്ലായിലെ കോളജിൽ അഡ്മിഷൻ കിട്ടണമെയെന്ന് ഞാൻ പ്രാർഥിക്കും. അങ്ങനെയാണെങ്കിൽ എനിക്കും എബിനച്ചാച്ചനും ഒരു കോളജിൽ പഠിക്കാമല്ലോ. ആൻസിമോൾക്ക് എന്റെ അതേ പ്രായമാ. അമ്മ എപ്പോഴും പറയും. സായിപ്പിന്റെ ആശുപത്രിയിൽ ഞാനുണ്ടായപ്പോൾ അമ്മയെയും മാവിയാന്റിയെയും ഒരുമിച്ചായിരുന്നു അഡ്മിറ്റ് ചെയ്തത്. ഒരു ദിവസം തന്നെയായിരുന്നു രണ്ടുപേർക്കും ഡേറ്റും, എങ്കിലും ഒരു ദിവസം നേരത്തെ ഞാൻ ജനിച്ചു. അങ്ങനെ മെയ് 5 ഉം 6 ഉം. അതെ ഒരു മെയ്മാസപുലരിയിലായിരുന്നു എന്നുതന്നെ പറയാം. അന്നായിരുന്നു ഞങ്ങളെ ബർത്ത്ഡേ.
ആനിക്കാട്ടുനിന്നു മല്ലപ്പള്ളി വരെ ബസിൽ കുടുങ്ങിക്കുടുങ്ങിയുള്ള ഇരിപ്പും പിന്നെ ബസിറങ്ങിയുള്ള നടത്തവുമൊക്കയായി മാവി വീട്ടിൽവരുമ്പോൾ തീർത്തും ക്ഷീണിച്ചിട്ടുണ്ടാവും. പിന്നെ വീട്ടിൽവന്ന് ചാരുകസേരയിൽ അൽപനേരം ഇരിക്കും. “അഞ്ചു വർഷമായി റോഡ് നന്നാക്കിയിട്ട് ഇനി അവന്മാര് വോട്ട് ചോദിച്ചുവരട്ടെ”. മാവിയിങ്ങനെ ആനിക്കാട്ടെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങും. “ഞങ്ങക്ക് അങ്ങോട്ടേക്ക് വരണമെന്നുണ്ടാന്റി” അമ്മ പറയും. “ബൈക്കേൽ മല്ലപ്പള്ളീന്ന് ആനിക്കാട്ടുവരെ വരാനാ പാട്, റോഡ് മുഴുവനും കുത്തിയെളകികെടക്കുവാ. നടുവിന്റെ ഡിസ്കിന് ആകെ പ്രശ്‌നമാ. ഇടയ്ക്കിടെ വേദന കേറും.” “കുഞ്ഞുമോനച്ചായനെന്തിയേ...?” അമ്മ ചോദിക്കും. “പിള്ളേരുടെ അപ്പന്റെ കാര്യം പറയാൻ വയ്യ. നിന്നുതിരിയാനുള്ള നേരമില്ല. രാവിലെ അഞ്ചു മണിയാകുമ്പോൾ എണ്ണീറ്റിട്ട് റബറുവെട്ടാൻ പോകും. പത്തമ്പതു മരമേയുള്ളു, അതു കഴിഞ്ഞാപിന്നെ പശുവിനെക്കറന്ന് പാൽ കൊണ്ടുപോയി മിൽമായിൽ കൊടുക്കണം. അല്ലേലും കുഞ്ഞുമോനച്ചായൻ കഠിനാധ്വാനിയാണെന്ന് പപ്പാ വീട്ടിലെപ്പോഴും പറയും. പറമ്പിലും പശുത്തൊഴുത്തിലും ആട്ടിൻകൂട്ടിലുമായി എപ്പോഴും പണിതന്നെയായിരിക്കും. “ആൻസിമോളിങ്ങ് വന്നേ...” അമ്മ അടുത്തേക്ക് വിളിക്കും. ആൻസിമോളടുത്തേക്ക് വരുമ്പോഴ് അമ്മ ചേർന്ന്നിന്ന് പൊക്കം നോക്കും. “അനീഷേ, ഇവളെ കഴിഞ്ഞ തവണ ഇവിടെ വന്നതിനേക്കാൾ പൊക്കം വെച്ചെല്ലേടാ… അടുത്ത വർഷം കോളജിൽ പോകാനുള്ളതല്ലേ, നീ ഇവിടെനിന്നു പഠിച്ചാമതി മോളെ, ഞാനൊരുക്കി വിട്ടോളാം, നിന്റെമ്മയ്ക്ക് നിന്നെ ഒരുക്കാനൊട്ടും അറിയില്ല”
ആൻസിമോളെ ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമാ. കാണാൻ സുന്ദരിയായതുകൊണ്ടു തന്നെ വരുമ്പോഴൊക്കെ അമ്മ നന്നായിട്ട് ഒരുക്കും. അനുചേച്ചിടെ കമ്മലും മാലയുമൊക്കെ ഇട്ടുകൊടുക്കും. അതിനൊക്കെ അമ്മയ്ക്ക് പ്രത്യേക താൽപര്യമായിരുന്നു. “ഞാൻ കടേലും പെരുന്നാളിനും ഒക്കെ പോകുമ്പോൾ ഒത്തിരി മാലേം വളേം ഒക്കെ മേടിക്കും. ഇവളൊന്നും ഇടുകേല” അനൂനെ നോക്കി അമ്മ പറയും. അല്ലേലും അനുചേച്ചിക്ക് ഫാഷനോടൊന്നും വലിയ കമ്പമില്ല. ആൻസിമോൾക്ക് നല്ല ഫാഷനിൽ നടക്കണമെന്നൊക്കെയുണ്ട്. “ആൻസിമോളെ നീ നല്ല സുന്ദരിയായി തന്നെ നടന്നോണം. അനൂനെ പോലെയൊന്നും ആകല്ലേ, നിന്റെ അമ്മയ്ക്ക് ഫാഷനിലൊന്നും നടത്തിക്കാനറിയില്ല”. ഇതു കേൾക്കുമ്പോൾ ആൻസിമോള് നാണിച്ചൊരു ചിരിചിരിക്കും. “ബേബിയിവിടെയില്ലേ... കണ്ടില്ലലോ...? അവിടെല്ലാം നോക്കി മാവിയാന്റി ചോദിക്കും. “അച്ചായൻ പള്ളിയിൽ പോയേക്കുവാ അമ്മാമേ, അടുത്താഴ്ച പിള്ളേരുടെ ആദ്യകുർബാനയാണ്, തിരുമേനിയൊക്കെ വരുന്നുണ്ട്, പിന്നെ പള്ളീൽ കമ്മറ്റിയൊണ്ട് അതും കഴിഞ്ഞേ വരു..” വന്നിരിക്കുമ്പോഴേ മാവിയാന്റി ചോദിക്കും. “എടീ വടക്കുവശത്തുള്ള പ്ലാവേൽ ചക്കയായോ... ആ തേൻവരിക്കയിലെ ചൊള വേയിക്കാനും പഴുപ്പിക്കാനും നല്ലതാ.” ക്ഷീണമെല്ലാം മാറിക്കഴിഞ്ഞാൽ മാവിയാന്റി ആദ്യം പോയി നോക്കുന്നത് പ്ലാവേലായിരിക്കും. രണ്ടുതോട്ടി കെട്ടിയായിരിക്കും പൊക്കത്തിൽ കിടക്കുന്ന ചക്കയൊക്കെ പറിക്കുന്നത്. പിന്നെ ചക്ക അടർത്തിപെറുക്കാനുമൊക്കെയായി അടുക്കളമുറ്റത്തെ നീണ്ടുകിടക്കുന്ന വരാന്തയിൽ ഇരിക്കും. അമ്മയും മാവിയാന്റിയും കൂടി ചക്ക അടർത്താൻ തുടങ്ങും. എബിനച്ചാച്ചനും ആൻസിമോളും അനുചേച്ചിയും ഞാനും ഹാളിലിരുന്ന് സ്കൂളിലേം കോളജിലേം പള്ളിലേം വിശേഷങ്ങൾ പറയും.
മാവിയാന്റിയോട് കുറച്ചുനേരം വർത്തമാനം പറഞ്ഞുകഴിഞ്ഞ് എല്ലാവർക്കും ഉച്ചയ്ക്ക് ചോറും കറിയും ഉണ്ടാക്കാനായി അമ്മ അടുക്കളയിൽ പോകും. ഞങ്ങൾ പിള്ളേർ കേൾക്കേണ്ടാത്ത കാര്യങ്ങളാണെങ്കിൽ അമ്മേം മാവിയാന്റിയും അടുക്കളയിൽ നിന്നേ പറയുകയുള്ളു. ഒരു ഹാളും രണ്ടു ചെറിയമുറിയും ഒരടുക്കളയും ചേർന്ന് പണിമുഴുവനും തീരാത്ത വളരെ ചെറിയ വീടായിരുന്നു ഞങ്ങളുടേത്. ബാത്റൂം വീടിന്റെ വെളിയിലാണ്, അതുകൊണ്ട് മാവിയാന്റിയും മക്കളും വരുമ്പോഴ് അവർക്കു വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് ആൻസിമോൾക്ക്. രാത്രി ആൻസിമോൾക്ക് ബാത്ത്റൂമിൽ പോകണമെങ്കിൽ ഞങ്ങൾ കാവല് നിൽക്കണം. ഉറങ്ങാൻനേരം ഞങ്ങൾ പിളേര്ഹാളിൽ പായവിരിച്ചു നിരന്നുകിടക്കും. ഹാളിൽ ഒരു ജനലിന് മാത്രമേ കമ്പിയുള്ളു, ഗ്ലാസിട്ടിട്ടില്ല. മഴയാകുമ്പോൾ കാറ്റും എറിച്ചിലും അടിച്ചു കേറും. ലൈറ്റെല്ലാം അണച്ചുകിടക്കാൻ തുടങ്ങുമ്പോൾ വാഴത്തോപ്പീന്ന് മിന്നാമിനുങ്ങുകൾ ജനാലവഴി മുറിയ്ക്കകത്തുവരും. പിന്നതും പറന്നുനടക്കുന്നതു കണ്ട് ഒരോന്നു പറഞ്ഞോണ്ട് കിടക്കും. ആൻസിമോള് പെട്ടെന്ന് ഉറങ്ങിപോകും. ഞാനും എബിനച്ചാച്ചനും പിന്നെയും പറഞ്ഞോണ്ടിരിക്കും. ഈ പിളേർക്കൊന്നും ഒറക്കോമില്ലേന്ന് അമ്മ ചോദിക്കുന്നവരെ സംസാരിച്ചോണ്ടിരിക്കും.
ഞാനും ആൻസിമോളും പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്രിസ്മസ് അവധിക്ക് ഞങ്ങളെല്ലാവരും ആനിക്കാട്ടെ മാവീടെ വീട്ടിലേക്ക് പോയത്. ചാച്ചൻ ഞങ്ങളെ എല്ലാവരെയും കൊണ്ടുവിട്ട് വൈകുന്നേരമാവുമ്പോൾ കുമ്പനാട്ടെ വീട്ടിലേക്ക് പോകും. ആ വർഷം ഞങ്ങടെ ക്രിസ്മസ് ആനിക്കാട്ടായിരുന്നു. ഞങ്ങടെ കുമ്പനാടൊക്കെ വച്ചുനോക്കുമ്പോൾ ആനിക്കാട് വെറും ഓണംകേറാമൂല, പകൽസമയം റബ്ബർത്തോട്ടത്തിൽ പന്തുകളിയായിരിക്കും. പള്ളീലെ ക്വയറിൽ എബിനച്ചാച്ചനും ആൻസിമോളും ഉണ്ട്. അവരുടെകൂടെ പ്രാക്ടീസിന് ഞങ്ങളും പോകും. പിന്നെ അവിടെ കുറെ ഫ്രണ്ട്സൊക്കെയുണ്ട്. എബിനച്ചാച്ചന്റെ ആൻസിമോൾടെയും ഫ്രണ്ട്സ് ഞങ്ങളുടെയും ഫ്രണ്ട്സാണ് കേട്ടോ. ക്രിസ്മസ് അടുക്കാറാകുമ്പോൾ തോട്ടുംകരേന്ന് കുഞ്ഞുമോനച്ചായൻ ഈറ്റ വെട്ടിതരും. എബിനച്ചാച്ചനും ഞാനുംകൂടി വലിയ ക്രിസ്മസ് വിളക്കുണ്ടാക്കി വീടിന്റെ മുന്നിലെ മൂവാണ്ടൻ മാവിന്റെ കമ്പേൽ തൂക്കും. അതൊക്കെ ഞങ്ങൾക്കൊരു ആഘോഷമായിരുന്നു. പിന്നെ കരോൾ പാട്ടുകാരുടെ കൂടെ രാത്രി ഒരുപോക്കൊണ്ട്. കവലയിലെ ക്ലബുകാരുടെ ആഭിമുഖ്യത്തിലിറങ്ങുന്ന കരോൾ. അത് വെളുക്കുവോളം നീളും. രാത്രിയിലുള്ള കപ്പയും ബീഫ് കറിയും മാവീടെ വീട്ടിൽ വെച്ചായിരിക്കും. പറമ്പിൽ നിറയെ കപ്പ ഉള്ളതുകൊണ്ട് അതിനൊന്നും ഒരു ബുദ്ധിമുട്ടുമില്ല. ഒരീടി നിറയെ മലബാറ്കപ്പയും അടുത്ത ഈടിയിൽ പുല്ലാട് കപ്പയുമായിരിക്കും. അന്നത്തെ ക്രിസ്മസ് രാത്രികൾ എത്ര മനോഹരമായിരുന്നു. പല ദിക്കുകളിൽ നിന്നായി ഡ്രംസെറ്റുകൾ കൊട്ടുന്ന മുഴക്കവും ഓലപടക്കങ്ങളും ഗുണ്ടുകൾ പൊട്ടുന്ന ശബ്ദവുമൊക്കയായി ചെറിയ മഞ്ഞും നിലാവും പരന്നൊഴുകിയ രാത്രികൾ.
ക്രിസ്മസ് കരോൾ ദിവസം ആനിക്കാട്ടെ പള്ളിയിൽ തന്നെയായിരിക്കും. പൊക്കത്തിലുളള പള്ളിമുറ്റത്തെ ചൂളമരച്ചുവട്ടിൽ സിമന്റ് കൊണ്ട്കെട്ടിയ മതിലിൽ ഇരിക്കും. ചൂളമരച്ചുവട്ടിൽ നിന്നു നോക്കിയാൽ താഴെ കാടുപിടിച്ച ശവക്കോട്ടയും അങ്ങ് ദൂരെ മലകൾക്കപ്പുറത്ത് നീലാകാശവും ചെംചായങ്ങൾ പടർത്തി അസ്തമിക്കാൻ കാത്തുനിൽക്കുന്ന സൂര്യനെയും കാണാം. സായാഹ്നത്തിൽ വാനവീഥിയിലെ ചിത്രക്കൂട്ടുകൾ കാണുമ്പോൾ തന്നെ മനസിനു വല്ലാത്ത കുളിർമ്മയായിരുന്നു. അപ്പോം കോഴിക്കറിയും കേക്കും കഴിച്ച് നാവിലും മനസ്സിലും സ്നേഹത്തിന്റെ രുചിക്കൂട്ടുകൾ സമ്മാനിക്കുകയായിരുന്നു ആ ക്രിസ്മസ്കാലം. അങ്ങനെ നല്ലൊരു ക്രിസ്മസ് കാലത്തിന്റെ ഓർമ്മയുമായിട്ടായിരിക്കും കുമ്പനാട്ടെ വീട്ടിലേക്കുള്ള മടക്കം. ആഘോഷങ്ങളാക്കെ കഴിഞ്ഞിരിക്കുന്നു. ഇനി പത്താം ക്ലാസിലെ വല്യപരീക്ഷയ്ക്കുള്ള തയാറെടുപ്പുകളായിരുന്നു. ക്രിസ്മസ്സ് കഴിഞ്ഞ് മാർച്ച് വരെ മാവിയാന്റിയും മക്കളും ഞങ്ങടെ കുമ്പനാട്ടെ വീട്ടിലേക്ക് വന്നില്ല. ഞാനും ആൻസിമോളും പത്താംക്ലാസായതുകൊണ്ട് തന്നെ എങ്ങോട്ടേക്കും കൊണ്ടുപോയില്ല. അങ്ങനെ പരീക്ഷയെല്ലാം തുടങ്ങി. ബുധനാഴ്ചയിലെ ബയോളജി പരീക്ഷ കൂടി കഴിഞ്ഞാൽ അവധി കിട്ടും. പാടൊള്ളതെല്ലാം കഴിഞ്ഞു. അമ്മ ഒരോ പരീക്ഷ കഴിയുമ്പോഴും ആൻസിമോളെ വിളിക്കുമായിരുന്നു. അവൾക്ക്പിന്നെ എല്ലാം എളുപ്പമായിരിക്കും. ക്ലാസിലെ ഫസ്റ്റല്ലേ. പരീക്ഷ കഴിയുന്ന അടുത്ത ദിവസംതന്നെ മാവിയാന്റി എബിനച്ചാച്ചനെയും ആൻസിമോളെയും കൂട്ടി കുമ്പനാട്ടെ ഞങ്ങടെ വീട്ടിലേക്ക് വരുമെന്നാ കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും പറഞ്ഞിരുന്നത്.
ഒരു വെള്ളിയാഴ്ച രാവിലെ പപ്പാ മല്ലപ്പള്ളി ചന്തയിൽ പോകാനായി ആക്ടീവാ സ്റ്റാർട്ടാക്കുമ്പോഴായിരുന്നു ലാൻഡ്ഫോൺ നിർത്താതെ ബെല്ലടിച്ചത്. അമ്മ രാവിലെത്തേക്കുള്ള ചപ്പാത്തിയും മൊട്ടക്കറിയും അടുക്കളയിൽ ഉണ്ടാക്കുന്നതിനിടയിലായിരുന്നു ആ കാൾ എടുത്തത്. “റോസമ്മേ, കുഞ്ഞുമോനച്ചായൻ രാവിലെ പശുവിനെ കറക്കുമ്പോഴ് ഒരു നെഞ്ചുവേദനയായിട്ട് ചെത്തിപ്പുഴെ അഡ്മിറ്റു ചെയ്തേക്കുവാ... ഇപ്പം ഐ സി യുലേക്ക് കേറ്റി. എബിനും ഞാനും ആൻസിമോളുമുണ്ടിവിടെ, അവനോട്പറ പെട്ടെന്ന് ഇങ്ങേട്ടേക്ക് വരാൻ.” മാവിയാന്റി കരഞ്ഞോണ്ടായിരുന്നു പറഞ്ഞത്. പിന്നെ എന്നെമാത്രം വീട്ടിലാക്കി പപ്പായും അമ്മയും ഹോസ്പിറ്റലിലേക്ക് പോയി. അവരെല്ലാം ഹോസ്പിറ്റലിൽ ചെന്നപ്പഴേക്കും കുഞ്ഞുമോനച്ചായൻ ഞങ്ങളെയെല്ലാം വിട്ടുപോയിരുന്നു. മാവിയാന്റിയുടെയും ആൻസിമോൾടെയും കരച്ചിൽ ഞങ്ങൾക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. കുഞ്ഞുമോനച്ചായൻ ഇത്രപെട്ടെന്ന് മരിച്ചു പോകുമെന്ന് ഞങ്ങൾ ഒരിക്കൽപോലും വിചാരിച്ചില്ല. ആൻസിമോൾടെ കാര്യമായിരുന്നു വളരെ സങ്കടം. കുഞ്ഞുമോനച്ചായന്റെ വിയോഗം അവൾക്ക് ഒട്ടും താങ്ങാമായിരുന്നില്ല. അവസാനപരീക്ഷ എഴുതാൻ പറ്റുമോയെന്ന് പോലും ഞങ്ങൾ പേടിച്ചു. പിന്നെ എന്നെ ഉപ്പാപ്പന്റെ വീട്ടിൽ നിർത്തി പപ്പായും അമ്മയുംകൂടി മാവിടെ വീട്ടിൽ പോയിനിന്നു. എല്ലാവരുംകൂടി നിർബന്ധിച്ചായിരുന്നു ആൻസിമോളെ പരീക്ഷയ്ക്കയച്ചത്. അടുത്ത ദിവസം അവധിയാകുമല്ലോന്ന് സന്തോഷിച്ച് എഴുതേണ്ട പരീക്ഷ അത്യധികം ദുഃഖത്തോടെയായിരുന്നു എഴുതിയത്.
അവസാനപരീക്ഷയും കഴിഞ്ഞ് അടുത്ത ദിവസമായിരുന്നു ആനിക്കാട്ടെ പള്ളിയിൽവച്ച് കുഞ്ഞുമോനച്ചായന്റെ ശവസംസ്കാരം നടത്തിയത്. മരിച്ചതിന്റെ വീട്ടിലെ പള്ളിപ്രാർഥനയെല്ലാം കഴിഞ്ഞു പിന്നീടുള്ള ദിവസങ്ങളിലെല്ലാം സങ്കടത്തിൽ തന്നെയായിരുന്നു. അതുകഴിഞ്ഞ് ഒരു മാസക്കാലം ഞങ്ങളെല്ലാവരും മാവീടെ വീട്ടിലായിരുന്നു. അവിടെ നിന്നതല്ലാതെ ഒരു സന്തേഷവുമില്ലായിരുന്നു. കഴിഞ്ഞ വർഷത്തെ അവധിയായിരുന്നു അവധി. എബിനച്ചാച്ചൻ പറയും. അന്നൊക്കെ എല്ലാ ദിവസവും വീഡിയോ കാസറ്റ് എടുക്കുമായിരുന്നു. അതുംകണ്ട് ക്രിക്കറ്റ് കളിച്ചുമൊക്കെ നടക്കുമായിരുന്നു. അങ്ങനെ ആ അവധി ഏകദേശം തീർന്നു. “നാളെയല്ലേടാ പത്തിലെ റിസൽറ്റു വരുന്നത്, ഒരു വർഷക്കാലം കളിച്ചു നടന്നതിന്റെയൊക്കെ അറിയാം അനീഷേ. നീ നോക്കിക്കോ... ആനിക്കാട്ടെ ആൻസിമോള് ഡിസ്റ്റിങ്ഷനോടു കൂടി പാസാകുന്നത്. സ്കൂളിലെ ഫസ്റ്റായിരിക്കും അവള്.” അമ്മ അങ്ങനെ പറയുമ്പോഴൊക്കെ ചങ്കിടിപ്പോടെ കേൾക്കുമായിരുന്നു. എങ്ങനെയെങ്കിലും പാസായാമതിയായിരുന്നു. ഞാനോർക്കും. ഏതായാലും റിസൽറ്റു വന്നപ്പോൾ ഡിസ്റ്റിങ്ങ്ഷനോടുകൂടി പാസായ ആൻസിമോൾടെ മുന്നിൽ എന്റെ പാസ്മാർക്ക് മുങ്ങിപോയി. ഏതായാലും പത്താം ക്ലാസിലെ അവസാന പരീക്ഷ ഞങ്ങൾ ഒരിക്കലും മറക്കില്ല. കുഞ്ഞുമോനച്ചായൻ മരിച്ചതിൽ പിന്നെ എങ്ങോട്ടും, പ്രത്യേകിച്ച് പള്ളിയിലേക്കൊന്നും മാവിയാന്റി പോകാറില്ലായിരുന്നു. പറമ്പിലുള്ള റബറുവെട്ടുകയും ആടിനെയും പശുവിനെയും ഒക്കെ നോക്കിപോന്നു.
ആയിടയ്ക്ക് മാവിയാന്റിടെ വീടിനടുത്ത പെന്തകോസ്ത് ചർച്ചിലെ പാസ്റ്റർ പ്രാർഥിക്കാനായി വീട്ടിൽ വരുമായിരുന്നു. കുഞ്ഞുമോനച്ചായൻ മരിച്ച വിഷമത്തിൽ കഴിയുന്ന മാവിയാന്റിക്കത് വല്യയൊരാശ്വാസമായിരുന്നു. വൈകുന്നേരം അമ്മ എപ്പോൾ വിളിച്ചാലും മാവിയാന്റീടെ വീട്ടിൽ പെന്തകോസ്തുകാരുടെ പ്രാർഥനയായിരിക്കും. ആയിടക്കൊന്നും മാവിയാന്റി ഞങ്ങടെ കുമ്പനാട്ടെ വീട്ടിലൊന്നും വരാറില്ലായിരുന്നു. പിന്നെ കുറെമാസങ്ങൾ കഴിഞ്ഞപ്പോഴാണ് മാവിയാന്റി പെന്തകോസ്തിൽ ചേർന്ന വിവരം ഞങ്ങളെല്ലാമറിഞ്ഞത്. ഞാനിപ്പഴും അതോർക്കുന്നു. ഒരു ദിവസം രാത്രി കടയടച്ച് വീട്ടിൽവന്ന പപ്പ വല്യബഹളമായിരുന്നു. മാവിയാന്റിയെ ഫോണിൽ വിളിച്ച് പറയാത്തതായി ഒന്നുമില്ല. ഫോൺ വെച്ചുകഴിഞ്ഞും പപ്പാ ഒരോന്ന് പറഞ്ഞുകൊണ്ടിരുന്നു. “കാതേല്ലേം കൈയേലേം ഊരി പെന്തകോസ്തിൽ ചേർന്നേക്കുന്നു. ഇവിടെ നമ്മുടെ സഭയിൽ അച്ചമ്മാരില്ലാത്തതാണോ... പ്രാർഥനാവരം ലഭിച്ച എത്രയോ അച്ചന്മാരുണ്ട്, പെന്തകോസിൽ പോയാൽ ഏതാണ്ട് എടുത്തുവച്ചേക്കുന്നു.” “ആൻസിമോൾടെ കാര്യമാ ഞാനോർക്കുന്ന്.” അമ്മ പറയും. “എന്തു സുന്ദരിയായി ഒരുങ്ങിനടന്ന പെണ്ണാ അവള്, ഇപ്പോ മാലേം വളേം ഒന്നും ഇടാതെ കോലംകെട്ടു പോയ്കാണും. അവൾക്ക് ഇവിടെ നിന്നാലും കോളജിൽ പോകാമല്ലോ... കുമ്പനാട്ടുനിന്ന് തിരുവല്ലാ വരെ എപ്പോഴും ബസ്സുണ്ടല്ലോ... ഞാനവളെ ഇങ്ങ് വിളിച്ചോണ്ട് വരുക.”
പക്ഷെ എബിനച്ചാച്ചൻ പെന്തകൊസ്തിൽ ചേരാൻ വല്യതാല്പര്യമൊന്നുമുണ്ടായിരുന്നില്ല. പള്ളിയിലെ കൂട്ടുകാരുമായി അവടെതന്നെ നിന്നു. അതു കഴിഞ്ഞ് ഓണവധിക്കായിരുന്നു പിന്നെ എല്ലാവരും ഞങ്ങടെ വീട്ടിലേക്ക് വന്നത്. പപ്പായും മാവിയാന്റിയും നേരിൽ കണ്ടിട്ടുകൂടി ഒന്നും മിണ്ടിയില്ല. മർത്തോമ്മസഭയിൽ നിന്ന് പെന്തകോസ്തിൽ പോയതിന്റെ ഭയങ്കര പിണക്കമായിരുന്നു പപ്പാക്ക്. എല്ലാവരും അവധിക്ക് വരുന്നേന്റെ രസമൊന്നുമില്ലായിരുന്നു. “അവൻ മിണ്ടാതെ പോന്നപോക്ക് കണ്ടില്ലേ, റോസമ്മേ... അവൻ മിണ്ടാതെ നടക്കട്ടെ... ഞാൻ പെന്തകോസ്തിൽ പോയതല്ലേ അവനു പെണക്കം. മാർത്തോമ്മപള്ളിയിൽ പോയി പ്രാർഥിച്ചാലേ കർത്താവ് കേൾക്കത്തുള്ളൂന്നാ അവന്റെ വിചാരം.” ചെറിയ ദേഷ്യത്തോടെയും സങ്കടത്തോടെയുമായിരിക്കും മാവി പറയുക. എന്നിട്ട് പറയും, കുഞ്ഞുമോനച്ചായൻ മരിച്ചതിൽ പിന്നെ ഞങ്ങൾക്കാരുമില്ല, എന്നു പറഞ്ഞ് കരയും. അമ്മയ്ക്കും ഇതൊക്കെ കാണുമ്പോഴ് സങ്കടമാകും... “ബേബിച്ചായൻ പള്ളിമായിട്ടൊക്കെ അടുത്തു നിക്കുന്നകൊണ്ട് പറയുന്നതാ. അല്ലാതെ അമ്മാമയോട് പെണക്കമൊന്നുമില്ല.” അമ്മ അങ്ങനെ പലതും പറഞ്ഞ് മാവിയാന്റിയെ ആശ്വസിപ്പിക്കും. “ആൻസിമോളിങ്ങനെ കഴുത്തേലേം കാതേലേം ഊരികണ്ടിട്ട് സഹിക്കുന്നില്ല. നീയിനി ഇവിടെ നിന്നു പഠിച്ചാമതി. തിരുവല്ല കോളജിലേക്ക് എപ്പോഴും ബസുണ്ടല്ലോ.” ആൻസിമോളെ ചേർത്തുനിർത്തി അമ്മ പറയും.
അങ്ങനെ ആ പ്രാവശ്യം മാവിയാന്റി വന്നപ്പോൾ ആൻസിമോളെ ഇവിടെ നിർത്തിയിട്ടാണ് പോന്നത്. അനുചേച്ചി നഴ്സിങ് പഠിക്കാനായി പൂനായിൽ മെഡിക്കൽ കോളജിൽ ചേർന്നതിന് ശേഷം കോളജിലേക്ക് പോകാൻ ഞാനും ആൻസിമോളുമേ ഉണ്ടായിരുന്നുള്ളു. എബിനച്ചാച്ചൻ ആനിക്കാട്ടുനിന്ന് കോളജിലേക്ക് വരും. അങ്ങനെ ഞങ്ങൾ എല്ലാവരും ഒത്തുചേരുന്ന മാർത്തോമ്മ കോളജിലെ ദിനങ്ങൾ വളരെ രസകരമായിരുന്നു. അമ്മ പതിയെ ഞങ്ങടെ കുമ്പനാട്ടെ വലിയപള്ളിലേക്ക് കൊണ്ടുപോയി ആൻസിമോളെ അങ്ങോട്ടങ്ങു ചേർത്തു. മാലയും വളയുമൊക്കെയിട്ട് പഴയതുപോലെ. മാസങ്ങൾ കഴിഞ്ഞപ്പോൾ മാവീടെ വിഷമവും പപ്പായ്ക്ക് മാവിയാന്റിയോടുള്ള പെണക്കവും പതിയെ മാറിവന്നു. വീണ്ടും ഞങ്ങടെ വീടുകൾ പഴയതു പോലെയായി. കുഞ്ഞുമോനച്ചായൻ മരിച്ചുപോയതിന്റെ പ്രയാസം മാത്രം നിഴലിച്ചുനിന്നു. പെന്തകോസ്തിൽ നിന്ന് തിരികെവരാൻ പപ്പാ നിർബന്ധിച്ചു കൊണ്ടിരുന്നെങ്കിലും മാവിയാന്റി എങ്ങുംപോകാതെ അവിടെതന്നെ നിന്നു. ഞായറാഴ്ച ദിവസങ്ങളിൽ വല്യആഘോഷമായിട്ടായിരിക്കും കുമ്പനാട്ടെ വലിയപള്ളിയിൽ പോകുന്നത്. വീട്ടിൽനിന്നിറങ്ങിയാൽ രണ്ട് ഈടിനിറയെ കപ്പക്കാലായും പിന്നൊരു കൈത്തോടും കടന്നുവേണം പഞ്ചായത്ത് റോഡിലെത്താൻ, പിന്നെ കുറെ കൂടി നടക്കുമ്പോഴാണ് മെയിൻ റോഡിലെത്തുന്നത്. അവിടുന്ന് റോഡ് ക്രോസ് ചെയ്താൽ വലിയ പള്ളിയിലേക്കാണ് ചെല്ലുന്നത്. പള്ളികഴിഞ്ഞ് എല്ലാവരുമായും കളിച്ചും സംസാരിച്ചും തിരികെ വീട്ടിൽ വരുമ്പോൾ ഉച്ചയാകും. അവധിയാകുമ്പോൾ പൂനായിൽ നിന്ന് അനുചേച്ചിയും ആനിക്കാട്ടിൽ നിന്ന് എബിനച്ചാച്ചനും കാണും.
പ്രീഡിഗ്രി സെക്കന്റ് ഇയറിന്റെ അവസാന പരീക്ഷയും കഴിഞ്ഞ സമയത്താണ് പുളിക്കകുന്നേലെ സണ്ണിച്ചായന്റെ ഭാര്യ സാലിയാന്റി അമ്മയോട് ആ കാര്യം പറഞ്ഞത്. ബാംഗ്ലൂര് ബി ടെക്കിനു പഠിക്കുന്ന ബെൻസനെ കൊണ്ട് ആൻസിമോൾക്ക് ഒരാലോചന. ബെൻസൻ പള്ളീവച്ച് പലപ്പോഴും ആൻസിമോളെ കണ്ടിട്ടുണ്ടത്ര. ബെൻസനച്ചാച്ചൻ ആൻസി മോളെ കല്യാണം കഴിക്കുന്നതിൽ ഞങ്ങൾക്ക് വല്യസന്തോഷമായിരുന്നു. ബെൻസനച്ചാച്ചനെ ഞങ്ങൾക്കെല്ലാവർക്കും അറിയാം. പപ്പായും പറഞ്ഞു, എന്തുകൊണ്ടും നല്ല കുടുംബം. ഈ കാര്യം മാവിയാന്റിയോട് പറഞ്ഞപ്പോഴും ബേബിച്ചായൻ എല്ലാം തീരുമാനിക്കെട്ടെന്നാണ് പറഞ്ഞത്. അവളിപ്പം പഠിക്കുകല്ലേ ആന്റി പിന്നീടാലോചിക്കാം എന്നു തൽക്കാലം പറഞ്ഞു. കുഞ്ഞുമോനച്ചായൻ മരിച്ചതിൽ പിന്നെ മാവിയാന്റീടെ വീട്ടിലെ എല്ലാ കാര്യവും തീരുമാനിക്കുന്നത് പപ്പായായിരുന്നു. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് ആനിക്കാട്ടെ വീട്ടിൽ പോയി നിന്നപ്പോഴായിരുന്നു മാവിയാന്റിക്ക് പെട്ടെന്നൊരു സ്ട്രോക്ക് വന്നത്. പിന്നീടുള്ള ദിവസങ്ങൾ ഹോസ്പിറ്റലിൽ തന്നെയായിരുന്നു. ഏകദേശം രണ്ടു മാസക്കാലം ഹോസ്പിറ്റലും വീടുമായി മാറി മാറി ഞങ്ങൾ നിന്നു. അങ്ങനെ നല്ല കുറെ ഓർമ്മകൾ നൽകിക്കൊണ്ട് മാവിയാന്റി ഞങ്ങളെ വിട്ടുപോയി.
മാവിയാന്റി മരിച്ചതിൽ പിന്നെ എബിനച്ചാച്ചന്റെയും ആൻസിമോൾടെം പഠിപ്പിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് പപ്പായായിരുന്നു. ബാംഗ്ലൂരിന്ന് അവധിക്കു വരുമ്പോഴെല്ലാം ഞങ്ങടെ കുമ്പനാട്ടെ വീട്ടിലാണ് കൂടാറ്. പപ്പാ ഇടയ്ക്കൊക്കെ പോയി ആനിക്കാട്ടെ മാവീടെ വീട് വൃത്തിയാക്കിയിടും. മാവിയാന്റിയും കുഞ്ഞുമോനച്ചായനും പോയതിൽപിന്നെ ആനിക്കാടുമായുള്ള ബന്ധമെല്ലാം പതിയെ കുറഞ്ഞുവന്നു. അവധിക്ക് വരുമ്പോഴെല്ലാം എബിനച്ചാച്ചനും ആൻസിമോളും ഞങ്ങടെ കുമ്പനാട്ടെ വീട്ടിലായിരിക്കും വരിക. നഴ്സിംഗ് കഴിഞ്ഞ് ആൻസിമോള് രണ്ടു വർഷത്തോളം ബാംഗ്ലൂരിൽ തന്നെ ജോലി ചെയ്തു. അവടെ നിന്നു തന്നെ യു. കെക്കുള്ള ടെസ്റ്റ് പാസായി. ഞങ്ങടെ കുടുംബത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ വിദേശത്തേക്ക് പോകുന്നത്. അതിന് ശേഷം എബിനച്ചാച്ചൻ ദുബായിലും അനുചേച്ചി അമേരിക്കയിലേക്കും പോയി. അങ്ങനെ ഞാൻ മാത്രം കുമ്പനാട്ട് തനിച്ചായി. ആൻസിമോള് എപ്പോഴും പറയും. സ്റ്റുഡന്റ്സ് വിസയിൽ യു. കെക്ക് വരാൻ. ഏതായാലും അടുത്ത മാസം IELTS ന്റെ കോഴ്സിനു കോട്ടയത്തു ചേരണം.
പൂർവസ്മരണകൾ അലയാഴികൾപോലെയായിരുന്നു എന്നിലേക്ക് ഒഴുകിയത്. ഉറങ്ങാനായി കിടന്നപ്പോഴാണ് ആൻസിമോൾടെ വാട്ട്സാപ്പ്കോൾ വന്നത്. “അനീഷേ കെടന്നോടാ...” “ഇല്ല... ഞാനിങ്ങനെ കണ്ടുകിടക്കുകായിരുന്നു” “എന്നതാ അനീഷേ…?” “വാഴത്തോപ്പീന്ന് മിന്നാമിനുങ്ങുകൾ മുറിയിൽ പറന്നുനടക്കുന്നതും കണ്ടുകിടക്കുകായിരുന്നു. നീ ഓർക്കുന്നില്ലേ ആൻസി, പണ്ടു എല്ലാരുംകൂടി പായവിരിച്ചു നിലത്തുറങ്ങാൻ കിടക്കുമ്പോൾ മിന്നാമിനുങ്ങുകൾ വരുന്നത്. അതും കണ്ടുറങ്ങുന്നതും” “അതൊക്കെ മറക്കാൻ പറ്റുമോ... അനീഷേ... ങ്ഹാ... അതൊക്കെയൊരു കാലം. ഇനി അതൊക്കെ തിരിച്ചു വരമോ.. അതൊക്കെ പോട്ടെ... പിന്നെ നാളെയല്ലേ പ്രാർഥന” “ഉം... അതിനെപ്പറ്റി അമ്മ ഇപ്പോൾ പറഞ്ഞതേയുള്ളു.” “അമ്മ മരിച്ചിട്ട് അഞ്ചു വർഷമായല്ലേ അനീഷേ...” “അതേ…” “കുഞ്ഞുണർന്നെന്നു തോന്നുന്നു, എങ്കിൽ ഞാൻ പിന്നെ വിളിക്കാമെടാ...” കട്ടിലിനോട് ചേർന്ന് കിടക്കുന്ന മേശമേൽ മൊബൈൽ വച്ചു. ഓർമ്മകൾ എന്നിൽ പുഴപോലെ നിലയ്ക്കാതെ ഒഴുകുകയായിരുന്നു. ഉറക്കം കണ്ണുകളിൽ തഴുകുമ്പോൾ വിരുന്നുവന്ന മിന്നാമിനുങ്ങുകൾ സ്മരണകളിൽ നുറുങ്ങുവെട്ടം പകർന്നു കടന്നുപോയി. ഓർമ്മകളുടെ ഉന്മാദത്തിൽ ഞാൻ വീണ്ടും കിടന്നു, മിന്നാമിനുങ്ങുകൾ വരുന്നതും കാത്ത്….
Content Summary: Malayalam Short Story ' Virunnuvanna Minnaminungukal ' Written by Cicil Kudilil