കിഷോർ കണ്ടങ്ങത്ത് എഴുതിയ രണ്ട് കവിതകൾ
Mail This Article
1. നന്ദി... ഒരായിരം നന്ദി!
അമ്മ തന്നുദരത്തി-
ലെന്നെച്ചുമന്നൊരാ
മംഗളോദാരയാം
മാതാവിനെൻ നന്ദി!
ആകുല ചിത്തനായ്
ജീവിതത്തോണിയിൽ
ഏകാകിയായ്ത്തീർന്ന
അച്ഛനും നന്ദി..!
ജീവിതമാം തൂക്കു
പാലത്തിൽ ദീപമായ്
കത്തിജ്ജ്വലിച്ചൊരാ
ഗുരുനാഥനും നന്ദി.
അംഗവൈകല്യങ്ങ-
ളൊന്നുമേയില്ലാതെ
ഭൂവിതിൽ ജന്മമേകിയ
സർവേശനുമെന്റെ നന്ദി!
എന്നെ ഞാനാക്കിയ,
നിസ്തുല വന്ദ്യരാം
സോദരർ, കൂട്ടുകാർ-
ക്കെന്റെ പ്രണാമം!
ഓടിത്തളർന്നൊരെൻ
ചാരത്ത് വാത്സല്യ-
ക്കതിരൊളി തൂകിയ
മുത്തശ്ശിക്കെൻ മുത്തം!
പരിപക്വമാമെന്റെ
ജീവിതാധാരമായ്
ആശംസകൾ നേർന്ന
പൗരാവലിക്കെൻപ്രണാമം
എൻവീഴ്ച, തളർച്ചയും
കൃത്യവിലോപങ്ങളും
ആശംസിക്കുവോരേ,
നന്ദിയൽപം സ്വീകരിക്കൂ!
ഒടുവിലീ തിരിനാളം
ഒരു കൊടും കാറ്റിൽ
അണയാതെ സൂക്ഷിച്ച
പ്രേയസീ..! പ്രണാമം!
എൻജീവിതത്തിന്റെ
നിറതിങ്കൾ കതിരായി
ഒളി തൂകിടുമെന്റെ
തനയനും നന്ദി..!
എന്റെ സ്വപ്നങ്ങളിൽ
എരിതീ ചൊരിഞ്ഞോരോ
വേദനകൾ, ആത്മ
ദു:ഖങ്ങളേ... നന്ദി... നന്ദി!
2. അലിവിന്റെ പാലാഴി
അലിവിന്റെ പാലാഴി
അകതാരിലുണ്ടെങ്കിൽ
മറ്റൊരു സദ്ഗുണം
മനുജന്ന് വേണമോ?
മന്നവനാകിലും
യാചകനാകിലും
കാരുണ്യ ഹീനൻ
മാനവനാകുമോ!
ഇന്ദ്രിയ ഗോചര-
മല്ലാത്ത ചിന്തകൾ
അന്തർഗതങ്ങളിൽ
ദ്യോതിപ്പിച്ചീടുമാ
സുന്ദര ദൈവീക
സോപാന സംഗീതം
സർവ വികാരത്തിൻ
ഉത്തുംഗ സീമകൾ
ഉല്ലംഘിച്ചീടുമൊ-
രഭൗമ സ്വർഗ്ഗീയ
അനുഭൂതി കരുണ!
ചേതോഹാരിയാം
മോഹനരാഗം പോൽ
ആത്മാവിലുതിരുമൊ-
രുഷസ്സന്ധ്യ കരുണ!
മിഴിവാർന്ന മേദിനിയിൽ
ഒരുമിച്ചു കുറുകുമൊരു
അരിപ്രാവിൻ ഹൃത്താണ്
ഉദാത്തമാം കരുണ!
അനന്തമാമാകാശ
സീമകൾക്കപ്പുറം
കനിവാർന്നൊരീശന്റെ
കരളുരുകിയൊഴുകുന്ന
തെളിവാർന്നൊരമൃതിൻ
ഉറവയാം കരുണ!
സ്നേഹമാണുർവി തൻ
ജീവാമൃതമെങ്കിലോ
കരുണയാണുത്കൃഷ്ട
ചേതോവികാരവും.
കാരുണ്യ നീരുറവ
പാടേ നിലയ്ക്കുകിൽ
കാപാല മാനസമതു
നാരകീയമാം ഭീതിദസത്വം!
കാരുണ്യമതേകുന്ന
നിർവൃതിയവർണ്യം
ദാതാവിലും തഥാ
സ്വീകർത്താവിലും
അവാച്യമതു തീർക്കുന്നൂ
അദമ്യമാമനുഭൂതി..!