വെള്ളിയാഴ്ചക്കവിതകൾ – ഡോ. അജയ് നാരായണൻ എഴുതിയ കവിത
Mail This Article
×
ഞാനില്ലാത്ത വെള്ളിയാഴ്ചകൾ
നിനക്ക് തുടർച്ചയാകുമ്പോൾ
നിലാവേ,
നിന്നിലൊരു കാർനിഴൽ
കളങ്കം ചാർത്തുന്നുവെന്നും
സുവർണ്ണലിപികളാൽ
സ്വപ്നത്തിലെനിക്കായി
നീ കുറിച്ച കവിതത്താളിൽ
ആരോ മഷി കുടഞ്ഞുവെന്നും
താരമെന്ന പദം ഇരുണ്ടപ്പോൾ
താമരയെന്ന പദത്തിൽ
തപസ്സിരുന്നൊരു
പതംഗമപ്പോൾ
പറന്നകന്നുവെന്നും
മഷിയൊഴുക്കിൽ
ഭൂമി പിളർന്നുവെന്നും
മണ്ണിന്നടിയിൽ
മനസ്സിന്നടിയിൽ
മാനം കണ്ട വേരുകൾ
അഴുകിയെന്നും
അതിന്റെ (ദുർ)ഗന്ധം
ബോധകോശങ്ങളെ
നിർജീവമാക്കിയെന്നും
നീയില്ലാതായെന്നും...
അതുകൊണ്ട്,
അതുകൊണ്ട്…
ആഴ്ചകളിൽ നിന്നും
വെള്ളിയാഴ്ചകളെ
തുടച്ചുമാറ്റി ഞാൻ.
അതിനുശേഷമാണ്
അറിഞ്ഞത്,
കാലചക്രത്തിന്റെ
ആരക്കാലൊടിഞ്ഞെന്ന്,
കാലം തകിടം മറിഞ്ഞുവെന്ന്,
ഞാനില്ലാതാകുന്നുവെന്ന്,
വെള്ളിയാഴ്ച എന്നത്
കാലസങ്കൽപം മാത്രമായിരുന്നുവെന്ന്!
English Summary:
Malayalam Poem ' Velliyazhchakkavithakal ' Written by Dr. Ajay Narayanan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.