മനുഷ്യന്റെ പരിമിതി – അബ്ദുള്‍ അസീസ് മഞ്ഞിയിൽ എഴുതിയ കവിത

Mail This Article
ചിപ്പിയുടെ ചെപ്പു പോലൊരു കണ്ണില്‍
തെളിയുന്നെത്ര വര്‍ണ്ണരാജികള്‍..
മണ്ണും വിണ്ണും മാലോകരും
കാഴ്‌ചകളെത്ര
ചേതോഹരം...
തിരതല്ലിയലറുന്ന കടലും,
തങ്കക്കിനാക്കള്‍ക്ക് പൊന്‍ തൂവല്‍ തുന്നി
കഥപറഞ്ഞിരിക്കും
ഇണകളും തുണകളും,
അവരുടെ മഴവില്ല് പൂക്കുന്ന മേഘവും മാനവും
യുഗയുഗാന്തരങ്ങളായ് കേള്‍ക്കുന്ന
പാട്ടും പയക്കവും പതിഞ്ഞ
കിനാക്കളുണരും തീരവും കടല്‍ കാഴ്‌ചകളും
പതിയുമീ കണ്ണുകള്‍ മഹാ വിസ്‌മയങ്ങള്‍!
കാടും മേടും മാമലകളും
കളകളമൊഴുകും കാട്ടാറുകളും
കവിത വിരിയും മാമരങ്ങളും
എല്ലാം പകർത്തി
ചിട്ടയോടടുക്കി വയ്‌ക്കുമീ
മഹാ സമുദ്രങ്ങളെ വെല്ലും
കണ്ണിണകളുടെ
ആഴങ്ങളോര്‍ത്തോര്‍ത്തെന്നുള്ളം
പുകഞ്ഞിടുന്നു..
ഭൂമിയെക്കാളെത്രയിരട്ടി
വലുപ്പമുള്ളത്രെയോ
താരങ്ങള്‍ മാനത്ത്
പൊട്ടുപോല്‍ കനല്‍തരി
കണ്ണിന്റെ വെട്ടത്തൊരിത്തിരി
മിന്നാമിനുങ്ങുപോല്‍ തെളിഞ്ഞിടുന്നു....
മനുഷ്യന്റെ പരിധികള്‍
പരിമിതികള്‍ വിളിച്ചോതുന്ന
ചിന്തയില്‍
വിനീതനായ്
നമ്ര ശിരസ്‌കനായ്
പ്രാര്‍ഥിച്ചു നിന്നേന്‍...