അന്‍സാര്‍ ഏച്ചോം എഴുതിയ രണ്ട് കവിതകൾ

Mail This Article
1. നിരപരാധി
കൂട്ടത്തിലൊരു ചുടുകട്ട
ഒഴിഞ്ഞു മാറിയതിൽ പ്രതിഷേധിച്ച്
നിലം തൊട്ട അംബര ചുംബി
ഭൂമിയോട് പറഞ്ഞ കുശലം
ഞാൻ ആകാശം ചുംബിച്ച രാത്രി
നക്ഷത്രങ്ങൾ മൂർദ്ധാവിൽ
ആയിരം തവണയുമ്മവെച്ചു
അന്ന് ഞാനറിയാതെ
ആകാശം മുട്ടെ വളർന്നു
ഞാനാദ്യമായി കൺതുറന്ന
പകൽ മുഴുവൻ
സൂര്യൻ നോക്കി
പുഞ്ചിരിച്ചു കൊണ്ടേയിരുന്നു
പിന്നെ, കാറ്റ് സ്ഥിരമായും
കൂടെ നൃത്തമാടുന്നത്കണ്ട
ഭൂമി നിറയെ അസൂയാലുക്കളായിരുന്നു
ഒടുവിൽ
ഞാൻ പ്രതിഷേധിക്കാൻ തീരുമാനിച്ചു
മൂർദ്ധാവിൽ ചുണ്ട് വെച്ച നക്ഷത്രങ്ങൾക്ക്
അറസ്റ്റ് വാറണ്ട്നൽകി
ചിരിച്ചു കാണിച്ച സൂര്യനെതിരെ എഫ്.ഐ.ആർ
രജിസ്റ്റർ ചെയ്തു
അസൂയ വെച്ചവരോട് അതിരാവിലെത്തന്നെ
കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടു
കോടതി എല്ലാരേം വിളിച്ച് വരുത്തി
ക്ളീൻ ചീറ്റ് നൽകി
അതുകണ്ട് നിരപരാധിക്കുള്ളിലെ
അപരാധി പല്ലിളിച്ചു
2. സ്മാളെസ്റ്റ് വൺ
ചിതല് കയറി
തകർന്നടിയാൻ വെമ്പുന്ന
ഒരു കുടിൽ
ആകാശത്തോട് നെടുവീർപ്പിട്ടു
അരിമണി പോലുള്ള ചിതൽ
കാർന്നു തിന്നുന്നു
ആനയെ തുമ്മിച്ച ഉറുമ്പ്
വഴിയരികിൽ
മസിൽ പിരിക്കുന്നു
അടുക്കളേന്ന് പാറിവന്ന
തീപ്പൊരി
കരിച്ചെടുത്ത കൊടും മരങ്ങളോട്
മാപ്പ് ചോദിച്ചു
വാക്കുകൾ കുത്തിനോവിച്ച
ഹൃദയങ്ങളിൽ
വേദനയുടെ
വിലാപ കാവ്യങ്ങൾ
ഉറവയെടുത്തു
കത്തിക്കരിഞ്ഞ കെട്ടിടങ്ങളേയും
കബന്ധങ്ങളെയും ചൂണ്ടി
എല്ലാം ചെറുതെന്ന്
മണ്ണിൽ പൊട്ടാതെ കിടന്നൊരു ബോംബ്
ഇളിച്ചു കാണിച്ചു