ഒറ്റച്ചോദ്യം – സുരേഷ് നാരായണൻ എഴുതിയ കവിത
Mail This Article
കൃത്യസമയത്തു തന്നെ
ന്യൂയോർക്ക് ടൈംസ് ലേഖിക
അവളെക്കാൾ ഭാരമുള്ള ചോദ്യങ്ങളുമായ്
എത്തിച്ചേർന്നു.
ഞാനവരെ അകത്തേക്കു ക്ഷണിച്ച്
ശീതള പാനീയത്താൽ
ഉള്ളം തണുപ്പിച്ചു.
ടിവി ഓൺ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.
'അഴിച്ചോളൂ!
ചോദ്യങ്ങളുടെ കെട്ടഴിച്ചോളൂ..'
സോഫയുടെ മറ്റേയറ്റം ചൂണ്ടിക്കാണിച്ചുകൊണ്ടു
ഞാൻ അന്തരീക്ഷം ലഘൂകരിക്കാൻ ശ്രമിച്ചു.
കേവലം അഞ്ചു മീറ്റർ മുമ്പിൽ നിന്ന്
ടിവി സ്ക്രീൻ ഞങ്ങളിലേക്ക്
യുദ്ധ വാർത്തകളുടെ മിസൈൽ
തൊടുത്തു കൊണ്ടേയിരുന്നു.
'താങ്കൾ അതൊന്നു ഓഫ് ചെയ്തിരുന്നെങ്കിൽ...'
അവൾ അസ്വസ്ഥയായ് കാണപ്പെട്ടു
'കുട്ടീ
ലോകം മുഴുവൻ മുഴങ്ങുന്ന ശബ്ദം.
എന്റെ മുറിയിൽ നിന്നു മാത്രം
ഞാനതെങ്ങനെ മുറിച്ചുമാറ്റും?'
അവളെന്നെ തുറിച്ചു നോക്കി.
എന്തോ പറയാൻ ശ്രമിച്ചു, ചുമച്ചു.
തുടച്ച കണ്ണുകൾ ചുവന്നു.
ബാഗിൽ നിന്നും
ഒരു തുണ്ട് കടലാസ് എടുത്ത്
എന്തോ എഴുതി എന്റെ നേരെ നീട്ടി
"ആ ഒറ്റച്ചോദ്യം ..
എന്റെ നൂറു ചോദ്യങ്ങളെ
അതു നിർവീര്യമാക്കിയിരിക്കുന്നു."
വെള്ളെഴുത്തു ബാധിച്ച
കണ്ണുകൾ കണ്ണടയോട് പറഞ്ഞു.
കടലാസു മടക്കിയതും
ഒരു ശബ്ദത്തോടെ വൈദ്യുതി നിലച്ചു.
ഇരുട്ട് ഞങ്ങളിലേക്ക് ചാടി വീണു.