ലോപ്പസേ എന്റെ പ്രിയപ്പെട്ടവനേ – ജസിയ ഷാജഹാൻ എഴുതിയ കവിത
Mail This Article
അന്ന് നീ തെക്കേ കരയിലും
ഞാൻ
വടക്കേ കരയിലുമായിരുന്നു
തീപിടിച്ച എന്റെ ഓർമ്മകളിൽ
നീയെനിക്കെഴുതാറുണ്ടായിരുന്ന വരികൾ...
ലക്കുകെട്ട നിന്റെ ഉറക്കത്തെ
മത്തുപിടിപ്പിച്ച എന്റെ കത്തിലെ
പ്രണയഗീതികകളെക്കുറിച്ച്
കിറുക്കുപിടിച്ച പലരാത്രികളിലും
നിന്നിലെ കാമുകന്റെ
വെറി പിടിച്ച വിരലുകൾ
എന്നിലെ രതിമോഹങ്ങളിൽ
വിഹരിച്ചു തണുത്ത
ഉറവകളെക്കുറിച്ച്...
മറയില്ലാത്ത നമ്മുടെ
അശ്ലീലങ്ങളെ ചുമന്ന്
യാമങ്ങളുടെ കല്ലിപ്പിൽ
ഉന്മത്തനായ നിന്നിലെ
ജ്വാലാമുഖങ്ങളെക്കുറിച്ച്...
സങ്കലനങ്ങളുടെ
വിത്തുകൾ പൊട്ടി മുളച്ച
ഗോതമ്പുമണി നിറമുള്ള
നമ്മുടെ പിള്ളകൾ നിന്റെ
പുലരികളെ സാറ്റുകളിച്ച്
മടുപ്പിക്കുന്നതിനെക്കുറിച്ച്..
നമ്മുടെ ഗന്ധം കുടിച്ച
തപാൽ പെട്ടികൾ...
നമ്മളിലേക്കുള്ള
വഴിയടയാളം മറക്കാത്ത
പോസ്റ്റുമാൻ...
ഓർമ്മകൾ !...നിന്നിലും
ചിരഞ്ജീവികളാണല്ലേ?..
ഇന്നൊരേ കരയിൽ
കൽക്കണ്ടം നുണഞ്ഞ
സ്മരണകളുടെ സെമിത്തേരിയിൽ
മീസാൻ കല്ലിൽ ഞാനും
കുരിശിൽ നീയും
കൊത്തപ്പെടാൻ പോകുന്നു..
കല്ലറകളിലേക്കുള്ള യാത്രയിൽ
പകിട്ടു,മലങ്കാരവുമാർക്കായിരുന്നൂ കൂടുതലെന്ന്
ബന്ധുക്കളും സമുദായക്കാരും മത്സരിച്ചാർക്കുന്നു...
അവർ പ്രണയത്തിന്റെ
ഓർമ്മപ്പൂക്കൾ വച്ച് മത്സരിക്കുന്നു
നമുക്ക് കാണാം...
അങ്ങ് ദൂരെ നിന്ന് അല്ലേ?...
മറ്റാർക്കുമറിയില്ലല്ലോ !
നമ്മുടെ കല്ലറകൾ
ശൂന്യമാണെന്ന്.
അവർ സന്തോഷിക്കട്ടെ!
നമ്മൾ അനുസരണയുള്ള
നല്ല കുട്ടികളായിരുന്നുവെന്ന്.