ADVERTISEMENT

വെടിമരുന്നിന്റെയും കരിഞ്ഞ പച്ച മാംസത്തിന്റെയും മണം മൂക്കിനെ തുളച്ച് തലച്ചോറിലേക്ക് കുത്തിയിറങ്ങുന്നത് പോലെ തോന്നി. പൊടിപടലങ്ങളും പുകയും കലർന്ന വായു. ഓരോ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും ആരെങ്കിലും ജീവനുവേണ്ടി പിടയുന്നുണ്ടാകുമോ എന്ന തിരച്ചിലിൽ ആയിരുന്നു ഞങ്ങൾ. ഞങ്ങളിൽ പലരും ഇന്ത്യയിൽ നിന്നും അവിടേക്ക് ഉപരിപഠനത്തിനായി എത്തിയ മെഡിക്കൽ വിദ്യാർഥികളാണ്. യുദ്ധം എന്താണെന്ന് മനസ്സിലായ പ്രായം മുതൽ അതിനെ വെറുത്തിരുന്നെങ്കിലും എന്തുകൊണ്ട് യുദ്ധത്തെ വെറുക്കേണ്ടിയിരിക്കുന്നു എന്ന അനുഭവ പാഠമായിരുന്നു ആ നാളുകളിലെ കാഴ്ചകൾ. ഞങ്ങൾ ജീവനില്ലാത്ത മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ശരീരങ്ങൾ പലയിടങ്ങളിൽ നിന്ന് കണ്ടെത്തി അധികാരികളെ ഏൽപ്പിച്ചു. കുടുങ്ങി പോയ കുറച്ചു മനുഷ്യരെ രക്ഷിക്കാനും സാധിച്ചു. അങ്ങനെ വൈകുന്നേരത്തോടടുത്ത നേരത്ത് അവസാനമായി ഞങ്ങൾ കയറിയ ഒരു ഫ്ലാറ്റ്, മറക്കാനാവാത്ത പലതും എനിക്ക് സമ്മാനിച്ച ഒരിടമായിരുന്നു അത്.

തീ വിഴുങ്ങി, ഇടിഞ്ഞു വീണ് ഭാഗികമായി നശിച്ചിരിക്കുന്ന ആ ഫ്ലാറ്റിന്റെ എല്ലാ ഭാഗങ്ങളും ഞങ്ങൾ പരിശോധിക്കുകയായിരുന്നു. ഒരു ഭാഗത്ത് പൊടിയിൽ മുങ്ങി കിടക്കുന്ന ഒരു കട്ടിൽ എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ മുൻ കാലുകൾ രണ്ടും ഒടിഞ്ഞിരിക്കുന്നു. അതിനു മീതെ പൊടി മൂടി കിടക്കുന്ന ഒരു ടെഡി ബീർ, അതിനടുത്ത് തന്നെ കടലാസ് പോലെന്തോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒന്ന് രണ്ട് സെൽഫി ചിത്രങ്ങളാണവ. മനസ്സ് നിറഞ്ഞു ചിരിക്കുന്ന രണ്ട് മുഖങ്ങൾ. തൊട്ടടുത്ത് ഇരുന്ന അടുത്ത ഫോട്ടോ കൈയ്യിലെടുത്ത് പൊടി തുടച്ചു നോക്കി. ആദ്യം കണ്ട ചിത്രത്തിലുള്ളവർ ഇതിലുമുണ്ട് ഒപ്പം ഒരു അഞ്ചു വയസ്സ് തോന്നിക്കുന്ന സ്വർണ്ണ മുടിയുള്ള പെൺകുട്ടി. അവരിരുവരും ദമ്പതികളാണെന്ന് തോന്നി, ഒപ്പമുള്ളത് മകളും. യുദ്ധ ഭൂമിയിൽ കത്തുന്ന ഫ്ലാറ്റ് മുറിയുടെ മൂലയിലുള്ള കാലൊടിഞ്ഞ കട്ടിലിൽ നിന്ന് കളഞ്ഞു കിട്ടിയ ആ രണ്ട് സെൽഫികൾ എന്നെ വല്ലാതെ സ്വാധീനിച്ചു.

ആ ജീവിതങ്ങൾ ഇന്നെവിടെയാണ്. മരിച്ചു കാണുമോ? പലായനം ചെയ്ത് സ്വസ്ഥമായ മറ്റൊരു നാട്ടിൽ എത്തിക്കാണുമോ? തമ്മിൽ തമ്മിൽ വഴിതെറ്റി കൈവിട്ട് പല വഴിയിലേക്ക് അകന്നു പോയിരിക്കുമോ? അറിയില്ല. ഏതോ അജ്ഞാതമായൊരു നോവ് എന്റെ ഹൃദയത്തിന്റെ ആഴമളക്കുന്നത് പോലെ തോന്നി. മനുഷ്യർ, ജീവിതങ്ങൾ, കുടുംബങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ എല്ലാം അനാഥമാകുന്നു, ഒറ്റപ്പെടുന്നു, ഇല്ലാതാകുന്നു. ഈ നശിച്ച യുദ്ധം എന്ത് നല്ലതാണ് അവശേഷിപ്പിക്കുന്നത്? യുദ്ധങ്ങൾ തിരശീലയിട്ട ജീവിതങ്ങളെത്ര കാണും ഈ ലോകത്ത്? ആർക്കു വേണ്ടിയാണ് യുദ്ധങ്ങൾ? മനുഷ്യർക്ക് സ്വൈര്യ ജീവിതവും സമാധാനവും നഷ്ടമാകുന്ന യുദ്ധങ്ങൾ കൊണ്ട് നാളിതുവരെ നേട്ടം കൊയ്തത് ആരാണ്? മനസ്സ് ചോദിച്ച അനേകം ചോദ്യങ്ങളെ ഒരു ദീർഘ നിശ്വാസത്തിൽ ഒതുക്കി ഞാൻ എന്റെ കർത്തവ്യത്തിൽ മുഴുകി.

ചില്ലുകളും സിമെന്റ് കട്ടകളും വകഞ്ഞു മാറ്റി അവയ്ക്കുള്ളിലെവിടെയെങ്കിലും ഒരു ജീവിതം നിസ്സഹായതയുടെ മഹാ മൗനത്തിൽ ബോധമറ്റോ ജീവനറ്റോ കിടപ്പുണ്ടോ എന്ന തിരച്ചിൽ അവസാനിച്ചു. അങ്ങനെയൊരു ജീവനെയും കണ്ടില്ല ജഡവും ലഭിച്ചില്ല. എങ്കിലും മനസ്സിലെവിടെയോ ഒരു പ്രത്യാശ. ആ ചിത്രങ്ങളിൽ കണ്ട മുഖങ്ങൾ എവിടെയെങ്കിലും ജീവനോടെ കാണുമായിരിക്കാം. പുറത്തേക്കു ചെന്നപ്പോൾ ഞങ്ങളുടെ നേരെ ഒരു വളർത്തു നായ നടന്നു വന്നു. ഒരു ഈസ്റ്റ് യൂറോപ്യൻ ഷെഫേർഡ്. ഒപ്പമുണ്ടായിരുന്ന മനുഷ്യർക്ക് വേണ്ടി ആകണം അവനും തിരച്ചിലിലാണ്. ഞങ്ങളോട് അവന്റേതായ ഭാഷയിൽ എന്തൊക്കെയോ പരിഭവം പറഞ്ഞു സങ്കടത്തോടെ അവനാ ഫ്ലാറ്റിനകത്തേക്കു നടക്കാൻ തുടങ്ങി. അവിടെ അവനെ ഉപേക്ഷിച്ചു പോരാൻ കഴിയാത്തതിനാൽ അവനെയും ഞങ്ങൾ കൂടെ കൂട്ടി. ഞങ്ങൾക്കൊപ്പം വരാനൊന്നും തയാറായിരുന്നില്ല എങ്കിലും അവസാനം കൂടെ പോന്നു. ജീവ ഭയത്തിന് മനുഷ്യരെന്നോ നായയെന്നോ വ്യത്യാസമില്ലെന്ന് ഞാനപ്പോൾ ഓർത്തു. ഞാനവന് ജാക്സ് എന്ന് പേരിട്ടു. കുറച്ചധികം തവണ വിളിച്ചപ്പോൾ അവനും ആ പേര് സ്വീകരിച്ചു.

അന്ന് രാത്രി എനിക്കൊട്ടും ഉറക്കം വന്നില്ല. നാളുകൾക്ക് ശേഷം നല്ല ഭക്ഷണം കഴിച്ചതിന്റെ മയക്കത്തിലാണ് ജാക്സ്. ഫ്ലാറ്റ് മുറിയിൽ നിന്ന് കിട്ടിയ സെൽഫികൾ പിറ്റേന്ന് രാവിലെ തന്നെ ജാക്സ് തിരിച്ചറിഞ്ഞു. അവന്റെ പ്രിയപ്പെട്ട വീട്ടുകാരാണവർ. ആ ചിത്രങ്ങൾ വച്ചുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് അതിലെ മനുഷ്യരെ തിരിച്ചറിയാൻ സാധിച്ചു. പ്രാദേശിക വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന സൈമൺ എന്ന ചെറുപ്പക്കാരനും അയാളുടെ ജീവിത പങ്കാളിയായ നീനയും അവരുടെ മകളായ സോഫിയയുമാണ് ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. സൈമൺ ജനിച്ചതും വളർന്നതും ഈ നഗരത്തിൽ തന്നെയാണ്. നീന ഗ്രാമത്തിൽ നിന്നും ഇവിടേക്ക് ഉപരിപഠനത്തിനായി എത്തിയതായിരുന്നു. ഇരുവരും ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായി. ഇരുവരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ അവർ നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായതാണെന്ന് മനസ്സിലായി. അവരെകുറിച്ചറിയും തോറും മനസ്സിലെ കനൽ കൂടുതൽ ചൂടുപിടിക്കുന്നതായി തോന്നി. എവിടെയാണവർ? പലായനം ചെയ്തവരുടെ കൂട്ടത്തിൽ അവരുണ്ടോ എന്നറിയാൻ ഞങ്ങൾ അധികാരികളെ ചെന്നു കണ്ടു. ജാക്‌സും ഒപ്പം വന്നിരുന്നു. അവിടെ ചെന്നാ ഫോട്ടോഗ്രാഫുകൾ കാട്ടിയപ്പോൾ, ഒരു ഓഫിസർക്ക് സൈമണെ നേരിയ പരിചയമുണ്ട്. അദ്ദേഹം കാര്യമായി തന്നെ അവരുടെ കാര്യം അന്വേഷിക്കാം എന്നുറപ്പ് തന്നു. അവിടെ നിന്ന് ഇറങ്ങുമ്പോഴായിരുന്നു യുദ്ധം മൂർച്ചിച്ച തൊട്ടടുത്തുള്ള നഗരത്തിൽ താത്കാലികമായി വെടിവെപ്പും ഷെല്ലിങ്ങും നിർത്തിവച്ചിട്ടുണ്ടെന്നും അവിടെ രക്ഷാപ്രവർത്തനത്തിന് ചെല്ലേണ്ടതുണ്ടെന്നും അറിയിപ്പ് വന്നത്. ഞങ്ങൾ അവിടേക്ക് ചെല്ലാൻ തീരുമാനിച്ചു.

പോകേണ്ട വഴികൾ സുരക്ഷിതമല്ല അതിനാൽ ആർമിയുടെ സഹായത്തോടെ അവരോടൊപ്പം ടാങ്കറുകളിൽ ഞങ്ങൾ ആ നഗരത്തിലേക്ക് ചെന്നു. ജീവിതം ഇതുപോലെ സാഹസികമായ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോൾ ഭയവും ആശങ്കയും ഉണ്ടെങ്കിൽ പോലും വല്ലാത്തൊരു ഊർജ്ജവും ആവേശവും ഉള്ളിൽ പടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവിടെ എത്തിയപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. ബോംബ് വീണ് തകർന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചു ഞങ്ങൾ തിരച്ചിൽ പുനരാരംഭിച്ചു. രക്ഷാപ്രവർത്തനത്തിൽ ഞങ്ങൾക്ക് അവിടത്തെ ആർമി അവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. ഞങ്ങളുള്ള ഇടങ്ങളിൽ ബങ്കറുകൾ ഉണ്ടോ എന്ന കാര്യം അവരാണ് ഞങ്ങളെ അറിയിക്കുന്നത്. അത്തരത്തിൽ ലഭിച്ച വിവരമനുസരിച്ചു ഒരു ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്ക് ഞങ്ങൾ നടന്നു. പാതി വഴി മുതൽ ജാക്സ് ആവേശത്തിലായെന്നു തോന്നി, കാരണം അവൻ തിടുക്കം കൂട്ടുന്നുണ്ട്. ബേസ്‌മെന്റിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന മനുഷ്യരവിടെ ദിവസങ്ങളായി ഭക്ഷണമില്ലാതെ ഇരിപ്പുണ്ടായിരുന്നു. ഭയന്നിരിക്കുന്ന അവരെ സമാശ്വസിപ്പിച്ചു ഞങ്ങളവിടെ നിന്നും മാറ്റി തുടങ്ങി. ജാക്സ് ഒരു മൂലയിൽ നിന്ന് കുരയ്ക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അവിടേക്ക് ചെന്നു. ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവിടെ ഒരു പെൺകുട്ടിയുടെ ചലനമറ്റ ശരീരം കിടക്കുന്നുണ്ടായിരുന്നു.

അത് സോഫിയ ആയിരുന്നു. ഫോട്ടോയിൽ കണ്ട അതേ സ്വർണ്ണ മുടിയിഴകൾ, ഇത്രയും നാൾ ഞാൻ തിരഞ്ഞ അതേ മുഖം. ജാക്സ് എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി അവൾക്ക് ചുറ്റും ക്ഷമയില്ലാതെ നടക്കുന്നു. എന്റെ പാന്റ്സ് കടിച്ചു വലിച്ചു അവളുടെ അടുത്തേക്ക് നയിക്കുന്നു. ഒരുനിമിഷം ഞാൻ സ്‌തബ്‌ധനായി നോക്കി നിന്ന് പോയി. ആദ്യ കാഴ്ച്ചയിൽ തന്നെ എന്നിലെ വാത്സല്യത്തെ മുഴുവൻ കവർന്നെടുത്തവൾ. തിരച്ചിലിനൊടുവിൽ എന്നെങ്കിലും അവളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇതാ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ നിശ്ചലയായി എനിക്ക് മുന്നിൽ കിടപ്പുണ്ടവൾ. എന്റെ കണ്ണുകളിൽ നിരാശയും നോവും ആരോടെന്നില്ലാത്ത ദേഷ്യവും ഒന്നിച്ച് കുത്തിയൊഴുകി. എന്തിനെന്റെ മുന്നിൽ വിധി അവളുടെ ചലനമറ്റ ശരീരത്തെ ഇട്ട് തന്നു? ജാക്സിന്റെ പെരുമാറ്റവും സഹിക്കാൻ കഴിയുന്നതല്ല. നിസ്സഹായനായി അവൻ അവന്റെ പ്രിയപ്പെട്ടവളെ രക്ഷിക്കണം എന്ന് അവന്റെ ഭാഷയിൽ അപേക്ഷിക്കുകയാണ്. ഇത്രയും ക്രൂരമായ നോവുകൾ എനിക്ക് താങ്ങാനാവുന്നതല്ല. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാനെന്റെ മനസ്സ് വിങ്ങുന്നു.

പെട്ടെന്ന് ശ്വാസം മുട്ടിച്ച ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയ ആ വാക്കുകൾ എന്റെ കാതുകൾ തേടിയെത്തി, "അവൾക്ക് ശ്വാസമുണ്ട്". ഉടൻ ഞങ്ങളവളെ പുറത്തേക്ക് എത്തിച്ച് വേണ്ട മെഡിക്കൽ സപ്പോർട്ട് നൽകി. അൽപ സമയം കൊണ്ട് അവൾ കണ്ണ് തുറന്നു. അവൾ ജാക്‌സിനെ കണ്ട നിമിഷം വികാര നിർഭരമായിരുന്നു. മനുഷ്യനും മൃഗത്തിനുമിടയിൽ ഉരുത്തിരിയുന്ന ആഴമേറിയ സ്നേഹം. അവളുടെ മുടിയിഴകൾ തലോടിയും മിഴിനീര് വാർത്തും ജാക്സ് അവളെ അങ്ങേയറ്റം സ്നേഹിച്ചു. അവനെ വാരി പുണർന്നുകൊണ്ടവളും. അവളൊന്നു ശാന്തമായപ്പോൾ ഞങ്ങൾ അവളോട് സംസാരിച്ചു. അച്ഛനും അമ്മയും എവിടെയെന്ന് അവൾക്കറിയില്ല. അവൾ ആ ബേസ്‌മെന്റ് ക്യാമ്പിൽ എങ്ങനെയെത്തി എന്ന് പോലും അവൾക്കോർമ്മയില്ല. വിശന്നും കരഞ്ഞും തളർന്നുറങ്ങിപ്പോയ അവൾ കണ്ണ് തുറന്നപ്പോൾ ജാക്‌സിനേയും ഞങ്ങളെയുമാണ് കണ്ടത്. അവളെ കിട്ടിയത് വലിയൊരു സന്തോഷത്തിന് വഴിവച്ചെങ്കിലും അവളുടെ മാതാപിതാക്കളെവിടെയെന്ന ചോദ്യം വീണ്ടും പ്രതിസന്ധികൾ സൃഷ്ട്ടിച്ചു. അവൾക്ക് ജാക്‌സിനെ തിരികെ ലഭിച്ചത് തന്നെ വലിയ ആശ്വാസമായിരുന്നു. അവൾ അവനെ ഈഗോർ എന്നാണു വിളിക്കുന്നത്. ഈഗോർ എന്നാൽ ധീരനായ പോരാളി എന്നാണ് അർഥം. അതെ അവനാളൊരു പോരാളി തന്നെയായിരുന്നു.

സോഫിയയും ജാക്‌സും കൂടെയുള്ള പത്തു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തിയെ പോലെ സോഫിയ ഇടപഴകി തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ തമാശകൾ അവളെ ചിരിപ്പിച്ചാൽ പോലും വൈകാതെ അവൾ അവളുടെ അച്ഛനമ്മമാരെ ഓർത്ത് കണ്ണ് നിറയ്ക്കും. അവരെ തിരിച്ചു നൽകും എന്ന് ഞാനവൾക്ക് വാക്കു കൊടുത്തിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ അവർക്ക് വേണ്ടി മാത്രമാണ് തിരച്ചിൽ നടത്തിയത്. എന്നാൽ ദീർഘമായ ഒരു മാസത്തെ തിരച്ചിലിനൊടുവിൽ ഞങ്ങളിൽ നിരാശ പടർന്നു. അവരെ കുറിച്ചൊരു വിവരവും ലഭ്യമല്ല. സോഫിയ അവളുടെ പ്രായത്തിലെ കുട്ടികളെക്കാൾ പക്വത കാണിച്ചിരുന്നത് കൊണ്ട് തന്നെ യാഥാർഥ്യങ്ങളോട് അവൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നുണ്ടായിരുന്നു. അവളിൽ യുദ്ധത്തിന്റെയും മാതാപിതാക്കളുടെ അസാന്നിധ്യത്തിന്റെയും ട്രോമകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ കഴിയും വിധമെല്ലാം അവളെ നോക്കി. അവളിൽ ഈ യുദ്ധം ആഴത്തിൽ ഭയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവളുടെ ഉറക്കം ഇടയ്ക്കിടെ ഞെട്ടുന്നതെല്ലാം യുദ്ധത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ മയക്കത്തിലും അവളെ വേട്ടയാടുന്നത് കൊണ്ടായിരുന്നു. അച്ഛനും അമ്മയും വളരെ ശക്തരായ മനസ്സുള്ളവരാണെന്നും, അവരൊരിക്കലും തളരില്ലെന്നും, യുദ്ധത്തിൽ നിന്നവർ അതിജീവിച്ചു തിരിച്ചെത്തുമെന്നും സോഫിയ വിശ്വസിച്ചിരുന്നു. "എന്റെ അച്ഛൻ ജനിച്ചത് തന്നെ ഒരു യുദ്ധകാലത്താണ്, അമ്മയും യുദ്ധങ്ങൾ കണ്ടു വളർന്നവളാണ്. അവർ തിരിച്ചെത്തും" അവൾ ഞങ്ങളോട് ഇത് പറയുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു അവിടത്തെ മനുഷ്യർക്കെങ്ങനെയാണ് ഇത്രയും ധൈര്യം കൈവന്നിട്ടുണ്ടാവുക എന്ന്. സോഫിയയിൽ ഞാൻ കണ്ട വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കനൽ എന്നെ അത്ഭുതപ്പെടുത്തി. 

അന്ന് നാട്ടിലേക്ക് മടങ്ങേണ്ട കാര്യങ്ങളെല്ലാം ശരിയായ ദിവസമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടിലേക്കുള്ള വിമാനത്തിൽ കയറണം. തിരികെ നാട്ടിലേക്കെന്ന് ഓർക്കുമ്പോൾ കൂടെയുള്ളവരൊക്കെ സന്തോഷത്തിലാണെങ്കിലും എനിക്ക് എന്റെ പ്രാണൻ അടരുന്ന വേദനയുണ്ടായി. എന്റെ സോഫിയ. ഈഗോറെന്ന അവളുടെ വിളിയിലും ജാക്സ് എന്ന എന്റെ വിളിയിലും ഒരുപോലെ ഓടിയെത്തുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവൻ. ഇവിടെ ഈ അഞ്ചു വർഷം ജീവിച്ച ജീവിതത്തിൽ നേടാനായ മുഴുവൻ സൗഹൃദങ്ങളെയും ഇവിടെ വച്ച് മടങ്ങാൻ എനിക്കാകും പക്ഷെ എന്റെ ഈ അനുജത്തിയെ പിരിയാൻ സാധിക്കുന്നേയില്ല. അവളിവിടത്തുകാരിയാണ്, അവളുടെ അച്ഛനും അമ്മയും എന്നെങ്കിലും തിരിച്ചെത്തുമ്പോൾ അവളിവിടെ വേണം. മടങ്ങുന്നതിനു മുൻപുള്ള ആ ദിനങ്ങൾ അവൾക്കു വേണ്ടി മാത്രമായിരുന്നു ഞാൻ അവിടെ ജീവിച്ചത്. അവളിൽ അവളുടെ ഭാവികാലത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ ഞാൻ നിറച്ചു കൊടുത്തു. ഒറ്റപെട്ടു പോയാലും ജീവിതം ധൈര്യത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള കനൽ അവൾക്കു അവളുടെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയിട്ടുണ്ട്. എനിക്കാകും വിധം ഭാവിയെക്കുറിച്ചുള്ള നല്ല പ്രത്യാശകൾ അവൾക്ക് ഞാൻ നൽകി. അവളെ അധികാരികളെ ഏൽപ്പിച്ചു മടങ്ങുമ്പോൾ ഞാൻ മരിച്ചുകൊണ്ടിരിക്കുന്നത് പോലെ തോന്നി. ജാക്‌സിനും കാര്യങ്ങൾ മനസ്സിലാകുന്നുണ്ടായിരുന്നു എന്ന് തോന്നും വിധം ആയിരുന്നു അവനെന്നെ യാത്രയാക്കിയത്. മനസ്സിൽ വലിയൊരു നോവുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു.

രണ്ട്‌ വർഷങ്ങൾ കടന്നു പോയി. ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും സോഫിയയുടെ ഓരോ ദിനവും അവളെന്നെ അറിയിക്കുന്നുണ്ട്. ഞാനെന്നാണ് അവളെ കാണാൻ ചെല്ലുക എന്നവൾ ഇടയ്ക്കിടെ ചോദിക്കും. അവളെ കാണാൻ ചെല്ലാൻ വേണ്ടി മാത്രം ഞാൻ പൈസ കൂട്ടി വെക്കുന്ന കാര്യം ഞാനവളോട് പറഞ്ഞിട്ടില്ല. അടുത്ത ആഴ്ച അവളുടെ പിറന്നാൾ ആണ്. നല്ലൊരു പിറന്നാൾ സമ്മാനം ഓർഡർ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിരിക്കുമ്പോഴായിരുന്നു എന്റെ കൊച്ചു മിടുക്കിയുടെ വീഡിയോ കാൾ വരുന്നത്. പതിവില്ലാതെ നട്ടുച്ച നേരത്തുള്ള ആ വിളി എന്തോ കുസൃതി ഒപ്പിക്കാനുള്ളതാണെന്ന് എനിക്ക് തോന്നിയിരുന്നു. കാൾ എടുത്തപ്പോൾ എന്റെ സോഫിയ ഏങ്ങി കരയുന്നു. പെട്ടെന്ന് പേടിച്ചു പോയ ഞാൻ കാര്യമെന്താണെന്ന് തിരക്കി. കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ പുറകിൽ നിന്നും രണ്ടു കൈകൾ അവളെ വാരിയെടുത്തു. അത് സൈമൺ ആയിരുന്നു. അയാൾക്കൊപ്പം നീനയുമുണ്ട്. എനിക്ക് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. സൈമണും നീനയും ഒരുപാട് നേരം എന്നെ നോക്കി കരഞ്ഞു. ഒരുപാട് നന്ദി പറഞ്ഞു. അവൾക്കീ പിറന്നാളിന് ഏറ്റവും വലിയ ഒരു സമ്മാനം കാലം നൽകിയല്ലോ എന്ന സമാധാനത്തിൽ ഞാനൊന്ന് നിശ്വസിച്ചു.

നമ്മളൊക്കെ മനുഷ്യരാണ്. ഒരൊറ്റ വർഗ്ഗമാണ്. ഏത് രാജ്യക്കാർ ആയാലും, ഏത് വിശ്വാസത്തെ നെഞ്ചിലേറ്റിയാലും, ഏത് ഭാഷ സംസാരിച്ചാലും, എത്രയൊക്കെ വ്യത്യസ്തരായാലും, തമ്മിലറിഞ്ഞാൽ നമ്മളൊക്കെ ഒരേ ചുവന്ന രക്തമോടുന്ന, നോവുമ്പോൾ ഒരുപോലെ കരയുന്ന, വിശക്കുമ്പോൾ ഒരുപോലെ നീറുന്ന, സന്തോഷങ്ങളിൽ ഒരുപോലെ ചിരിക്കുന്ന മനുഷ്യരാണ്. യുദ്ധമെത്ര വന്നാലും, അവയെത്ര നമ്മളെ ഭിന്നിപ്പിച്ചാലും നമ്മളിലെ സ്നേഹത്തിന്റെ നൂൽ ബന്ധം അറ്റു പോകില്ല. എന്നെങ്കിലും ലോകം ഇനി ഒരിക്കലും യുദ്ധങ്ങൾ വേണ്ട എന്ന ശക്തമായ തീരുമാനം എടുക്കുന്നെങ്കിൽ അതിലേക്ക് നമ്മളെ നയിക്കുന്നതും നമ്മളിലെ ആ സ്നേഹത്തിന്റെ ശക്തമായ നൂൽ ബന്ധം തന്നെ ആയിരിക്കും. ഒരിക്കൽ സകല രാജ്യങ്ങളും അവരുടെ അതിർത്തികൾ പരസ്പരം തുറക്കും. എന്റെ രാജ്യമെന്നും നിന്റെ രാജ്യമെന്നും പറയാതെ സകലരും ഈ ഭൂമിയെ മുഴുവൻ സ്വന്തമായി കാണും. അന്ന് മനുഷ്യർ ഇന്നത്തേക്കാൾ സന്തുഷ്ടരായിരിക്കും. അച്ഛനമ്മമാരെ തിരികെ ലഭിച്ച സോഫിയയെ പോലെ സന്തോഷം കൊണ്ട് കരഞ്ഞു പോകുമാറ് തീവ്രമായ ആനന്ദം മനുഷ്യരിൽ അലയടിക്കും. അപരിചിതരും അന്യരും ഇല്ലാത്ത ആത്മബന്ധങ്ങളുടെ ലോകത്തിലേക്ക് കൺ തുറക്കാനാകുന്ന പുലരിയെ കിനാവ് കാണുന്ന സ്വപ്നജീവിയാണ് ഞാൻ. എന്റെ ഇത്തരം ഭ്രാന്തൻ ചിന്തകൾ സോഫിയയ്ക്കുമുണ്ട്. അതിർത്തികൾ ഇല്ലാതെ സ്വതന്ത്രയായ ഭൂമിയെ കുറിച്ച് ഞങ്ങൾ എന്നും സംസാരിക്കാറുണ്ട്. 

English Summary:

Malayalam Short Story ' Sophia ' Written by Vyshakh Vengilode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com