'ഗോസ്‌റ്റാഗ്രാമിൽ' പോസ്റ്റ് ഇടുന്ന നീലി
Mail This Article
"നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പ്പ ഗന്ധം..." വെള്ളസാരിയുടുത്ത് പാലമരത്തിൽ നിലാചന്ദ്രനെയും നോക്കിയിരിക്കുന്ന ഒരു വീഡിയോ പോസ്റ്റ്... കൂടെ ഇംഗ്ലിഷിൽ ഒരടിക്കുറുപ്പും "ഡേയ്സ് ഓഫ് ബ്ലഡ് ആൻഡ് ബോൺസ് ആർ മിസ്സിംഗ്... യു നോ ദാറ്റ് ബെറ്റർ നിലാ..." ഇന്നലെയാണ് ഗോസ്‌റ്റാഗ്രാമിൽ ആദ്യമായി ഒരു പോസ്റ്റ് ഇടുന്നത്. കുറേയായി കുട്ടികൾ നീലിയമ്മ എന്താ മാറിനിക്കണെന്ന് ചോയിക്കുന്നു. ഒന്നുമുണ്ടായിട്ടല്ല എല്ലാത്തിൽ നിന്നും മാറിനിൽക്കാൻ ഒരു രസം... മാത്രമല്ല കുമാരേട്ടന് ഇതൊന്നും ചിലപ്പോ ഇഷ്ട്ടപെട്ടെന്ന് വരില്ല.. പണ്ടൊരുനാൾ കൃഷ്ണപ്പരുന്തിനേം കണ്ട് മടങ്ങാൻ നേരം കുമാരേട്ടൻ ചോദിച്ചു "പോരുന്നോ എന്റെ കൂടെ!" അന്ന് കൂടെ ഇങ്ങട് പോന്നതാണ്... ഇപ്പൊ കുട്ടികളും പേരക്കുട്ട്യോളും ഒക്കെ ആയി സ്വസ്ഥം... ഇന്നലെയാണ് കുമാരേട്ടൻ "അതിനെന്താ താൻ എഴുതടോ നീല്യേ..." എന്ന് പറഞ്ഞത്.
ആദ്യ പോസ്റ്റിട്ട് ആരൊക്കെ കണ്ടെന്ന് നോക്കാനായി അക്കൗണ്ട് തുറന്ന് സ്‌ക്രോൾ ചെയ്യുന്നതിനിടയിലാണ് തന്റെ പോസ്റ്റിന് താഴെ ലൈക്കും, കമന്റും, ഹൃദയ ചിഹ്നവും, പൂച്ചെണ്ടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു... "വെൽക്കം ബാക്" എന്ന കമന്റ് ഇട്ട് പണ്ട് തന്നെ തളയ്ക്കാൻ നടന്ന വിക്രമൻ നമ്പൂതിരിയും, പൂച്ചെണ്ടിന്റെ ചിത്രമിട്ട് മേക്കാടനും, "ബ്ലെസ്സ് യു" എന്നെഴുതി കത്തനാരച്ചനും അങ്ങനെ എല്ലാവരുമുണ്ട്... അക്കൂട്ടത്തിൽ ഒരു കമന്റ് നീലു പ്രത്യേകം ശ്രദ്ധിച്ചു.. ചുവന്ന രണ്ട് പല്ലുകൾ ഉള്ള സ്മൈലിയും കൂടെ ഹൃദയ ചിഹ്നങ്ങളും വാരിവിതറി ഒരു കമന്റ്... "ഐ കാൻ സീ ഒൺലി യു മൈ ഡിയർ... ഈവൻതോ യുവർ ഹെയർസ് ഗോട്ട് വൈറ്റ്... യൂ ലുക്ക് ഗോർജിയസ് ധാൻ നിലാ... സെൻഡ് മി യുവർ ഗോസ്റ്റാപ്പ് നമ്പർ... വിൽ ടെക്സ്റ്റ് യു സംടൈം..."
പോസ്റ്റ് ഇട്ട ഐഡി നോക്കിയപ്പോളാണ് നീലിക്ക് ആളെ പിടികിട്ടിയത് ഡ്രാക്കു __ കൂൾ, ഡി.പി ആയി വവ്വാലിന്റെ പടൂം... "ഈ വയസ്സാം കാലത്തും ഇയ്യാൾടെ കോഴിത്തരം ഇനിയും മാറിയില്ലേ..." എന്ന് മനസ്സിൽ പറഞ്ഞു ഒരു ചെറു പുഞ്ചിരിയും തൂകി നീലി ലാപ്ടോപ് മടക്കി ഓർമ്മകളുടെ പുസ്തക താളുകളിലൂടെ പതിയെ നീങ്ങിത്തുടങ്ങി...