ADVERTISEMENT

1984, 21 ജനുവരി, ഞായറാഴ്ച. കയർഫെഡിൽ താൽക്കാലിക അടിസ്ഥാനത്തിൽ ടൈപ്പിസ്റ്റ് ആയിട്ട് ജോലി നോക്കുന്ന കാലം. ടൈപ്പിംഗ് സ്പീഡ് നന്നേ കുറവ്. ടൈപ്പിംഗ് സ്പീഡ് നന്നാക്കാം എന്ന് കരുതിയാണ് ഹരിപ്പാട് ഉള്ള ഒരു പാർട്ട് ടൈം ടൈപ്പിംഗ് സ്കൂളിൽ ചേർന്നത്. ടൈപ്പിംഗ് സ്കൂൾ ഒരു റേഷൻ കടയുടെ മുകളിലാണ് നടത്തിയിരുന്നത്. ഒരു പ്രാകൃതമായ കെട്ടിടം. നല്ല ടൈപ്പിംഗ് സ്പീഡും അക്കൗണ്ട്സിൽ ഭേദമില്ലാത്ത അറിവും ഉണ്ടെങ്കിൽ ഗൾഫിൽ നല്ല അവസരങ്ങളാണ്. രാധാ ടൈപ്പിംഗ് ട്യൂട്ടോറിയൽ എന്നായിരുന്നു സ്ഥാപനത്തിൻറെ പേര്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് ഒരു ടൈപ്പിംഗ് സ്കൂളിന് ഈ പേര് എന്ന്, പിന്നീടാണ് മനസ്സിലായത് ടൈപ്പിംഗ് സ്കൂൾ നടത്തുന്ന മാധവേട്ടന്റെ മകളുടെ പേരാണ് രാധ. ഞാൻ കൊടുക്കുന്ന ഫീസ് എന്റെ മുമ്പിൽ വച്ച് തന്നെ രാധയ്ക്ക് പുത്തൻ ഉടുപ്പ് വാങ്ങാൻ മാധവേട്ടൻ കൊടുക്കുന്നത് കണ്ടിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ സ്വഭാവം വളരെയധികം പ്രത്യേകതയുള്ളതാണ്. അടിയന്തരാവസ്ഥ ജനങ്ങൾക്ക് ആയിരുന്നു സഞ്ജയ് ഗാന്ധിക്ക് അല്ല.

ക്ലാസ്സ് കഴിഞ്ഞ് ഒമ്പതരയുടെ ബസ്സിൽ തിരിച്ചു വീട്ടിൽ പോവുകയാണ് പതിവ്. പക്ഷേ എന്തോ പതിവില്ലാത്ത ഒരു ക്ഷീണം ഒരു ചായ  കുടിക്കാം എന്നൊരു തീരുമാനത്തിലാണ് എത്തിച്ചത്. സാധാരണ പതിവുകൾ തെറ്റിക്കുമ്പോൾ എനിക്ക് വല്ലാത്ത ഉത്കണ്ഠ തോന്നാറുണ്ട്. അത് കാര്യമാക്കാതെ ഞാൻ ചായക്കട ലക്ഷ്യമാക്കി നടന്നു. ബസ് വരാൻ 15 മിനിറ്റ് ഉണ്ട്. ബസ്റ്റോപ്പിന്റെ അടുത്ത് തന്നെയാണ് ചായക്കട. ക്ലാസ് തുടങ്ങിയിട്ട് രണ്ടുമാസം ആയെങ്കിലും ഇവിടുന്ന് ചായ കുടിക്കാറില്ല. എന്തായാലും, ഞാൻ കടുപ്പത്തിൽ ഒരു ചായ പറഞ്ഞു. കടക്കാരൻ ഒരു മധ്യവയസ്കനാണ്, പരുക്കൻ. അയാളുടെ രൂപഭാവവും ശരീരഘടനയും ഒരു ഇറച്ചി വെട്ടുകാരന്റെത് ആയിട്ടാണ് കൂടുതൽ സാമ്യം. കട അടയ്ക്കുന്നതിന് മുമ്പ് വന്നതുകൊണ്ട് ആണോ എന്നറിയില്ല, ചായ ഉണ്ടാക്കുന്ന സമയം ഉടനീളം അയാൾ ഒരു രൂക്ഷഭാവം നിലനിർത്തി. അയാളുടെ ഒരു കണ്ണ് തിമിരം ബാധിച്ച വെളുത്ത നിറമായിരുന്നു. ഒരു തോരണത്തിൽ സിൽക്ക് സ്മിതയുടെ കവർപേജ് ഉള്ള സിനിമാ വാരികയുടെ രണ്ടുമൂന്ന് കോപ്പികൾ തൂക്കിയിട്ടിരിക്കുന്നു. പെട്ടിക്കടയുടെ വലതുവശത്ത് ഒരു മൂലയിൽ കന്യാമറിയത്തിന്റെ ഒരു ചെറിയ രൂപക്കൂട്. അതിൽ ചെറിയൊരു മെഴുകുതിരിയും കത്തിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. കാറ്റിൽ മെഴുകുതിരി കെടുകയും അയാൾ സിനിമാ വാരികൾ വകഞ്ഞു മാറ്റി പിറുപിറുത്തു കൊണ്ട് വീണ്ടും ഇത് കത്തിക്കുന്നതും കാണാമായിരുന്നു. മെഴുകുതിരി കത്തിച്ച ശേഷം സിൽക്ക് സ്മിതയെ കാണത്തക്ക രീതിയിൽ വാരികകൾ പിന്നെയും ഒരുക്കിയിടുന്നു. 

കുറച്ചു കഴിഞ്ഞപ്പോൾ മെലിഞ്ഞ കവിൾ ഒട്ടിയ ഒരു ചെറുപ്പക്കാരൻ വന്ന് ബീഡി ചോദിക്കുന്നതും കടക്കാരൻ അത് കൊടുക്കുന്നതും കണ്ടു. മെലിഞ്ഞവൻ: “തീപ്പെട്ടിക്ക് ശുപാർശ വേണോ” ചായ ഉണ്ടാക്കുന്നതിന് ഇടയിൽ തീപ്പെട്ടി ചോദിച്ച അമർഷം ഉള്ളിൽ ഒതുക്കിക്കൊണ്ട് അയാളുടെ ഈർപ്പമുള്ള കൈ മുഷിഞ്ഞ ലുങ്കിയിൽ തുടച്ചു പിറുപിറുത്തുകൊണ്ട് രൂപക്കൂട്ടിൽ നിന്ന് തീപ്പെട്ടി എടുത്ത് അയാൾക്ക് കൊടുത്തു. മെലിഞ്ഞവൻ ബീഡി വലിച്ചുകൊണ്ട് എന്റെ രണ്ട് കൈ അകലത്തിൽ വന്നു നിന്നു. ഇടയ്ക്ക് അയാൾ എന്റെ ചായയേക്കാൾ കടുപ്പം ഉള്ള ഒരു നോട്ടം നോക്കി. ജീവിതത്തിൽ ഇതേവരെ തോന്നാത്ത ഒരു മാനസിക സംഘർഷം കഴിഞ്ഞ ഏതാനും മിനിറ്റുകൾക്കുള്ളിൽ എനിക്ക് തോന്നി തുടങ്ങി. പതിവില്ലാത്ത ഒരു തണുപ്പ് എനിക്ക് അനുഭവപ്പെട്ടു. അയാൾ തിരിഞ്ഞുനിന്ന് ബീഡി വലി തുടർന്നു. ചായ കുടി കഴിഞ്ഞ് എന്റെ കൈയ്യിൽ നിന്ന് അയാൾ ഗ്ലാസ് വാങ്ങിച്ചു. അരിശത്തോടെ രൂപക്കൂട്ടിലെ മെഴുകുതിരി ആഞ്ഞു കൈവീശി കെടുത്തി. എന്നിട്ട് സാവധാനം തൂക്കിയിട്ടിരുന്ന സിനിമ വാരികയെല്ലാം എടുത്ത് ചുളുങ്ങാതെ ഒതുക്കി വെച്ചു. അയാൾ കട അടയ്ക്കാനുള്ള തിടുക്കത്തിലാണ്.

ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ആ മെലിഞ്ഞ മനുഷ്യനെ കാണുന്നില്ല. ഒരു ചെറിയ ആശ്വാസം. ബസ് വരാൻ 5 മിനിറ്റ് കൂടിയുണ്ട്. സ്റ്റോപ്പിൽ ഞാൻ മാത്രമേയുള്ളൂ. എത്രയും വേഗം ബസ് വന്നിരുന്നെങ്കിൽ. ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ എനിക്ക് അനുഭവപ്പെട്ടു. അപ്പോഴാണ് സൈക്കിളിൽ ഒരാൾ അടുത്തു വന്നത്, യൂണിയൻകാരനോ മറ്റോ ആണ്. യൂണിയൻകാരൻ: “ബസ് ചെങ്ങന്നൂര് ബ്രേക്ക് ഡൗൺ ആയി കിടക്കുകയാണ്. ലാസ്റ്റ് ട്രിപ്പ് ഉണ്ടാവില്ല, കരുവാറ്റ ഭാഗത്തേക്ക് നടന്നാൽ വല്ല കാറോ സൈക്കിളോ കിട്ടും”. ഇതുപറഞ്ഞ് അയാൾ ഒന്നു മന്ദഹസിച്ചു. ബസ് ഉണ്ടാവില്ല എന്ന് എന്നോട് പറഞ്ഞതിൽ നിന്നും അയാൾക്ക് വല്ലാത്തൊരു നിർവൃതി കിട്ടിയ പോലെ എനിക്ക് തോന്നി. ബസ്റ്റോപ്പിന് തൊട്ടു മുകളിലുള്ള വഴിവിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ കുഴിഞ്ഞ കണ്ണും മുറുക്കി ചുവന്ന പല്ലുകളും ഉള്ള അയാളുടെ കോടിയ ചിരി, ഉള്ളിലെ ഉത്കണ്ഠ ഇരട്ടിപ്പിച്ചു. ഇത് എന്താണ് ഇങ്ങനെ, പ്രപഞ്ചം എനിക്ക് നേരെ തിരിയുകയാണോ. എത്രയോ ഫാസിസ്റ്റുകൾ വേറെയുണ്ട്. എന്റെ ഹൃദയമിടിപ്പ് കൂടി, എന്തോ അപകടം വരുന്നതുപോലെ പോലെ ഒരു തോന്നൽ... 5 കിലോമീറ്റർ യാത്രയുണ്ട് വീട്ടിലേക്ക്. ഏതെങ്കിലും ലോഡ്ജിൽ നേരം വെളുപ്പിക്കാൻ ഉള്ള മാനസികാവസ്ഥയോ പൈസയോ ഇല്ല. വീട്ടിൽ അമ്മ ഒറ്റയ്ക്കാണ്. ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ നിരീശ്വരവാദത്തിന് കെട്ടിപ്പൊക്കിയ മതിലിന്റെ കല്ലുകൾ ഇളകി തുടങ്ങിയിരുന്നു. 

ഈ വഴികളിൽ കൂടി കുറെ യാത്രകൾ ചെയ്തിട്ടുണ്ട് പക്ഷേ അതെല്ലാം പകൽ യാത്രകൾ ആയിരുന്നു. ഞാൻ നടന്നു തുടങ്ങി. ഒരു 5 മീറ്റർ ദൂരമേ കാഴ്ചയിൽ ഉള്ളൂ അതിനപ്പുറം ഇരുട്ടിന്റെ ലോകമാണ്. ഇരുട്ടും ഭാവിയും ഒരുപോലെയാണെന്ന് തോന്നി, എന്തൊക്കെ അപകടങ്ങളാണ് പതിയിരിക്കുന്നത് എന്ന് പറയാൻ പറ്റില്ല.  വഴിവിളക്കുകൾ എല്ലാം കത്തുന്നില്ല. പല വസ്തുക്കളുടെയും നിഴൽ പല രൂപത്തിൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. കോൺഗ്രസ് ഭവന്റെ മുന്നിലുള്ള ഗാന്ധി പ്രതിമയുടെ നിഴൽ പോലും വല്ലാതെ ഭയപ്പെടുത്തി. പല കോണുകളിൽ നിന്നും നായകൾ ഓരി ഇടുന്നത് കേൾക്കാമായിരുന്നു. അഹങ്കാരത്തോടെ ശിരസ്സ് ഉയർത്തി നടന്ന അതേ വഴികളിൽ കൂടി പ്രാണഭയത്തോടെ യാത്ര ചെയ്യേണ്ടി വരിക. ഞാനിപ്പോൾ ഈ പഞ്ചായത്തിലെ ഒരു വോട്ടർ അല്ല, ഒരു ഇരയാണ്. ഇരുട്ട് ദുർബലരായ സാധാരണ മനുഷ്യർക്കുള്ളതല്ല, കൊള്ളക്കാരുടെ, പ്രേത പിശാചുക്കളുടെ, നിശാചരന്മാരായ മൃഗങ്ങളുടെ എല്ലാം ലോകമാണ്. അവർക്ക് നിങ്ങളെ കാണാം. ഞാൻ വേഗത്തിൽ നടന്നു. സമയം 9 മണി. കരുവാറ്റ ജംഗ്ഷൻ എത്താറായി. അപ്പോഴാണ് അങ്ങ് ദൂരെ ഞാൻ അയാളെ കണ്ടത്. അയാൾക്ക് ഏകദേശം ആറടി പൊക്കം ഉണ്ട്. ഭയത്തിനിടയിലും എന്റെ അപകർഷതാബോധത്തെ പ്രീതിപ്പെടുത്താൻ മനസ്സിന് സാധിക്കുന്നുണ്ട്. അയാൾ ഒരു കാറിന് കൈ കാണിക്കുന്നതും അത് നിർത്താതെ പോയതും ഞാൻ കണ്ടു. അപ്പോൾ അയാൾ റിപ്പർ അല്ല, കൈയ്യിൽ ആയുധവും ഇല്ല. സ്വയം സമാധിപ്പിക്കാൻ ശ്രമിച്ചു. 

അധികം വൈകാതെ ഒരു കാർ വരുന്നത് കണ്ടു. വേഗം ആ കാറിന് കൈ കാണിച്ചു. “അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ക്ഷണനേരത്തിൽ ഞാൻ എന്റെ സ്വാർഥതയെ ന്യായീകരിച്ചു. എന്തുകൊണ്ടും കാറിൽ കയറാനുള്ള സാധ്യത ആദ്യം നിൽക്കുന്ന എനിക്കാണ്. പിന്നെ കാറിൽ സ്ഥലം ഉണ്ടെങ്കിൽ അയാൾക്കും കേറാമല്ലോ. അയാൾ കുറെയധികം ദൂരെയാണ് നിൽക്കുന്നത്. കാർ വേഗത കുറച്ചു, അതിലെ ഡ്രൈവറും മുമ്പിൽ ഇരിക്കുന്ന ആളും എന്നെ അടിമുടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതൊരു ബ്ലാക്ക് അംബാസഡർ ആയിരുന്നു. പക്ഷേ പ്രതീക്ഷകളെ കഴുത്തു ഞെരുക്കി കൊന്നിട്ട് അത് വേഗത കൂട്ടി യാത്ര തുടർന്നു. എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ആ കാർ അയാളുടെ അടുത്ത് നിർത്തി. അയാൾ അവരുമായി എന്തോ സംസാരിക്കുന്നതും കണ്ടു. ഒട്ടും വൈകാതെ അയാൾ കാറിന്റെ പിന്നിൽ കയറി. ആ കറുത്ത വാഹനം അയാളെ കൊണ്ട് ഇരുട്ടിലേക്ക് ലയിച്ചു. ഒരു നിമിഷത്തേക്ക് അത് ഉൾക്കൊള്ളാൻ ആവാതെ ഞാൻ നിശ്ചലമായി നിന്നു. ദുർഭാഗ്യത്തെ പഴിക്കാൻ ഇപ്പോൾ നേരമില്ല. വീണ്ടും ധൈര്യം സംഭരിച്ച് നടത്തം തുടർന്നു. 

ഏതെങ്കിലും വാഹനം വരുമെന്ന് പ്രതീക്ഷിച്ചാണ് നടക്കുന്നത്. ഇപ്പോഴിതാ വളവു കഴിഞ്ഞ് വൈദ്യുതി ബോർഡിന്റെ സബ്സ്റ്റേഷന്റെ അടുത്ത് എത്തിയിരിക്കുന്നു. സബ്സ്റ്റേഷന്റെ ഗേറ്റിന്റെ നേരെ എതിർവശം ഒരു വലിയ മാവുണ്ട്. ആ മാവ് എനിക്കൊരു പേടിസ്വപ്നമാണ്. അതിൽ യക്ഷി ഉണ്ടെന്നൊക്കെയാണ് നാട്ടുകാർ ഇപ്പോഴും പറഞ്ഞുനടക്കുന്നത്. ഭൗതികവാദത്തിൽ ഊന്നിയ പ്രത്യയശാസ്ത്രങ്ങൾ ഇപ്പോൾ സഹായിക്കുമെന്ന് കരുതുന്നില്ല. ഭയം സ്വബോധത്തെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഈ ഭയത്തെ മറികടക്കാൻ ലെനിനെക്കാൾ നല്ലത് ആലത്തിയൂര് ഹനുമാനാണെന്ന് തോന്നി. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. മാവിന്റെ ഭാഗത്തേക്ക് നോക്കരുത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ ഫലം ഉണ്ടായില്ല മാവിന്റെ താഴത്തെ കൊമ്പിൽ. നേർത്ത ഒരു വെളുത്ത രൂപം പോലെ കണ്ടു. നല്ലപോലെ വിയർത്തു തുടങ്ങി. കാലുകൾക്ക് ബലം നഷ്ടപ്പെടുന്ന പോലെ തോന്നി. സർവശക്തിയും എടുത്ത് അവിടുന്ന് ഓടാൻ ശ്രമിച്ചു. എന്തോ ഒന്ന് പിന്നിൽ ഉണ്ട് എന്ന പ്രതീതി. എന്റെ സമയം അടുത്തിരിക്കുന്നു. ഭയം മാത്രമല്ല, കുറെയധികം ഉത്തരമില്ലാത്ത ചോദ്യങ്ങളും എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. “അമ്മയ്ക്ക് ഇനി ആരുണ്ട്?”, “എന്റെ പിന്നിൽ ആരാണ്?” “ഞാൻ വിശ്വസിക്കുന്ന സിദ്ധാന്തങ്ങൾ ഒക്കെ തെറ്റായിരുന്നോ?” “ആ കറുത്ത അംബാസിഡർ എന്തുകൊണ്ട് എന്നെ കയറ്റിയില്ല?”.

സമയം 10:30 ആയപ്പോഴേക്കും ഞാനെങ്ങനെയോ വീട്ടിലെത്തി. അമ്മ വാതിൽ തുറന്നു. അമ്മയെ കണ്ടിട്ടും ഊതി പെരുപ്പിച്ച കപട പുരുഷത്വം എന്നെ കരയാൻ അനുവദിച്ചില്ല. പകുതി ഉറക്കത്തിൽ ആയതുകൊണ്ട് എന്റെ കിതപ്പ് അമ്മ ശ്രദ്ധിച്ചില്ല. “ബസ് കിട്ടിയില്ല. നടക്കേണ്ടി വന്നു” എന്ന് കനത്ത സ്വരത്തിൽ അമ്മയോട് പറഞ്ഞു. പോയി കിടന്നുകൊള്ളാൻ നിർദ്ദേശവും കൊടുത്തു. അടുക്കളയിൽ പോയി കുറെയധികം വെള്ളം എടുത്തു കുടിച്ചു. തലകറങ്ങുന്നത് പോലെ തോന്നുന്നുണ്ട്. കട്ടിലിൽ പോയി കിടന്നു. കഴിഞ്ഞ മണിക്കൂറുകളിലെ സംഭവങ്ങൾ തലയ്ക്കകത്ത് മിന്നിമറിയുന്നുണ്ടായിരുന്നു. പിന്നെപ്പോഴോ ഉറക്കത്തിലേക്കാണ്ടു. പിറ്റേദിവസം വൈകിയാണ് ഉണരാൻ സാധിച്ചത്. നല്ല തലവേദന ഉണ്ട്. ലീവ് എടുക്കാൻ പറ്റുന്ന സാഹചര്യം അല്ല ഇപ്പോൾ ഓഫീസിൽ ഉള്ളത്. സാധാരണയിൽ നിന്നും കുറച്ചു വൈകിയാണ് ഓഫീസിലേക്ക് ഇറങ്ങാൻ സാധിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാൻ അമ്മയോട് പതിവില്ലാതെ മരുന്നൊക്കെ കൃത്യമായി കഴിക്കണം എന്ന് ചെറിയ ചമ്മലോടെ ഉപദേശിച്ചു. അത് കേട്ടപ്പോൾ അമ്മയുടെ മുഖത്ത് ഒരു മോണാലിസ ചിരി വിടർന്നു. 

ബസ്സിൽ കയറി ഏറ്റവും ഒടുവിലത്തെ സീറ്റിൽ സ്ഥാനം പിടിച്ചു. ടൗണിൽ തുണിക്കടയിൽ ജോലി ചെയ്യുന്ന ജോസേട്ടനും, അയൽക്കാരനായ മാധവേട്ടനും കൂടെയുണ്ട്. മാധവേട്ടൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ഒക്കെ ചെയ്തു ഇപ്പോൾ കൃഷിയൊക്കെ ചെയ്തു ജീവിക്കുന്നു. ഇവരുടെ വാചകക്കസർത്ത് കേൾക്കാൻ നല്ല രസമാണ്. കൂടുതലും രാഷ്ട്രീയപരമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അപ്പോഴാണ് സബ്സ്റ്റേഷൻ സ്റ്റോപ്പ് എത്തിയത്. മനസില്ലാ മനസ്സോടെ ഞാന്‍ ആ കുപ്രസിദ്ധ മാവിലേക്ക് ഒന്ന് നോക്കി. കരയോഗത്തിന്റെ ഒരു വെളുത്ത ബാനർ അതിന്റെ ചരട് പൊട്ടി അതിൽ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. സ്വയം അപഹാസ്യനായ പോലെ ഒരു തോന്നൽ എനിക്ക് ഉണ്ടായി. പക്ഷേ അടുത്ത നിമിഷം എന്റെ ഉള്ളിലെ ബോൾഷെവിക് വീണ്ടും ഉണർന്നു. ഇതിനിടയിൽ തണ്ണിമുക്കം പുഞ്ചപ്പാടത്ത് ഒരു അംബാസിഡർ കാറും അതിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു ജഡവും കണ്ടെത്തി എന്നൊക്കെ ആണ് അവർ സംസാരിക്കുന്നത്. ഞാൻ അത് കേട്ടിരുന്നു. 

English Summary:

Malayalam Experience Note ' Black Ambassador ' Written by Sreehari K. N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT