വേനലിന്റെ വറുതിയിൽ ജലതുള്ളികളുടെ പുത്തനറിവുകളുമായി ജലപാഠം

Mail This Article
ഭാവിയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വെള്ളത്തിന്റെ പേരിൽ ആയിരിക്കും എന്ന് മാനവ രാശി തിരിച്ചറിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. ഇന്നെല്ലാം കണ്മുന്നിൽ. നാടാകെ വരളുന്നു. ജല മലിനീകരണം പൊള്ളുന്ന യഥാർഥ്യമായി മാറിക്കഴിഞ്ഞു. പ്രകൃതിദത്ത ജലസ്രോതസുകളായ കാടുകളും കാവുകളും കുളങ്ങളും കാവുകളും എല്ലാം കളമൊഴിയുമ്പോൾ ഇല്ലാതാവുന്നത് നാടിന്റെയും നാട്ടാരുടെയും ദാഹനീരാണ്.
വെള്ളത്തിൽ ഹൈഡ്രജനും ഓക്സിജനും ഉണ്ടെങ്കിലും അവ ചേർത്ത് പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉൾപ്പെടെ പകർന്നു നൽകുന്ന ജലാർദ്രമായ പുത്തൻ ജല അറിവിന്റെ നിറവുമായി ജല വിഭവ വകുപ്പ് മുൻ ഡയറക്ടറും ജല പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. വി. സുഭാഷ് ചന്ദ്ര ബോസ് എഴുതിയ ജലപാഠം ഒട്ടേറെ ജല വിശേഷങ്ങൾ വായനക്കാർക്കായി പകർന്നു നൽകുന്നു. ഓരോ കൃഷിക്കും ഉൽപന്നങ്ങൾക്കും എത്ര വെള്ളം വേണം എന്ന് കണക്കാക്കുന്ന കൽപിത ജല കാഴ്ചപ്പാട് മുതൽ വായുവിൽ നിന്നും നേരിട്ട് വെള്ളം എടുക്കുന്ന രീതി വരെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ജലം നേരിട്ട് നമ്മോടു സംസാരിക്കുന്ന രീതിയിൽ ഉള്ള അവതരണം ആണ് ജലം എന്ന അധ്യായത്തിൽ ഉള്ളത്. തുടർന്ന് ജല സംരക്ഷണം, കാലാവസ്ഥ മാറ്റവും ജല വിഭവ മേഖലയും, മഴ പ്രകൃതിയുടെ സുകൃതം, കരുതാം ഓരോ തുള്ളിയും, ജലശുദ്ധി, ജലസ്രോതസുകൾ, ജലത്തിന്റെ കാണപ്പുറങ്ങൾ, ജലലോകം തുടങ്ങിയ വിവിധ അധ്യായങ്ങളിലൂടെ ജലത്തെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ ഫ്രെയിൽ കൊണ്ട് വന്നിട്ടുള്ളത് വേറിട്ട വായനാനുഭവം നൽകുന്നു. അനുബന്ധമായി ജല പാദാവലിയും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്
കേരള സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ. ഡോ സത്യൻ എം, ഡോ ഗംഗ. ടി എന്നിവരുടെ അവതാരികയും എടുത്തു പറയേണ്ടതാണ്.