യുദ്ധമൊരു ചിത്രം – സന്തോഷ്കുമാർ പി. ബി. എഴുതിയ കവിത

Mail This Article
ആകാശവാതായനങ്ങള്‍ തുറന്ന്
അഗ്നിചിറകുള്ള പക്ഷികളൊന്നായ്–
ആർത്തലച്ചെത്തുന്നു രാപകലില്ലാതെ–
കൊത്തിയെടുക്കുവാൻ ജീവനുകൾ പിന്നെ–
കത്തിയെരിക്കുവാനെല്ലായിടങ്ങളും
കാലന്റെ സംഗീതമാണിന്ന് കാറ്റിന്!
ചോരയുടെ ഗന്ധമാണെല്ലായിടത്തും!
നിമിഷ–വേഗങ്ങളാൽ തീ തുപ്പിയാകാശം–
ഭൂമിയെ നക്കി തുടക്കുന്നു കൊതിയോടെ
കാണാപ്പുറങ്ങളിൽ തേങ്ങലുകൾക്ക് മീതെ–
കോൺക്രീറ്റ് പാളികളും, പുകയും, പടലങ്ങളും.
ജീവനില്ലാതെ കിടക്കുന്ന അമ്മയുടെ–
നഗ്നമാം മാറിൽ ഇഴയുന്നു പിഞ്ചുകൈ!
പച്ചയ്ക്ക് കത്തുന്ന കുപ്പചെടിപോലെ–
എല്ലായിടത്തും മനുഷ്യന്റെ രൂപങ്ങൾ!
അമ്മയോടൊട്ടി കിടക്കുന്ന കുഞ്ഞിന്റെ –
അമ്മിഞ്ഞപാൽ നുകരും ചുണ്ടുകൾ കൊത്തുന്ന
സംഹാരരൂപിയായ് ശാസ്ത്രസത്വം നിന്ന്–
ഹുങ്കോടെ ചൊല്ലുന്നു–ഞാനജയ്യനെന്ന്?
ഒക്കെയെരിക്കുവാൻ ഒക്കെയൊടുക്കുവാൻ–
കച്ചകെട്ടി കോപ്പു കൂട്ടുന്നു പിന്നെയും
ഒന്നുമില്ലാത്ത ഗതിയുണ്ടാക്കിയിവിടെയൊരു
സിംഹാസനം പണിയുന്നൊന്നാമനായി