ADVERTISEMENT

ടിന്റു മോന്‍ അന്ന് രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഒപ്പം അമ്മ റോസിയും. മകന്റെ ചുമ മാറുന്നെയില്ല. ഭർത്താവ് ടോമി എപ്പോഴും ജോലി സംബന്ധമായ ഊരുചുറ്റലില്‍ ആയിരിക്കും. അടുത്തുള്ള കുട്ടികളുടെ ഡിസ്പന്‍സറി പത്തു മണിയാവും തുറക്കാന്‍. റോസി ആകെ പരിഭ്രാന്തയായിരുന്നു. ശ്വാസം മുട്ടുള്ള കുട്ടിയെ സാധാരണ ഡോക്ടർ നോക്കിയാൽ ശരിയാവില്ല. പത്ത് മണി വരെ എങ്ങനെ അവനെ ശാന്തമാക്കും? ഒൻപത് മണിയോട് തന്നെ അവൾ അവനെയും കൂട്ടി ക്ലിനിക്കിന് മുന്നിൽ തമ്പടിച്ചു. നല്ല തിരക്കുള്ള ഡോക്ടറാണ് അംബേദ്കർ. പത്ത് മണിക്ക് തന്നെ അയാളെ കാണണമെങ്കിൽ ഒരു മണിക്കൂർ മുൻപെങ്കിലും അവിടെ ടോക്കൺ എടുക്കണം. “ഡോക്ടർ അങ്കിൾ എപ്പോൾ വരും അമ്മേ”, മോന് ക്ഷമ നശിച്ചിരുന്നു. അപ്പോളാണ് ടോക്കൺ തരുന്ന കംപൗണ്ടർ തന്റെ സൈക്കിളിൽ വന്നിറങ്ങിയത്. “അമ്മേ, ദാ ഡോക്ടർ വന്നു,” മകന്റെ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല. അവൻ അത്രക്ക് ബുദ്ധിമുട്ട് അനുഭവിക്കുണ്ടായിരുന്നു. മകന്റെ സന്തോഷം എങ്ങനെ തല്ലി കെടുത്തും? “അതേ മോനേ, ഇതാണ് കട തുറക്കുന്ന ഡോക്ടർ, മോനേ നോക്കുന്ന  ഡോക്ടർ പിന്നാലെ വരുന്നുണ്ടാവും,” റോസി മകനെ സന്തോഷിപ്പിച്ചു നിർത്തി. മകൻ കട തുറക്കുന്ന ഡോക്ടറെ ആരാധനയോടെ നോക്കി കണ്ടു. വളർന്നു വലുതാവുമ്പോൾ “ഞാൻ ഒരു വലിയ കട തുറക്കുന്ന ഡോക്ടറാവും” അവൻ ദൃഢ പ്രതിജ്ഞയെടുത്തു.

കട തുറക്കുന്ന ഡോക്ടർ എല്ലാ കുട്ടികൾക്കും കളിപ്പാട്ടവും ചോക്കളേറ്റും കൊടുത്തു. കുട്ടികളുടെ ശരീരം മാത്രമല്ല മനസ്സും അറിയാവുന്ന ഡോക്ടർ ആയിരുന്നു അംബേദ്കർ. അത് തന്നെയല്ല, രോഗികൾക്ക് വേണ്ടി ഡോക്ടർമാർ തമ്മിൽ കിടമൽസരം നടക്കുമ്പോൾ, കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും സുഖിപ്പിച്ച് നിർത്തുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. അത് കൊണ്ട് തന്നെ, കട തുറക്കുന്ന ഡോക്ടറെ, അദ്ദേഹം അതിലൊക്കെ പരിശീലിപ്പിച്ചിരുന്നു. അയാളാകട്ടെ കുട്ടികളോട് മാത്രമല്ല അമ്മമാരോടും കൊച്ചുവർത്തമാനം പറയുമായിരുന്നു. പക്ഷേ രോഗിയായ കുട്ടികളുടെ അമ്മമാർ അയാളുടെ കളി വർത്തമാനത്തിന് സ്വതവേ ചെവി കൊടുക്കാറില്ല. റോസിയും പതിവ് പോലെ അയാളെ അവഗണിച്ചു. 

അന്ന് പക്ഷേ അംബേദ്കർ സമയത്തിന് ആശുപത്രിയിൽ വന്നില്ല. അദ്ദേഹം  ജോലി ചെയ്തിരുന്ന സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭക്ഷ്യ വിഷബാധയേറ്റ് കുറച്ച് കുട്ടികൾ പ്രവേശിക്കപ്പെട്ടിരുന്നു. അതിൽ ഒരു കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്നാണ് അദ്ദേഹത്തിന് അവിടെ പോകേണ്ടി വന്നത്. ടിന്റുമോന്റെ ചുമയും വലിയും വീണ്ടും തലപൊക്കി തുടങ്ങിയിരുന്നു. റോസിയുടെ പരിഭ്രാന്തി കട തുറക്കുന്ന ഡോക്ടർ ശ്രദ്ധിച്ചിരുന്നു. മറ്റുള്ള മാതാപിതാക്കൾ ഡോക്ടർ വൈകുന്നതിനാൽ തിരിച്ചു പോയി തുടങ്ങി. അയാൾ അടുത്തു വന്നപ്പോൾ കൊച്ചു വർത്തമാനത്തിനാണെന്ന് കരുതി അവൾ മുഖം തിരിച്ചു. മാഡം ജി, എന്ന് വിളിച്ച് അയാൾ വിതുമ്പുന്ന പോലെ പറഞ്ഞു “എന്റെ മോനും ഇങ്ങനെയായിരുന്നു തുടക്കം, നിങ്ങൾ വെച്ചു താമസിപ്പിക്കരുത്, അത് കൊണ്ട്തന്നെ ഞാൻ ഡോക്ടറോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അങ്ങോട്ട് കൊണ്ടുച്ചെല്ലുവാൻ പറഞ്ഞു. നിങ്ങൾ ഒറ്റക്കല്ലേ, ഞാൻ ഓട്ടോ റിക്ഷയിൽ കൊണ്ട് വിടാം. അന്ന് എന്റെ ഭാര്യയെ സഹായിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ ഇന്നെന്റെ മോനും ജീവനോടെ ഉണ്ടായിരുന്നേനെ”. അയാൾ കരയാതിരിക്കാനായി  മുഖം തിരിച്ചു. 

അയാൾ കൂടെയുള്ളത് കൊണ്ട് റോസിക്ക് പെട്ടെന്ന് തന്നെ ഡോക്ടറെ കാണുവാൻ സാധിച്ചു. സർക്കാർ ആശുപത്രിയെന്നാൽ ഒരു ജയിൽ പോലെയാണ്. തങ്ങളുടെ ദാരിദ്ര്യം കൊണ്ട് മാത്രം അവിടെ ചികിൽസക്കായി വന്നുപെട്ടവർ. ഹതഭാഗ്യർ. രോഗം ഭേദമായി വീട്ടിൽ പോകുവാൻ ആഗ്രഹം ഇല്ലാത്തവരുമുണ്ട് അക്കൂട്ടത്തിൽ. അതിൽ ചിലർക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷണമായിരുന്നു ആകർഷണമെങ്കിൽ, മറ്റു ചിലർക്ക് തിരിച്ചു ചെല്ലുമ്പോൾ ലഭിക്കുന്ന അസ്വീകാര്യതയായിരുന്നു പ്രശ്നം. ബഹുജനം പലവിധം. ഡോക്ടറുടെ മരുന്നുകൾ ഫലിച്ചു തുടങ്ങിയതോ അതോ “പ്ലാസിബോ എഫെക്ട്” ആയിരുന്നോ എന്നറിയില്ല, ടിന്റു മോൻ നല്ല ഉഷാറിലായിരുന്നു. മകന്റെ ഉത്സാഹം കണ്ടിട്ടാവണം റോസിയുടെ മനവും തരപ്പെട്ടു. എന്നാൽ കൂടെയുള്ള കട തുറക്കുന്ന ഡോക്ടറുടെ കണ്ണുകളിലുള്ള നിതാന്തമായ  വ്യസനം അപ്പോളാണ് റോസിയുടെ ശ്രദ്ധയിൽപ്പെട്ടത്. ചിരിച്ചു സംസാരിക്കുമ്പോഴും അയാളുടെ കണ്ണുകളിൽ കാണപ്പെട്ടിരുന്ന ഒരു തെളിച്ചകുറവ്, അവൾ ഇതുവരെയും ശ്രദ്ധിച്ചിരുന്നില്ല. ആ നിസംഗതയുടെ ഉറവിടം കണ്ടെത്താൻ തന്നെ അവൾ തീരുമാനിച്ചു. അങ്ങനെയാണ് അവൾ ഓട്ടോറിക്ഷക്കാരനോട് അയാളുടെ വീട്ടിലേക്കു വണ്ടി വിടുവാൻ ആവശ്യപ്പെട്ടത്. 

പട്ടണത്തിന്റെ പുറംപോക്കുകളിലായിരുന്നു അയാളുടെ ഗ്രാമം. ദിവസവും പതിനഞ്ചു കിലോമീറ്റർ സൈക്കിൾ ചവിട്ടി വരുന്നയാൾ. ഭാരതത്തിന്റെ ചുരുക്കം സമ്പന്നസംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലെ ഗ്രാമങ്ങളിൽ അത്രക്ക് ദാരിദ്ര്യമുണ്ടായിരുന്നില്ല. കംപൗണ്ടർ ജോലിക്ക് മാത്രമായി ആരും ഇത്രക്ക് ബുദ്ധിമുട്ടി പതിനഞ്ചു കിലോമീറ്റർ സൈക്കിൾ ചവുട്ടി വരില്ല. പശുവും, പോത്തും, കൃഷിയും ധാരാളമായ ഗുജറാത്തിൽ നിത്യവൃത്തിക്ക് ആർക്കും പഞ്ഞമുണ്ടായിരുന്നില്ല. പട്ടണത്തിന്റെ വിഷവായുവിൽ നിന്നും മോചനം നൽകുന്ന സുന്ദരഗ്രാമം. മഹാമുനി വിശ്വാമിത്രന്റെ അനുഗ്രഹത്താൽ സംജാതമായി ആ ഗ്രാമത്തിന്റെയും എന്നല്ല, ആ പട്ടണത്തിന്റെ മുഴുവൻ ജീവനാഡിയായ തീർന്ന വിശ്വാമിത്രി നദി, ഗ്രാമവാസികൾക്ക് കുളിർ പകർന്നു നൽകി ആ ഗ്രാമത്തെ ഗാഢമായി പുൽകിയിരുന്നു. താൻ സൃഷ്ടിച്ച അരുവിയുടെ കളകളങ്ങൾക്കനുസൃതമായി ശ്രുതിയിട്ട് മുനി രചിച്ച ഗായത്രി മന്ത്രം ഇന്നും ആ ഗ്രാമത്തിൽ മന്ദമാരുതനിലൂടെ അലയടിച്ചിരുന്നു. ഗോബർ മെഴുകിയ മേൽക്കൂരയുള്ള വീടുകൾ.

വഴിയിലാകേ ഓടി കളിച്ചിരുന്ന കോഴികളും, അവയെ ഓടിച്ചിരുന്ന കുറെ നായകളും. ഓട്ടോറിക്ഷയിൽ വരുന്നവർ പുറമേയുള്ളവരാണെന്ന് കരുതി തകൃതിയായി തലമറയ്ക്കുവാൻ പാടുപെടുന്ന സ്ത്രീകൾ. തലയിൽ ദൂരെനിന്ന് കുടിവെള്ളം കൊണ്ടുവന്നിരുന്ന കാലമൊക്കെ കഴിഞ്ഞു. ഓരോ ഗ്രാമത്തിലും സൗരോർജ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ആ ഊർജത്തിൽ പ്രവർത്തിച്ചിരുന്ന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ, കുടിക്കുവാനുള്ള ശുദ്ധജലം അവർക്ക് പകർന്നു നൽകി. തുച്ഛമായ വിലയ്ക്ക് പാചകഗ്യാസ് ഗ്രാമവാസികൾക്ക് ലഭ്യമായതിനാൽ, ചൂളകളിൽ നിന്നുള്ള പുകയൊന്നും സ്ത്രീകൾക്ക് ശ്വസിക്കേണ്ടി വന്നിരുന്നില്ല. ഗാന്ധിജിയുടെ ഓർമകൾ നിലനിർത്തുവാൻ കൊണ്ടുവന്ന മദ്യനിരോധനനിയമം പുരുഷന്മാരെ ഒരുപരിധി വരെ ലഹരികളിൽ നിന്നും അകറ്റി നിർത്തി. ഗാന്ധിജിയുടെ സ്വപ്നമായിരുന്നു പൂർണ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഗ്രാമങ്ങൾ. അങ്ങനെയൊരു ഗ്രാമത്തിലെത്തിയ സന്തോഷത്തിലായിരുന്നു പഴയകാല സ്വാതന്ത്ര്യസമര സേനാനിയുടെ കൊച്ചുമകളായ റോസി.

കട തുറക്കുന്ന ഡോക്ടറുടെ വീട് തേടിയുള്ള യാത്ര അവസാനിച്ചത് ഒരാശ്രമത്തിന് മുന്നിലായിരുന്നു. “ഇന്ന് നീ നേരത്തെ വന്നുവല്ലോ”, അവിടെയുണ്ടായിരുന്ന പ്രായമായ സ്ത്രീ അയാളോട് ചോദ്യ രൂപത്തിൽ പറഞ്ഞു. “ഇവർക്ക് ആശ്രമം കാണണം, അതുകൊണ്ടു കൂട്ടികൊണ്ടു വന്നു” കൂടെയുള്ള റോസിയേയും മോനെയും ചൂണ്ടി അയാൾ പറഞ്ഞു. അകത്തു കയറിയ അവർ കണ്ടത് കാഴ്ച ശക്തി തീർത്തുമില്ലാത്ത ഒരു വയോധികനെയാണ്. “മോന്റെ ശ്വാസംമുട്ട് മാറിക്കോളും, പേടിക്കണ്ട” സ്വാമിയുടെ ശബ്ദം കേട്ട് റോസി ഞെട്ടി. “സ്വാമിജിക്ക് എങ്ങനെ മനസ്സിലായി എന്റെ മകന്റെ രോഗ വിവരം?” റോസി തന്റെ അത്ഭുതം പുറത്ത് കാണിച്ചു തന്നെ ചോദിച്ചു. “അതിവൻ എന്നെ ഫോൺ വിളിച്ചു പറഞ്ഞിരുന്നു” തന്റെ കൈയ്യിലുള്ള മൊബൈൽ ഫോൺ പൊക്കികാണിച്ചു അദ്ദേഹം പറഞ്ഞു. തന്റെ ചമ്മൽ മറച്ചു വെക്കാൻ റോസി നന്നേ പാടുപ്പെട്ടു. “ഞാൻ സ്വാമിയൊന്നുമല്ല, ഈ ആശ്രമത്തിലെ ഒരു പഴയ അന്തേവാസിയാണ്” അയാൾ പറഞ്ഞു തുടങ്ങി. 

“ഇത് നടത്തിയിരുന്നവർ പണമില്ലാതെ നട്ടം തിരിയുകയായിരുന്നു. ആരോരുമില്ലാതെ തെരുവിൽ കഴിയുന്നവരെയും, ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങളെയും ദത്തെടുക്കുന്ന ഒരു ആശ്രമമായിരുന്നു ഇത്. പണമില്ലാതെ വന്നപ്പോൾ നടത്തിപ്പുകാർ ഇതിട്ടെറിഞ്ഞ് പോകുവാൻ നിൽക്കുകയായിരുന്നു. സന്മനസ്സുളവർ കുറഞ്ഞു വരുകയാണല്ലോ. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സഹായം ചെയ്യുന്നവർ വിരളമാവുന്നു. നിൽക്കകള്ളിയില്ലാതെയാണ് ആ സഹൃദയർ ഇവിടം വിടാൻ ഒരുങ്ങിയത്. അപ്പോഴാണ് ദൈവത്തെ പോലെ, അമേരിക്കയിൽ വേരുകളുള്ള ഒരു ഭാരതീയവ്യവസായി ഇതേറ്റെടുത്തത്. അയാൾ ഇത് നല്ല പോലെ നടത്തി കൊണ്ട് പോന്നു. വളർന്നു വലുതായ പല അന്തേവാസികളെയും അയാൾ അമേരിക്കയിൽ ജോലി വാങ്ങി കൊടുത്തു, കൊണ്ടുപോയി. പക്ഷേ പോയവരാരും തന്നെ ഒരിക്കലും തിരിച്ചു വന്നില്ല. പോയതിന് ശേഷം കൂടി വന്നാൽ ഒരു കൊല്ലത്തേക്കു അവർ ഫോൺ വിളിക്കുകയും മറ്റും ചെയ്യും. അതിന് ശേഷം അവരുടെ ഒരു വിവരവും ഇല്ലാതായി. അത് തന്നെയുമല്ല, പോയവരാരും ഒരേ സ്ഥലത്തേക്കല്ല പോയിരുന്നത്. എല്ലാവരും അമേരിക്കയിലെ പല കോണുകളിലുള്ള ആശുപത്രികളിൽ ആണ് ജോലി ചെയ്തിരുന്നത്. അവർ തമ്മിൽ തമ്മിൽ അവിടെ വലിയ ബന്ധവും ഉണ്ടായിരുന്നില്ല എന്നത് ഫോൺ സംഭാഷണങ്ങളിൽ നിന്നും ഞങ്ങൾക്ക് വ്യക്തമായിരുന്നു. 

സംശയം തോന്നിയാണ് ഞാൻ അയാളുടെ എഴുത്തുകുത്തുകൾ ചികയാൻ തുടങ്ങിയത്. എനിക്കാണെങ്കിൽ തിമിരത്തിന്റെ അസുഖവുമുണ്ട്. ഒന്നും കണ്ണിൽ പിടിക്കുന്നില്ല. ഒരു ദിവസം അയാൾ ഞാൻ അയാളുടെ കടലാസുകൾ തിരയുന്നത് കണ്ടുവന്നു. എനിക്ക് കാഴ്ച ശക്തി കുറവാണെന്ന് അയാൾക്കറിയാമെന്നുള്ളത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. എന്റെ മരുന്നിന്റെ കുറിപ്പുകൾ പോസ്റ്റ്മാൻ കൊണ്ടിട്ടിട്ടുണ്ടെന്ന് പറഞ്ഞതു പ്രകാരം അതു തപ്പുകയായിരുന്നു എന്നാണ് ഞാൻ പറഞ്ഞൊഴിഞ്ഞത്. “അതിനെന്താ, നമ്മുക്ക് പെട്ടെന്ന് തന്നെ ഓപ്പറേഷൻ ചെയ്യാം, അതാണ് നല്ലത്. എത്ര കാലം മരുന്ന് കഴിക്കും”, അയാളുടെ നല്ല വാക്കുകൾ ഞാൻ ശ്രവിച്ചു. ഓപ്പറേഷനു ശേഷം എന്റെ കാഴ്ച ശക്തി മുഴുവനായും നശിച്ചപ്പോഴാണ്, അതയാളുടെ തന്ത്രമാവാം എന്ന തിരിച്ചറിവ് എനിക്കുണ്ടായത്. ഡോക്ടറുടെ അനാസ്ഥയും, കൂടെ രോഗിയുടെ പ്രമേഹവും, പ്രായാധിക്യവും ആയിരുന്നു കാരണമായി അയാൾ പറഞ്ഞത്”. കട തുറക്കുന്ന ഡോക്ടറെ ചൂണ്ടി അയാൾ തുടർന്നു “ആരോരുമില്ലാത്ത ഇവനെ ഇവിടെ കൊണ്ടുവന്നത് ഞാനാണ്. ഇവിടെതന്നെയുള്ള അന്തേവാസി പെൺകുട്ടിയുമായി ഇവന്റെ പ്രണയം കണ്ടുപിടിച്ച് അവരെ ഒരുമിപ്പിച്ചതും ഞാൻ തന്നെ. ഇവന്റെ മകന് അപസ്മാരമുള്ള വിവരം അവനിൽ നിന്നും ഞാൻ പറഞ്ഞിട്ടാണ് അവൾ മറച്ചു വെച്ചത്. പണമില്ലാത്ത ഞങ്ങൾ കുട്ടിയെ എങ്ങനെ ചികിത്സിപ്പിക്കും. അമേരിക്കക്കാരന്റെ സഹായം തേടിയാൽ അയാൾ ഇവളെ വല്ലതും ചെയ്യും എന്ന ഭയം നിമിത്തം ഞാൻ അയാളോട് സഹായം അഭ്യർഥിച്ചില്ല. 

അന്ന് കാലവർഷം തകൃതിയായി പെയ്യുകയായിരുന്നു. ഇവൻ ആശുപത്രി ജോലിയുമായി പട്ടണത്തിലും. അയാളുടെ വാഹനത്തിന്റെ മർമരം കേട്ടാണ് ഞാൻ ഇവന്റെ മുറിയിലേക്കു ചെല്ലുന്നത്. അവൾ അവിടെയില്ലായിരുന്നു. മുറിയിൽ കുട്ടി കൈകാൽ ഇട്ടടിക്കുന്ന ശബ്ദം. കണ്ണുകൾ പോയതിൽ പിന്നെ എനിക്ക് ശ്രവണശക്തി കൂടിയിട്ടുണ്ടായിരുന്നു. അപസ്മാരമാണെന്ന് മനസ്സിലാക്കി, ഞാൻ ബഹളം വെച്ചു. ആരും വന്നില്ല. അവസാനം, മോനേ കോരിയെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. കുട്ടിക്ക് അനക്കമില്ലായിരുന്നു. ഞാൻ ആവും വിധത്തിൽ ആർത്ത് വിളിച്ചു. പെട്ടെന്ന് ഇവന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി. ഇവൻ എങ്ങനെ ഇതു മനസ്സിലാക്കി ജോലിസ്ഥലത്ത് നിന്നും നേരത്തെ വന്നു? പിന്നീടാണ് മനസ്സിലായത് പട്ടണം മുഴുവനും വെള്ളത്തിലാണെന്ന്. അവൻ ഗ്രാമവും പ്രളയത്തിലകപ്പെട്ടു എന്നു കരുതി ഓടി വന്നതാണ്. അന്ധനും, ആശുപത്രിയും രോഗികളുമായും പുലബന്ധം പോലുമില്ലാത്തവനുമായ എനിക്ക്, ഒരു ശരീരത്തിൽ ജീവനുണ്ടോ ഇല്ലയോ എന്ന് പെട്ടെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞില്ല. അങ്ങനെയല്ലല്ലോ ഇവൻ. കുട്ടികളുടെ ആശുപത്രിയിൽ ജോലി ചെയ്യുന്നവനല്ലേ, മകനെ എടുത്തയുടൻ അവന് മനസ്സിലായി ഇത് ശരീരം മാത്രമാണ്, മകൻ പോയി കഴിഞ്ഞെന്ന്. അവളെവിടെ എന്ന അവന്റെ ആക്രോശത്തിന് എന്റെയടുക്കൽ മറുപടിയില്ലായിരുന്നു. 

അമേരിക്കക്കാരന്റെ വണ്ടി കണ്ട്, അവൻ അയാളുടെ മുറിയിലേക്കു കുതിച്ചു. “എന്നെ കൊല്ലരുത്, ഇതിവൾ മകന്റെ ചികിൽസചിലവിന് വേണ്ടി വന്നതാണ്” അമേരിക്കക്കാരൻ കേണപേക്ഷിച്ചു. എന്നാൽ, ഇവൻ അയാളെയും അവളെയും കൈയ്യിൽ കിട്ടിയ കമ്പിപ്പാരയെടുത്ത് അടിച്ചുകൊന്നു. പക്ഷേ, പിന്നീട് പൊലീസ് തിരഞ്ഞു നോക്കിയ കടലാസുകളിൽ നിന്ന് വ്യക്തമായത്, അയാൾ യഥാർഥത്തിൽ കുട്ടിക്കുള്ള മരുന്നുകൾ വിദേശത്ത് നിന്നും വരുത്തിയെന്നാണ്. അത് വാങ്ങുവാൻ വേണ്ടി മാത്രമാണ് അവൾ അയാളുടെ മുറിയിൽ പോയത്. എനിക്ക് അന്ധത സമ്മാനിച്ച ഡോക്ടർക്കും ആശുപത്രിക്കും എതിരെ അയാൾ കൊടുത്ത കേസിന്റെ വിവരങ്ങളും പൊലീസാണ് എന്നോടു പറഞ്ഞത്. അയാളുടെ മരണവിവരമറിഞ്ഞ് അമേരിക്കയിൽ നിന്നും ഇവിടത്തെ പഴയ അന്തേവാസികളിൽ ചിലർ വന്നിരുന്നു. അവരാണ് പറഞ്ഞത്, അയാൾ നിഷ്കർഷിച്ചത് മൂലമാണ് അവരൊക്കെ ഇവിടേക്കുള്ള ഫോൺ വിളികൾ നിർത്തിയത്. “ഞങ്ങൾ വിദേശത്ത് ജീവിതം ആസ്വദിക്കുകയും, നിങ്ങൾ ഇവിടെ നരകിക്കുകയും ചെയ്യുമ്പോൾ, എന്തിന് നിങ്ങളെ അത് വിളിച്ച് ഓർമ്മിപ്പിക്കണം?” അയാൾ അങ്ങനെ നിഷ്കർഷിക്കുവാനുള്ള കാരണം അവർ വെളിപ്പെടുത്തി. ഇവന്റെ കേസ് വാദവും, പിന്നീടുള്ള പത്തു വർഷത്തെ ജയിൽ സംബന്ധമായ കാര്യങ്ങളും, ഇവിടത്തെ ചിലവുകളും എല്ലാം അവരാണ് നോക്കിയതും, ഇപ്പോൾ  നോക്കുന്നതും. രണ്ട് വർഷത്തേക്ക് കൂടിയുള്ള വിസ സംബന്ധമായ വിലക്ക് കഴിഞ്ഞുകിട്ടിയാൽ, ഇവനെയും അവർ കൊണ്ട് പോവും. അപ്പോഴേക്കും എനിക്ക് ദൈവത്തിന്റെ വിളി വരണമെന്നാണ് എന്റെ ആഗ്രഹം.” അയാൾ പറഞ്ഞു നിർത്തി. 

English Summary:

Malayalam Short Story ' Kada Thurakkunna Doctor ' Written by V. T. Rakesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT