പോരുന്നോ, എന്റെ കൂടെ? – സതീഷ് കളത്തിൽ എഴുതിയ കവിത

Mail This Article
പോരുന്നോ എന്റെ കൂടെ?;
ഒരുമിച്ചിരുന്നു തണുത്ത കോഫി കുടിക്കാം.
നിന്നെപ്പോലെ,
ഈ കത്തുന്ന ചൂടിൽ ഞാനും
ഒരൽപം തണൽ കൊതിക്കുന്നുണ്ട്.
പണ്ടെന്റെ ഞായറവധികളിലെ
വേനലിനെ തണുപ്പിക്കാറുള്ള
ഒരു കോഫി വില്ലയുണ്ട്; നഗരത്തിൽ,
'ലൂയിസ് കോഫി വില്ല.'
നഗരത്തിന്റെ ഉഷ്ണങ്ങളൊന്നും
പിടിമുറുക്കാത്ത ഒഴിഞ്ഞകോണിൽ
ഇന്നും ആ വില്ലയുണ്ട്.
അവിടെ,
നിറയെ നിറങ്ങളിൽ പൂത്തുനില്ക്കുന്ന
കടലാസുപിച്ചകങ്ങളുണ്ട്.
അവയുടെ ഓരോ കടയ്ക്കലും
രണ്ടിണപ്രാവുകൾക്കു തണൽകൊണ്ടു
കുറുകുവാനുള്ള ഇരിപ്പിടങ്ങളും
സജ്ജീകരിച്ചുവെച്ചിട്ടുണ്ട്.
മുകളിൽ,
ചേരകളുടെ ഇണചേരലുകൾപോലെ,
കടലാസുപിച്ചകങ്ങളുടെ ഞരമ്പുകൾ
പിണഞ്ഞുകിടക്കുന്നതു കാണാം.
തലോടലിനുംമേലെ താങ്ങുള്ള
തണലില്ലെന്നപോലെ,
തഴുകുന്ന കാറ്റിൽ ചൂടാറിയ
ചുണ്ടുകൾകൊണ്ട്,
ശംഖുപുഷ്പത്തിന്റെ മണമുള്ള
കോൾഡ് കോഫി മൊത്തിക്കുടിക്കുമ്പോൾ
ഒരുപക്ഷെ,
പുറത്തെ വെയിലിന്റെ ചൂട്
നമ്മുടെ ഞരമ്പുകളിലേക്കും പടർന്നേക്കാം.
അന്നേരം,
അശാന്തമായിക്കിടക്കുന്ന
നമ്മുടെ സമുദ്രാന്തർ ഭാഗങ്ങളിൽ
പർവതനിരകൾ രൂപം കൊള്ളുകയും
പവിഴപ്പുറ്റുകൾ നിറഞ്ഞൊരു
ദ്വീപുണ്ടാകുകയും ചെയ്തേക്കാം.
അങ്ങനെയാണെങ്കിൽ,
നമുക്കവിടംവരെയൊന്നു പോകാം;
ആവോളം പവിഴങ്ങൾ പെറുക്കാം;
ശാന്തമായ സമുദ്രങ്ങളായി തിരികെ പോരാം.
വരൂ...
നമ്മളെ കൊണ്ടുപോകാനായി,
ആ വില്ലയിലൊരു കൂറ്റൻ തിരമാല
നങ്കൂരമിട്ടുക്കിടക്കുന്നുണ്ടാകും!