ADVERTISEMENT

പതിവ് പോലെ അന്നും പത്രം തുറന്നു വായിക്കുന്നതിനിടയിൽ കണ്ണ് ഉടക്കിയത് ആ ഒരു കോളം വാർത്തയിൽ ആയിരുന്നു, "ഭർത്താവിന്റെ പീഡനത്തിൽ മനം നൊന്തു ഭാര്യ ആത്മഹത്യാ ചെയ്തു". ഇതിപ്പോ ആഴ്ചയിൽ ഒരെണ്ണം എങ്കിലും ഇതുപോലത്തെ വാർത്തകൾ പത്രങ്ങളിൽ കാണാൻ പറ്റുന്നുണ്ടു. നമ്മുടെ ചുറ്റുമുള്ളവരോ അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവരോ ആണെങ്കിൽ അതിന്റെ വേദന ഉൾകൊള്ളാൻ പറ്റും, അല്ലെങ്കിൽ അത് വെറുമൊരു പത്ര വാർത്ത മാത്രം. പ്രശ്നങ്ങളെ ധൈര്യമായി നേരിടാനുള്ള ചങ്കൂറ്റം ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് കുറവാണെന്നു ഇത് കാണുമ്പോൾ തോന്നിപോകാറുണ്ട്. അങ്ങനെ ഇരിക്കെയാണ് പെട്ടെന്ന് എനിക്ക് അവളെ കുറിച്ച് ഓർമ്മ വന്നത്, അവൾ ആരാണെന്നല്ലേ.. പറയാം, 

ഒരു വാപ്പാക്കും ഉമ്മക്കും ഓമനയായും, രണ്ടു ആങ്ങളമാർക്കു ഒരു കുഞ്ഞു പെങ്ങളായുമാണ് 'അവൾ' ജനിക്കുന്നത്. മൂത്ത ആങ്ങളക്ക് അവളുമായി ഏകദേശം 10 വയസ്സോളം പ്രായ വ്യതാസം കാണും. അവളെ പറ്റിയാണ് ഞാൻ ഓർക്കുന്നത്. അവളുടെ ജനനത്തിൽ ഏറ്റവും സന്തോഷിച്ചത് അവളുടെ വാപ്പയായിരുന്നിരിക്കണം. കാത്തിരുന്ന് കിട്ടിയ പെൺകുഞ്ഞ്. ഒരു ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന സമയത്തു ആയിരുന്നു അവളുടെ വാപ്പയുടെ അപ്രതീക്ഷിത വിയോഗം. അത് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൂത്ത ആങ്ങളയുടെ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും അവളുടെ വിവാഹവും ഭംഗിയായി നടത്തണം എന്ന് അവളുടെ വാപ്പിച്ചി ഒരുപാട് ആഗ്രഹിച്ചിരിക്കണം. എന്തെന്നാൽ അതിനു വേണ്ടതെല്ലാം അവൾക്കായി നേരത്തെ കരുതി വെച്ച ശേഷം ആയിരുന്നു വാപ്പച്ചി എന്നന്നേക്കുമായി വിടപറഞ്ഞത്. പഠനം കഴിഞ്ഞു. ഇനി ഒരു ജോലി. അതിനുവേണ്ട തയാറെടുപ്പിനു ഇടയിൽ അവൾക്കു വിവാഹ ആലോചനകൾ വന്നു തുടങ്ങിയിരുന്നു. രണ്ടു സഹോദരന്മാരും കൂടി അവൾക്കു ഒരു ചെറുക്കനെ കണ്ടുപിടിച്ചു അയാൾക്ക്‌ അവളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. വാപ്പ നഷ്ടപ്പെട്ട ദുഃഖം മാറിവരുമ്പോളേക്കും വിവാഹം. ദുഃഖം പതിയെ സന്തോഷങ്ങളിലേക്കു വഴിമാറുന്ന സമയം. 

വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ തന്നെ ആ വിവാഹം നടന്നു. ഏതൊരു മാതാപിതാക്കളും ചെയ്യുന്ന പോലെ അവളുടെ ഉമ്മയും അവൾക്ക് വിവാഹത്തിനു സ്വർണ്ണ ആഭരണങ്ങൾ സമ്മാനിച്ചിരുന്നു. അവളുടെ വിവാഹസമയത്ത് ഭർത്താവിന് സൗദി അറേബ്യയിൽ ആയിരുന്നു ജോലി. വിവാഹം കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് പോയ അയാൾ 9 മാസത്തിന് ശേഷം അവിടെ നിന്ന് മടങ്ങി. അതിനുശേഷം ഒരു ജോലിക്കും ഒന്നും പോകാതെ ചുമ്മാ നാട്ടിൽ കറങ്ങി അടിച്ചു നടന്നു. കണ്ടുമുട്ടുന്ന എല്ലാവരിൽ നിന്നും പണം കടം വാങ്ങാറുണ്ടായിരുന്നു അയാൾ. വിധവയായ അവളുടെ ഉമ്മയുടെ പക്കൽ നിന്ന് പണം വാങ്ങി കൊണ്ടുവരാനും സ്ത്രീധനം പോരെന്നും പറഞ്ഞും അവളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു അയാൾ. അവളുടെ സഹോദരങ്ങൾ അവർക്കു ചെയ്യാവുന്ന അത്രയും പണവും മറ്റും നൽകി അയാളെ സഹായിച്ചിരുന്നു.

അവർക്കു 2 ആൺകുട്ടികൾ ആയിരുന്നു. ഓരോ കുട്ടിയും ജനിക്കുമ്പോൾ അവളുടെ ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും സ്വർണ്ണാഭരണങ്ങളും, പണവും അയാൾ വാങ്ങിയിരുന്നു. കൈയ്യിൽ ക്യാഷില്ലാതെ വരുമ്പോൾ അയാൾ ഭീഷണിപ്പെടുത്തുകയും അവളെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാനസികമായും ശാരീരികമായും അവളെ അയാൾ ഉപദ്രവിച്ചു. അതിനിടയിൽ ചില ബിസിനസ്സുകൾ അയാൾ ആരംഭിച്ചു, അതിനു അവളുടെ സഹോദരങ്ങൾ അയാൾക്കു വേണ്ട സാമ്പത്തിക സഹായങ്ങൾ എല്ലാം തന്നെ ചെയ്തു കൊടുത്തുകൊണ്ടിരുന്നു. എന്നാൽ എല്ലാ ബിസിനസ്സ് സംരംഭങ്ങളും പരാജയമായിരുന്നു. അതിനുശേഷം അയാൾ വീണ്ടും എന്തെങ്കിലും ജോലി കിട്ടുമോ എന്നറിയാൻ ആയി വീണ്ടും പ്രവാസ ലോകത്തേക്ക് പറന്നു; ഖത്തറിലേക്ക്. അവിടെ ഒരു ജോലിയിൽ പ്രവേശിച്ച അയാൾ പതിയെ പതിയെ അവളെ അവഗണിക്കാൻ തുടങ്ങി. അവൾക്കും കുട്ടികൾക്കും വേണ്ട ചിലവിനുള്ളത് പോലും അയച്ചു കൊടുക്കാതെ ദുരിതത്തിലേക്ക് തള്ളിവിട്ടു. തന്റെ മക്കൾക്ക് പഠിക്കാൻ വേണ്ട ചിലവിനോ, ഭാര്യക്ക് വേണ്ട ചിലവിനോ അയാൾ പണം ഒന്നും അയച്ചു കൊടുത്തിരുന്നുമില്ല. തന്റെ ദുഃഖങ്ങൾ ഒക്കെ മറച്ചു വെക്കാനും ജീവിതം പച്ച പിടിപ്പിക്കാനും വേണ്ടി അവൾ ജോലിക്കു പോകുന്നതറിഞ്ഞ അയാൾ അവിടെയും അവളെ പിന്തുടന്നു. ജോലിക്കു പോകുന്ന ഇടങ്ങളിൽ എല്ലാം അയാൾ അവളെ കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞു നടന്നു, ഒരു സ്ത്രീയെ കുറിച്ചും, പറയാൻ പാടില്ലാത്ത കാര്യങ്ങള് ആയിരുന്നു അയാൾ സ്വന്തം ഭാര്യയെ കുറിച്ച്  പറഞ്ഞു നടന്നിരുന്നത്. വിദേശത്തു നിന്നും ഫോൺ വിളിച്ചായിരുന്നു അയാൾ ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്. 

അപവാദ പ്രചാരണം കടുത്തപ്പോൾ ജോലിക്കു പോകാൻ പോലും അവൾ മടിച്ചു. വെക്കേഷന് നാട്ടിൽ വരുന്ന അയാൾ അവളെയും ഉമ്മയെയും ആക്രമിക്കുന്ന അവസ്ഥ വരെ ഉണ്ടായി. നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ അയാൾ ഏർപ്പെട്ടിരുന്നു. ലീവിന് വന്നപ്പോഴെല്ലാം കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ കുറച്ചു ദിവസം മാത്രമേ അയാൾ നാട്ടിൽ തങ്ങിയിരുന്നുള്ളു. ഖത്തറിൽ ഉള്ളപ്പോഴെല്ലാം അയാൾ അവളുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവളുടെ സ്വഭാവ ദൂഷ്യങ്ങളെ പറ്റി ഇല്ലാ കഥകൾ പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. 'ഇനിയും ഇതിങ്ങനെ വെറുതെ വിട്ടാൽ ശെരിയാകില്ല, ചോദിച്ചിട്ടു തന്നെ കാര്യം', അവൾ തന്റെ സഹോദരങ്ങളെയും കൂട്ടി അവന്റെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു, എല്ലാം കേട്ടറിഞ്ഞ അവന്റെ വീട്ടുകാർ യാതൊരു കൂസലും കൂടാതെ കയ്യൊഴിഞ്ഞ രീതിയിൽ അവരോടു പറഞ്ഞു "നിങ്ങൾക്ക് അവനെതിരെ ചെയ്യാൻ പറ്റുന്നത് എന്താണെങ്കിലും ചെയ്തൊളീ, ഞങ്ങൾ ഇതിൽ നിസ്സഹായരാണ്" അവന്റെ വീട്ടുകാർ ഈ കാര്യത്തിൽ നിസ്സഹായരാണ് എന്നറിഞ്ഞപ്പോൾ ഇനി അവന്റെ വീട്ടുകാരോട് എന്ത് പറഞ്ഞിട്ടു എന്ത് കാര്യമെന്നവർ ചിന്തിച്ചുപോയി.

ഭാഗം - 02

വിവാഹ ബന്ധം വേർപെടുത്തുന്നതിനെ കുറിച്ചായിരുന്നു പിന്നെ അവളുടെ ചിന്ത. അതിനായി അവൾ മഹല്ല് കമ്മിറ്റിയെ സമീപിച്ചു കൊണ്ട് ഒരു പരാതി കൊടുത്തു. എന്നാൽ അവർ ആദ്യ ശ്രമം എന്ന രീതിയിൽ ഒരു ഒത്തു തീർപ്പിന് രണ്ടു കൂട്ടരെയും ഇരുത്തി സംസാരിച്ചു. അതിന്റെ തീരുമാനം എന്നോണം അവരെ ഒരുമിപ്പിച്ചു കൊണ്ട് വീണ്ടും ദാമ്പത്യം തുടർന്നും തുടരണം എന്ന തീരുമാനത്തിൽ എത്തിച്ചു. കുടുംബക്കാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഉള്ള ഉപദേശങ്ങൾ ചെവിക്കൊണ്ടു  വീണ്ടും അയാളുടെ കൂടെ ജീവിക്കാൻ അവൾ തയാറായി. ഒരാണിന്റെ തുണ ഇല്ലാതെ നിനക്കും നിന്റെ മക്കൾക്കും ജീവിതം അസാധ്യം എന്ന് തോന്നും വിധം ഉള്ള ഉപദേശങ്ങൾ കേട്ടാൽ ആരുടെ മനസ്സും മാറാം. അവളും മാറി ചിന്തിച്ചു. ഒരാളെ അയാളുടെ ആവശ്യ ഘട്ടത്തിൽ മാനസികമായി കൂടെ നിന്ന്  സഹായിക്കുന്നതിനേക്കാളും കൂടുതൽ, സമൂഹം അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവർ എപ്പോഴും തരുന്നത് ഉപദേശവും ശകാരവും പരിഹാസവും ഒക്കെ ആണല്ലോ. അതിനൊന്നും ഒരു ചിലവുമില്ലല്ലോ, വേണ്ടുവോളം ചോദിക്കാതെ തന്നെ വേണ്ട സമയത്തു അത് കൊടുത്തുകൊണ്ട് ഇരിക്കും ആ കൂട്ടര്. നഷ്ടപ്പെട്ട ജീവിതം തനിക്കു തിരിച്ചു കിട്ടുമെന്ന് അവൾ കരുതി. അങ്ങനെ ചിന്തിക്കാൻ ചുറ്റുമുള്ളവർ അവളെ പ്രാപ്തയാക്കി എന്ന് വേണം പറയാൻ. 

തന്റെ കൂട്ടുകാരികളും കുടുംബത്തിലെ തന്റെ ഒപ്പം പ്രായം ചെന്ന പെൺകുട്ടികളും ജീവിക്കുന്നത് പോലെ ഒക്കെ ഉള്ള ഒരു ദാമ്പത്യ ജീവിതം അവൾ സ്വപ്നം കണ്ടിരുന്നു. അതിനാൽ തന്നെ അവൾ അയാളോടൊപ്പം വീണ്ടും പോകാൻ തയാറായി. ജീവിതത്തിലെ അടുത്ത പരീക്ഷണത്തിന് അവൾ തയാറെടുത്തു. പരീക്ഷകളും പരീക്ഷണങ്ങളും നിറഞ്ഞതാണ് ജീവിതം. അത് സ്കൂളിലെ പരീക്ഷകൾ വരുന്ന പോലെ ഒരു നിശ്ചിത ഇടവേളകൾ ലക്ഷ്യമാക്കി അല്ല വരുന്നത് എന്ന് മാത്രം. പിന്നീടെപ്പോളോ അയാൾ അവളെയും മക്കളെയും ഖത്തറിലേക്ക് കൊണ്ട് പോയി. മനസ്സിന്റെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും അവനോടൊപ്പം അഡ്ജസ്റ്റ് ചെയ്തു എങ്കിലും ജീവിക്കണം എന്ന് കരുതികൊണ്ടു വിസിറ്റ് വിസയിൽ അവൾ ഖത്തറിൽ വന്നിറങ്ങി. പറക്കമുറ്റാത്ത 2 മക്കളെയും കൂട്ടി വന്ന അവളെ അവൻ താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. നാട്ടിൽ അവനോടൊപ്പം ഉള്ള ആദ്യ നാളുകളിൽ ഗർഭിണിയായിരുന്ന ആ സമയത്തു അവനു കുളിക്കുവാനുള്ള വെള്ളം തിളപ്പിച്ചു അടുപ്പിൽ നിന്നും എടുത്തു കുളിമുറിയിൽ കൊണ്ട് പോയി കൊടുക്കേണ്ടി വന്നിട്ടും, തന്റെ കണ്മുന്നിൽ ഒരു ഗർഭിണി കഷ്ടപ്പെടുന്ന അവസ്ഥയിൽ ഒരു സഹായ മനസ്കതയും കാണിക്കാതെ, അവളെ ആകുവോളം ഏതെല്ലാം തരത്തിൽ കഷ്ടപെടുത്താമോ അതെല്ലാം ചെയ്തിരുന്നു അയാൾ. അവൾ എല്ലാം സഹിച്ചത് ഒരു നല്ല ജീവിതം എനിക്ക് വരാനുണ്ട് എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നിരിക്കാം. മദ്യത്തിന്റെ രൂക്ഷ ഗന്ധം സഹിച്ചും ലഹരിയിൽ ലെക്കുകെട്ട് ഭാര്യയെ മർദ്ദിക്കുന്ന അവന്റെ കൂടെ കിടക്കേണ്ടിയും കഴിയേണ്ടിയും വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ, നിറവയറുള്ള അവൾ അന്ന് അത് എല്ലാം സഹിച്ചു. മക്കൾക്കും കുടുംബത്തിനും വേണ്ടി.

പ്രവാസത്തിലെ ജീവിതം അത്ര സുഖം ഉള്ളതായിരുന്നില്ല അവൾക്കു, എല്ലാ ദിവസവും വഴക്കും തല്ലും ബഹളവും. തല്ലു സഹിക്കാൻ വയ്യാതെ ഒരു ദിവസം അവൾക്ക്  മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിപ്പോകേണ്ടി വന്നു, റോഡരികിൽ കിടന്ന കാറിനു പിറകിൽ ഒളിച്ചിരിക്കേണ്ടതായി വന്നു അന്നവൾക്കു. ഇത്രയും ഒക്കെ അനുഭവിക്കാനും മാത്രം താൻ ചെയ്ത തെറ്റ് എന്താണെന്നു അന്നും ഇന്നും അവൾക്ക് മനസ്സിലായിട്ടില്ല. അനുഭവിച്ചവര്‍ക്കെ അതിന്റെ ആഴം അറിയൂ, കേട്ടറിഞ്ഞവർക്കും പുറത്തു നിന്ന് കാണുന്നവർക്കും അതിന്റെ പുറംതോട് മാത്രമേ അറിയൂ. ഇനിയും ഇത് എത്ര നാൾ സഹിക്കണം. ഇതിനൊരു അവസാനം വേണമല്ലോ. അവൾ ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ചില്ല. ഓരോരോ ദിവസങ്ങളിലും പത്ര മാധ്യമങ്ങളിൽ നാം വായിക്കാറുണ്ട് ജീവിതം അവസാനിപ്പിക്കുന്ന നവ വധുവും, വീട്ടമ്മമാരും എല്ലാം. ഇതുപോലെ അല്ലെങ്കിലും വേറെ ഏതെങ്കിലും തരത്തിൽ മനസ്സ് വേദനിച്ചു താളം തെറ്റിയാകും ജീവിതം അവർ അവസാനിപ്പിച്ചിട്ടുണ്ടാകുക. അത്തരത്തിൽ ഒരു പത്ര വാർത്തയിൽ അവൾ ഒടുങ്ങണം എന്നായിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാകാം അവളെ നാട്ടിലേക്കു വിളിച്ചിരുന്ന സമയത്തു അതവൻ ആഗ്രഹിക്കുന്നു എന്ന് അവളോടും അവളുടെ കുടുംബത്തോടും തുറന്നു പറഞ്ഞിരുന്നത്. 

ആത്മഹത്യാ ഒരു പരിഹാരം അല്ലെന്നും താൻ പൊരുതുമെന്നും അവൾ അന്നേ മനസ്സിൽ തീരുമാനമെടുത്തിരുന്നത്. അവളുടെ സഹോദരന്മാരെ വിളിച്ചു ഭീഷണിപ്പെടുത്തലും മെസ്സേജ് അയക്കലും പതിവ് പോലെ തുടർന്നു. കൂടാതെ സഹോദരന്റെ കൂട്ടുകാരുമായി അവിഹിതം ഉണ്ടെന്നു വരെ സ്ഥാപിക്കാൻ ഉള്ള ശ്രമവും അവൻ നടത്തി കൊണ്ടിരുന്നു. ഒരു നിലക്കും ജീവിക്കാൻ വിടില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു അവൻ, എന്തോ അടങ്ങാത്ത കലി. തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ആവുന്നത്ര പറഞ്ഞു നോക്കി, പക്ഷെ അവൻ അതിനു വഴങ്ങുന്ന ആളല്ലായിരുന്നു. "നീ ജീവിതം അവസാനിപ്പിക്കുന്നത് എനിക്ക് കാണണം" അതായിരുന്നു അവന്റെ നിലപാട്. എന്നാൽ അവൾ അതിനു ഒരുക്കമല്ലായിരുന്നു. അവളുടെ മുഖ സാദൃശ്യം ഉള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ വരെ അവൻ ഉണ്ടാക്കി. എന്നിട്ടു അവ എല്ലാം അവളുടെ കുടുംബത്തിലെ ആളുകൾക്കും മറ്റും അയച്ചതിനു പുറമെ സോഷ്യൽ മീഡിയകളിലും അവൻ പ്രചരിപ്പിച്ചു. സമൂഹത്തിലും കുടുംബക്കാരുടെ ഇടയിലും അവളെ അപമാനിതയാക്കാൻ ആയിരുന്നു അവന്റെ ശ്രമം മുഴുവനും.

ഭാഗം-03

'എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ, ഇല്ലെങ്കിൽ ഒരു അവസാനം വേണമല്ലോ' അതെ, തനിക്കു അവനിൽ നിന്നും വിവാഹ മോചനം വേണം. ഇനിയുള്ള പോരാട്ടം അതിനു വേണ്ടി മാത്രം. അത് നേടിയെടുക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകാൻ അവൾ മനസ്സിനെ പാകപ്പെടുത്തി. അതിനു വേണ്ട തയാറെടുപ്പുകൾ ഓരോന്നായി ചെയ്തു തുടങ്ങി വെച്ചു. വനിതാ സെൽ, കുടുംബ കോടതി, വിവാഹമോചന പെറ്റീഷൻ. അങ്ങനെ എല്ലാമായി മുന്നോട്ടു തന്നെ. എന്നാൽ അതത്ര എളുപ്പമല്ലായിരുന്നു, കോടതിയിൽ കേസ് വിളിക്കുന്ന സമയത്തു അവൻ ഹാജരാകില്ല, അവൻ വിദേശത്തു ആയതുകൊണ്ടും അവന്റെ ഒപ്പില്ലാത്തതു കൊണ്ടും കേസ് നീണ്ടു പോയി.. ആ നീണ്ടു പോക്ക് അവൻ ഒരു ആഘോഷമാക്കി മാറ്റി. അവന്റെ സമ്മതം ഇല്ലാതെ വിവാഹ മോചനം സാധ്യമല്ല എന്നറിഞ്ഞ നിമിഷം അവൻ പല മാർഗങ്ങളിലൂടെ അവളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. അവൾ നോർക്ക സെൽ നെ സമീപിച്ചു. തന്റെ പേരിലുള്ള വ്യാജ അശ്ലീല പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വിദേശത്തു നിന്നും പ്രചരിപ്പിച്ചതടക്കം തെളിവ് നൽകി കേസ് ഫയൽ ചെയ്തു. കൂടാതെ വിധവയായ തന്റെ ഉമ്മയെ മർദ്ദിച്ചതും സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതും അതുവരെ അവനിൽ നിന്നും നേരിട്ട സകല വേദനകളും അവൾ പരാതിയിൽ ഉന്നയിച്ചു. 

സമൂഹത്തിൽ തനിക്കു മാനഹാനി ഉണ്ടാകും വിധം നാണക്കേട് വരുത്തിവെച്ച അവന്റെ ഈ പ്രവർത്തികൾ അവനെതിരെയുള്ള ശക്തമായ കാരണങ്ങൾ ആണെന്ന് ബോധ്യപ്പെട്ടപ്പോൾ നോർക്ക ആ പരാതി സ്വീകരിച്ചു. പ്രവാസികൾക്ക് മാത്രം അല്ല, അവരുടെ കുടുംബത്തിനും സഹായമാണ് നോർക്കയുടെ പ്രവർത്തനങ്ങൾ. വിവാഹ മോചനം മാത്രമല്ല ഇനി വേണ്ടത്, തന്നെ ഇത്രമേൽ ദ്രോഹിച്ച അവനു താൻ അനുഭവിച്ചതിന്റെ ഒരംശം എങ്കിലും അനുഭവിക്കാൻ വിടണമല്ലോ എന്ന് അവൾ തീരുമാനിക്കുന്നു. സോഷ്യൽ മീഡിയ അധിക്ഷേപവും, അശ്ലീല ഫോട്ടോകളും വിഡിയോകളും മറ്റും പൊതു ഇടങ്ങളിൽ പ്രചരിപ്പിക്കുന്നത് എത്ര കുറ്റകരം ആണെന്നും, അറബ് നാടുകളിൽ നമ്മുടെ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതാണെന്നും ഉള്ള കാര്യം ആരോ പറഞ്ഞു അവൾ അറിഞ്ഞു. അവളുടെ അടുത്ത തീരുമാനം എന്നോണം അവൻ ജോലി ചെയ്യുന്ന ഖത്തറിൽ തന്നെ ഉള്ള അവളുടെ ബന്ധുക്കൾ മുഖേന അവൾ ഖത്തറിലേക്ക് വരാൻ ഉള്ള തയാറെടുപ്പുകൾ നടത്തി. മക്കളോട് പറയാതെ, തന്റെ സഹോദരന്മാരോടും ഉമ്മയോടും മാത്രം തന്റെ യാത്ര ഉദ്ദേശം പറഞ്ഞു യാത്രക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും വേഗത്തിൽ തന്നെ പൂർത്തിയാക്കി ഖത്തറിലുള്ള തന്റെ ഒരു അടുത്ത ബന്ധുവിന്റെ പിൻബലത്തിൽ അവൾ ഏറെ താമസിയാതെ തന്നെ വിമാനം കയറി ഖത്തറിൽ എത്തിച്ചേർന്നു.

ശൈത്യ കാലം കഴിഞ്ഞുതുടങ്ങി, ചൂട് കാലത്തേ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിന്റെ മണ്ണിലേക്കു വീണ്ടും ഒരു മടക്കം. ഒന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല, മറക്കാൻ കഴിയാത്ത മുറിവുകൾ ആണല്ലോ ഇവിടത്തെ ഓർമ്മകൾ അവൾക്കു സമ്മാനിച്ചിരിക്കുന്നതു. തന്റെ ഭർത്താവു അറിയാതെ മക്കളില്ലാതെ ആദ്യമായി ഒരു വിദേശ യാത്ര. ഏതോ സ്വപ്നത്തിൽ എന്ന പോലെ. പക്ഷെ യാഥാർഥ്യം. എയർപോർട്ടിൽ നിന്നും ബന്ധു വന്നു അവളെ കൂട്ടികൊണ്ടു പോകുന്നു. അയാളുടെ പരിചയത്തിൽ ഉള്ള ഒരു ഫ്രണ്ടിന്റെ കമ്പനി റൂമിൽ ആണ് താമസം ശെരിയാക്കിയിട്ടുള്ളത്. 2 പേർക്ക് കഷ്ടിച്ച് കിടക്കാവുന്ന ഒരു മുറി, അതിൽ ഫിലിപിനോകളായ 2 പെണ്ണുങ്ങൾ തങ്ങുന്നുണ്ട്, അവൾക്കായി അവര് അവർക്കിടയിൽ ഒരിടം നൽകി. തൽക്കാലം അവിടെ തങ്ങിയെ പറ്റൂ. മറ്റൊരു സൗകര്യമുള്ള താമസ സ്ഥലം കണ്ടെത്തും വരെയെങ്കിലും. "പ്രതീക്ഷിക്കാതെ ഉള്ള വരവായതു കൊണ്ട് താമസം ശരിയാക്കാൻ കുറച്ചു പാട് പെടേണ്ടി വന്നു". ബന്ധുവായ അയാൾ അവളോട് പറഞ്ഞു. കിട്ടിയതാകട്ടെ ഒരു സൗകര്യവും ഇല്ലാത്ത മുറിയും ചുറ്റുപാടും. നേരം പാതിരാ ആയിരിക്കുന്നു. അവളെ അവിടെ ആക്കി അയാൾ തന്റെ റൂമിലേക്ക് യാത്ര തിരിച്ചു. അവൾ അവിടെ സുരക്ഷിതയാണോ എന്ന സംശയം അയാളിൽ അസ്വസ്ഥത ഉളവാക്കി. 

ഉറങ്ങാനായി കിടന്ന അയാൾക്ക്‌ അവളുടെ താമസസ്ഥലത്തെ കുറിച്ച് ഓർത്തു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം നേരം വെളുപ്പിച്ചു. അയാളുടെ താമസ സ്ഥലത്തുനിന്നും ഏകദേശം ഇരുപതു കിലോമീറ്റർ അധികം ദൂരം ഉണ്ട് അവളുടെ റൂമിലേക്ക് എത്തിപ്പെടാൻ. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. വളരെ വേഗം തന്നെ തയാറായി അവളുടെ അടുത്തേക്ക് അയാൾ കുതിച്ചു. അവളെയും കൂട്ടി നേരെ പൊലീസ് സ്റ്റേഷനിലേക്ക്. അയാൾ ആ സ്റ്റേഷന്റെ പുറത്തു നിൽക്കുന്ന പൊലീസുകാരനോട് കാര്യങ്ങൾ വിശദീകരിച്ചു. തന്റെ കൂടെ വന്നിരിക്കുന്ന പെൺകുട്ടി അവളുടെ ഭർത്താവിന്റെ പീഡനങ്ങൾക്കു ഇരയാണെന്നും, ഈ രാജ്യത്തു തന്നെ ജോലിചെയ്യുന്ന ആൾ അവളുടെ മുഖ സാദൃശ്യം ഉള്ള അശ്ലീല വീഡിയോകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചതടക്കം ഉള്ള കാര്യങ്ങൾ അയാൾ ഓഫീസറെ ധരിപ്പിച്ചു. എല്ലാം കേട്ടറിഞ്ഞ ശേഷം ഓഫീസർ അവരോടു പറഞ്ഞു, ഇത്തരത്തിലുള്ള കേസുകൾ എല്ലാം ഇതുപോലെ ഉള്ള സ്റ്റേഷനുകളിൽ അല്ല കൈകാര്യം ചെയ്യുന്നതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് സൈബർ ക്രൈം ഡിപ്പാർട്മെന്റിൽ ആണെന്നും പറഞ്ഞു. കൂടാതെ അവിടേക്കു പോകേണ്ട സ്ഥലം കൃത്യമായി ഓഫീസർ അവർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു. അടുത്ത ലക്ഷ്യം സൈബർസെൽ. അവൾ തന്റെ നാട്ടുകാരിയായ ഒരു കൂട്ടുകാരിയെ വിളിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം അവരെ വിളിച്ചു നോക്കി. അവരും അങ്ങോട്ടേക്ക് വരാമെന്നേറ്റു. ഞങ്ങൾ അങ്ങോട്ടേക്ക് യാത്ര തിരിച്ചു. സമയം രാവിലെ 8 മണി. കമ്പനിയിൽ ഉച്ചവരെ ഉള്ള ലീവിന് അനുമതി വാങ്ങി ആണ് ഈ യാത്ര.

ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ സൈബർ ക്രൈം സ്റ്റേഷൻ പരിസരത്തു എത്തിച്ചേർന്നു. വൻ സുരക്ഷാ സന്നാഹത്തോടെ ഉള്ള കൂറ്റൻ മതിൽ കെട്ട്. അതിനുള്ളിലേക്ക് ആദ്യമായാണ് അയാൾ കാർ ഓടിച്ചു പോകുന്നത്. അതിനകത്തു കുറച്ചു ദൂരം സഞ്ചരിച്ചു തങ്ങൾക്കു പോകേണ്ട കെട്ടിടം കണ്ടുപിടിച്ചു സെക്യൂരിറ്റി ചെക്കിങ് എല്ലാം തീർത്തു അവർ ഓഫീസിന്റെ അകത്തു കയറി തങ്ങളുടെ ഊഴം കാത്തു ഇരുന്നു. അപ്പോളേക്കും അവളുടെ സുഹൃത്തും അവിടേക്കു എത്തിച്ചേർന്നിരുന്നു. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണു ഓഫീസർ അവരെ കാണാൻ വിളിപ്പിച്ചത്. ഒരു സ്ത്രീ ഓഫീസർ ആയിരുന്നു അവരെ സ്വീകരിച്ചത്. അവരും കാര്യങ്ങൾ എല്ലാം തന്നെ വളരെ വിശദമായി ചോദിച്ചറിഞ്ഞു. ഓഫീസർ ആവശ്യപ്പെട്ടത് പ്രകാരം അവൾ പെൻഡ്രൈവിൽ കരുതിയിരുന്ന തെളിവുകൾ എല്ലാം തന്നെ അവരെ ഏൽപ്പിച്ചു. നിങ്ങൾ പോയി വൈകീട്ട് വരാനായി ഓഫീസർ അവരോടു പറഞ്ഞു. അവർ അവിടെ നിന്നും മടങ്ങി. തലേ ദിവസം തങ്ങിയ മുറിയിലേക്ക് ഇനി പോകാൻ താൽപര്യം ഇല്ലെന്നു അവൾ പറഞ്ഞതോടെ ഇനി എങ്ങോട്ടു എന്ന വലിയ ഒരു ചോദ്യം അവർക്കു മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു. 

പകലിലെ ചൂടിന് കാഠിന്യം ഏറി വരുന്നു. എത്ര ചിന്തിച്ചിട്ടും ഒരു പോംവഴിയും കാണുന്നില്ല. ഹോട്ടലിൽ റൂം എടുക്കുകയാണെങ്കിൽ ഒരുപാട് പൈസയാകും. അതും പോരാഞ്ഞിട്ട് എത്ര ദിവസം ഇവിടെ തങ്ങേണ്ടിവരും എന്നതിനെകുറിച്ച് ഒരു ധാരണയും ഇല്ലതാനും. അവളുടെ മുഖത്ത് നിരാശ പടർന്നു. അയാൾക്കും വല്ലാതായി. പെട്ടെന്ന് ആണ് അയാൾക്ക്‌ തന്റെ ഒരു സുഹൃത്തിനെ വിളിച്ചാലോ എന്ന ചിന്ത വന്നത്. തന്റെ കൂടെ ഒരുമിച്ചു ജോലിചെയ്തിരുന്ന നാട്ടുകാരനും കൂടി ആയ ആ സുഹൃത്തിനെ അയാൾ ഫോണെടുത്തു വിളിച്ചു നോക്കി. അവൾ ഇവിടെ വരാനുള്ള കാരണവും ഇപ്പോളത്തെ അവസ്ഥയും അവനെ ബോധിപ്പിച്ചു. അവൻ ഭാര്യയും 2 മക്കളോടുമൊത്തു കുടുംബമായി കഴിയുന്ന ഫ്ലാറ്റിൽ അവൾക്കായി ഒരു സ്പേസ് നൽകി സഹായിക്കാമോ എന്ന് അവൻ ചോദിച്ചു. അവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവന്റെ മറുപടി. "നീ പറഞ്ഞതെല്ലാം അവൾ കേൾക്കുന്നുണ്ടെടാ, ഇങ്ങോട്ടു കൊണ്ടുപോരെ" തന്റെ ഭാര്യ ഇതെല്ലാം കേൾക്കുന്നുണ്ടെന്നും, ഇങ്ങോട്ടു കൂട്ടി കൊണ്ട് വരാൻ അവൾ പറഞ്ഞതായും അവൻ പറയുന്നു. അവർ ദൈവത്തെ സ്തുതിച്ചു. എന്തെന്നില്ലാത്ത ഒരാശ്വാസം അനുഭവപ്പെട്ടു.

ഭാഗം-04

നമ്മുടെ ഉദ്ദേശ്യം നല്ലതാണെകിൽ നമുക്ക് സഹായത്തിനു ദൈവം ആരെയെങ്കിലും നിയോഗിച്ചിരിക്കും. അത് ഏതു സമയത്താണെങ്കിലും എത്തേണ്ട സമയത്തു അത് നമ്മിൽ എത്തിയിരിക്കും. ഇതൊരു ഉദാഹരണം മാത്രം. നല്ലവനായ ആ സുഹൃത്ത് അവളെ അവന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവൻ അവളെയും കൂട്ടി ആ സുഹൃത്തിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു. അവർ അവിടെ അവരുടെ ഫ്ലാറ്റിൽ എത്തിയ ശേഷം റൂമിന്റെ കതകിൽ മുട്ടി, അവന്റെ ഭാര്യയും അവരുടെ 2 ചെറിയ കുട്ടികളും അവരുടെ വരവും പ്രതീക്ഷിച്ചു ഇരിപ്പായിരുന്നിരിക്കാം, കാരണം അവരെ കണ്ടപാടെ  മുൻപ് പരിചയമുള്ള എന്നവണ്ണം അവളെ അകത്തേക്ക് കൂട്ടി. കുട്ടികൾ ആകട്ടെ അവർക്കു കൂട്ടിനു ഒരാളെ കിട്ടിയപോലെ അത്ഭുതത്തോടെ അതിലുപരി സന്തോഷത്തോടെ അവളുടെ പുറകിലൂടെ അകത്തേക്ക് നടന്നു നീങ്ങി. സുരക്ഷിതമായ ഒരു ഇടത്തിൽ അവളെ ഏൽപ്പിച്ചു എന്ന വിശ്വാസം അയാളിൽ അൽപം ആശ്വാസം പകർന്നിരുന്നു. നല്ല ഭക്ഷണവും നല്ല താമസവും. അവൾ ഈ രാജ്യത്തു ഇപ്പോൾ സുരക്ഷിതയാണ്. ഇവിടെ വന്ന ഉദ്ദേശ്യം നടപ്പിലാകുമോ എന്നറിയാൻ അവളുടെ സഹോദരൻ ഇടയ്ക്കു വിളിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു. വിവരങ്ങൾ എല്ലാം അവരെ പറഞ്ഞു ധരിപ്പിച്ചു. വൈകിട്ട് ജോലി കഴിഞ്ഞു വന്നു അവൻ അവളെയും കൂട്ടി വീണ്ടും സൈബർസെല്ലിലേക്കു പോയി കാര്യങ്ങൾ തിരക്കി, പരാതി ബോധിപ്പിച്ച അതെ ഓഫീസറെ അവർ അവിടെ കാത്തിരുന്നു. കാത്തിരുപ്പു മുഷിപ്പിലേക്കു വഴി മാറി. 

നേരം ഒരുപാടായി, രാത്രി 11 മണിയോടടുത്തു. എന്തായാലും കാണാതെ പോകാൻ പറ്റില്ലല്ലോ. കാത്തിരുന്നേ പറ്റൂ. കുറെ കഴിഞ്ഞപ്പോൾ ഒരു ഓഫീസർ വന്നു പറയുന്നു ഇന്നിനി കാത്തിരിക്കേണ്ട, നാളെ രാവിലെ വന്നാൽ അവരെ കാണാം എന്ന്. നിരാശയോടെ അവിടെ നിന്നും ഇറങ്ങി അവളെ റൂമിൽ ഇറക്കി വിട്ടു അവൻ അവന്റെ താമസ സ്ഥലത്തേക്ക് മടങ്ങി. പിറ്റേന്നു രാവിലെ അവളെയും കൂട്ടി അവൻ സൈബർ സെൽ ഓഫീസിലേക്ക് പുറപ്പെട്ടു, പോകും വഴി അവളുടെ ആ നാട്ടുകാരിയായ സുഹൃത്തിനെയും അവരുടെ ഭർത്താവിനെയും കണ്ടു സംസാരിച്ചു, അയാളെയും കൂട്ടി അവർ ഓഫീസിൽ എത്തിച്ചേർന്നു. അന്ന് പരാതി ബോധിപ്പിച്ച ആ ഓഫീസറെ അവർക്കു കാണാൻ കഴിഞ്ഞു, അവളെ കണ്ട പാടെ ഓഫീസർ അവളെ അകത്തേക്ക് വിളിപ്പിച്ചു. "നിങ്ങൾ തന്ന പരാതി ഞാൻ മനസ്സിലാക്കിയിട്ടുണ്ട് അതിനു വേണ്ട തുടർനടപടി കൈക്കൊള്ളുന്നതാണ്" ആ ഓഫീസർ അവരോടു പറഞ്ഞു കൂടാതെ നിങ്ങൾ എന്നെ ഏൽപ്പിച്ച ആ വീഡിയോയിലെ ദൃശ്യത്തിലുള്ള മുഖം മോളുടെ അതെ സാദൃശ്യം തോന്നുന്നുവെന്നും തനിക്ക് അത് കണ്ടപ്പോൾ ദുഃഖം തോന്നി എന്നും ഓഫീസർ അവരോടു പറഞ്ഞു. തീർച്ചയായും നിന്റെ ഭർത്താവിനെ ഞങ്ങൾ വിളിപ്പിക്കും എന്ന് ഉറപ്പും നൽകി പറഞ്ഞയച്ചു. എന്ത് ഉദ്ദേശത്താലാണോ ഇത്രയും ബുദ്ധിമുട്ടി ഇവിടെ വന്നത് ആ കാര്യം ഇതാ നടക്കാൻ പോകുന്നു. സന്തോഷത്തേക്കാൾ ഉപരി ഒരു ആത്മവിശ്വാസം അനുഭവപ്പെട്ടു അവൾക്ക്. ഇത്രയ്ക്ക് ഒക്കെ ചെയ്യാന്‍ തന്നെ കൊണ്ട് കഴിഞ്ഞല്ലോ എന്നോർത്ത് അവൾക്കു അവളോട് തന്നെ അഭിമാനം തോന്നി.

പിറ്റേന്ന് തന്നെ നാട്ടിലേക്കു തിരിക്കാനുള്ള ടിക്കറ്റ് എല്ലാം വേഗത്തിൽ തന്നെ റെഡി ആക്കി പോകാൻ വേണ്ട തയാറെടുപ്പുകൾ തുടങ്ങി. വെറും കൈയ്യോടെ നാട്ടിലേക്കു പോകാൻ ആ കുടുംബം അവളെ അനുവദിച്ചില്ല, മാത്രമല്ല അവരാകട്ടെ നാട്ടിലെ അവളുടെ മക്കൾക്കു വേണ്ട കളിപ്പാട്ടങ്ങളും, ചോക്ലേറ്റ്സും ഒക്കെ അടങ്ങുന്ന ഒരു ബാഗ് തന്നെ പാക്ക് ചെയ്തു കൊടുത്തു വിട്ടു. ഒത്തിരി സ്നേഹത്തോടെ അവർ അവളെ യാത്രയയച്ചു. വീണ്ടും കാണാമെന്ന ഉറപ്പിൽ തനിക്കു കുറച്ചു ദിവസം അഭയം തന്ന ആ കുടുംബത്തോട് നന്ദി പറഞ്ഞു അവൾ നാട്ടിലേക്കു യാത്ര തിരിച്ചു. ദി ആൽകെമിസ്റ്റ് എന്ന നോവലിൽ പൗലോ കൊയ്‌ലോ പറയുന്ന ഒരു വാചകമുണ്ട്, എന്തെങ്കിലും നേടിയെടുക്കണമെന്നു ഒരാൾ പൂർണ്ണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും.. പറക്കാൻ ആഗ്രഹിച്ച തന്റെ ചിറകുകൾക്ക് ക്ഷതമേറ്റു, ഒരു പക്ഷെ ഇനി പറക്കാൻ കഴിയാതെ വന്നേക്കാം, എന്നിരുന്നാലും പറക്കമുറ്റാത്ത തന്റെ മക്കൾ ക്ഷതമേറ്റ തന്റെ ചിറകുകൾക്ക് കീഴിൽ തന്നെ വളരും. ഒരുനാൾ വരും, അന്നവർ ചിറകു വിരിച്ചു പറക്കും.! ഉയരെ...!

Content Summary: Malayalam Short Story ' Aval ' Written by Naufal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT