'കൂട്ടിലടക്കപ്പെട്ട ജീവികൾ' ഒരിറ്റ് വെള്ളത്തിനായി കൊതിക്കുമ്പോൾ അയാൾ...

Mail This Article
കത്തുന്ന വേനൽച്ചൂട്. അടച്ചിട്ട കാറിനുള്ളിലെ തണുപ്പിലിരുന്ന പത്തുവയസ്സുകാരൻ അനു പുറത്തേക്കു നോക്കി. മകനെ കാറിലിരുത്തി മെഡിക്കൽ സ്റ്റോറിലേക്ക് കയറിയിരിക്കുകയാണ് അച്ഛനും അമ്മയും. വേറെ ചില കടകളിലും അവർക്ക് കയറാനുണ്ട്.
മകന്റെ കണ്ണുകൾ തൊട്ടുമുന്നിലെ ഇറച്ചിക്കടയിലായി. ശവപ്പെട്ടിയുടെ വലുപ്പത്തിലുള്ള ഇരുമ്പഴിപ്പെട്ടികൾ മൂന്നെണ്ണം അടുക്കിവച്ചിരിക്കുന്നു. ഏറ്റവും താഴത്തെ പെട്ടിയിൽ ഇരുപതോളം ബ്രോയിലർ കോഴികള്‍ ഞെങ്ങി ഞെരുങ്ങി നിൽക്കുന്നു. അതിനുമുകളിലെ പെട്ടിയില്‍ മുയലുകൾ. ലോക്കപ്പിലെ പ്രതിയെപ്പോലെ ഒരു കൈ പുറത്തേക്കിട്ടിരിക്കുകയാണ് മുയലുകളിലൊന്ന്. ഏറ്റവും മുകളിലത്തെ പെട്ടിയിൽ താറാവുകൾ.
കൈയ്യിലിരുന്ന കുപ്പിവെള്ളത്തിൽ നിന്നൊരു കവിള്‍ നുകര്‍ന്ന് അനു ഓരോ കൂടിന്റെയും അടിയിലേക്കു നോക്കി, ഒന്നിലും കുടിവെള്ളം വച്ചിട്ടില്ല. കോഴികൾ വായ തുറന്ന് കിതക്കുന്നു. മുയലുകളുടെ വയറുകൾക്കുള്ളിൽ ഒരു ഗോളം മുന്നോട്ടും പിന്നോട്ടും പായുന്നത്ര വേഗതയിലാണ് അവയുടെ കിതപ്പ്. താറാവുകളും ഇടയ്ക്കിടെ ചുണ്ട് പിളർക്കുന്നുണ്ട്.
ആകാശം ഇത്ര പെട്ടെന്ന് ഇരുണ്ടോ എന്ന ചിന്തയോടെ അനു മുകളിലേക്കു നോക്കി. ചുരുണ്ട കാർമേഘങ്ങൾ നിവർന്നു, ജലം താഴേക്ക്, വേനൽമഴ. താറാവുകൾ കൂട് തകർക്കാൻ ആവുംമട്ട് നോക്കുകയാണ്. കമ്പയിലിടിച്ചും പരസ്പരം മുട്ടിയും അവയുടെ ചിറകിലും ചുണ്ടിലുമൊക്കെ രക്തത്തുള്ളികൾ പടരുന്നു. ക്രമേണ അവ തളർന്ന് നിസ്സഹായരായി. കാറ്റ് തുടങ്ങിയതോടെ, തന്റെ മേശപ്പുറത്തേക്ക് വെള്ളം വീഴാതിരിക്കാൻ ഇറച്ചിക്കടക്കാരൻ ഷട്ടർ താഴ്ത്തി. കാറിന്റെ ഗ്ലാസിലൂടെ ഒലിച്ചിറങ്ങിയ മഴപ്പാളിയിൽ അനുവിന്റെ പുറംകാഴ്ച മങ്ങി.
Content Summary: Malayalam Short Story ' Theeppollal ' Written by P. M. Josekumar