ADVERTISEMENT

നിന്റെ പ്രണയം കടലുപോലെയാണ്

ആദിയും അന്ത്യവുമറിയാതെ

ആഴവും പരപ്പും അളന്നെഴുതാൻ കഴിയാതെ

ഉടലാകെ വ്യാപിച്ചു കിടക്കുന്ന ഉപ്പുരുചി.

ഇടതുകവിളിലെ നുണക്കുഴിയിൽ 

തങ്ങിനിൽക്കുന്ന ഉമ്മയുടെ വാസനയിൽ തലോടി

ഇടയ്ക്കിടെ നീയെന്റെ പെണ്മയെ ഓർമ്മിപ്പിക്കാറുണ്ട്.
 

വാക്കും വരിയും ഉമിനീരിൽ കുഴച്ചെടുത്ത്

ഞാൻ സൃഷ്ടിച്ച കാവ്യശിൽപങ്ങളൊക്കെ

പ്രളയപ്പുളച്ചിലാൽ കൈക്കലാക്കി

കടന്നുപോകുമ്പോൾ നീയെന്റെ 

വരൾച്ചകളെ നനയ്ക്കാറുണ്ട്.
 

ജലത്തിന് നിറമില്ലെന്നാകിലും

ഭൗതികശാസ്ത്രത്തിന്റെ വ്യാഖ്യാനത്തിനടിപ്പെടുന്ന

കണ്ണിനും തലച്ചോറിനും നീ

നീലയായ് മാറുമ്പോൾ

മണലും മയിൽപീലിയും ഉടലിൽ

ഒത്തുചേരാറുണ്ട്.
 

സരോദിന്റെ താളക്കമ്പികൾ ചുരത്തുന്ന രാഗങ്ങൾ കേട്ട്

വെയിൽ വിരിപ്പിൽ നിന്നൊടൊത്ത് 

പകലുണ്ണുമ്പോൾ

വള്ളിക്കുടിലും വനപുഷ്പവുമില്ലെങ്കിലും

ഞാൻ രാധയേക്കാളുയർന്ന പ്രണയിനിയാകാറുണ്ട്.
 

മാർദ്ദവമുള്ള നിന്റെ ഹൃദയത്തിൽ വിരൽപ്പാടുകൾ വീഴ്ത്തി 

പ്രണയത്തിന്റെ ചുവപ്പിന്

ഗാഢതയേറ്റുമ്പോൾ

പുഞ്ചിരിയുടെ വെള്ളിത്തളികയിൽ നീ

പുരുഷനാണത്തിന്റെ തൂവലുകൾ പൊഴിച്ചിടാറുണ്ട്.
 

എവിടെയാണ് നീയെന്ന് തേടിയലഞ്ഞ സന്ധ്യകളെ 

ഉടയാത്തുമ്പിൽ പൊതിഞ്ഞെടുത്ത്

നിനക്ക് മുൻപിൽ കാണിക്കയർപ്പിക്കുമ്പോൾ

സപ്തവർണ്ണങ്ങൾ കൊണ്ട് നീയൊരു

സുരക്ഷാമതിൽ തീർക്കാറുണ്ട്.
 

ഉള്ളറത്തടവുകളിൽ ബന്ധനപ്പെട്ട നിമിഷങ്ങൾ 

ചിറകുകുടഞ്ഞ് പറക്കാൻ ശ്രമിക്കുമ്പോൾ

നിന്റെ പ്രണയചിലന്തിവലപ്പശയിൽ

കാലുടക്കി, ശിരസുടക്കി

ഞാൻ വീണു പോകാറുണ്ട്.
 

നിത്യകല്യാണികൾ പൂത്തുനിൽക്കുന്ന

കുന്നിൽ ചരുവിലെ മരച്ചുവട്ടിൽ നിന്നിട്ടും 

എന്റെ കണ്ണ് നിന്റെ ഉടൽച്ചുഴികളിലും

നാസിക നിന്റെ മത്സ്യഗന്ധത്തിലും

കൈകൾ നിന്റെ തരുതരുപ്പൻ മുടിയിഴകളിലും

സങ്കോചമില്ലാതെ സഞ്ചരിക്കുകയാണ്.
 

പ്രിയപ്പെട്ടവനേ 

യുഗാന്തരങ്ങളായി തുടരുന്ന പ്രണയകേളികളിൽ

ഉത്തരമില്ലാത്ത ചോദ്യം പോലെ

നീയും ഞാനും നമ്മുടെ

ഊടും പാവും വിറയാർന്നുനിൽപ്പുണ്ട്.
 

എന്നിട്ടും 

സംതൃപ്തിയില്ലാത്ത പരികർമ്മിയെ പോലെ

ഞാൻ നിന്റെ കൽച്ചിത്രത്തിൽ

ചന്ദനം ചാർത്തുന്നു

മന്ത്രങ്ങൾ വിരിക്കുന്നു

ഉണങ്ങാത്ത പൂക്കൾ കൊണ്ട്

മാല ചാർത്തുന്നു.
 

നീയും കടലും നിന്റെ പ്രണയവും

ഒരു പോലെയാണ്

എവിടേയ്ക്കും യാത്രപോകാതെ

ജന്മകേന്ദ്രത്തിൽ മാത്രം തളം കെട്ടി നിന്ന്

പരാതിയില്ലാതെ വിരുന്നുകാരെ സ്വീകരിക്കുവാൻ

നിനക്കും കടലിനും

നിന്റെ പ്രണയത്തിനും മാത്രമേ കഴിയൂ.

English Summary:

Malayalam Poem ' Pranayakkadal ' Written by Rajani Athmaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT