ആരും നടക്കാത്ത വഴികൾ – സലോമി ജോൺ വൽസൻ എഴുതിയ കവിത

Mail This Article
ആരും നടക്കാത്ത വഴികൾ
ആരെയോ കാത്തിരിക്കുന്നു
നടന്ന വഴികൾ
അപ്പാടെ തേഞ്ഞിരിക്കുന്നു!!
പഥികരുടെ കാൽപാടുകൾ
ഒന്നിന് മേൽ മറ്റൊന്നായ്
പതിഞ്ഞമർന്നു പതമായിരിക്കുന്നു...
കുണ്ടും കുഴിയും കൽചീളുകളും
ചവിട്ടടികളുടെ താഡനമേറ്റ്
തപിച്ചു നീറിക്കൊണ്ടേയിരുന്നു
അപ്പോഴും
ആരും നടക്കാത്ത വഴികൾ
കന്യാ വനങ്ങളിൽ
കാലൊച്ചകൾക്കായ്
കാത്തു നീറിക്കിടന്നു.
അകലങ്ങളിൽ കാതോർത്തും
കിരാത ദൂരങ്ങളിലേക്ക്
കൺപാർത്തും, പ്രതീക്ഷയുടെ
തട്ടകങ്ങളിൽ
കരൾ കാഞ്ഞു നോവ്
പേറിക്കിടന്നു,
ആരോരുമില്ലാതെ
ആരും നടക്കാത്ത വഴികൾ!!!
ഒരിക്കലെന്നെങ്കിലും
കടന്നു വരുന്ന
പാദപതനങ്ങൾക്കായ്
നീറുന്ന നെഞ്ച്
കൽച്ചീളുകളിലമർത്തി
കാത്തിരുന്നു,
ആരും നടക്കാത്ത വഴികൾ...
ചെങ്കൽപ്പൊടികൾ
ചിതറിക്കിടന്ന വന്ധ്യമാം
വന്യപാതയിൽ
വേരുറഞ്ഞു വിലക്ഷണം വീണ
വന്മരത്തിൻ വിസ്പോടനത്തിൽ
ഞെട്ടിത്തെറിച്ച ഇലക്കൂട്ടം
കാട്ടിലെ കാറ്റിൽ ഇടറിപ്പറന്നു.....
അന്നേരവും ആരെയോ കാത്തു
കുഴഞ്ഞു കുഴിഞ്ഞ കണ്ണുമായ്
ഉറക്കം പിണങ്ങിപ്പിരിഞ്ഞു
വന്യസ്തലികളിൽ
നെഞ്ചുചേർത്ത് ആരെയോ
കാത്തു കാത്തുകിടന്നു
ആരും നടക്കാത്ത വഴികൾ!!!!
Content Summary: Malayalam Poem ' Aarum Nadakkatha Vazhikal ' Written by Salomi John Valsan