സസ്നേഹം – കിഷോർ കണ്ടങ്ങത്ത് എഴുതിയ കവിത

Mail This Article
വരിക തോഴരേ
സമയമായീ സന്ധ്യ
മയങ്ങുവാനധികമില്ലിനി
നമുക്കൽപം സല്ലപിച്ചിടാം
രാവേറെ കനക്കുംമുൻപ്,
മിഴികൾ കനംതൂങ്ങി-
യുറക്കച്ചടവിനാൽ
മെയ്യാകെത്തളർന്നിടും
മുൻപൊരു വേള
ഒന്നിച്ചിരിക്കാം,
പൊയ്പ്പോയ കാലങ്ങൾ
ഓർത്തോർത്തിരിക്കാം,
പാഴ്ക്കിനാവവയോർത്ത്
ഊറിച്ചിരിക്കാം...
ഇന്നലെയെത്തിരുത്തുവാനാവില്ല ;
നാളെയോ വരുവതെന്തെന്നറിഞ്ഞില്ല;
ഇന്നുമാത്രമായ്
ഈ നിമിഷത്തിന്റെ
ലഹരിയാവതും
ആഴത്തിൽ നുകർന്നിടാം...
വീരവില്ലാളി
നെപ്പോളിയൻ വീണു
വിശ്വ വിജയിയാം
അലക്സാണ്ടറും വീണു;
പിന്നെയാണീ വെറും
കറുകനാമ്പിൻ
സമാനമായുള്ള നിസ്വനാമെന്റെ തുച്ഛജീവിതം..!
പൂക്കളില്ല, കായ്കനിയുമില്ല; കറുകയെങ്കിലും
ഓർമ്മിച്ചിടുന്നു ഞാൻ
തരളമാമെന്റെ
തളിരിടും മുകുളങ്ങൾ
പ്രിയതരമെന്റെ
അമ്മിണിപ്പയ്യിനും
എന്റെ ഓമലാം
ഹരിണക്കിടാവിനും
ഏറെ പഥ്യമീ
തളിരിളം നാമ്പുകൾ
ഏകിടും ഞാനവ-
രാവോളം നുകരുമ്പോൾ
ഏറെയുദാരം
ധന്യമെൻ ജീവിതം..!
വരിക തോഴരേ
സമയമായീ സന്ധ്യ
മയങ്ങുവാനധികമില്ലിനി
നമുക്കൽപം സല്ലപിച്ചിടാം
ഓർമ്മതൻ മദിര നുകർന്നിടാം...
ഈ ശ്വാസനാളികൾ
നിലയ്ക്കുവാനധികസമയമില്ല..!