ADVERTISEMENT

സെക്യൂരിറ്റി! പുതുതായി കൊച്ചി നേവല്‍ ബേസില്‍ സ്ഥലം മാറി വന്ന  ഉത്തരേന്ത്യക്കാരന്റെ എട്ടു വയസ്സുക്കാരി മകള്‍ ഉച്ചത്തില്‍ വിളിച്ചു. ഇളം ശബ്ദമെങ്കിലും ആജ്ഞാശക്തിയുള്ള ആ വിളി കേട്ട് അയാള്‍ വായിച്ചിരുന്ന പത്രത്തില്‍ നിന്നും കണ്ണെടുത്ത്‌ അങ്ങോട്ട്‌ നോക്കി. രണ്ടാം നിലയില്‍ നിന്നും ഒരു കൊച്ചു സുന്ദരി അയാളെ മാടി വിളിച്ചു. മനസ്സില്ലാമനസ്സോടെയെങ്കിലും ഫ്ലാറ്റിനടിയിലോട്ടു കാലുകള്‍ ഏങ്ങി വലിച്ചു കൊണ്ടു അയാള്‍ നടന്നു ചെന്നു. തന്‍റെ പേരക്കുട്ടിയുടെ വയസ്സ് കാണും ആ കൊച്ചു മോള്‍ക്ക്‌, അയാള്‍ ചിന്തിച്ചു. അവളുടെ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ മേടത്തിലെ വീശിയടിക്കുന്ന കാറ്റില്‍, അഴയില്‍ നിന്നും പാറി പറന്നു നിലത്തു വീണിരിക്കുന്നു. അതെടുത്തു കൊണ്ടുവരണമെന്നാണ് അവളുടെ ആവശ്യം. ആ ചെറിയ കുട്ടി അവളുടെ മാതാപിതാക്കളെയും, അതുപോലെ കണ്ടു വളര്‍ന്ന മറ്റുള്ളവരെയും അനുകരിക്കുന്നു. ജാതി വ്യത്യാസങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ഉത്തരേന്ത്യയില്‍ പ്രായം ചെന്നവരെയും താഴ്ന്ന ജാതിയാണെങ്കില്‍ മേല്‍ജാതിക്കാര്‍ ആജ്ഞാപിക്കുമായിരിക്കും. 

ആ കുഞ്ഞു മാലാഖയുടെ മനസ്സെങ്ങനെ വേദനിപ്പിക്കും? അതുതന്നെയല്ല, അഞ്ചു മിനിട്ട് മുന്‍പാണ് അവളുടെ അമ്മ കാറില്‍ പുറത്തു പോയത്. ആ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരിക്കും, അവള്‍ തുണികള്‍ എടുക്കുവാന്‍ വേറെയാരോട് സഹായമഭ്യർഥിക്കും. അയാള്‍ ഒന്നുമാലോചിക്കാതെ മന്തുള്ള കാലുകളുമായി രണ്ടാം നിലയിലെത്തി. രണ്ടുനിലകള്‍ കയറിയ അയാള്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു. ലിഫ്റ്റ്‌, ഫ്ലാറ്റുടമകള്‍ക്കും അവരുടെ അതിഥികള്‍ക്കും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഡെലിവറി ബോയ്സ്, വാച്ച്മാന്‍, വാല്ല്യക്കാര്‍ എന്നിവര്‍ ഗോവണി മുഖേനയെ വരവുപോക്കുള്ളു. കിതച്ചുകൊണ്ട് അയാള്‍ വാതിലില്‍ മണിയടിച്ചു. വാതില്‍ തുറന്ന മാലാഖയാണെങ്കില്‍ അടിവസ്ത്രം മാത്രമേ അണിഞ്ഞിരുന്നുള്ളു. വസ്ത്രം കൈമാറുന്ന വേളയില്‍ കിതപ്പിന്റെ ശക്തിയാല്‍ അയാള്‍ വീഴുവാന്‍ പോകുകയും, ഒരുവേള ആ കുട്ടിയുടെ മേല്‍ കൈ വെക്കുകയും ചെയ്തു. അയാളുടെ വിവശത കണ്ടാണോ അതോ ആ പരുഷമായ കൈകള്‍ തന്‍റെ മേല്‍ പതിച്ചപ്പോഴുണ്ടായ പരിഭ്രമം കൊണ്ടാണോ എന്നറിയില്ല, ആ പിഞ്ചു പൈതല്‍ ഉറക്കെ നിലവിളിച്ചു. 

ആ കാഴ്ച കണ്ടാണ്‌ അയല്‍ക്കാരി ഗോവണിയിറങ്ങി വന്നത്. സംശയാസ്പദമായുള്ള സ്ഥിതി കണ്ട് അയല്‍ക്കാരി ബഹളം വെക്കുകയും, അവിടെയുള്ളവര്‍ അയാളെ കൈകാര്യം ചെയ്യുകയും ചെയ്തു. ജീവച്ഛവമായിരുന്ന അയാളെ പൊലീസും കോടതിയും പോക്സോ കേസ് പ്രകാരം ജയിലിലെത്തിച്ചു. ഹിന്ദിക്കാരിയായ കുട്ടി പറഞ്ഞത് “വോ അങ്കിള്‍ മുജ്ഹെ ടരാ ദിയ”, എന്ന് മാത്രമാണ്. അതിന്‍റെ അക്ഷരാർഥം “ആ മാമന്‍ എന്നെ പേടിപ്പിച്ചു”, എന്നാണെങ്കിലും, “ഞാന്‍ പേടിച്ചു പോയി” എന്നും ഹിന്ദിക്കാര്‍ അതിനർഥം കാണാറുണ്ട്. എന്നാല്‍ സന്ദേശം സിനിമയിലെ നാരിയല്‍ പാനി പോലെ മലയാളി ഹിന്ദിയുടെ അക്ഷരാർഥം മാത്രമേ കാണു. കുട്ടിയുടെ ആ വാചകം പീഡനത്തിനുള്ള തെളിവായി കണക്കാക്കപ്പെട്ടു. പോരാതെ അയല്‍ക്കാരി അതിനുള്ള സാക്ഷിയുമായി. സ്ത്രീ പീഡനങ്ങളും ബാല പീഡനങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയങ്ങളില്‍, “ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതൊക്കെ അവനെന്നു തോന്നും” എന്ന പഴംചൊല്ല് പോലെ, എന്ത് കണ്ടാലും അതിനെ മുന്‍വിധിയോടെ കാണുക എന്നത് സമൂഹത്തിന്റെ ഒരു പൊതുസ്വഭാവമായി തീര്‍ന്നു. 

വിഭാര്യനായിരുന്ന അയാള്‍, മക്കളുടെ കുത്തുവാക്കുകള്‍ ഒഴിവാക്കുവാന്‍ വേണ്ടി മാത്രമായിരുന്നു കാവല്‍ പണി ചെയ്തിരുന്നത്. മുന്‍ പട്ടാളക്കാരന് ജീവിച്ചുപോകാവുന്ന പെന്‍ഷന്‍ ഭാരത സര്‍ക്കാര്‍ അവര്‍ക്ക് യഥാസമയം കൊടുത്തു വന്നിരുന്നു. എന്നാല്‍ വെറുതെ ഇരിക്കുന്ന അച്ഛനെ കൊണ്ടു അല്ലറ ചില്ലറ പണികളെടുപ്പിക്കുന്ന മക്കളുടെയും പ്രത്യേകിച്ചു മരുമക്കളുടെയും ശല്യം അയാള്‍ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു. ഇന്നുവരെയും ഒരു യുദ്ധഭൂമി കണ്ടിട്ടില്ലാത്ത മലയാളിക്ക് ഒരു പട്ടാളക്കാരനെ ബഹുമാനിക്കാന്‍ അറിയില്ലായിരുന്നു. മാസശമ്പളത്തിനു വേണ്ടി മാത്രം എന്തും ചെയ്യാന്‍ മടിയില്ലാത്ത, ജീവന്‍ വെടിയാനും തയാറായി നില്‍ക്കുന്ന കുറച്ചു വിഡ്ഢികള്‍, ഇതായിരുന്നു ഗള്‍ഫിലേക്ക് കണ്ണും നട്ടിരിക്കുന്ന ശരാശരി മലയാളിയുടെ, പട്ടാളക്കാരോടുള്ള മനോഭാവം. വിരമിച്ച പട്ടാളക്കാരനില്‍ നിന്നും കാവല്‍ക്കാരനായിട്ടുള്ള വ്യതിയാനം പക്ഷെ കൂടുതല്‍ വേദനാജനകമായിരുന്നു. കാവല്‍ക്കാരനെന്നാല്‍ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നവന്‍, എന്നായിരുന്നു സമൂഹം ധരിച്ചിരുന്നത്. ഇതിനു മുമ്പ് അയാള്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്നത് പുതുതായി പണി കഴിപ്പിച്ച കെഎസ്ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡില്‍ ആയിരുന്നു. ഉത്ഘാടനം തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മതി എന്നതിനാല്‍ ബസ് സ്റ്റാന്റ് വിജനമായി കിടന്നിരുന്നു. അനാശ്യാസ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ സർക്കാർ അതിനു കാവല്‍ ഏര്‍പ്പാടാക്കി.

ബസ്‌ സ്റ്റാന്‍ഡില്‍ അയാളുടെ ദിനചര്യ ഇങ്ങനെയായിരുന്നു. രാവിലെ ഏഴു മണി മുതൽ എട്ട് മണി വരെ ഇളം വെയിലിൽ കസേരയിട്ട് ഇരിക്കും. വെയിൽ കനക്കുന്നതോടെ കസേര തണൽ തേടി മാറി കൊണ്ടിരിക്കും. പൂക്കാരികളും സൈക്കിളിൽ ഇഡ്ഡലി വിൽക്കുന്നവരും ഇതൊരു താവളമാക്കാൻ അയാളോട് അടുത്തു കൂടും. പൂക്കാരികൾ അതിരാവിലെ ആറിന് തന്നെ അവിടെ ചേക്കേറിയിട്ടുണ്ടാവും. രാത്രിയിലെ കാവൽക്കാരനാണ് ഇത് ശീലമാക്കിയത്. അയാളുടെ അടുക്കലാണ് പൂക്കാരികൾ ആദ്യമായി അടുത്തു കൂടിയത്. അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്നവരെ ആകർഷിക്കാൻ പറ്റിയ തുറന്ന സ്ഥലമായിരുന്നു വിജനമായ ആ സ്റ്റാൻഡ്. ക്ഷേത്രത്തിന് തൊട്ട് പുറത്തുള്ള പൂവിൽപനയിൽ തങ്ങളുടെ കൂട്ടാളികളോട് പിടിച്ചുനിൽക്കാനാവാതെ പരാജയപ്പെട്ട രണ്ടുപേരാണ് ഇവിടെ താവളം ഉറപ്പിച്ചത്. ദിവസവും ഒരു കെട്ട് പൂവ് സൗജന്യമായി ലഭിക്കും, താനും അവരെ എട്ട് മണി വരെ അവിടെ അനുവദിച്ചോളൂ എന്ന് അയാളാണ് ഉപദേശിച്ചത്. കൂട്ടത്തിൽ പ്രാതൽ സൗജന്യമായി തരുവാൻ തയാറായ ഇഡ്ഡലി വിൽപനക്കാരനെ അയാൾ സ്വന്തമായി തന്നെ എട്ട് മണി മുതൽ ഒൻപത് വരെ അനുവദിക്കുകയായിരുന്നു. അത്കൊണ്ട് തന്നെ ഉച്ചയൂണും വൈകുന്നേരത്തെ ചായ നിറച്ചുള്ള ഫ്ലാസ്കും മാത്രമേ അയാൾക്ക് കൊണ്ടുവരേണ്ടി വന്നുള്ളൂ. 

പ്രായാധിക്യം നിമിത്തം സെക്യൂരിറ്റി ഏജൻസി അയാളെ രാത്രി ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, രാത്രിയിലെ പാറാവുകാർ സൗജന്യമായി പൂവല്ല വേറൊന്നാണ് പൂക്കാരികളിൽ നിന്നും കൈപ്പറ്റിയിരുന്നത്. അത് മണത്തറിഞ്ഞ സമീപവാസികൾ പൊലീസിൽ അറിയിക്കുകയും, പൊലീസ് തഞ്ചത്തിൽ അവരെ പൊക്കുകയും ആയിരുന്നു. ബസ് സ്റ്റാൻഡിൽ മറ്റുള്ളവരെ അതിക്രമിച്ചു കടക്കുവാൻ എന്തിനനുവദിച്ചു എന്ന കുറ്റത്തിന് അയാളെയും പിരിച്ചു വിടുകയാണുണ്ടായത്. പോലീസ് കുറ്റവിമുക്തനാക്കിയെങ്കിലും, എഫ്ഐആറിൽ അയാളുടെ പേരും ഉണ്ടായിരുന്നു. അത് പിന്നീട് പുലിവാലാവുമെന്ന് അയാൾ ഒരിക്കലും നിനച്ചില്ല. പിന്നീട് പോക്സോ കേസിൽ തന്റെ നിരപരാധിത്യം തെളിയിക്കുവാൻ അയാൾ ആവത് പരിശ്രമിച്ചു എങ്കിലും ഈ എഫ്ഐആർ മൂലം കുറ്റവാസനയുള്ളവൻ എന്നയാൾ കോടതിയിൽ മുദ്ര കുത്തപ്പെട്ടു. 

പോക്സോ കേസിൽ പെട്ടവർ ജയിലിൽ നരകജീവിതം അനുഭവിക്കണം. ഇന്ത്യൻ ജയിലുകളിൽ ഒരു അലിഖിത നിയമമുണ്ട്. ആരാണോ സ്ത്രീ പീഡനം അഥവാ ബലാൽസംഗം എന്നീ കേസുകളിൽ പെട്ട് ജയിലുകളിൽ കഴിയുന്നത് അവർ ബാക്കിയുള്ളവരുടെ കക്കൂസുകൾ കൂടി കഴുകി വൃത്തിയാക്കണം. എന്നാൽ പോക്സോ കേസിൽ പെട്ടവർ ജയിലിൽ പോലും വെറുക്കപ്പെട്ടിരുന്നു. ബാക്കിയുള്ളവരുടെ കൂടെ ഭക്ഷണം കഴിക്കാനോ, കുളിക്കുവാനോ ഒന്നും അവരെ അനുവദിച്ചിരുന്നില്ല. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ദേഷ്യം തീർക്കാവുന്ന പഞ്ചിങ് ബാഗുകൾ ആയിരുന്നു അവർ. പോക്സോ കേസ് പ്രതികൾ ജയിലിൽ മരണപ്പെടുന്നത് സർവസാധാരണമായിരുന്നു. ജയിൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവന്നിരുന്ന വാർത്തയെങ്കിലും അന്താരാഷ്ട്ര അവയവ മാഫിയയായിരുന്നു ആ മരണങ്ങൾക്ക് പിന്നിൽ. ഒട്ടുമിക്ക പ്രതികളുടെയും ബന്ധുക്കൾ അവരെ എഴുതിതള്ളിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ മൃതദേഹം സ്വീകരിക്കാനോ ആ മരണങ്ങൾക്ക് പിന്നിൽ നടക്കുന്നതെന്തെന്നു കണ്ടുപിടിക്കാനോ ആരും മിനക്കെടാറില്ല. അതിന് മിനക്കെട്ട ചുരുക്കം ചിലരെ മാഫിയകൾ കാലപുരിക്കുമയച്ചു. അതിനുശേഷം ആരും ആ വഴിക്കു തിരിഞ്ഞു നോക്കിയില്ല. 

ഏതോ മുജന്മ പാപമാണ് താൻ ഈ അനുഭവിക്കുന്നതിലൂടെ കഴുകികളയുന്നത് എന്നയാൾ തന്റെ നീണ്ട ദിനങ്ങൾ തള്ളിനീക്കുന്നതിനിടയിൽ സമാധാനിക്കുവാൻ ശ്രമിച്ചു. പ്രായാധിക്യത്തെക്കാളും, ജയിൽവാസികളുടെ ഉപദ്രവങ്ങളെക്കാളും അയാളെ അലട്ടിയത് തിരിഞ്ഞുനോക്കാത്ത മക്കളും ബന്ധുമിത്രാദികളുമായിരുന്നു. കിളവൻ ജയിലിൽ കിടന്ന് തന്നെ ചത്തോളും, സ്വത്തുക്കൾ തിരിച്ചുചോദിക്കുവാൻ വരില്ല എന്ന് തന്നെ അവരെല്ലാം വിശ്വസിച്ചു. ആയിടക്കാണ് തന്റെ ലാപ്ടോപിൽ ഹാർഡ് ഡിസ്കിലെ സ്റ്റോറേജ് സ്പേസ് കുറക്കുവാൻ, ഉത്തരേന്ത്യക്കാരി സ്ത്രീ പഴയ വീഡിയോകൾ ഡിലീറ്റ് ചെയ്തു കളയുന്നതിനു മുന്നോടിയായി അവയിലൂടെ ഒരു വിഗഹ വീക്ഷണം നടത്തിയത്. അതിലൊരു വീഡിയോ കണ്ടവർ ഞെട്ടിപോയി. തന്റെ യൂ ട്യൂബ് ചാനൽ റിഹർസൽ റിക്കോർഡിങ് ചെയ്യുന്നതിനിടയിൽ എപ്പോഴോ വീഡിയോ ഓഫ് ചെയ്യുവാൻ മറന്ന ഏതോ ദിവസം. താൻ പുറത്തു പോയ ദിവസം തന്റെ ഭർത്താവും മുകളിലത്തെ സ്ത്രീയുമായുള്ള കാമകേളികൾ. പെട്ടെന്ന് വാതിൽ തുറന്ന്, സ്കൂൾ വേഷത്തിലുള്ള മകളേയും കൂട്ടി വരുന്ന കാവൽക്കാരൻ. തന്റെ ചമ്മൽ മറച്ചുവെച്ച്  കുട്ടിയുടെ രോഗവിവരവും, ക്ലാസ്സ് ടീച്ചർ നേരത്തെ ഗേറ്റിൽ കൊണ്ടുവിട്ട കാര്യവും  പറയുന്ന കാവൽക്കാരൻ. മകളെ അച്ഛന്റെ അടുക്കൽ ഏൽപ്പിച്ച് തിരിയുമ്പോൾ അയാൾ അവർ രണ്ടുപേരെയും അർഥം വെച്ചൊന്നു നോക്കിയ പോലെ അവർക്ക് തോന്നി. അതിൽ അവർ രണ്ട് പേരും ഒരു നിമിഷത്തേക്ക് ചൂളി പോയി. “ഇസ്കോ തോ മേം ഫസാകേ ബഗാ ദൂൻഗ ഇദർ സെ” - ഇയാളെ ഞാൻ എന്തെങ്കിലും ഏടാകൂടത്തിൽ ചാടിച്ചു ഓടിച്ചു വിടും, അയാൾ പോയതും ആ സ്ത്രീ ശപഥമെടുത്തു.

ഉത്തരാഖണ്ഡുകാരനായ നേവിക്കാരനും കുടുംബത്തിനും കൊച്ചിയിലെ വിയർപ്പുള്ള ചൂട് അസഹനീയമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ അൽപവസ്ത്രധാരികളായാണ് അവർ നടന്നിരുന്നത്, ആ കുട്ടി ഉൾപ്പടെ. ആ ദിവസം ആ കുട്ടിയുടെ ഉടുപ്പുകൾ മുകളിലത്തെ സ്ത്രീയാണ് മുൻകൂട്ടി മനസ്സിലുറപ്പിച്ചപ്രകാരം താഴേക്ക് വലിച്ചെറിഞ്ഞത്. ആ ഉടുപ്പുകൾ അവൾ തന്റെ കാമുകനെ കൊണ്ട് തലേ ദിവസം തന്നെ മുകളിലേക്ക്  വരുത്തിച്ചിരുന്നു. അതിന് ശേഷം ആ കുട്ടിയെ ഫോണിൽ വിളിച്ച് ഉടുപ്പുകൾ അഴയിൽ നിന്നും താഴെ വീണെന്നും, സെക്യൂരിറ്റിക്കാരനെ കൊണ്ട് അത് മുകളിലേക്ക് വരുത്തിക്കാനും അവരാണ് പറഞ്ഞത്. വീഡിയോ സഹിതം നേവിക്കാരന്റെ ഭാര്യ പൊലീസിൽ പരാതിയുമായെത്തിയപ്പോൾ, കാമുകനും കാമുകിക്കും പൊലീസിന് മുന്നിൽ സത്യം തുറന്നു പറയേണ്ടിതന്നെ വന്നു. മുൻകൂട്ടി തയാറാക്കിയ പ്രകാരമായിരുന്നു കാവൽക്കാരനെ ബാലപീഡനക്കുറ്റത്തിൽ പെടുത്തിയതെന്ന് അവർ രണ്ട് പേരും സമ്മതിച്ചു.

Content Summary: Malayalam Short Story ' Kavalkkaran ' Written by V. T. Rakesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT