ലതികാശാലിനി എഴുതിയ മൂന്ന് കവിതകൾ
Mail This Article
1. കടലാസുപൂക്കൾ
ഞങ്ങൾ പിരിഞ്ഞതെന്തെന്നോ?
പറയാം....
അദ്ദേഹത്തിന് കടലാസു പൂക്കളാണ് ഏറെ ഇഷ്ടം.
ഗന്ധമില്ലാത്ത, മുള്ളു കൊള്ളിക്കുന്ന
എന്നോടിണങ്ങാത്ത കടലാസു പൂക്കൾ.
നിറങ്ങൾ പലതുണ്ടെങ്കിലും വികാരമില്ലാത്തവയെ
പോലെ തോന്നിക്കുന്ന, തലോടിയാൽ തലയാട്ടാത്ത,
ദിവസങ്ങൾക്കപ്പുറം നിറം മാറുന്ന കടലാസുപൂക്കൾ.
എനിക്ക്, സുഗന്ധമുള്ള പൂക്കളാണിഷ്ടം.
തലയാട്ടി വിളിക്കുന്ന,
അരികിലേക്കു ക്ഷണിക്കുന്ന,
സ്പർശിച്ച മാത്രയിൽ മിഴി കൂമ്പുന്ന
മുല്ലയും, പിച്ചിയും, ചെമ്പകവും...
ഗന്ധമുള്ള, ഉന്മാദിനികളായ പൂക്കളെ
കണ്ടില്ല എന്ന് നടിക്കാനാവില്ലല്ലോ...??
വർണങ്ങളെക്കാൾ ഗന്ധങ്ങളിൽ
ഉന്മാദിക്കുന്നവരുണ്ട്.
വികാരത്തിനടിമപ്പെടുന്ന വശ്യഗന്ധികളെ,
തഴുകിയും, തലോടിയും ഇണക്കണം..
അതിനാൽ..
2. പുതിയ മുഖങ്ങൾ
എന്റെ പല നോവുകളും,
ആഴമേറിയതായിരുന്നില്ല.
നിന്റെ - സ്പർശത്തി–
ലുണങ്ങുന്നവയായിരുന്നൂ.
മരുന്നിനേക്കാൾ, മായാജാലം
വിരലുകൾക്കുള്ളതിനാൽ
പലപ്പോഴും വേദനകളിൽ -
ഞാൻ മായം ചേര്‍ത്തൂ.
നടിച്ചു തീർത്ത വേവുകളൊക്കെ,
വിട്ടുപോകാതെ കൂട്ടിരുന്നു.
ആർക്കൊക്കെയോ വേണ്ടി ഓടുമ്പോഴും,
"നിനക്കും, കുട്ടികൾക്കും വേണ്ടി"
എന്നവസാനം ചേര്‍ത്തത് കേട്ടുകേട്ട്
എനിക്കിന്ന്
ചെന്നിക്കുത്തായിരിക്കുന്നൂ.
മരുന്ന് വാങ്ങാനും, വൈദ്യനെ കാണാനും,
എന്തേ മറക്കുന്നെന്ന്
എന്നോട് കോപിക്കയും,
ഓർക്കാതെ പോയ തിരക്കിനെ
എനിക്ക് മുന്നിൽ അപരാധിയാക്കി
കൂട്ടിക്കെട്ടുകയും ചെയ്യുന്ന കരുതൽ.
ഒരു ചെറുചൂടൂ ചായയോ,
പനിക്കഞ്ഞിയോ ഊതി പാകമാക്കി
രമ്യതപ്പെടുത്തുമായിരുന്ന
പൊള്ളലിനെ,
കണ്ടില്ലെന്ന് നടിച്ചതും,
വീണ്ടും ഒളിച്ചതും
അതേ തിരക്കിലേക്ക് തന്നെ...
എനിക്കമ്മയുണ്ട്, പെങ്ങളുണ്ട്,
അളിയനുണ്ട്, അനിയനുണ്ട്,
അയലക്കമുണ്ട്, കൂട്ടുകാരുണ്ട്....
ഞാനും മുരണ്ടു... "എനിക്ക് നീയെ ഉള്ളൂ.."
പാമ്പ് പടം പൊഴിക്കും പോലെ,
നൊന്ത് - പറിച്ചെറിഞ്ഞതെല്ലാം..
പുതിയ വേഷത്തിനാണ്.
എനിക്കുമുണ്ട്! അല്ല, ഉണ്ടായിരുന്നൂ...
പടം പൊഴിക്കും മുൻപൊരു മുഖം...
കമ്പിലും, മുള്ളിലും ഉടക്കിക്കൊളുത്തി,
നോവടക്കി,
ഞാൻ നേടിയ പുതുമ.
എന്റെ പുതിയമുഖം.
3. പശ്ചാത്താപ തിരുമുറിവ്
ഇടക്കൊന്ന് ഹൃദയം മുറിയണം.
മുറിവിലെ രക്തം നിലക്കുമ്പോൾ,
കണ്ണുനീരാൽ ശുദ്ധി വരുത്തണം.
ഉപ്പിന്റെ നീറ്റലറിയണം.
പിന്നെ, ആ നീറ്റലാൽ
പാപങ്ങളലിയണം.
പശ്ചാത്താപത്തിൽ തപിക്കണം,
ഇനിയില്ലെന്ന് ഹൃദയത്താലേൽക്കണം.
മറക്കണം, പിന്നെ.. പൊറുക്കണം.
പിന്നെയാ, കരുതലാൽ,
പാദം ചുമക്കണം.
മുന്നിലേക്കായുന്ന
ചുവടുകളോരോന്നും,
എണ്ണിപ്പെറുക്കുവാൻ നോക്കണം.
മറവി തൻ ചിറകിലേറിപ്പറന്നെങ്കിലും,
ആ ഉപ്പു രസത്തെയൊന്നോർക്കണം.
വീണ്ടുമാ ഓർമ്മ പുതുക്കണം.
നീറ്റുമാ സ്മരണയിൽ സുല്ലിട്ട കാര്യങ്ങൾ
ഇല്ല, ഇനി ഇല്ലെന്നുറയ്ക്കണം.