ADVERTISEMENT

ഞാൻ ഒരു ദൈവ വിശ്വാസിയല്ല. പരിണാമ സിദ്ധാന്തത്തെ പറ്റി ആദ്യമായി കേട്ടപ്പോൾ തുടങ്ങിയ ചിന്തകൾ ഒടുവിലെന്നെ ശാസ്ത്രീയ മനോഗതിയിലേക്കു നയിച്ചു. ഒരു പൊതു പൂർവ്വികനിൽ (LUCA - Last Universal Common Ancestor) നിന്ന് ജീവൻ പരിണമിച്ചു പല ജീവികൾ ഉണ്ടായെന്നും ആ ജീവികളിലും പരിണാമം നടന്ന് കുരങ്ങും മനുഷ്യരും അടങ്ങുന്ന ജീവികൾ ഉണ്ടായെന്നും അറിഞ്ഞപ്പോൾ, അതുവരെ മനസ്സിൽ ഉണ്ടായിരുന്ന 'ദൈവമുണ്ടാക്കിയ മനുഷ്യർ' എന്ന ആശയമേ അസ്തമിച്ചു പോയി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ക്ലാസ്സുകൾ എങ്ങനെ ഈ പ്രപഞ്ചമുണ്ടായി, എങ്ങനെ ജീവനും പരിണാമം വഴി നമ്മളും ഉണ്ടായി, എങ്ങനെ മരണം ഉണ്ടാകുന്നു എന്നതിനെല്ലാം കൃത്യമായ ഉത്തരം തന്നതിനാലും, ഹിസ്റ്ററി ക്ലാസുകൾ എങ്ങനെ മനുഷ്യർ ദൈവത്തെ ഉണ്ടാക്കി, എന്തിനുണ്ടാക്കി എന്ന് മനസ്സിലാക്കി തന്നതിനാലും ജീവിതത്തിൽ ദൈവ വിശ്വാസത്തിന്റെ ആവശ്യമേ ഇല്ലാതായി. സോഷ്യൽ സയൻസ് "മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്" എന്ന് പറഞ്ഞു തന്നതിനാൽ മറ്റ് മനുഷ്യരുടെ വിശ്വാസങ്ങളിൽ കൈകടത്തേണ്ടതില്ലെന്നും വിശ്വാസങ്ങൾ തികച്ചും വ്യക്തിപരമായ ഒന്നാണെന്നും മനസ്സിലാവുകയും ചെയ്തു.

യുക്തി ചിന്തയുടെ ആദ്യ സ്പുരണമാണ് ദൈവ വിശ്വാസത്തിൽ നിന്ന് ശാസ്ത്രീയ മനോഗതിയിലേക്കുള്ള മാറ്റം. അതൊരു വിപ്ലവമായൊക്കെ തുടക്കത്തിൽ തോന്നിയിരുന്നെങ്കിലും, അൽപം ചിന്തിച്ചാൽ ആർക്കും മനസ്സിലാവുന്ന കാര്യമേ ഇതിലൊക്കെയുള്ളു എന്ന് പിന്നീട് തോന്നി. ഒരവിശ്വാസിയായി വിശ്വാസ സമൂഹത്തിൽ ജീവിക്കുമ്പോൾ ഒട്ടും യോജിക്കാൻ കഴിയാത്ത ലോജിക് ഇല്ലാത്ത ആചാരങ്ങൾ കാണേണ്ടിയും അതുമായി ബന്ധപ്പെട്ട ഒരുപാട് കഥകൾ കേൾക്കേണ്ടിയും വരാറുണ്ട്. മനുഷ്യാവകാശങ്ങളെ തടയുന്ന, തികച്ചും തെറ്റായ ആചാരങ്ങളെ എതിർക്കുമ്പോഴും വിശ്വാസികളായ മനുഷ്യർക്ക് വിശ്വസിക്കാനുള്ള അവകാശത്തെ മാനിക്കാറുണ്ട്. അവിശ്വാസിയായിരിക്കാൻ എനിക്കുള്ള അവകാശം പോലെ വിശ്വാസിയായിരിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ട്. വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുമ്പോഴും അവകാശങ്ങളെ തടയുമ്പോഴുമാണ് ആ രീതികളെ എതിർക്കേണ്ടി വരുന്നത്.

മലബാറിൽ ജനിച്ചത് കൊണ്ട് കുട്ടിക്കാലത്തെ നെഞ്ചിലിടം പിടിച്ച തെയ്യക്കാലം ഇപ്പോഴും എനിക്കിഷ്ടമാണ്. തെയ്യങ്ങളെ ഒരു കലാരൂപമായി കണ്ട്, കോലങ്ങളുടെ മുഖത്തെഴുത്തും ചമയങ്ങളും ചുവടുകളും പശ്ചാത്തല മേളങ്ങളും ആസ്വദിക്കാറുമുണ്ട്. അമ്പലത്തിൽ പോകാനെനിക്കിഷ്ടമാണ്, അവിടം തരുന്ന ഒരുതരം 'trance' അനുഭവിക്കാം എന്ന ഉദ്ദേശമാണ് പലപ്പോഴും ആ ഇഷ്ടത്തിന് പിന്നിൽ. ചന്ദനത്തിരിയുടെ മണം, എണ്ണയിൽ കത്തുന്ന തിരിയുടെ വെളിച്ചം, മണിയുടെയോ വാദ്യങ്ങളുടെയോ നാമ ജപങ്ങളുടെയോ ശബ്ദം ഇതെല്ലാം തരുന്ന ഒരു ട്രാൻസ് ഫീൽ വേറെയാണ്. ഭക്തിഗാനങ്ങളും സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കാറുള്ളത് കൊണ്ട് അതുമിഷ്ടമാണ്. ചില ഭക്തി സിനിമകളും ഇഷ്ടമാണ്. ദൈവങ്ങളുടെ ശിൽപങ്ങൾ കൊത്തിയുണ്ടാക്കുന്ന പ്രക്രിയ കാണാനും ആ ശിൽപങ്ങളുടെ ഭംഗി ആസ്വദിക്കാനും ഏറെ ഇഷ്ടമുണ്ട്. 

മറ്റൊന്നാണ് പ്രസാദമായി കിട്ടുന്ന പായസവും പലഹാരങ്ങളും, ചില അമ്പലങ്ങളിലെ ഇത്തരം വിഭവങ്ങൾ എത്ര കഴിച്ചാലും മതിവരില്ല. കണ്ണൂരിലെ പറശ്ശിനികടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പയറും ചായയും, അതുപോലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അരിപ്പായസം ഒക്കെ കഴിക്കാൻ ഒരുപാടിഷ്ടമാണ്. ചില തീർഥാടന കേന്ദ്രങ്ങളിലെ പ്രകൃതി ഇഷ്ടമാണ്, ഉദാഹരണത്തിന് മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള യാത്രയും അവിടത്തെ പ്രകൃതിയും മനോഹരമാണ്. "ദൈവത്തിനറിയാം, ന്റെ ദൈവമേ, അയ്യോ, ഈശ്വരാ" എന്നിങ്ങനെയുള്ള ഭാഷാപരമായ പ്രയോഗങ്ങളും ഇന്നും ഇടയ്ക്ക് നാവിൽ വരാറുണ്ട്. ഇതൊന്നും തന്നെ അവിശ്വാസിയെ വിശ്വാസിയാക്കുന്നില്ല. രുചികളെയും കലകളെയും അനുഭൂതികളെയും പ്രകൃതിയെയും ഒക്കെ ആസ്വദിക്കാൻ വിശ്വാസമോ അവിശ്വാസമോ ബാധകമാകില്ല.

നാളെയൊരിക്കൽ അവിശ്വാസികൾക്കും ചിന്തകർക്കും എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും ഒക്കെ ഈ മണ്ണിൽ ഇടമില്ലാതെ വന്നേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന കാലത്ത്, മനുഷ്യർക്ക് എന്നും ഈ രാജ്യത്ത് ഇതുപോലെ വിശ്വസിച്ചും അവിശ്വസിച്ചും ചിന്തിച്ചും സംസാരിച്ചും സകലതും ആസ്വദിച്ചും ജീവിക്കാൻ സാധിക്കട്ടെ എന്നാശിക്കുന്നു.

English Summary:

Malayalam Article ' Oru Avishwasiyude Lokam ' Written by Vyshakh Vengilode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com