റോസാപ്പൂ - ജതീഷ് ജയകുമാർ എഴുതിയ ചെറുകഥ

Mail This Article
രമേഷേട്ടാ ആ ഒരു അലർച്ച കേട്ടാണ് അവൻ ആ മൊബൈലിൽ നിന്നും കണ്ണെടുത്തു വാതിൽക്കലേക്കു നോക്കിയത്. അവിടെ ഭാര്യ രമ്യ കലിതുള്ളി നിൽപ്പുണ്ട്. കൈയ്യിൽ എന്തോ ഉണ്ട്. ഇതെന്താണ് അടുത്ത കുരിശ്, നോക്കിയപ്പോൾ അതൊരു ചെറിയ റോസാപൂ ആണ്. അവൾക്കു അതെന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് ആണ്. ഇതെങ്ങനെ എന്റെ പോക്കറ്റിൽ വന്നു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഭാര്യ ആണെങ്കിൽ കലി തുള്ളി നിൽക്കുക ആണ്. അവനാണെങ്കിൽ വിശക്കുന്നുമുണ്ട് പക്ഷെ എങ്ങനെ ചോദിക്കും. ഒന്നും അറിയാത്ത പോലെ എഴുന്നേറ്റു അടുക്കളയിൽ ചെന്ന് പാത്രം പൊക്കി നോക്കിയപ്പോൾ പിന്നിൽ നിന്നും ഒരു അശരീരി ‘ഉണ്ടാക്കി വച്ചിട്ടുണ്ട് നിങ്ങൾക്ക് പൂവ് തന്നവൾ.’ ദൈവമേ ഇതെന്തൊരു ഗതികേട് ഒന്നും മിണ്ടാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പതിയെ മുറിയിൽ പോയിരുന്നു.
കുറച്ചു നേരം കിടന്നു പക്ഷെ വിശപ്പ് കുറയുന്നില്ല, കൂടുന്നത് മാത്രമേ ഉള്ളു. മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവൾ വാതിലിന് അടുത്ത് തന്നെ കലി തുള്ളി നിൽപ്പുണ്ട്. അവളുടെ കണ്ണിൽ എന്നെ ജ്വലിപ്പിച്ചു കളയാൻ അത്രയും അഗ്നി നിറഞ്ഞിട്ട് ഉണ്ട്. സീൻ ഒന്ന് തണുക്കട്ടെ എന്ന് കരുതി പുറത്തുള്ള സോഫയിൽ പോയി ഇരുന്നു. പതിയെ മുഖം തിരിച്ചു അവളെ നോക്കിയപ്പോൾ കൈയിൽ അതാ ഇരിക്കുന്നു ആ പൂവ്, ചോദിക്കാൻ വന്നതെല്ലാം അതോടെ വിഴുങ്ങി. പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി. അവിടെ മകൾ ഇരുന്നു കളിക്കുന്നുണ്ട്.
വെറുതെ അവിടെ കറങ്ങിയപ്പോൾ ആണ് ഭാര്യ ഇന്നലെ എന്നെക്കൊണ്ട് നിർബന്ധിച്ചു വാങ്ങിയ പനിനീർ റോസ് കണ്ണിൽ പെട്ടത്. അപ്പോഴാണ് ഓർമ വന്നത് ഇന്നലെ അതിൽ ഒരു മൊട്ട് ഉണ്ടായിരുന്നു ഇന്നാണെങ്കിൽ അതിൽ പൂവ് കാണാനും ഇല്ല. മകളെ വിളിച്ചു ചോദിച്ചപ്പോൾ ആണ് അവളുടെ മറുപടി ‘അത് ഞാൻ അമ്മ കാണാതെ അച്ഛന്റെ പോക്കറ്റിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.’ പകുതി ആശ്വാസം ആയി നിൽക്കുമ്പോൾ ആണ് പുറകിൽ നിന്നും ചേട്ടാ എന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യ കൈയ്യിൽ ഒരു പാത്രവും ആയി പുഞ്ചിരി തൂകി നിൽപ്പുണ്ട് കൂടെ ഒരു ഡയലോഗും "എനിക്ക് അപ്പോഴേ അറിയാം എന്റെ ചേട്ടൻ പാവം ആണെന്ന്"