ADVERTISEMENT

പുലർച്ചേ തന്നെ തുടങ്ങിയ കോരിച്ചൊരിയുന്ന മഴയാണ്. ഇന്നിനി ആരും ദർശനത്തിനു വരുമെന്നു തോന്നുന്നില്ല. വയസ്സൻ പൂജാരി മാത്രം എന്നത്തെയും പോലെ വെളുപ്പിനെ വന്ന് നട തുറന്ന് നിർമ്മാല്യം കഴിച്ചു. പിന്നെ "വയ്യല്ലോ ഭഗവാനെ, ഇനി എത്രനാൾ എന്നെ കൊണ്ട് ഇതൊക്കെ നടക്കും" എന്ന പതിവു പരിദേവനം പറഞ്ഞു. ഒരു കാലത്ത് എന്നെ പോലെ വലിയ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആ പാവത്തിന് ഇപ്പോൾ തീരെ വയ്യാണ്ടായി. വീട്ടിലെ സ്ഥിതിയും വലിയ കഷ്ടമാണ്.  സഹായിക്കണം എന്നുണ്ട്. പക്ഷേ കർമ്മഫലം അനുഭവിച്ചു തീരാതെ പറ്റില്ലല്ലോ. പണ്ടൊക്കെ ഇവിടെ എത്ര ഭക്തരായിരുന്നു വന്നിരുന്നത്. സ്ഥിരഭജനക്കാർ തന്നെ ഉണ്ടായിരുന്നു ഒരു പിടി. ഏഴരവെളുപ്പിന് വന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് നിർമ്മാല്യം തൊഴുതിരുന്നവർ അനവധി. ആ ഒഴുക്ക് അത്താഴപൂജ കഴിയുന്നതുവരെ തുടരുമായിരുന്നു. ഇപ്പോൾ നിർമ്മാല്യം തൊഴാൻ ആരും വരുന്നില്ല എന്നതോ പോകട്ടെ  പന്തീരടിയ്ക്കോ ദീപാരാധനയ്ക്കോ പോലും രണ്ടു മൂന്നു പേരിൽ കൂടുതൽ സാധാരണ ഉണ്ടാകാറില്ല. അമ്പലകുളമൊക്കെ നശിച്ചു നാനാവിധമായി പോയി. ചുറ്റമ്പലം നേരത്തേ പൊളിഞ്ഞിരുന്നു. ഇപ്പോൾ ശ്രീകോവിലിനും ചെറിയ ചോർച്ച തുടങ്ങിയിരിക്കുന്നു. മനുഷ്യർക്ക് മാത്രം അല്ല ക്ഷേത്രങ്ങൾക്കും ഉണ്ട് വൃദ്ധിക്ഷയങ്ങൾ. 

പണ്ട് ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന ക്ഷേത്രങ്ങൾ പലതും ഇന്ന് ജന നിബിഡമാണ്. വിധിയുടെ വിരലുകൾ തലോടുമ്പോൾ തരളിതമാവുകയും, നഖങ്ങൾ തറയുമ്പോൾ തകർന്നുപോകുകയും ചെയ്യുന്ന അജ്ഞാനികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുക ആണല്ലോ ചെയ്യുന്നത്. പുത്തൻ ആചാരവിശേഷങ്ങളായി കാട്ടികൂട്ടുന്ന ഗോഷ്ടികളും ആൾക്കാരുടെ ശല്യവും സഹിക്കാനാവാതെ അവിടത്തെ ദൈവങ്ങൾ പലരും സ്ഥലം വിടുകപോലും ചെയ്തു. എന്നിട്ടും അവിടെ  ആൾകൂട്ടത്തിന് കുറവൊന്നും ഇല്ല. എനിക്കും പലപ്പോഴും ഇവിടെ നിന്ന് ഇറങ്ങി പോകണമെന്ന്  തോന്നിയിട്ടുണ്ട്. പക്ഷേ പൂജാരിയുടെ ദൈന്യമാർന്ന വൃദ്ധമുഖം ഓർക്കുമ്പോൾ പോകാനും തോന്നില്ല. ആവതുണ്ടായിട്ടല്ല പൂജ മുടക്കരുതല്ലോ എന്നു കരുതിയാണ് അദ്ദേഹം വരുന്നത്. പിന്നെ എന്നെ കാണാൻ വരുന്ന അപൂർവം ഭക്തരേയും ഓർക്കാതിരിക്കാൻ എങ്ങനെ പറ്റും. അവർ "ഭഗവാനേ നല്ലതു വരുത്തണേ" എന്നല്ലാതെ വേറെ വലിയ ആവലാതി ഒന്നും പറയാറില്ല. എന്നെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല എന്നു കരുതിയിട്ടല്ല, എല്ലാം ഞാൻ അറിയുന്നു എന്ന വിശ്വാസം കൊണ്ടാണ് അത്. 

വരുന്നവരിൽ എന്റെ ദർശനം മാത്രം കാംക്ഷിച്ചു വരുന്ന പ്രായം ഏറെ ആയ ഒരു അമ്മൂമ്മ ഉണ്ട്. നല്ല കാലം മുഴുവൻ പാടത്ത് പണി ചെയ്ത് തളർന്നുവളർന്നവൾ. മക്കൾ ഒക്കെ നല്ല നിലയിൽ ദൂരെ നഗരത്തിൽ താമസിക്കുന്നു. പഴയ കുടിലിന്റെ സ്ഥാനത്ത് മകൻ പണിത വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവരെ കാണാൻ  മക്കൾ വരുന്ന അപൂർവാവസരങ്ങളിൽ ഒഴികെ എന്നും അവർ ദർശനത്തിന് എത്തും. ഭഗവാനേ എന്നു വിളിച്ച് കുറേനേരം മറ്റൊന്നും മിണ്ടാതെ എന്റെ മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ അവരുടെ ഭക്തി എനിക്കു ചുറ്റും ഒരു കാന്തികവലയമായി നിറയും, ഇരുണ്ട മുറികളിൽ ഇനിയും കുടിയിരിക്കാനുള്ള ഊർജ്ജമായും. ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവുമായി പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ ഒരു കോമാളിയെ പോലെ എഴുന്നള്ളിച്ചിരുന്ന കാലത്തേക്കാൾ ഒക്കെ എത്ര സമാധാനമാണ് ഇന്ന്. പൂമാലകളാലും കോടിമണം മാറാത്ത ശീലകളാലും അലങ്കരിച്ച ആ തങ്ക അങ്കി ഒക്കെ എവിടേക്കാണ് പോയത് എന്ന് അറിയാം. എങ്കിലും ഒന്നും ചെയ്യാൻ പോയില്ല. എനിക്ക് എന്തിനാണ് ഇതൊക്കെ. കാണുന്നവർക്ക് ഒരു ഹരമാകാൻ വേണ്ടി അവർ കൊണ്ടു വന്നത് അവർ തന്നെ കൊണ്ടു പോയി എന്നേ ഞാൻ കരുതിയിട്ടുള്ളൂ. പ്രായാധിക്യം ഉള്ള ശാന്തിക്കാരന്റെ വിറയ്ക്കുന്ന കൈത്തണ്ടയിൽ കയറി ആ നെഞ്ചോടു ചേർന്നിരുന്നു വലം വെയ്ക്കുന്നത് തന്നെ ആണ് എനിക്കിഷ്ടം. അപ്പോൾ ആ എല്ലുന്തിയ നെഞ്ചിൻ കൂടിന്റെ താളം തെറ്റിയ ഇടിപ്പ് എനിക്കു കേൽക്കാം. ആ നെഞ്ചിൽ നിറഞ്ഞ എന്നോടുള്ള ഭക്തി എനിക്ക് അനുഭവിക്കാം. 

നേരത്തേ നട അടച്ചു പോകാനുള്ള തയാറെടുപ്പിൽ പൂജാരി തിടുക്കപ്പെട്ട് ഉച്ച പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുകയാണ്. ചെന്നിട്ടു വേണമല്ലോ വയ്യാത്ത ഭാര്യയ്ക്ക് മരുന്നും അൽപം അന്നവും കൊടുക്കാൻ. സാധാരണ അവർക്ക് എന്തെങ്കിലും കൊടുത്തിട്ടാണ് നട തുറക്കാൻ വരാറുള്ളത്. രാത്രി മുഴുവൻ നീണ്ടു നിന്ന മഴ കാരണം ഇന്നവർ പുലർച്ചേ എഴുന്നേൽക്കുക ഉണ്ടായില്ല. കുറേ ശ്രമിച്ചു നോക്കി ഒടുവിൽ മരുന്നും കട്ടൻചായയും എടുത്ത് അടുത്ത് വെച്ചിട്ട് പോന്നതാണ്. അതവർ കഴിച്ചു കാണുമോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടുന്നുണ്ട്. തിരികെ ചെല്ലുമ്പോൾ പഴയതു പോലെ ഒരിക്കൽ കൂടി പുളിയിലക്കരയുള്ള വെള്ള മുണ്ടും, റവുക്കയും, പുറമേ കോടി നേര്യതും ചുറ്റി പൂമുഖത്ത് തന്നെയും കാത്തു ഒരു പുഞ്ചിരിയുമായ് അവർ നിന്നിരുന്നെങ്കിൽ എന്ന് പാവം ആശിക്കുന്നു. ഒന്നും വേണ്ട അവൾ കിടക്കയിൽ തന്നത്താൻ ഒന്ന് എഴുന്നേറ്റ് ഇരുന്നാൽ മതി ഭഗവാനേ എന്നു മനസ്സിൽ പറയുന്നുമുണ്ട്. 

ഉച്ചപൂജ കഴിഞ്ഞ് നടയടച്ച് ഈ പെരുമഴത്ത്, കീറിയ കുടയും ചൂടി കൂനിക്കൂനി വിറയാർന്ന ദേഹവുമായി അദ്ദേഹം വേച്ചു വേച്ചു നടന്നു പോകും. പോകുന്ന വഴിയേ അദ്ദേഹത്തിന്റെ മനസ്സു നിറയെ പ്രിയതമയുടെ വയ്യായ്മയെ പറ്റിയുള്ള വേദനയും തനിക്കെന്തെങ്കിലും പറ്റിയാൽ അവർക്കാരെന്ന വ്യഥയും ആയിരിക്കും. വീടെത്തി നനഞ്ഞ് വിറച്ച് വീടിന്റെ പൂമുഖത്തെ തൂണിൽ പിടിച്ച് നിന്നുകൊണ്ട് അദ്ദേഹം തന്റെ പ്രേയസിയെ വിളിക്കാൻ ശ്രമിക്കും. തൂണിന്മേൽ പിടിച്ച കൈകളുടെ ബലം ക്രമേണ കുറഞ്ഞു വരികയും കണ്ണുകളിൽ ഒരു മൂടൽ വന്നു നിറയുകയും ചെയ്യും. ഒടുവിൽ എന്റെ നാമവും ഉച്ചരിച്ച് മെല്ലെ മെല്ലെ ആ മിഴികൾ എന്നെന്നേക്കുമായി അടയും. ഉറച്ച കാലടികളുമായ് മന്ദം മന്ദം കടന്നു വരുന്ന അയാളെ എതിരേൽപാൻ പുളിയിലക്കരയുള്ള വെള്ള മുണ്ടും, റവുക്കയും, റവുക്കയ്ക്കു പുറമേ കോടി നേര്യതും ചുറ്റി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ പ്രിയതമ കാത്തിരിക്കുന്നു എന്നത് അദ്ദേഹം അപ്പോൾ അറിയുന്നുണ്ടാവില്ല.

Content Summary: Malayalam Short Story ' Bhakthan ' Written by N. Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT