മമ്മൂട്ടി അഭിനയിച്ച സിനിമകളിലൂടെ സഞ്ചരിച്ചാൽ...

Mail This Article
"വേണ്ട.. നീ കരയണ്ട. നിന്റെ കണ്ണീരിൽ പോലുമുണ്ട് വിഷം.. കരയണ്ട.. നിനക്ക് മാപ്പില്ല. ഒരായുസ്സ് മുഴുവൻ കരഞ്ഞാലും നിനക്ക് മാപ്പില്ല.." ജീവനെപ്പോലെ സ്നേഹിച്ച പെണ്ണിനെ തന്നിൽ നിന്ന് തട്ടിമാറ്റി അറിയാതെയാണെങ്കിലും വലിയ അസുഖത്തിന്റെ ആഘാതത്തിലേക്ക് വീണ്ടും അവളെ തള്ളിയിട്ടുകൊണ്ട് തന്റെ ജീവിതത്തിലേക്ക് വന്ന, ഒരിക്കൽ പ്രിയപ്പെട്ട വിദ്യാർഥിയും ഒടുവിൽ ഭാര്യയുമാകുന്ന ശ്രുതിയോട് വിഡ്ഢിയാക്കപ്പെട്ടവന്റെ ആത്മവേദനയിൽ നന്ദൻ പറഞ്ഞ "കരയണ്ട.." എന്ന വാക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചാണ് തിരശീലയിൽ നിന്ന് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് വീണത്.
ഒരു വിഷുക്കാലത്ത് അച്ഛക്കും അമ്മക്കുമൊപ്പം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയറ്ററിൽ വച്ചാണ് മഴയെത്തും മുൻപേ എന്ന സിനിമ ആദ്യമായി കണ്ടത്. അന്ന് മമ്മൂട്ടിയുടെ ആ ഡയലോഗിൽ ഞെട്ടിയത് ഓർമ്മയുണ്ട്. മമ്മൂട്ടി കരയുന്നത് കണ്ട് കരഞ്ഞതും. പിന്നീട് ടിവിയിലും മഴയെത്തും മുൻപേ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എപ്പോൾ കാണുമ്പോഴും മേൽപ്പറഞ്ഞ ആ രംഗം കണ്ണ് നിറയ്ക്കും. മനോഹരമായി മമ്മൂട്ടി എന്ന നടന്റെ ശബ്ദം ഉപയോഗിച്ച ഒരു സിനിമ കൂടിയാണത് എന്ന് തോന്നിയിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സിനിമയിലെ ആ പ്രധാനരംഗം. ഡയലോഗ് മോഡുലേഷന്റെ അതിഗംഭീരമായ അവതരണമാണത്. കരച്ചിലും വെറുപ്പും ദേഷ്യവുമൊക്കെ ഇടകലർന്ന് കഥാപാത്രമായി മാറി മമ്മൂട്ടി എന്ന മഹാനടൻ പറയുന്ന ആ വാക്കുകൾ പ്രേക്ഷകനെ ഇന്നും ചുട്ടുപൊള്ളിക്കുന്നതും അതുകൊണ്ടാണ്.
പിന്നീടും ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ മനോഹരമായ ഡയലോഗ് മോഡുലേഷൻ കേട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയിൽ വിവാഹം കഴിഞ്ഞു പോകുന്ന ഉണ്ണിയാർച്ചയെ ദൂരെ നോക്കിനിന്ന് കൊണ്ടുള്ള ചന്തുവിന്റെ ആത്മഗതം. "പക മാറിയിരുന്നോ മനസ്സിൽ..? ഇല്ലെന്ന് പറയുന്നതാണ് സത്യം. എന്റെ മോഹം എന്റെ ധ്യാനം, എന്റെ രക്തത്തിൽ ഞരമ്പുകളിൽ പതിമൂന്നാം വയസ്സ് മുതൽ പടർന്ന് കയറിയ ഉന്മാദം.. അവളെയാണ് ഞാനുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്ക് നല്ലത് വരട്ടെ. എന്നും നല്ലത് വരട്ടെ" ഒരു ഗദ്ഗദത്തിന്റെ മൂടലുണ്ട് വാക്കുകളിൽ. അതത്രയും ഭാവതീവ്രതയോടെ പ്രേക്ഷകന് അനുഭവപ്പെടുകയും ചെയ്തു. ചന്തുവിനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തതിന് ഒരു പ്രധാന കാരണം ആ രംഗമായിരുന്നു.
ഹരിഹരൻ സംവിധാനം ചെയ്ത കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിൽ ബ്രിട്ടീഷ്കാരുമായി അവസാന യുദ്ധത്തിന് പുറപ്പെടും മുൻപ് പഴശ്ശിരാജ പറയുന്ന വാക്കുകൾ കേട്ടപ്പോൾ അത് മുഴങ്ങുന്നത് കാലാന്തരങ്ങൾക്ക് പിന്നിൽ വയനാടൻ കാടുകളിൽ നിന്നാണെന്ന് തോന്നി. "വീരസ്വർഗ്ഗത്തിന്റെ വർണ്ണനകൾ കേട്ട് മോഹിച്ചിട്ടല്ല. ഒരു ദൗത്യം മാത്രമേ എനിക്ക് ബാക്കിയുള്ളൂ. ഈ മണ്ണിന്റെ അവകാശികളാരെന്ന് ഇവിടെ എന്റെ ചോര കൊണ്ട് കുറിച്ചിടണം. അത് മാത്രം.. അത് മാത്രം മതി."
മമ്മൂട്ടി അഭിനയിച്ച സിനിമകളിലൂടെ സഞ്ചരിച്ചാൽ ഇതുപോലെ ആ ശബ്ദവിന്യാസത്തിന്റെ മിന്നൽപിണരുകൾ ധാരാളം കാണാം. പല ഭാവത്തിലും പല രീതിയിലും അഭ്രപാളിയിൽ വൈകാരികമായി പ്രായഭേദമന്യേ ഏതൊരു മലയാളിയും അനുഭവിച്ച ശബ്ദം കൂടിയാണത്.
Content Summary: Malayalam Article ' Shabdagambheeryathinte Poornatha ' Written by Rajeev Kalarikkal