ഏകാന്ത മനസ്സ് – എം. ഗോകുൽദാസ് എഴുതിയ കവിത
Mail This Article
മുറിവുകൾ കോർത്തുപണിത ചങ്ങാടം
പുഴക്കരയിൽ നിന്നെ കാത്തിരിക്കുന്നു
അനാഥമായി ഉപേക്ഷിക്കപ്പെട്ട മരണം
നിന്നെ അക്കര എത്തിക്കും
ചായം പൂശിയ ഒരഗ്നിപർവ്വതം പോലെ
മനസ്സ് തണുത്തുറഞ്ഞിരിക്കുന്നു.
വിശാലമായ ഈ ജീവിതത്തിനേക്കാളും
മരുഭൂമിയിലെ വരണ്ട കാറ്റും
വെയിൽ ചീളുകളും തേടി
പ്രണയം ഏകനായി അലയുന്നു
നോവുകൾ കിനാവുകൾ, എല്ലാം
മഴനാരുപോലെ ഒന്നായി പെയ്യുന്നു
സ്വപ്നം മുറിഞ്ഞു വീഴുന്നതിനു മുമ്പ്
അശ്രാന്തമായി അലഞ്ഞു നടക്കുന്ന
ചിന്തയുടെ മുനമ്പിൽ
പ്രകാശത്തിന്റെ ദീപ്തമായ വഴികൾ അവസാനിക്കുന്നു.
വേദന നുണഞ്ഞു കുടിക്കുന്ന ഓരോ ചിന്തയും
വഴിയൊരുക്കുകയും വഴിയറിയുകയും ചെയ്യുന്നു.
മരണം അശാമ്യമായ ഒരു നിഴൽ പോലെ സ്വരൂപിച്ച്
എന്നെ മൂടുമ്പോഴും ഞാനറിയുന്നു
കനിവുകളിൽ നിന്റെ പ്രാർഥന
എന്നെ അനുഗ്രഹിക്കുന്നുവെന്ന്
മനസിലും ഞാൻ സഞ്ചരിക്കുന്ന പാതയിലും
വെളിച്ചമേകുന്നുവെന്നു
വേദന കെട്ടടങ്ങുന്നില്ല
ഏകാന്തമനസിന്റെ ഇടനാഴികളിൽ
ഇടതടവില്ലാതെ അത് വിലപിക്കുന്നു.
നിന്റെ നിത്യ നിഷ്‌കളങ്കമായ സ്നേഹം
ആമ്പൽ പൂക്കൾ പോലെ വിരിഞ്ഞു നിൽക്കട്ടെ.
തേഞ്ഞുടഞ്ഞുപോയ കിനാവുകളിൽ
അത് മൊട്ടിടട്ടെ
ഒരൊഴിഞ്ഞസ്ഥലം
അതുമാത്രം നഷ്ടമാവരുത്
അപ്പോഴെങ്കിലും ദിവ്യമായ നിന്റെ രൂപമെനിക്ക്
കരഗതമാവുമല്ലോ