ഉദാത്തമായതവനവൻ ഉയിർ മാത്രം – മമ്പാടൻ മുജീബ് എഴുതിയ കവിത

Mail This Article
ഉപ്പുചേർക്കാത്ത കഞ്ഞിയിത്തിരി
ഉറ്റി വീഴുന്ന കണ്ണീരു ചേർത്തുണ്ടതുണ്ടോ
ഉറ്റതെന്നേറ്റ് ചേർത്ത ഉറവിലേതെങ്കിലും
ഉൾക്കാമ്പ് കരിയുമളവിൽ ഒറ്റിയതോർമ്മയുണ്ടോ
ഉപ്പനെപ്പോൽ ഒപ്പമിരുന്ന് കണ്ട്
ഉച്ചവെയിലിലേക്ക് തള്ളിയ തകപ്പനുണ്ടോ
ഉറക്കത്തിലൊരുമാത്ര കരിങ്കനവായ്പ്പോലും വരാതെ
ഉണ്മയെന്ന് ഒരുക്ഷണം ഇടിച്ചിറങ്ങിയ നിനവതുണ്ടോ
ഉൾ വലിയലുകൾ ഉണക്കിക്കളയലുകൾ
ഉപരിപ്ലവമായ കാട്ടായ്മകൾ കൊണ്ട്
ഊട്ടുപുര വാതിൽ കൊട്ടിയടച്ചോരുണ്ടോ
ഉണ്ട് ഉണ്ടെന്നാണുത്തരമെന്നാകിൽ
ഊറ്റം കൊള്ളുകയെന്റെ സോദരാ
ഊറയ്ക്കിട്ടപോൽ തന്നെ കിടക്കട്ടെയോർമ്മകൾ
ഉതവാതെ പോകില്ല നാളെയുടെ കനൽപ്പാത താണ്ടുവാൻ
ഉരുകിയുമിത്തീയിൽ നീറിയുള്ളിലെ ഉഷ്ണവും
ഉപ്പ് വെച്ച ലോഹമൊന്ത പോൽ കരളും കയ്പ്പൊക്കെയും
ഉലയിലെ കത്തി പോൽ കത്തി നിൽക്കട്ടെ
ഊറിവരുമതിൽ നിന്ന് കവിതകളായിരം
ഉയരമത്രയേറെയുണ്ടവനിലേക്കെന്നല്ല
ഉണ്ടവനവനിയിലെയോരോ
പുൽനാമ്പിനൊപ്പവുമുൾപ്പുളകമായ്