ജീവന്മാഹാത്മ്യം – സന്ദീപ് വേരേങ്കിൽ എഴുതിയ കവിത
Mail This Article
കൂനനെറുമ്പിനെ ഭയമുള്ളൊരുവൻ
തൂങ്ങിച്ചത്തെന്നറിയുന്നെങ്ങോ!
കാരണമെന്തെന്നന്വേഷിച്ചു
കാമുകിയന്നു വിളിച്ചില്ലത്രേ!!
ഉത്തരമൊന്നിൽ തെറ്റു പിണഞ്ഞതി-
ലൊത്തിരിനേരം കണ്ണീർവാർത്ത്
വെള്ളച്ചോറു കഴിക്കാത്തൊരുവൾ
എലിപാഷാണം തിന്നുമരിച്ചു!!
ഭാര്യയൊരിക്കൽ കെറുവിച്ചപ്പോൾ
ഭർത്താവൊന്നുടനൊച്ചയെടുത്തു,
കതകുമടച്ചന്നിരു മുറികളിലായ്
രക്തംവാർത്തവർ ചത്തുമലച്ചു!!
കുട്ടിച്ചെക്കനെ കെട്ടാത്തതിലും
പൊട്ടിപ്പെണ്ണിനെ കിട്ടാത്തതിനും
പൊട്ടീപൊട്ടന്മാരുടെ തലകൾ
വേർപെട്ടങ്ങനെയുരുളും റെയിലിൽ!!
അമ്മ വഴക്കു പറഞ്ഞ ദിനത്തിൽ
പൊന്നോമന ചെന്നാറ്റിൽച്ചാടി!
എന്തൊരു ദുർവ്വിധിയിങ്ങനെ നാട്ടിൽ
കണ്ടതുകേട്ടതു ചൊല്ലാൻ വയ്യാ!!
എട്ടുംപൊട്ടും തിരിയാത്തവരും
ചോര തിളച്ച ചെറുപ്പക്കാരും
മരണാസന്നരായവർപോലും
തന്നെത്താനെച്ചാവുകതന്നെ!!
ഒറ്റയടിയ്ക്കുടനിത്തിരി സമ്പ-
ത്തറ്റൊരു നേരത്തൊത്തിരി ദുഃഖം!
അനവധി സ്വത്തിന്നുടമ കൊടുംതീ-
ക്കനലിലെരിഞ്ഞുകരിഞ്ഞതിനാലെ!!
ആത്മാഹുതിയൊരു ഭീരുത്വത്തിൻ
തന്മാത്രയതൊന്നാണെന്നറിയൂ.
താനേ വന്നൊരു ജീവൻ നമ്മിൽ
തനിയെ പോകണമെന്നറിയേണം.
സംസാരിച്ചുതുടങ്ങുക ചുറ്റും
കാണുന്നതിലൊരു ചിന്തയുമേറ്റാം
ദുഃഖം വന്നു നിറഞ്ഞുകവിഞ്ഞാൽ
ചുറ്റുംകൂടിയടുത്തിടപഴകാം.
ഉള്ളിലടക്കിപ്പെരുകിപ്പെരുകി-
ത്തുള്ളിക്കൊരു കുടമാക്കുകയരുതേ
ഉള്ളു തുറന്നുപറഞ്ഞാലുണ്ടോ
തള്ളിപ്പോവാത്തുള്ളോരിണ്ടൽ!!
എന്തിനുമേതിനുമുള്ളാത്മാഹുതി
പന്തു കണക്കെപ്പൊന്തിപ്പോയാൽ
ചന്തം പോകുംസ്വന്തക്കാർക്കതു
പന്തംപോലെക്കത്തുംബന്ധം!!
അണുകിടനിമിഷത്തിന്റെ പിടച്ചിൽ
പണിയുകയാണതൊടുങ്ങാൻ മോഹം
പിന്നൊരു നിമിഷം ചിന്തിച്ചെന്നാൽ
തന്നെത്താനെപ്പിന്തിരിയും നാം!!
ആശ നശിക്കുംനേരത്തുടനെ
നാശത്തെയാശ്ലേഷിക്കാതെ
ദേശക്കാരുടെ ടോൾ ഫ്രീ നമ്പറി-
ലാശിച്ചൊരു വിളിയാഞ്ഞുവിളിക്കൂ.
ഉറ്റവരെയൊന്നോർത്തുകഴിഞ്ഞാൽ
തെറ്റുകൾ ചെയ്യുകയില്ലൊരു നാളും
ജീവിതമത്ര മനോഹരമാക്കാൻ
ഭാവിയിലെത്രയനേകം തക്കം!!
ജീവത്യാഗം ചെയ്യാനൊരുവനെ
പ്രേരിപ്പിക്കുകയരുതേയാരും
ജീവന്മരണപ്പോരാട്ടത്താൽ
ജീവാത്മാവിനെ രക്ഷിക്കേണം.