ADVERTISEMENT

ഒറ്റയ്‌ക്കാവുന്നത് വിരസതയാണു പോലും!! ഹും... ആരാണ് ഇത് പറഞ്ഞത്?? ഒറ്റയ്ക്ക് ആയിരിക്കുക എന്നതല്ലെ ഏറ്റവും ഉന്നതമായ സാഹസികത? ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നതല്ലെ ഏറ്റവും വലിയ സാത്വികത? അയാൾ ഒറ്റയ്ക്കിരുന്നു ആലോചിച്ചു കാടുകയറി. ശേഷം എന്തൊക്കെയോ വരികളിൽ പകർത്താനുറച്ച പോലെ ഉള്‍മനസ്സിന്റെ കാടിറങ്ങി പുസ്തകമടക്കിലെ അരുവിതെളിയിലേക്ക് ഊഴ്ന്നിറങ്ങി. എകാന്തതയ്ക്കൊരു അവാർഡ് കൊടുക്കുന്നുണ്ടെന്നാരാനും പറഞ്ഞു കേട്ടാൽ ഒരു വെറും കടലാസ്സിലൊന്നെഴുതി അപേക്ഷ അയച്ചാൽ തനിക്കെതിരാളിയുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന അയാളാണ് ഇതാ എഴുതാൻ പോകുന്നത്. തനിച്ചാവുന്ന അവസ്ഥയേ കുറിച്ചിതിലും ആധികാരികമായി ആർക്കെഴുതാനാവും. പേന കൈയ്യിലെടുത്തു തെല്ലിട ഒന്നു ചിരിച്ചുകൊണ്ട് അയാൾ ഓർത്തു; ഇതെന്തൊരു ആരംഭക്ലേശം ആണെന്ന്. ഒറ്റപ്പെടൽ എന്ന് പലവട്ടം പറഞ്ഞതല്ലാതെ താൻ ഇത് വരെ വിഷയത്തിന്റെ നേർരേഖയെ തൊട്ടിട്ടില്ല. ശെടാ. ഇതെന്തൊരു തൊന്തരവ്. മനസ്സായാലും ഇടയ്ക്കൊക്കെ ഒന്ന് അടങ്ങി ഇരിക്കണം. ഇതു ചുമ്മാ... ആ അത് കള. എല്ലാം ഉണ്ടായിട്ടും എല്ലാരും ഉണ്ടായിട്ടും ഒറ്റയ്‌ക്കാവുന്നത് ഒന്നാലോചിച്ചു നോക്കൂ. മനസ് കൊണ്ട് മാത്രം ഒറ്റയ്ക്കാവുക! ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും തനിച്ചാവുക! സന്തോഷത്തിലും ദുഃഖത്തിലും തനിച്ചാവുക! ഒറ്റസൂചിയുള്ള ക്ലോക്ക് പോലെ ആവുക! ഒറ്റചക്രമുള്ള തേര് പോലെയാവുക! ഒറ്റയിതളുള്ള പൂവ് പോലെയാവുക! ഒറ്റതാളുള്ള പുസ്തകം പോലെയാവുക! ആഗ്രഹങ്ങളിലും സ്വപ്നങ്ങളിലും തനിച്ചാവുക! ചിരിക്കാൻ പോലും മറന്നു പോവുക! തന്നിലേക്ക് തന്നെ ചുരുണ്ടു കൂടി പോവുക! ചുറ്റുമുള്ള ഘോഷങ്ങൾ കാണാതെ പോവുക! തെല്ലൊന്നു നിർത്തി അയാൾ എഴുതിയത് ഒരാവർത്തി വായിച്ചു നോക്കി. ഇത് താൻ എഴുതുന്ന കഥയാണോ അതോ തന്റെ കഥയാണോ? അതോ രണ്ടും ഒന്നാണോ? അതോ ഒന്നായതാണോ? ഇടയ്ക്ക് തന്റെ പേനയ്ക്ക് മഷി നിറയ്ക്കാനെന്ന പോലെ അയാൾ ചിന്തകൾക്കൽപം ഇടവേള കൊടുക്കാൻ ശ്രമിച്ചു.

കൈയൊന്നെത്തിച്ചാൽ തുറക്കാമായിരുന്നിട്ടും മടിയെന്ന മൃദുലവികാരത്തിന് വശപ്പെട്ടു ഏറെനേരമായി തുറക്കാതെയിരുന്ന ആ ജനൽപ്പാളി അയാൾ മെല്ലെ തള്ളിത്തുറന്നു. ഉള്ളിലെ പിരിമുറുക്കങ്ങൾക്കെല്ലാം ഒരു വിരാമമേകിക്കൊണ്ട് ആ കാഴ്ച അയാളുടെ ഹൃദയത്തിലേക്ക് പടർന്നിറങ്ങി. പുലർ മഞ്ഞിന്റെ നേർത്ത പാളിക്കിടയിലൂടെ അയാൾ കണ്ടു, ഒരിളം പൂവിന്റെ ഇനിയും വിടരാത്ത ഇതളിൽ അലസമായി തെറ്റി തെറിച്ചു വീണു കിടക്കുന്ന ഒരു നീർതുള്ളി. ഒറ്റനോട്ടത്തിൽ, ആ വെറും ചെടി തന്റെ തന്നെ ഭാഗമായ മുൾമുനകളുടെ അനിയന്ത്രിതമായ പുണരലുകളാൽ സ്വയം മുറിവേറ്റ നോവിൻ പിന്‍പറ്റി, മിഴികളാം പുഷ്പങ്ങൾ പൊഴിച്ച കണ്ണീർതുള്ളിയാണെന്നേ തോന്നൂ. ആ നീറ്റലിലും ആ പൂവിനു ആശ്വാസത്തിനു വക കിട്ടി. താൻ തനിച്ചല്ല!! ഒരിളം മഞ്ഞുതുള്ളിയെങ്കിലും തനിക്കു കൂട്ടുണ്ട്. പുലരിയുടെ മേന്മയൊടൊപ്പം ആ കൂട്ട് വറ്റിപ്പോയാൽ അവള്‍ക്ക് സങ്കടമാണ്. പക്ഷെ സാരമില്ല വെയിൽകുഞ്ഞുങ്ങൾ പ്രഭയോടെ തുളളിക്കളിക്കുന്നതും അവളുടെ മടിയിൽ തന്നെ. ഒടുവിലൊരു സന്ധ്യയുടെ ചുവന്ന സാരിതുമ്പും പിടിച്ചു ആ കുഞ്ഞുങ്ങൾ പോയ്കഴിയുമ്പൊഴാണ് അവൾ അൽപം ഒന്ന് സ്വതന്ത്രയാവുക. അത് വരെ ഒറ്റപ്പെടൽ എന്തെന്നു അവൾ അറിയുന്നേയില്ല. അല്ലെങ്കിൽ അതവൾക്കൊരു ചിന്ത്യവിഷയമാവുന്നേയില്ല. 

ചെടിയുടെ കണ്ണിലൂടെ ലോകം കാണുമ്പോ താൻ ചെറുതാവുകയല്ല മറിച്ചു വലുതാകുകയാണെന്നു അയാൾക്കു തോന്നി. ഒരു പുൽനാമ്പിൽ പോലും പ്രപഞ്ചതത്വങ്ങൾ കണ്ട മഹാന്മാരുടെ മഹത്വത്തിന് ഒരസ്സൽ സലാം! അയാളോർത്തു. താനെന്താണിനി എഴുതേണ്ടത് എന്നയാൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇന്നിനി ഈ പൂവിന്റെ ഏകാന്തത തന്നെ ചിന്തയ്ക്കുള്ള ഇന്ധനം. താൻ കണ്ടതും നോക്കി നിന്നതും ഒക്കെ തന്റെ കാഴ്ചാനുഭവം. പൂവിന്റെ നൊമ്പരവും ലാളനയും താനെന്തിന് കുത്തികുറിയ്ക്കണം. അൽപമൊരു ഉൾവലിവോടെ അയാൾ സ്വയം പറഞ്ഞു. എനിക്കെന്റേതായ നിയമങ്ങളുണ്ട്. കേവലമൊരു ചെടിയുടെ ദാർശനികത ഞാനെന്തിനറിയണം? ഹും. ഏകാന്തതയുടെ അനുഭവങ്ങൾ പകർത്താനായി മഷി നിറച്ച പേനയ്‌ക്കൊപ്പം ഇരുൾ മൂടിയ മനസ്സുമായി അയാൾ വീണ്ടും എഴുതാൻ ഇരുന്നു. ആ പൂവിന്റെ ദൃഷ്ടി മറയ്ക്കാനൊരു ജനൽപ്പാളി ചാരിക്കൊണ്ട് !! തനിച്ചല്ലാതിരുന്നിട്ടും തനിച്ചുള്ള തന്റെ ഈ ജീവിതപന്ഥാവിൽ താനെങ്ങനെ തനിച്ചായി എന്നെത്ര തനിച്ചിരുന്നാലോചിട്ടും തനിക്ക് മനസിലാവുന്നില്ലല്ലോ എന്നോർത്ത് അയാൾ ഉള്ളാൽ വിങ്ങി. ഒറ്റപെടലാണ് തന്നെ ഒരു കവിയാക്കിയത്, മനസ്സ് കൊണ്ടുള്ള തനിച്ചാകലാണ് തന്നിലെ തന്നെ ഉണർത്തിയത്, മറ്റാരുടെയും ചിന്തകളിൽ താനില്ല എന്ന തോന്നൽ ആണ്‌ തന്നിലെ സ്വത്വത്തെ മുൻവിധികളില്ലാതെ സ്വീകരിക്കാൻ പ്രാപ്തിയേകിയത്. ബാല്യവും കൗമാരവും യൗവ്വനവും കടന്നിങ്ങനെ നിൽക്കുമ്പോ തനിച്ചാകലിനെ പറ്റി മാത്രമാണോ ഓർക്കാനുള്ളത്? 

ഓർമകളുടെ രുചികളിൽ ബാല്യമുണ്ട് കൗമാരമുണ്ട് യൗവ്വനമുണ്ട്. ജീവിതമെന്ന അശ്വമേധത്തിൽ ഓരോ പരീക്ഷണങ്ങളും ഓരോ യാഗാശ്വത്തെ പോലെ ആയിരുന്നു, വിവേകമെന്ന കടിഞ്ഞാണിൽ അവയെ നിയന്ത്രിക്കാൻ ശ്രമിച്ചു. ചിലത് വെന്നിക്കൊടി പാറിച്ചു, ചിലത് മുട്ട് കുത്തി. ഓരോ യാഗവും ഓരോ പാഠമാക്കി മാറ്റി. ഇഷ്ടമില്ലാത്ത ജോലികൾ പലതും ചെയ്തു, ലോകമുടനീളം യാത്രകൾ ചെയ്തു. കണ്ണുകൾ മാത്രമാണ് സഞ്ചരിച്ചത്, കാലുകൾ മണ്ണിൽ ഉറച്ചു നിന്നിരുന്നു. തന്ത്രപ്രധാനമായ ഉദ്യോഗങ്ങളൊന്നിൽ കഴിവ് തെളിയിച്ചു സമൂഹത്തിന്റെ കണ്ണിൽ മിടുക്കനെന്ന പേർ കേൾപ്പിച്ചു. കുടുംബമെന്ന മൂന്നക്ഷരത്തെ ഭാര്യ എന്ന രണ്ടക്ഷരത്തിൽ നിന്നും മക്കൾ എന്ന മൂന്നക്ഷരത്തിലൂടെയും പ്രാരാബ്ധം എന്ന കഠിനാക്ഷരങ്ങളിലൂടെയും കടന്ന് മധ്യവയസ്സ് എന്ന പഞ്ചാക്ഷരി മുഴുവിച്ചു നിൽക്കുമ്പോ പിൻവിളിക്കുന്നതൊന്നും സന്തോഷത്തിന്റെ നിറവുള്ള ഓർമകളല്ല. ഓർമകളങ്ങനെയാണ്.. പിൻവിളി വിളിച്ചിട്ടും ദാ പോകുന്നു!!! താനൊരിക്കലും സന്തോഷം കണ്ടെത്താൻ ശ്രമിച്ചിട്ടില്ല, സന്തോഷത്തിന്റെ പിറകെ പോയില്ല, എപ്പോഴും അന്തർമുഖനായി നിന്ന് സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരുന്നിട്ടേ ഉള്ളൂ. ജീവിതത്തിൽ ഒന്നിലും ഒന്നാമനായിട്ടില്ല, അത് കൊണ്ട് തന്നെ ആ വികാരമെന്താണെന്നു അറിയാൻ കഴിഞ്ഞിട്ടേയില്ല. ഒന്നിനോടും പരാതി പറഞ്ഞില്ല. പഠനത്തിലും, പ്രേമത്തിലും, തൊഴിലിലും, വാത്സല്യത്തിലും ഒന്നിലും മായം ചേർത്തില്ല. അൽപമൊന്നു മാറി നടന്നാൽ നേടാമായിരുന്ന പലതും കണ്ടില്ലെന്നു നടിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എങ്ങനെയാണു താൻ ഈ ഏകാന്തതയുടെ തീരത്തടിഞ്ഞത്. മറുകര ചേരാൻ പ്രതീക്ഷയുടെ ചെറുവള്ളമൊന്നുണ്ടായിട്ടും എന്തേ താൻ മടിച്ചു നിന്നു? ജനാലവെളിയിൽ താൻ നോക്കിനിന്ന പൂവിൽ നിഴലിച്ചു കണ്ട സന്തോഷത്തിന്റെ മഞ്ഞുംതുള്ളിയെപോലെ ശ്രേഷ്ഠമായ ഒന്നും തന്റെ ജീവിതത്തിന്റെ ഒരിതളിലും കാണാൻ സാധിച്ചിട്ടില്ല. കണ്ണൊന്നടച്ചു കാതോർത്തു നിന്നാൽ ഇപ്പോഴും കേൾക്കാം പല പല ശബ്ദങ്ങൾ. 

യൗവ്വനത്തിലെ നല്ല നാളുകൾ ജീവിച്ചു തീർത്ത മരുഭൂമിയിലെ മണൽക്കാറ്റിന്റെ ശബ്ദം, ഏറെക്കാലം തന്റെ ജീവവായുവായി മാറിയ എണ്ണപാടങ്ങളിലെ കൂറ്റൻ യന്ത്രങ്ങളുടെ ശബ്ദം, വെള്ളിയാഴ്ച്ചകളിൽ തന്നെപ്പോലെയുള്ള വെറും സാധാരണക്കാരുടെ ആഡംബരമായിരുന്ന ഒറ്റമുറിച്ചായക്കടയിലെ പാനാസോണിക് റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന മനം മടുപ്പിക്കുന്ന അറബിക് സംഗീതം, അവിടെ എല്ലു നുറുങ്ങി പണിയെടുക്കുമ്പോഴും ഒറ്റപ്പെടലിന്റെ ഭാവമൊരിക്കലും തന്നെ അലട്ടിയില്ല. കാരണം അന്നൊക്കെ സൗഹൃദം എന്ന വാക്കിന് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളിൽ പരസ്പരമുള്ള കൈതാങ്ങും ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ ഉരുകിയപ്പോ നർമത്തിന്റെ ഇളംകാറ്റ് പരസ്പരം വീഴിച്ച നിമിഷങ്ങൾ. ഒരു പക്ഷെ ഈ നീണ്ട ജീവിതത്തിൽ സമ്മിശ്രവികാരങ്ങൾ ഏറ്റവും അധികം ഉണ്ടായ മറ്റൊരു കാലയളവ് ഇല്ല.  ജോലിയ്‌ക്കൊടുവിൽ ഒറ്റമുറി വീട്ടിലേയ്ക്ക് എത്തുമ്പോ മറ്റുള്ളവരുടെ കണ്ണിൽ അത് പോലുമൊരു ആഡംബരമായിരുന്നു. തനിയ്ക്ക് പക്ഷെ അത് ഒറ്റപ്പെടലായിരുന്നു. മാസത്തിലൊരിക്കൽ വരുന്ന നീലയും ചുവപ്പും ഇടകലർന്ന ബോർഡറുള്ള ഇളം നീല കവറിനുള്ളിൽ നിറച്ച പരിഭവത്തിന്റെയും കണ്ണീരിന്റെയും നനവുള്ള ജീവനുള്ള കത്തിന് മാത്രമേ പറ്റിയിട്ടുള്ളു ആ ഒറ്റപ്പെടലിന്റെ രൂക്ഷതയ്ക്കൊരൽപമെങ്കിലും കടുപ്പം കുറയ്ക്കാൻ. വീട്ടിലെ ചെറുതും വലുതുമായ വിശേഷങ്ങളും മക്കളുടെ വളർച്ചയും വിജയങ്ങളും ഒക്കെ ആർത്തിയോടെ വായിച്ചറിഞ്ഞിരുന്ന ആ കത്തുകൾ ഇന്നും ഈ അലമാരയിൽ എവിടെയോ ഉണ്ട്. 

പെട്ടെന്ന് കാറ്റിൽ പെട്ട് ദിശ തെറ്റിയ ഒരു പരിമളം എഴുതാനിരുന്ന അയാളുടെ നാസാരന്ധ്രങ്ങളെ പുളകമണിയിച്ചു. അതൊരു പാരിജാതപ്പൂവിന്റെ മണമല്ലേ... അതേ ഉറപ്പ്! പ്രവാസജീവിതത്തിന്റെ ഉപ്പു കയ്ക്കുന്ന നാളുകൾക്കു ശേഷം താൻ ഒഴുകിയെത്തി ചേർന്ന മറ്റൊരു ദേശത്തെ മധുരമൂറും ഓർമ്മകൾ ഇപ്പോഴും ഒളിമങ്ങാതെ ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം ഈ മണമാണ്. തനിയ്ക്കായ്‌ മാത്രം പൂത്തിരുന്ന ആ പാരിജാതം! നീലക്കുന്നുകളുടെ പൂർണഭംഗിയും തന്റെ മുടിച്ചുരുളുകളിൽ ഒളിപ്പിച്ച ഒരു അപ്സരസുന്ദരി. പശ്ചിമഘട്ടത്തിന്റെ പുണ്യം. ഹിൽസ്റ്റേഷനുകളുടെ റാണിയെന്നു പുകൾപെറ്റ ഊട്ടി. മരുഭൂമിയിലെ ചുട്ടുപഴുപ്പിക്കുന്ന മണലിൽ നിന്ന് പൊള്ളലേറ്റ കാലുകൾ എടുത്തു വച്ചത് ഊട്ടിയിലെ റയിൽവെ ക്വാർട്ടേഴ്സിലെ തണുവോലുന്ന മഞ്ഞുനിരന്ന മുറ്റത്തേയ്ക്ക്. ആദ്യകാലങ്ങളിൽ തനിച്ചും പിന്നീട് കൂടും കുടുംബവുമായും താൻ ചേക്കേറിയ തന്റെ എക്കാലവും പ്രിയപ്പെട്ട വാസസ്ഥലം. ഇന്ന് ലോകപ്രശസ്തമായ ഊട്ടി തടാകത്തോട് ചേർന്ന് റെയിൽവേ ഉടമസ്ഥതയിലുള്ള അരയേക്കർ കുന്നിൻചെരിവ്‌. അവിടെ പണ്ടെങ്ങോ ബ്രിട്ടീഷ് സ്റ്റൈലിൽ നിർമിച്ച രണ്ടു ചെറുവീടുകൾ. രണ്ടും ഒരേ തരം ഒരേ നിറം. വർഷങ്ങൾക്കു ശേഷം അതിലൊന്നിൽ ആദ്യമായി വരുന്ന താമസക്കാരൻ താനായിരുന്നു എന്ന് ചീഫ് എൻജിനിയർ പറഞ്ഞു ചിരിച്ചത് ഇന്നും ഓർക്കുന്നു. അന്ന് മുതൽ തനിയ്ക്കതു സ്വന്തം വീട് പോലെ ആയിരുന്നു. ഭാര്യയെയും മക്കളെയും കാണാൻ ലീവിന് പോയാൽ പോലും തിരികെയെത്താൻ മനസ് വെമ്പുന്ന തന്റേതായ ഒരിടം.

തടാകത്തിൽ നിന്ന് ഇരുമ്പുപാലത്തിലൂടെയുള്ള പ്രധാനവഴിയിലൂടെയാണ് വാഹനങ്ങൾ ക്വാർട്ടേഴ്സിലേയ്ക്കെത്തുക. മറ്റൊരു വഴി പിന്നിൽ തടാകത്തിന്റെ തീരത്തുനിന്ന് കെട്ടു കല്ലുകൾ കൊണ്ട് തീർത്ത ഒന്നാണ്. പതിനഞ്ചടിയോളം ഉയരമുള്ള ചൂളമരത്തിന്റെ കൈവരികളോട് കൂടിയ കുത്തുകൽഭിത്തിയാണ് ഉള്ളത്. അതിലൂടെയാണ് ഇടയ്ക്ക് ചൂണ്ടയിടാൻ ഇറങ്ങാറുള്ളതും, കനമുള്ള ചവിട്ടിയും കാർപ്പെറ്റും, ഇടയ്ക്കിടെ മാത്രം ഉപയോഗിക്കുന്ന പണിയായുധങ്ങളും കഴുകാൻ പോകാറുള്ളതും. കാട് പിടിച്ചു കിടന്നിരുന്നയിടമെല്ലാം തന്നാലാവുംപോൽ വെടിപ്പാക്കി നിറയെ ചെടികൾ വച്ചു പിടിപ്പിച്ചതും ഈ നാടിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്. എല്ലുവരെയിറങ്ങി ചെല്ലുന്ന കൊല്ലും തണുപ്പിലും അതിരാവിലെ എഴുന്നേറ്റ് തന്റെ റാലെയ് സൈക്കിളിൽ സ്റ്റേഷനിലെത്തി ആദ്യം ചെയ്യുന്നതും തന്റെ തടിക്യാബിനരികിലെ ചെടികൾക്ക് വെള്ളം ഒഴിക്കലാണ്. അന്നൊക്കെ വളരെ കുറച്ചു മാത്രം യാത്രക്കാർ വരികയും പോകയും ചെയ്യുന്ന ഒരു ചെറിയ സ്റ്റേഷൻ മാത്രമായിരുന്നു ഉദഗമണ്ഡലം. കൽക്കരിയും ഗോതമ്പും അരിയും കൊണ്ട് കടന്ന് പോകുന്ന ഗുഡ്‌സ് ട്രെയിനുകൾക്ക് വേണ്ടി മാത്രമെന്ന് തോന്നിക്കുന്ന ഒരു സ്റ്റേഷൻ. അവിടുത്തെ കരിപുരണ്ട ഉദ്യോഗത്തിനൊരു മാറ്റത്തിന്റെ സിഗ്നൽ ലഭിച്ചത് ഒരു പുതിയ തീവണ്ടിയുടെ വരവോടെയാണ്! വേട്ടക്കാരനെ പോലെ ഭീകരമായി ഒരുമുഴക്കൻ ശബ്‌ദവുമായി ഇരുമ്പുപാളങ്ങൾക്കു പോലും നടുക്കം സമ്മാനിച്ച് കൊണ്ട് കടന്ന് വന്നിരുന്ന ചരക്കുവണ്ടികൾക്കിടയിൽ ഒരു സൗമ്യവദനയായി തന്റെ പുത്തൻകണ്ണുകൾ തെളിയിച്ചു കൊണ്ട് ഒരു ഡീസൽ എൻജിൻ പാസഞ്ചർ ട്രെയിൻ ഉദഗമണ്ഡലം സ്റ്റേഷനെ ആദ്യമായി ചുംബിച്ചു. അവളുടെ വരവോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. അധികമാരുമത്ര എത്തിപെടാറില്ലായിരുന്ന ഊട്ടിപ്പട്ടണം സന്ദർശകരെ കൊണ്ട് നിറയാൻ തുടങ്ങി. അതിന്റെ ഒരു പിന്തുടർച്ചയെന്നോണം ചില മാറ്റങ്ങൾ എന്നിലും എന്റെ സ്റ്റേഷനിലും കണ്ടു തുടങ്ങി. എല്ലാരെയുംപോലെ അങ്ങനെ നമ്മുടെ ഊട്ടിയെന്ന നീലാദ്രിമകളും ആളാരവങ്ങളുടെ സുഖമുള്ള ദിനങ്ങളിലേയ്ക്ക് മെല്ലെ കാലെടുത്തു വച്ചു. ഒരു പുതുപ്പെണ്ണിനെപ്പോലെ.!! 

ഗൾഫിലെ പൊള്ളുന്ന ദിനങ്ങളിൽ നിന്ന് തനിക്ക് മാറ്റം തന്ന നാടാണ് ഇത്. ഗൾഫിലെ ലേബർ ക്യാമ്പുകളിൽ ഒരിക്കൽ സന്ദർശനം നടത്തിയ ഹൈകമ്മിഷണർ ഗോപാലൻ മേനവൻ എന്ന ഗോപാൽജിയാണ് തനിക്ക് ഒരു രക്ഷകനായത്. മലയാളികളുടെ കൂട്ടത്തിലെ ഏക പാട്ടുകാരനായത് കൊണ്ട് സമാനരീതിയിൽ ഉള്ള പരിപാടികൾക്കു തനിക്കും ക്ഷണം ഉണ്ടാവാറുണ്ട്. അങ്ങനെ ഒരിക്കലാണ് ഗോപാൽജി അവിടെ എത്തിയതും നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണുണ്ട് എന്ന പാട്ടു പാടിയതും ശേഷം അദ്ദേഹം അടുത്ത് വിളിച്ചു സംസാരിച്ചതും എന്റെ അവസ്ഥകളെ പറ്റി പറഞ്ഞതും ഒക്കെ. ഒരേ നാട്ടുകാരനോടുള്ള താൽപര്യമോ പാട്ടുകാരാണെന്നുള്ള സ്നേഹമോ .. അറിയില്ല മാസം മൂന്നു കഴിഞ്ഞപ്പോ ഒരു കത്ത് വന്നു. സർട്ടിഫിക്കറ്റുകളുമായി വിശാഖപട്ടണത്തു ഇന്റർവ്യൂവിനു എത്തിച്ചേരണം എന്നെഴുതിയ കത്ത്. തന്റെ ഭാവിയുടെ പുസ്തകത്തിലെ താളുകളിൽ വിധിയുടെ വരികൾ മാറ്റിയെഴുതിയ ആ മഹാനുഭാവന് ഒരിക്കൽ കൂടി സാദരപ്രണാമം. അങ്ങനെയാണ് താനീ സ്വപ്നഭൂമിയിൽ എത്തിച്ചേർന്നത്. അവിടെ നിന്നാണ് ഇന്നീ കാണുന്ന എല്ലാത്തിന്റെയും തുടക്കം. പറഞ്ഞു പറഞ്ഞു പരന്നു പോയൊരു പാഴ്ക്കഥ പോലെ താനിതെങ്ങോട്ടാണ്. ഒറ്റപ്പെടലെന്ന വസൂരിയുടെ പാടുകൾ മെല്ലെ തന്നിൽ നിന്ന് മാഞ്ഞുപോകുകയാണോ? പെട്ടെന്ന് തോർന്നുണങ്ങി തീർന്നു പോയ വേനൽമഴ പോലെ തന്റെ ചിന്തകളും വരണ്ടുപോകുമോ? വിഷയമില്ലാതെ അപ്പോ താനിനി എന്തെഴുതും. മനസിലെ ചിന്തകളുടെ പുക മണക്കുന്ന വൈതരണിയിലൂടെ നടന്നു നീങ്ങിയിരുന്ന താൻ ആദ്യമായാണ് തന്നെ പറ്റി എഴുതാനുറച്ചത്. തന്നെക്കൊണ്ട് സാധിക്കില്ല എന്ന് താനും മറ്റുള്ളവരും വിധിയെഴുതിയിരുന്ന പലതും ചെയ്തു വിജയത്തിൽ എത്തിയ ഒരു പോരാളിയാണ് താൻ. ആ ആത്മവിശ്വാസം പാതി വഴിയിൽ മുറിഞ്ഞു പോകയാണോ? അനുവദിച്ചു കൂടാ! താൻ വിഷയത്തിൽ നിന്നും നടന്നകന്നു കൂടാ!! അയാൾ നിശ്ചയിച്ചുറച്ചു! ഇതാദ്യമല്ല ഇങ്ങനെയുള്ള അനുഭവം. ഈ കാലമത്രയും ജീവിച്ചു ഇവിടെയെത്തി നിൽക്കുമ്പോൾ എത്ര വട്ടമാണ് തന്റെ കൈകൾ വിറച്ചു പോയിട്ടുള്ളത്, കാലുകൾ തളർന്നുപോയത്, മനസ്സ് ആലോചനയുടെ ചതിക്കുഴിയിൽ വീണുപോയത്!! ഭാഗ്യം മനസ്സ് ഇന്നും താളം തെറ്റാതെ ഇരിക്കുന്നുവല്ലോ. 

ദാരിദ്ര്യരേഖയുടെ കീഴിലെ തണലിൽ ആയിരുന്നു ബാല്യം. 6 മക്കളിൽ ഇളയവൻ. ബാക്കി ആരെയും കുറിച്ചെഴുതുന്നില്ല. കാരണമറിയാമല്ലോ, ഇതെന്റെ മാത്രം കഥയാണ്. ബാല്യത്തിൽ താൻ ഒരുപാടു കള്ളം പറയുന്ന കുട്ടിയായിരുന്നു. ഒരു ആവശ്യവുമില്ലാത്ത ചെറിയ കള്ളങ്ങളുടെ സുൽത്താൻ. കാരണം മറ്റൊന്നുമല്ല, സത്യത്തോടുള്ള ഭയം, സത്യം പറഞ്ഞാൽ കിട്ടിയേക്കാവുന്ന ശിക്ഷകളോടുള്ള ഭയം. ആദ്യമാദ്യമുണ്ടായ ചില രക്ഷപെടലുകളോടെ ഉറപ്പിച്ചു. ഇതിലൊരു സമാധാനമുണ്ട്. അത് പിന്നെ ഒരു ശീലമായി. കള്ളങ്ങളുടെ എണ്ണം കൂടി വന്നു ശിക്ഷകളും തെല്ലൊന്നു കുറഞ്ഞു. പക്ഷെ കോളജ് പഠനകാലത്തു തന്നെ കിട്ടിയ സൗഹൃദം ആണ്‌ ഈ സ്വഭാവത്തേ മാറ്റിയത്‌. അവനൊരിക്കൽ ചോദിച്ചു. കള്ളം പറഞ്ഞിട്ട് ശിക്ഷ കിട്ടാതെയിരിക്കുമ്പോ സമ്പൂർണമായ സമാധാനം കിട്ടുന്നുണ്ടൊ? ഉത്തരം പെട്ടെന്ന് വന്നു...." ഇല്ല" "അപ്പൊ നീയൊരു നല്ല കള്ളനല്ല, നല്ല കള്ളൻമാർക്കു മാത്രമേ ഒരു മനസാക്ഷിക്കുത്തുമില്ലാതെ എല്ലാം മറക്കാനും സമാധാനമായിരിക്കാനും കഴിയൂ. നാമെല്ലാം ചെറിയ കള്ളന്മാരാണ്, ഒന്നാലോചിച്ചു നോക്കിയേ, സത്യം വെളിച്ചമാണെങ്കിൽ അതിനെ മൂടുന്ന കറുത്ത പുകയാണ് കള്ളം. പുക അൽപം കഴിഞ്ഞു മായും പകൽ വെളിവാകും. പിന്നെയെന്തിനു നമ്മൾ കളവു പറയണം."? "എന്റെയനുഭവം പറയാം" അവൻ പറഞ്ഞു. "സ്ഥിരം കളവു പറഞ്ഞിരുന്ന ഞാൻ ഒരിക്കൽ സര്‍വധൈര്യവും സംഭരിച്ചു സത്യം പറഞ്ഞു. ഒരടി കിട്ടി. പക്ഷെ അതിനു ശേഷം എനിക്കുണ്ടായ സന്തോഷം, സമാധാനം; അത് പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു ഡാ. തെളിഞ്ഞ മാനത്തു പെയ്ത മഴപോലെ എന്റെ സകലകളങ്കവും കഴുകിയൊഴുക്കി കളയാൻ ശക്തിയുള്ളതായിരുന്നു ആ വാക്കുകൾ. കള്ളത്തിനു ആദ്യം തോന്നുന്ന മധുരം പിന്നീട് കയ്പായി മാറും എത്ര വെള്ളം കുടിച്ചാലും മാറാത്ത കനത്ത കയ്പ്. പക്ഷെ സത്യമോ? അത് ആദ്യമൊന്നു കയ്ക്കും പക്ഷെ അൽപം കഴിഞ്ഞു നാവിൽ ഊറുന്ന മധുരത്തിന്റെ സ്വാദ്.. അതൊരു അനുഭവമാണ്. ആ സ്വാദൊരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ പിന്നെയൊരാളും കളവു പറയില്ല. തീർച്ച. 

അങ്ങനെയൊരിക്കൽ തന്റെ കൈയ്യിൽ നിന്നും വീണോരു ചിമ്മിനിവിളക്കു പൊട്ടി. ആറുപേരിൽ ആദ്യചോദ്യം തന്നോട് തന്നെ. ധൈര്യം സംഭരിച്ചു വെച്ചു. പറമ്പിൽ പുല്ലുചെത്തുന്ന പണിയ്ക്കു പോയിരുന്ന അമ്മ വന്ന പാടെ പിടി കൂടി. ഇതാരാടാ പൊട്ടിച്ചത്? ആദ്യം വായിൽ വന്നത് കള്ളമാണ്. ആ എനിക്കറിയില്ല. ചോർന്നു പോയ ധൈര്യം മുറുകെപ്പിടിച്ചു അടിയുടെ പേടിയിൽ കണ്ണ് മുറുക്കിയടച്ചു കൊണ്ട് പറഞ്ഞു "ഞാനാണ് അമ്മേ, അറിയാതെ വീണു പോയതാ". ഞെട്ടിയത് അമ്മയാണ്. കുറച്ചു നേരം മിണ്ടാതെ എന്നെ നോക്കി. അമ്മയുടെ കണ്ണുകൾ നിറഞ്ഞു; എന്റെയും. വിയർപ്പു പുരണ്ട കൈകൾ നീട്ടി എന്റെ മുടിയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു, "സാരമില്ല മക്കളേ." അന്ന് തുടങ്ങി കള്ളം പറഞ്ഞിട്ടില്ല. സത്യം പറഞ്ഞതിന് ഒരുപാട് ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ട്. അടക്കിപ്പിടിച്ച ചിരികളും മുറുമുറുക്കലുകളും. പക്ഷെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോ ഓർത്തു വിഷമിക്കാൻ തക്ക വണ്ണം ഒരു കള്ളത്തരങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടില്ല അന്ന് തൊട്ടിന്നു വരെ. സത്യമെന്ന ചെറിയ ചാറ്റൽമഴ നനഞ്ഞു കുളിരുമ്പോഴുള്ള സുഖം, താൻ അന്നുതൊട്ടനുഭവിക്കുകയാണ്. ഏകാന്തമായി ജീവിക്കാൻ തുടങ്ങിയത് ഊട്ടിയിലെ തന്റെ ചെറുവീട്ടിൽ നിന്നും ആണ്‌. സാമാന്യം വലുപ്പമുള്ള രണ്ടു മുറികൾ, ഒരു സമയലറയ് അഥവാ അടുക്കള, ഒരു ബാത്രൂം. അന്യനാട്ടിലെ ദുരിതത്തിൽ നിന്നും വന്ന തനിക്ക് സ്വർഗ്ഗമായിരുന്നു ആ വീട്. രാത്രി ഡ്യൂട്ടി ഉള്ളപ്പോൾ പകൽ മുഴുവനും ഉറക്കം. ഉച്ച തിരിഞ്ഞു ഉറക്കമുണർന്നാലും ചുറ്റുമെങ്ങും ആരുമില്ല. കായലിനരികിൽ പോയാലും അങ്ങ് ദൂരെ പൊട്ടു പോലെ സഞ്ചാരികളെ കാണാം. പകൽ ഡ്യൂട്ടി ഉള്ളപ്പോഴാണ് അതിലുമെറെ വിരസത.

ഡ്യൂട്ടി കഴിഞ്ഞു 5.30 മണിയാകുമ്പൊ വീടെത്താം. ഒരു മണിക്കൂറിൽ സമയലും കുളിയും തീരും. പിന്നെ ഒരിരുപ്പാണ് രാത്രി നീളെ. ഇടയ്ക്ക് മാത്രം ശബ്ദിക്കുന്ന ഒരു പഴഞ്ചൻ റേഡിയോ ഒഴിച്ചാൽ പിന്നെ ചീവീടുകളുടെ ശബ്ദം മാത്രമാണ് കൂട്ട്. ആ നാളുകളിലെന്നോ ആണ്‌ താൻ ഏകാന്തതയുടെ കൂട്ടാളിയായി മാറുന്നത് (ഏകാന്തതയ്ക്കൊരു കൂട്ട് വന്നാൽ അത് പിന്നെ ഏകാന്തത അല്ലാതെയാവില്ലേ എന്ന ചോദ്യം ഇങ്ങോട്ട് വേണ്ട, ഞാൻ എഴുതുന്നത് കേരളപാണനീയം ഒന്നുമല്ലല്ലൊ, തൽക്കാലം ക്ഷമിക്കുക). പിന്നീടങ്ങോട്ടു താൻ മെല്ലെ മെല്ലെ പൂര്‍ണമായും തനിച്ചായി. ഏകാന്തത എന്ന പുതപ്പു മൂടി പകലും രാത്രികളും തള്ളിനീക്കാൻ തുടങ്ങി. തനിച്ചായി തനിച്ചായി ഒടുവിൽ സ്റ്റേഷനിൽ വരുന്ന തീവണ്ടികൾ പോലും അലോസരമാവാൻ തുടങ്ങി. ട്രാക്ക്മാൻ മുത്തുവേലിന്റെയും ഗുഡ്‌സ് ഗാർഡ് നടരാജന്റെയും ശബ്ദം പോലും അലോസരമായി തോന്നുന്നു. ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്ന് മുറിത്തമിഴിൽ പലവട്ടം ചോദിച്ചിട്ടുണ്ട്. മുറിയിലെത്തി കഴിയുമ്പോ തന്റെ സാമ്രാജ്യമാണെന്ന് തോന്നി തുടങ്ങി. തനിച്ചിരുന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവം എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നേരത്തേ എവിടെയോ പറഞ്ഞു മുറിഞ്ഞത് പോലെ, ഒരിക്കൽ എന്റെ ഏകാന്തതയുടെ കരിപുരണ്ട നാളുകൾക്കൊരു വെള്ളിവെളിച്ചത്തിന്റെ സിഗ്നൽ നീട്ടിക്കൊണ്ട് ഒരു പുതിയ തീവണ്ടിയുടെ പുകച്ചുരുൾ അവിടെയെങ്ങും പരന്നു. രാത്രി ഡ്യൂട്ടിയുടെ ചിമ്മിനിവിളക്കെരിഞ്ഞു തീരാറായി നിൽക്കുമ്പോ ദൂരെനിന്നും നീങ്ങി നിരങ്ങിവന്ന ട്രെയിനിന്റെ ആദ്യത്തെ ബോഗിയിൽ നിന്നും രണ്ടു കുഞ്ഞിക്കാലുകൾ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. ഉദഗമണ്ഡലത്തിന്റെ പ്രഭാതങ്ങൾക്ക് മറ്റൊരു ഉണർവ് പകർന്നു കൊണ്ട്. 

സ്റ്റേഷനടുത്തുള്ള ചെറിയ റൂമിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സീനിയർ സ്റ്റേഷൻ മാസ്റ്റർ നഞ്ചഗൗഡയ്ക്ക് പകരം ഷൊർണൂരിൽ നിന്നും സ്ഥലം മാറിവന്ന കന്നഡക്കാരൻ ഉദ്യോഗസ്ഥൻ അശ്വന്ത് കുമാറും ഭാര്യ ഹര്‍ഷിതയും കുഞ്ഞുമകൾ വിദ്യയും. പെട്ടികൾ ഇറക്കി വെച്ച് ചെറിയൊരു പരിചയപ്പെടല്‍ കഴിഞ്ഞപാടെ തന്നെ അവരൊടു എന്തെന്നില്ലാത്ത ഒരു അടുപ്പം തോന്നി. പുട്ടാ എന്ന് അമ്മയും അച്ഛനും കൊഞ്ചിച്ചു വിളിക്കുന്ന ആ നാലുവയസ്സുകാരി പെട്ടെന്ന് എന്റെ ഹൃദയത്തിലിടം പിടിച്ചു പറ്റി. ബോഗിയുടെ വാതിലിനരികിൽ തന്നെ നിന്നുള്ള സംസാരത്തിനിടെ താനാണ് പറഞ്ഞത്, "കം ലെറ്റസ്‌ ഗോ റ്റു ഔർ ഓഫീസ്." അശ്വന്ത് തലയാട്ടി, ബാഗുകൾ മുത്തുവേലിനെ ഏൽപിച്ചു താൻ അവരോടൊപ്പം നടന്നു. ഒരു കൈകൊണ്ട് അച്ഛനെ മുറുകെപ്പിടിച്ചിരുന്ന വിദ്യക്കുട്ടി മെല്ലെ എന്റെ മുഖത്തേക്കുനോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് വലത്തേക്കൈ എന്റെ നേർക്ക് നീട്ടി. അവളുടെ കുഞ്ഞിക്കയ്യും പിടിച്ചു നടക്കുമ്പോ ഉള്ളു കൊണ്ട് ഓർക്കാതെ താനും വിളിച്ചു "പുട്ടാ !" സ്റ്റേഷനിൽ പുതിയൊരാൾ വന്നതിലുമേറെ സന്തോഷം അശ്വന്തും കുടുംബവും തന്റെ അയൽവാസികളായാണ് വരുന്നത് എന്നറിഞ്ഞപ്പോഴാണ് ഉണ്ടായത്. എകാന്തതയ്ക്കൊരു വിരാമമായല്ലോ എന്ന് മനസ്സ് പറയാതെ പറഞ്ഞു. തന്റെ മുറ്റത്തു പറക്കുന്ന പൂക്കൾക്കും വിരിയുന്ന ശലഭങ്ങൾക്കും ഒക്കെ ഇനിയൊരു കാരണമുണ്ടാവാൻ പോകുന്നു. മെല്ലെ മെല്ലെ ജീവിതം വിദ്യക്കുട്ടിയെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ടേയിരുന്നു. വിരസതയുടെ വിളനിലമായ എന്റെ ജീവിതത്തിൽ ഒരു വസന്തമായി വന്ന കൊച്ചു മിടുക്കി. തനിക്കറിയാത്ത ഭാഷയിൽ കൊഞ്ചിക്കൊഞ്ചി തന്നോടവൾ വാ തോരാതെ സംസാരിച്ചു. പിണക്കങ്ങളും പരിഭവങ്ങളും കൊഞ്ചലുകളും കളിചിരികളുമായി തങ്ങളുടെ സൗഹൃദം വളർന്നു. പ്രഭാതങ്ങൾ അവളെ കാണാനുള്ളതായി മാറി. ജോലി കഴിഞ്ഞു വന്നാൽ അവളും ഓടിയെത്തും. പൂന്തോട്ടം പരിപാലിക്കലും കായലില്‍ മീൻപിടിക്കാൻ പോകലും ഒക്കെ ഒന്നിച്ചായി. മെല്ലെ മെല്ലെ ചെറിയ ചെറിയ മലയാളം വാക്കുകൾ അവളെ പഠിപ്പിച്ചു. എന്നെ അവൾ ചെറിയ കൊഞ്ചലോടെ ദൊഡ്ഡപ്പാ എന്ന് വിളിച്ചു തുടങ്ങി. ഞാനവളെ പുട്ടാ എന്നും. 

സ്‌കൂളിൽ നിന്നും തിരിച്ചു വരുമ്പോ അവൾ ആദ്യം എന്നെയാണ് അന്വേഷിക്കാറ്. ചിലപ്പോ അപ്പയുടെയും അമ്മയുടേയുമൊപ്പം അവൾ വീട്ടിൽ വരും, കഥകൾ പറഞ്ഞു കൊടുക്കും, പിന്നെ സ്കൂളിൽ പഠിപ്പിച്ച റൈംസ് പാടികേൾപ്പിക്കും, മുറ്റത്തു കെട്ടിയ ഊഞ്ഞാലിൽ പാട്ടും പാടിക്കൊണ്ട് ആടി രസിക്കും. അവളുടെ വിശേഷങ്ങളും കഥകളും കേട്ടും കണ്ടും ഞാൻ എന്നെത്തന്നെ മറന്നിരിക്കും. അങ്ങനെ സ്റ്റോപ്പില്ലാതെ പോകുന്ന ഗുഡ്‌സ് ട്രെയിൻ പോലെ ഞാനും അശ്വന്തും വിദ്യക്കുട്ടിയും മുത്തുവേലുവും സ്റ്റേഷനും ഒക്കെയായി ജീവിതം മുന്നോട്ട് പോയി. ഒറ്റപ്പെടലെന്ന കടുംചായമില്ലാതെ ആശ്വാസത്തിന്റെ ഇളംചായം ചാലിച്ച ചിത്രം പോലെ ഞാനുമതിന്റെ ജനലരികിൽ ഒളിവീശി നിന്നു. ഓൾ ഇന്ത്യ റേഡിയോയിലെ പാട്ടിന്റെ ശ്രുതിയോടൊപ്പം ഇമ്പത്തോടെ പെയ്തിരുന്ന ഒരു രാത്രി. വിദ്യക്കുട്ടിയ്ക്ക് നാളെ സമ്മാനിയ്ക്കാനായി പുതിയ കുറച്ചു കഥാപുസ്തകങ്ങൾ വാങ്ങിയിരുന്നു. സോണൽ എൻജിനീയറെ കാണാൻ മദ്രാസിൽ പോയപ്പോ വാങ്ങിച്ചു കൈയ്യിൽ കരുതിയതാണ്. അവളുടെ പരീക്ഷകൾ കഴിയട്ടെ എന്ന് കരുതി. ഇനിയവ വർണക്കടലാസിൽ പൊതിഞ്ഞു ഭംഗിയാക്കണം. വടിവൊത്ത അക്ഷരത്തിൽ അവളുടെ പേര് എഴുതിച്ചേർക്കണം "വിദ്യ അശ്വന്ത് കുമാർ". മുറി മലയാളത്തിൽ അവൾ പറയാറുള്ളത് പോലെ, "എല്ലാറും നെറ്റനം". ഒറ്റപ്പെട്ട തന്റെ ജീവിതത്തിലൊരു വസന്തം പോലെ വന്നിറങ്ങിയ ഒരു വെൺമേഘമാണ് വിദ്യക്കുട്ടി. അവളുടെ ചിരിയും കളിയും കണ്ടും കേട്ടും തന്റെ ഉള്ളിലെവിടെയോ ഒരു അച്ഛന്റെ മാനസികാവസ്ഥ വളർന്നു വന്നിരിക്കുന്നു. അൽപം ചിരിയോടെ അയാളോർത്തു, താനെങ്ങനെ ഇങ്ങനെയായി: ഇന്നിങ്ങനെയെങ്കിലിനി നാളെ താനെങ്ങനെയാവും. ശോ കുഴപ്പിക്കുന്ന ഒരവസ്ഥ തന്നെ ഒരച്ഛന്റെത്. അയാൾ ചിന്തിച്ചു പോയി. 

പെട്ടെന്നാണ് വാതിലിലൊരു മുട്ട് കേട്ടത്. തുറന്നപ്പോൾ അശ്വന്ത് ആണ്‌. ആകെ നനഞ്ഞിരിക്കുന്നു. മഴയിൽ നനഞ്ഞുലഞ്ഞു കയറിവന്ന അവന്റെ കണ്ണുകളും നിറഞ്ഞൊഴുകയായിരുന്നു എന്ന് ആദ്യം താൻ ശ്രദ്ധിച്ചില്ല. തല തുവർത്താൻ ടവ്വൽ കൊടുത്തത് വാങ്ങുമ്പോ അവൻ വിങ്ങിപൊട്ടിപ്പോയി. "സർ.. എന്റെ അച്ഛനും അമ്മയും പോയി. എന്നെ വിട്ടു പോയി. പോയി... എനിക്കിനിയാരുണ്ട്!" "എന്ത് പറ്റി ? തെളിച്ചു പറയൂ" "സർ, ഞങ്ങളുടേതൊരു ചെറിയ ഗ്രാമമാണ്. അവിടെ ഇത്തവണ മലമ്പനി വന്നുപോയപ്പോ നാട്ടിൽ നിന്ന് അവരെയും കൊണ്ട് പോയി!!" പെട്ടെന്നുണ്ടായ ഞെട്ടലിൽ അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് പോലും മനസിലായില്ല. എങ്കിലും അവന്റെ ചുമലിൽ തട്ടി പറഞ്ഞു. "സാരമില്ല എല്ലാം വിധിയാണ്." വിധിയെ പറ്റി അതല്ലാതെ താനെന്ത് പറയാൻ! മൈസൂരിലേക്കുള്ള ആഴ്ചവണ്ടിയിൽ അവരെ കയറ്റി വിടുമ്പോ എന്നെ തന്നെ നോക്കി നിന്ന് സങ്കടത്തോടെ എന്റെ വിദ്യക്കുട്ടി പറഞ്ഞു. "ദൊഡ്ഡപ്പാ..നാനു പോയിട്ട് ബേഗ ബരാമെ" എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാണോ എന്തോ അവൾ വീണ്ടും പറഞ്ഞു. "സാരമില്ല, പുട്ട ബേഗം ബരാമെന്നേ! സങ്കഡ ബേണ്ടാട്ടോ!" അതു കേട്ടപ്പോഴാണ് സകല നിയന്ത്രണവും വിട്ടു പോയത്. ദൂരേയ്ക്കകന്നു പോയ വണ്ടിയെ നോക്കിയേറെ നേരം നിന്നിട്ട് തിരികെ നടക്കുമ്പോ മനസ്സാകെ കലങ്ങിയിരുന്നു. നെഞ്ചിന്റെ ഉള്ളിൽ എന്തോ ഒരു കനം പോലെ. മുഴുവൻ എഴുതി തീരാത്ത കവിത പോലെ തന്റെ ജീവിതമിങ്ങനെ തട്ടിയും തടഞ്ഞും തീർന്നു പോവുകയാണോ? വീട്ടിലെത്തിയ അയാൾ ആലോചിച്ചു. തനിക്കും വേണം കുടുംബത്തിൽ നിന്നകലെയല്ലാതെയൊരു ജീവിതം.. സമയം വൈകി. ഇനിയൊരു ജീവിതമുണ്ടോ? പിന്നീടുള്ള നാളുകളിൽ പ്രിയതമയും മക്കളുമൊക്കെ ഈ വീട്ടിൽ തന്നോടൊപ്പം ഏറെ നാൾ. അങ്ങനെ പലയിടങ്ങളിലായി, പലനാളിനൊടുവിൽ താൻ തനിയെ വീണ്ടും ആ വീട്ടിൽ എത്തി. അതും വിധിയാവുമെന്നു ആശ്വസിച്ചു. അങ്ങനെ ഓർമകളുടെ നിദ്രയിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി.

കണ്ണ് തുറന്നുള്ള ഉറക്കത്തിൽ നിന്നു പെട്ടെന്ന് അയാൾ ഞെട്ടി എഴുന്നേറ്റു. ഒരു ഫോൺ കാൾ. വർഷങ്ങൾക്കു ശേഷമാണ് താനിവിടെ. തനിയ്ക്കായി തന്നെയോ ഈ ഫോൺ ശബ്ദിക്കുന്നത്? കാൾ മൈസൂരിൽ നിന്നാണെന്നു കന്നഡയിൽ പറഞ്ഞു ഏതോ ബൂത്ത് ഓപ്പറേറ്റർ കട്ട് ചെയ്തു. പെട്ടെന്ന് ഞെട്ടി. അശ്വന്തും കുടുംബവും എന്റെ വിദ്യക്കുട്ടിയും കണ്മുന്നിലൂടെ മാറിമറഞ്ഞു. എന്റെ വിദ്യക്കുട്ടി. ഈശ്വരാ ഈ നാളുകൾക്കിടയിലെത്ര ശ്രമിച്ചിട്ടും അവരേപ്പറ്റിയൊന്നും അറിയാൻ സാധിച്ചില്ല. ഇപ്പോഴിതാ താൻ എത്തിച്ചേർന്ന അതെ ദിവസം തനിയ്ക്കായൊരു കോൾ. തന്റെ വിദ്യക്കുട്ടിയിൽ നിന്ന്... ദൈവമെന്ന മായാജാലക്കാരനെ തെല്ലൊരു നിമിഷം ഓർത്തു. “സർ...എന്തൊക്കെയുണ്ട്. അശ്വന്ത് പറഞ്ഞിട്ട് വിളിക്കുകയാണ്. അദ്ദേഹം ഇപ്പോ അധികം ആരോടും സംസാരിക്കുന്നേയില്ല. ഇപ്പോൾ കിടക്കയിൽ തന്നെ.” ഹർഷിതയാണ് അങ്ങേ തലയ്ക്കൽ. കന്നഡയിലാണ് സംസാരം. വീണ്ടും ഉണ്ടായ ഞെട്ടലിൽ തൊണ്ടയിൽ കുടുങ്ങിപ്പോയ പാതിശബ്ദത്തിൽ ഞാൻ ഒരു ഞരക്കത്തോടെ ചോദിച്ചു. "കിടക്കയിലോ? എന്തുണ്ടായി.?" മറുതലയ്ക്കൽ അടക്കിപ്പിടിച്ച തേങ്ങൽ. "സർ ഒന്നും അറിഞ്ഞു കാണില്ല അല്ലെ? അവിടെ നിന്ന് വന്ന അടുത്ത മാസം തന്നെ അശ്വന്ത് ജോലി രാജി വെച്ച് കുടുംബവീട്ടിൽ താമസമാക്കി. ഒന്നും അറിയിക്കാൻ പറ്റിയില്ല. ആകെ തകർന്ന കുടുംബത്തെ എല്ലാ രീതിയിലും ഒന്ന് നേരെയാക്കാൻ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചിലവാക്കി. എല്ലാ രീതിയിലും മനസ്സാകെ നീറ്റിയ രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ശാപം പോലെ വിരുന്നു വന്ന മലമ്പനി അത്തവണയും തിരികെ പോയത് തനിച്ചല്ല." തേങ്ങൽ കരച്ചിലിന് വഴിമാറി. ശ്വാസമടക്കി പിടിച്ചു കൊണ്ട് നേരിയ വിറയലോടെ ഫോണിൽ മുറുകെ ചെവി ചേർത്തു. "ഞങ്ങളുടെ വിദ്യമോൾ... ഞങ്ങളെ തനിച്ചാക്കി പോയി.!!" ഹർഷിത പൊട്ടിക്കരഞ്ഞു കൊണ്ട് മുഴുവിച്ചു. പൊടുന്നനെ കാൾ കട്ട് ആയി. തലയ്ക്കുള്ളിലെ മുഴക്കം പോലെ മറുതലയ്ക്കൽ ടെലഫോൺ ബീപ്പ് ശബ്ദം മുഴങ്ങി.

കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. സർവ നാഡികളും തളരുന്ന പോലെ. തല കറങ്ങുന്ന പോലെ. ഈശ്വരാ.. ഒന്നുറക്കെ കരയാൻ തനിക്ക് കഴിയാത്തതെന്തേ? കാലങ്ങളുടെ ഏകാന്തത കൊണ്ട് താൻ നേടിയെന്നു ഒരിക്കൽ എഴുതി ഇടാൻ ആഗ്രഹിച്ച ആത്മസംയനവും നിർനിമേഷതയുമൊന്നും തന്നെ ഈ നിമിഷത്തിൽ തൊട്ടു തീണ്ടുന്നില്ല. താൻ താഴേയ്ക്കു വീഴുകയാണോ, അതോ വ്യഥയാൽ നിറഞ്ഞു കലങ്ങിയ തന്റെ ആത്മാവ് പറന്നു അനന്തമായ ശൂന്യതയിലേയ്ക്കിറങ്ങുകയാണോ?? ബോധം നഷ്ടപ്പെട്ട അയാൾ മെല്ലെ ആ തറയിൽ കുഴഞ്ഞു വീണു.!!!! മൂകം .... നീണ്ട നേരത്തേ മൂകത. ജന്മാന്തരങ്ങൾക്കു ശേഷമെന്ന പോലെ അയാൾ മെല്ലെ കണ്ണ് ചിമ്മി തുറന്നു. വീണ്ടുമൊരു മൂളൽ കൊട്ടിയടച്ച കാതുകൾ രണ്ടിലും ഇപ്പോഴും തന്റെ ദിവ്യക്കുട്ടിയുടെ അവസാന വാക്കുകൾ. "ഞാൻ വേഗം വരാമേ.." സ്ഥലകാലബോധം വീണ്ടു കിട്ടിയ അയാൾ ഏറെ നേരം ജനാലയ്ക്കരികിലുള്ള തന്റെ കസേരയിൽ നിർവികാരനായി ഇരുന്നു. ജീവിതമേറെ കടന്നു പോയി. ഇവിടെ നിന്നും മനസ്സ് തകർന്ന് ഇറങ്ങിയ നാൾ തൊട്ടനേകം വർഷങ്ങൾ. വീടും കല്യാണവും ഈശ്വരൻ തന്ന മക്കളുമായി ജീവിതരഥമേറെയുരുണ്ടു. വിദേശത്തു താമസമാക്കിയ മക്കളെയും, തുടരെയുണ്ടായ രോഗപീഡകളാൽ തന്നെ വിട്ടു പോയ പ്രിയതമയേയും മറക്കാൻ ശ്രമിച്ചുകൊണ്ട് ജീവിതത്തിന്റെ അവസാനനാളുകൾ ചെലവിടാന്‍ താൻ തെരഞ്ഞെടുത്ത തന്റെ പ്രിയഗൃഹത്തിൽ വീണ്ടും എത്തിയിരിക്കുന്നു. ഈ വീടും, ജനാലയും, തൊടിയും ഒന്നും മാറിയിട്ടില്ല. യുവത്വത്തിന്റെ വസന്തവും ദാരിദ്ര്യത്തിന്റെ വർഷവും അധ്വാനത്തിന്റെ ഗ്രീഷ്മകാലവും ഗാർഹസ്ഥ്യത്തിന്റെ ശിശിരവും മദ്ധ്യവയസ്സിന്റെ ഹേമന്തവും പിന്നിട്ടു വാർദ്ധക്യത്തിന്റെ ശരത്ക്കാലത്തിലേയ്ക്ക് കാലെടുത്തു വച്ച താൻ മാത്രം മാറി. ഈ വീട്ടിൽ അവളുണ്ട്, തന്റെ എല്ലാമായിരുന്ന വിദ്യക്കുട്ടി. പെട്ടെന്ന് വീശിയ ഒരു കാറ്റിന്റെ തണുവിനാൽ തെല്ലൊന്നനങ്ങിയ അയാൾ പുറത്തേ ഉദ്യാനത്തിലേയ്ക്ക് നോക്കി. തന്റെ ഉദ്യാനത്തിലെ പ്രിയ പനിനീർപുഷ്പം കൊഴിഞ്ഞിരിക്കുന്നു!! താനിതാ വീണ്ടും ഒറ്റ!!!

English Summary:

Malayalam Short Story ' Otta ' Written by Thrikkodithanam Dileep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com