മാനസികാവസ്ഥകൾ എഴുത്തിന്റെ ഭാഷയിൽ വരുത്തുന്ന മാറ്റം; മലയാളകഥകളുടെ 'കഥാഭൂമിക'

Mail This Article
കുറച്ച് എഴുത്തുകാരുടെ കഥകൾ ഒരുമിച്ച് പ്രസിദ്ധീകരിച്ച് അതിന്റെ പുറം ചട്ടയിൽ എഡിറ്റർ എന്ന് വച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്തൊരു ഈസി ആയ ഏർപ്പാടാണെന്നാണ് എന്റെ ചിന്ത. സിമ്പിൾ ആയി നമ്മുടെ ക്രെഡിറ്റിൽ ഒരു പുസ്തകം ആകും. യു ജി സിക്കാരിൽ ഇങ്ങനെ ശമ്പളവർധനയ്ക്കും ഗ്രേഡിനും മറ്റും എളുപ്പപണി ചെയ്യുന്നവർ ഏറെ ഉണ്ടെന്നൊക്കെ ആണു എന്റെ ധാരണ.
എന്റെയാ ചിന്ത, ശ്രീ എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത "ദേശാന്തര മലയാളം കഥകൾ" എന്ന പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പെഴുതാൻ തീരുമാനിച്ചതോടെ പോയ് മറഞ്ഞു. ഒരു പുസ്തകം എഡിറ്റ് ചെയ്യുക എന്നത് അത്യന്തം ക്രിയേറ്റീവ് ആയ ഒന്നാണെന്ന് ഇപ്പോൾ മനസിലാകുന്നു. ഈ പുസ്തകത്തിന്റെ ടൈറ്റിൽ തന്നെ അതിന്റെ തെളിവാണ്. നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ വണ്ടിയിറക്കിയപ്പോൾ 'കുറച്ച് മാറ്റി ഇറക്കടെ എന്റെ ചായക്കടയുടെ മുമ്പിൽ നിന്ന് മാറ്റി' എന്ന് ചന്ദ്രേട്ടൻ പറഞ്ഞു എന്ന തമാശ ഇറക്കിയതാരായാലും അതിനു തമാശയ്ക്കപ്പുറമുള്ള മാനങ്ങളുണ്ട്. ആ മാനങ്ങളുടെ മാറ്റൊലി എഡിറ്റർ എന്ന നിലയിൽ രഘുനാഥിന്റെ തലയ്ക്കുള്ളിൽ എത്തിയതാണ് ഈ പുസ്തകത്തിന്റെ ബീജവാപം. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും മലയാളി എഴുതിയ കഥകളുടെ ഒരു ആന്തോളജി. ആ ചിന്ത വന്നു എന്നതിൽ ഒരു എഡിറ്ററുടെ സർഗാത്മകതയുണ്ട്. അവിടം മുതൽ ഒരു എഡിറ്റർ പണിതുടങ്ങുന്നു.
ഈ പുസ്തകത്തിലെ കഥകളുടെ ഭൂമിക -അതായത് കഥ നടക്കുന്ന ഭൂമിക- അല്ല പുസ്തകത്തിന്റെ പൊതുത്വം. വിദേശമണ്ണിൽ നടന്ന കഥകളുടെ സമാഹാരം അല്ല ഇത്. അഥവാ അങ്ങനെ ആണെങ്കിൽ തന്നെ ഈ എഡിറ്റർ അങ്ങനെയൊരു ഉദ്ദേശത്തോടെയല്ല ഈ പുസ്തകത്തിലേക്കുള്ള കഥകൾ തിരഞ്ഞെടുത്തിരിക്കുക. (എന്നെനിക്ക് തോന്നുന്നു) മറിച്ച്, പ്രവാസിമലയാളികൾക്ക് മാത്രമുള്ള ഒരു പ്രത്യേകതയായ, പിറന്ന നാടിനും എത്തിയ നാടിനുമിടയിലുള്ള ഒരു ഫാന്റസി ലോകത്ത് അവനുള്ള ഒരു അഭിരമിക്കൽ. ഒരു third space. ശരിക്ക് പറഞ്ഞാൽ കേരളത്തെ ഒരു പോറൽ പോലുമില്ലാതെ നിലനിൽക്കുന്നത് അവരുടെ ആ മൂന്നാം ഇടത്തിൽ മാത്രമാണ്. ആ മൂന്നാമിടം വിട്ടുകളയാൻ ഒരു പ്രവാസിയും തയാറാകില്ല. അതിനാലാണ് അവർ ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഓണം ആഘോഷിക്കുന്നത്. അതിനാലാണ് അവർ തൃശ്ശൂർ പൂരം കാതങ്ങൾക്കപ്പുറത്ത് ലൈവ് ആക്കി വയ്ക്കുന്നത്. അതിനാലാണ് നവംബർ ഒന്നിനു അങ്ങ് ബോംബേ മുതൽ ഇങ്ങ് ചിക്കാഗോ വരെ സെറ്റ്മുണ്ടുടുത്ത മലയാളി സുന്ദരികളെ കാണുന്നത്.
എന്റെ അഭിപ്രായത്തിൽ ഈ പറഞ്ഞ ഒരു സാങ്കൽപികകേരളത്തെ മനസിൽ ഊട്ടിവളർത്തുന്ന പ്രവാസിമലയാളികൾ, സാഹിത്യത്തിൽ -കഥാ സാഹിത്യത്തിൽ- ആ പ്രഹേളിക എങ്ങനെ അടയാളപ്പെടുത്തി എന്ന് അന്വേഷിക്കുക എന്നൊരു അത്യന്തം ഗൗരവപൂർണ്ണമായ സാംസ്കാരിക പ്രവർത്തനമാണ് ശ്രീ രഘുനാഥ് ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്. അതാകട്ടെ ഓണക്കാലത്തൊക്കെ ടിവിയിലും ടാബ്ലോയ്ഡുകളിലും കാണുന്ന പെരിഫറലായ 'മല്ലു നൊസ്റ്റാൾജിയ' അല്ല. മേൽപറഞ്ഞ രണ്ടിനുമിടയിൽ (ജനിച്ച ഇടം - എത്തിച്ചേർന്ന ഇടം) നിൽക്കുന്ന പ്രവാസി മലയാളി തന്റെ ആ മനസ്സിന്റെ ചാഞ്ചാട്ടം അല്ലെങ്കിൽ അതുതാനല്ലയോ ഇത് എന്ന അവസ്ഥ (തൃശങ്കുത്വം) സാഹിത്യത്തിൽ എങ്ങനെ പരിപ്രേഷിപ്പിച്ചു എന്ന അന്വേഷണം. ഇതു പറയുമ്പോൾ ആ അവസ്ഥയെപ്പറ്റിയുള്ള കഥകളാണിവ എന്നാണ് ഞാൻ വിവക്ഷിക്കുന്നത് എന്ന് കരുതരുത്. എഴുപതുകളിൽ ജീവിതോപായം തേടി മലയാളികൾ മഹാനഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ആ വേഗതയ്ക്കൊപ്പം ആ സങ്കീർണ്ണതയ്ക്കൊപ്പം എത്താനൊക്കാതെ വലിയൊരു മാനസികവ്യതിയാനം സംഭവിച്ചിരുന്നു. ആ സങ്കീർണ്ണത ഭാഷയിലേക്ക് സംക്രമിച്ചു. അങ്ങനെ ആധുനികപ്രസ്ഥാനം മലയാള സാഹിത്യത്തിൽ ഉണ്ടായി. എവർഗ്രീൻ കഥകൾ ഉണ്ടായി. ഈ കഥകളുടെ 'കഥാഭൂമിക' നഗരങ്ങളായിരിക്കണം എന്നുമില്ല. മാനസികാവസ്ഥകൾ എഴുത്തിന്റെ ഭാഷയിൽ വരുത്തുന്ന മാറ്റം ആണു കാലാകാലങ്ങളിൽ സാഹിത്യത്തിൽ പ്രസ്ഥാനങ്ങളുണ്ടാക്കുന്നത്.
അതുപോലെതന്നെ ഞാൻ ആദ്യം പറഞ്ഞ തൃശങ്കുത്വത്തിൽ നിൽക്കുന്ന പ്രവാസികളായ എഴുത്തുകാർ ഭാഷയിലും ക്രാഫ്റ്റിലും മാറ്റങ്ങൾ കൊണ്ടുവന്നുവോ, കൊണ്ടുവന്നെങ്കിൽ അതിൽ 'പൊതു' ആയ എന്താണുള്ളത്, അത് പഠനവിധേയമാക്കേണ്ടതില്ലേ എന്ന തികച്ചും പ്രസക്തമായ ചോദ്യങ്ങൾ മലയാള സാഹിത്യ അക്കാഡമിക് മണ്ഡലത്തിനു മുമ്പിൽ വയ്ക്കുകയാണ് ശ്രീ രഘുനാഥ്.
തന്റെ ആമുഖക്കുറിപ്പിൽ സാൽമൺ മത്സ്യത്തെ പ്രവാസിമലയാളികളോട് ഉപമിച്ചിട്ടുണ്ട്, അദ്ദേഹം. ആ രൂപകം ഈ സമാഹാരത്തിന്റെ 'രാഷ്ട്രീയ'ത്തോട് എത്രയധികം ഒത്തുപോകുന്നു എന്ന് വായിച്ചു കഴിയുമ്പോൾ കൃത്യമായ് പിടികിട്ടും. മലയാളിയുടെ പ്രവാസം ഒരിക്കലും അഭയാർഥിയായിട്ടല്ലായിരുന്നല്ലോ. സാൽമൺ മത്സ്യത്തിന്റേതും. അടുത്ത തലമുറയുടെ 'സുരക്ഷ' തേടിയുള്ളതാണ്. (സുരക്ഷ എന്നത് വിശാലാർഥത്തിൽ വേണം വായിക്കാൻ. കേരളം ഒരുകാലത്തും സുരക്ഷിതമല്ലാതിരുന്നിട്ടില്ല.) ഇത്ര കൃത്യമായ് അത് ആമുഖത്തിലെഴുതിയ ശ്രീ എം. ഒ. രഘുനാഥ് അഭിനന്ദനമർഹിക്കുന്നു.
ഈ കുറിപ്പിന്റെ ഉദ്ദേശം ഓരോ കഥകളേയും പ്രത്യേകം വിലയിരുത്തൽ അല്ല. മറിച്ച് ഒരു സമാഹാരം എന്നനിലയിൽ ഈ പുസ്തകത്തിന്റെ പ്രസക്തി എന്നതാണ്. എങ്കിലും കഥകൾ എഴുതിയ ഫർസാന, ഷാജി തോമസ്, ഷീല ടോമി, സബീന എം സാലി, ദിവ്യപ്രസാദ്, ലിറ്റൻ ജെ, പ്രിയ ഉണ്ണികൃഷ്ണൻ, പ്രശാന്തൻ കൊളച്ചേരി, തമ്പി ആന്റണി, സുകുമാർ കാനഡ, സാബു ഹരിഹരൻ, രമേശ് പെരുമ്പിലാവ്, സിമി ഷാനോ, ജിൻസൺ ഇരട്ടി, ഡോ. അജയ് നാരായണൻ, ദയാനന്ദ് കെ. വി, ഹേമ, അജയ് കമലാകരൻ, സുനിൽ കുമാർ എം, അമൽ എന്നിവരുടെ കഥകൾ വായിക്കുമ്പോൾ അറിയാം മലയാളസാഹിത്യത്തിൽ പ്രവാസികൾ ഒട്ടും പിന്നിലല്ല എന്നകാര്യം. കരുണാകരൻ, ബെന്യാമിൻ, കെ. വി. മണികണ്ഠൻ, നിർമ്മല തുടങ്ങി മുൻപേ നടന്ന പ്രഗത്ഭരുടെ വഴിയേ ഈ സമാഹാരത്തിലെ പലരും നടന്ന് തുടങ്ങുമെന്നും മുൻ നിരയിലെത്തുമെന്നും എനിക്ക് യാതൊരു സംശയവുമില്ലെന്ന് മാത്രമല്ല, ഉറപ്പ് ഉണ്ട് താനും.