ADVERTISEMENT

ഏകാന്ത ജാലകവിരികൾ

മെല്ലെയിളകിയലകൾ

ഞൊറിയുമ്പോൾ

നിന്റെയോർമ്മകളുടെ 

മുങ്ങാങ്കുഴിയിലെനിക്ക്

ശ്വാസം മുട്ടും.
 

വെട്ടിവീഴ്ത്തപ്പെട്ട 

സ്വപ്നശാഖികളുടെ

മുറിവുകൾ കൂട്ടിക്കെട്ടി

ഞാനൊരംബരചുംബിയാകും...
 

വിറപൂണ്ടമൗനവീഥികളിൽ

അടിതെറ്റി നിലം പതിച്ച 

പതം വന്നവാക്കുകളെ

ചുമന്നൊരു വെയിൽ നാളം

വിയർത്തു കുതിരുമപ്പോൾ..
 

അലക്കിയലക്കിയെത്ര

വെളുപ്പിക്കാൻ തുനിഞ്ഞാലും 

പിഴിയുമ്പോഴൂർന്നിറങ്ങുന്ന

നിന്റെ ചെളിക്കറകളിലെന്റെ

ഹൃദയം കലങ്ങും..
 

എന്റെയംബരം താണിറങ്ങും...

പൊലിഞ്ഞു വീണ നക്ഷത്രങ്ങൾ 

നിന്റെ പ്രളയത്തിൽ മുങ്ങും.

എന്നിലെ സാഗരമിരമ്പിമറിയും..

നിന്റെ തീരമില്ലാതെയാകും
 

എന്റെ കാൽച്ചുവട്ടിൽ 

വീണുചിതറുന്ന 

നീർപ്പോളകളിൽ നിന്നും 

അരൂപിയായ നിന്നെ വീണ്ടും 

ഞാൻ കോരിയെടുക്കാൻ 

കൈക്കുമ്പിൾ നീട്ടും !

വൃഥാ... കൈക്കുമ്പിൾ നീട്ടും.

English Summary:

Malayalam Poem ' Neerpolakal ' Written by Jasiya Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com