കവിത – അഭിജിത്ത് അനിരുദ്ധൻ എഴുതിയ കവിത
Mail This Article
ഇനിയുമെഴുതപ്പെടാത്തൊരു-
കവിതയാൽ മുറിവേറ്റ ഒരുവൻ,
എഴുതുംതോറും അതേ കവിതയുടെ
അവസാനത്തെ വരിയാൽ
ക്ഷതമേൽക്കപ്പെടുന്ന തിരുമുറിവുമായ്
അയാൾ നിലകൊള്ളുന്നു..
വരികളുടെ സങ്കീർണ്ണതയാൽ
സംയോജിക്കപ്പെടാനാവാതെ
നീറുന്ന കലകൾ, രുധിരനാളങ്ങൾ..
ഓരോ പരമാണുവിലും വേദനയുടെ
മുകുളങ്ങൾ; ഉൾത്തുടിപ്പുകൾ...
ഹൃദയത്തിന്റെ
ആ ഒരൊറ്റയുൾത്തുടിപ്പിനുമപ്പുറം,
ഒരു ദുഃഖസ്വപ്നത്തിലെന്നപോ-
ലാദ്യത്തെ വരികളിലേതോ
പിൻവിളികൾ മുഴങ്ങിനിന്നിരുന്നു..
അമ്മ, അച്ഛൻ,
പിച്ചവെച്ച മൺതറയിൽ കുതിർന്ന തണുപ്പ്,
ആമ്പൽ കുളം, നിഴൽകോലങ്ങൾ
സർപ്പകക്കുളത്തിട്ടയിലലിഞ്ഞ മഞ്ഞൾ മണം,
പുള്ളുവൻപാട്ട്,
കരിമഷിപടർന്ന കവിൾത്തടം,
ചെമ്പകം ചൂടിയ മുടിയിഴകൾ,
കൈതപ്പൂക്കൾ,
ഞാവൽക്കറവീണ കുപ്പായങ്ങൾ,
ഞരമ്പുപടർന്നരയാലിലകൾ,
നനുത്ത തൂവൽസ്പർശനങ്ങൾ..,
അങ്ങനങ്ങനെ
മറവിയുടെ നിഴൽ പാളങ്ങളിൽ
ഉയിരറ്റതൊക്കെയും
വരികളായ്
ചൂളംവിളിയോടടുത്തു വരുന്നു..
കടലാഴങ്ങളിലെന്നപോലതിലാകവേ
പരിചിതമായൊരു വിങ്ങൽ
തളംകെട്ടി നിന്നിരുന്നു..
മീസാൻ കല്ലുകൾക്ക് മീതെ പടർന്ന
തൊട്ടാവാടിയിലപോലെ
ഉള്ളറിയാതവതൊടുമ്പോൾ
തളർന്നുപോകുന്നുണ്ട്., അയാൾ..!
ഓർമ്മകളറ്റകന്നുപോയോരാരെയോ
തേടിയലഞ്ഞ്മറന്നിരിക്കണം.!
ചിതറിത്തെറിച്ചയഞ്ഞ കിതപ്പടക്കിയാ
വരികളെയാകവേ ചേർത്തുപിടി–
ച്ചാത്മാവ് കരയുന്നതുപോലെ..
വേനലിൽ കനത്തുകൂടിപ്പെയ്തോ-
രിടവപ്പാതിയിൽ നനഞ്ഞളിഞ്ഞ വരമ്പുപോലെ
ഹൃദയമാരോ നനച്ചിരിക്കുന്നു..
നൂതന സാങ്കേതികതകളൊന്നുമില്ലാതെ തന്നെ
കവിതയാക്കപ്പെടുന്നു - ഓരോ ജന്മങ്ങളും!
Content Summary: Malayalam Poem ' Kavitha ' Written by Abhijith Aniruddhan