ആറുകാലങ്ങളും ഒരേയൊരു വണ്ടിയും – അൻസാർ ഏച്ചോം എഴുതിയ കവിത
Mail This Article
അച്ഛനുണ്ടാക്കിത്തന്നതാണ്
ഓർമയുടെ മ്യൂസിയത്തിലിപ്പഴും
ഒരോരം ചേർന്ന് ഉരുളുന്നു
അതിർത്തിയിടപ്പെട്ട നാലുദിക്കുകൾക്കിടയിൽ
അങ്ങോട്ടുമിങ്ങോട്ടുമോടി
തിരിച്ച് വീണ്ടും വീടുകാണും
കളിവണ്ടി
കാലിവണ്ടിക്കിപ്പോൾ ബ്രേക്കില്ല
സർവസീമകളും
ഏതോ കാറ്റിലുരസി
അദൃശ്യമായിരിക്കുന്നു
റ്റീനേജെന്ന് പേരായ
നീണ്ടുനിവർന്ന പാലത്തിലിപ്പോൾ
ഇടതടവില്ലാതെ
ഓടുന്നു കൂട്ടിമുട്ടുന്നു
പ്രാരാബ്ധഭാണ്ഡങ്ങളേറ്റിയ വണ്ടി
ഇപ്പോൾ
തിരുവിലോടുകയാണ്
ആരെയൊക്കെയോ ഓർത്ത്
കൂട്ടിമുട്ടാറേയില്ല
വെയില്കൊണ്ടുണങ്ങിയാലും
ഒരു രാത്രിയുറങ്ങിയാൽ
ഫുൾചാർജാവും
മൂന്നാമതൊരു കാലുകൂടി ചേർന്ന
വണ്ടിയിപ്പോൾ
സ്ഥിരം വർക് ഷാപ്പ് കയറിയിറങ്ങുന്നുണ്ട്
പ്രാരാബ്ധങ്ങൾ വെട്ടി വീഴ്ത്താൻ
കിതക്കുന്നതിനിടെ
പാർട്ട്സെന്തൊക്കെയോ വീണുപോയെന്നാണ്
പറഞ്ഞുകേൾക്കുന്നത്
ഇപ്പോൾ വണ്ടിയുള്ളത്
"എണ്ണ തീരട്ടെ" എന്ന്
കൊതിക്കുന്ന
കുറച്ചധികം കാട്ടാളരുടെ കൈയ്യിലാണ്
ഹലോ,
മിസ്റ്റർ
വണ്ടിയിപ്പോൾ.....
ഇപ്പോൾ......