ജീവചക്രം – നീതു തങ്കം തോമസ് എഴുതിയ കവിത

Mail This Article
അറിവിന്റെ ആഴക്കടലിൽ ഒരു ചെറു
മത്സ്യമായി നീന്തിത്തുടിച്ച ഞാൻ...
നേടുവാൻ ഏറെ ഉണ്ടെന്ന ചിന്തയിൽ
കര തേടാതെ അഗാധതയിലേക്ക്, സ്വയം
ഊളി ഇട്ടിറങ്ങിയതും ഓർത്തു ഞാൻ..
ചിന്തയിൽ നിന്നുണർന്ന നേരം
കടലും കണ്ടില്ല, കരയും കണ്ടില്ല.
ഞാനൊരാ സേതു തൻ നടുവിലൊരു
ദണ്‌ഡുമായി, ദിശയേതെന്നറിയാതെ
കഥയേതെന്നറിയാതെ മാനത്തേക്ക്
ഉറ്റു നോക്കും ഉന്മാദിയായി നിലകൊണ്ടു..
അറിവിന്റെ വെളിച്ചം ഇന്നെവിടേ
ദീപവുമേന്തി മുന്നേറാൻ തുറന്നു
വെച്ചൊരു കനക പടികളെവിടെ?
എല്ലാം മായയായി മാറിയ നേരം
മാത്രമെൻ ഉള്ളം പിടഞ്ഞു തട്ടി
തെറിപ്പിച്ചതും, ഓടി ഒളിച്ചതും നീയേ,
നിന്റെ ജീവിതത്തിൻ താക്കോൽ
മറ്റൊരുവനിൽ ഏൽപ്പിച്ചതും നീയേ...
ഇന്നീ മനോരാജ്യത്തിന് ചൈതന്യം
പകർന്നൊരു ജീവനം രചിക്കണം
പുതുജീവനുകൾക്കൊരു പാതയും
നിർമ്മിച്ചിടേണം, ഇതാണ് ജീവിതമെന്ന
വാക്കുകൾക്ക് തലയാട്ടി കൊടുക്കണം,
ഉള്ളു പിടഞ്ഞും കൊണ്ടു പുഞ്ചിരി തൂകണം,
നടന്നു നീങ്ങണം, ജീവിത പാത തീരുവോളം
മാറ്റമില്ലാതെ ഈ ശകടംതന്നിലൊരു
സഞ്ചാരി ആയി ഓട്ടം തികക്കേണം..
ആറടി മണ്ണിലൊരു അവകാശിയായി
മാറി, ശാന്തി നേടണം, പ്രതീക്ഷാഹേതു
ഒന്നുമാത്രം, അടിമയും ഉടമയും,
കൈവിലങ്ങുകളും അവിടെയെന്നെ
കാത്തിരിക്കയില്ല എന്നത് മാത്രം!