ഉള്ളകങ്ങൾ പണയം വെച്ച കുഞ്ഞിടങ്ങൾ – ഷബ്ന എഴുതിയ കവിത

Mail This Article
ഉള്ളകങ്ങൾ പണയം വെച്ച കുഞ്ഞിടങ്ങളുണ്ട്
ഏതൊരാൾക്കും.
പലിശയും കൂട്ടുപലിശയും
മുതലും ചേർത്തടച്ചാലും
തിരികെ കിട്ടാത്ത
പണയവസ്തുക്കൾ പോലെ ചിലയിടങ്ങൾ.
നടന്നു തീർത്ത വഴിയിടങ്ങളിലെ
ഏതോ കോണിലായ്
ഇടം പിടിച്ച കന്നിമൂലകൾ.
കുറുക്കി വെച്ച മാമ്പഴപുളിശ്ശേരിയിൽ
ചേർത്തുരുട്ടിയ ഉരുളപോലെ
മാധുര്യമുള്ളവ.
ആധി പൂണ്ട മനസ്സിന്റെ
ആഴങ്ങൾ
ചുരന്നെടുത്ത
കാളകൂടവിഷം പോലെ
നീലിച്ചു നിന്നവ.
രാത്രിനിലാവിന്റെ
ഉന്മാദഭാവത്തിൽ
നാഗകന്യപോൽ
ഉടലാകെ പൊതിഞ്ഞവ.
അന്തിചുവപ്പിന്റെ
രാശിയാൽ
മൂവന്തിയ്ക്കു പൂത്ത
താരമായ് ചിരിതൂകി നിന്നവ
കുറുകെ വരച്ച
മനസിന്റെ കണ്ണാടിയിൽ
മിഴിയനക്കാതെ
പ്രതിമപോൽ നിന്നവ
മായ്ച്ചാലും തൂത്താലും
കഴുകി ഉണക്കാൻ ശ്രമിച്ചാലും പോകാത്ത
വാഴനീരിൻ കറപോൽ
അടയാളമായ ചിലവ
കുഞ്ഞിടങ്ങൾ
ഇങ്ങനൊക്കെയാണ്.
നോവായ്
പ്രാണനായ്
മധുരമായ്
അങ്ങനെയിങ്ങനെ
ഓർമ്മകൾ
നശിക്കുവോളം
ബാക്കിയായ്.
നടന്നു തീർത്ത വഴിയിടങ്ങളിലെ
ഏതോ കോണിലായ്
ഇടം പിടിച്ച കന്നിമൂലയായ്.
Content Summary: Malayalam Poem Written by Shabna