കവിത പോൽ – എസ്. സഹന എഴുതിയ കവിത
Mail This Article
ഒരു കവിയാൽ
പ്രണയിക്കപ്പെടുക
എന്നാൽ....
എന്നും വസന്തത്തിൽ
കഴിയുക
എന്നുതന്നെയാണ്.
പകലും രാത്രിയും
മഴയിലും മഞ്ഞിലും
അയാളിൽ
അവൾ
അവൾ
എന്ന കവിത
മാത്രം നിറയും.
അവളുടെ നോട്ടത്തെ,
ചിരിയെ
അയാൾ തന്റെ
ആത്മാവിലേക്ക്
പകർത്തി വയ്ക്കും.
അവളുടെ
വിരൽത്തുമ്പിൽ
അയാൾ അക്ഷരങ്ങളെ
കൊരുത്തിയിടും.
അതിൽ മുഴുവൻ
സ്നേഹം സ്നേഹം എന്ന്
മാത്രമാവും
എഴുതിയിട്ടുണ്ടാവുക.
അവളുടെ നെറ്റിയിലേക്ക്
വീണു കിടക്കുന്ന
മുടിയിഴകളെ
അയാൾ
പ്രണയം എന്ന്
വിവർത്തനം ചെയ്യും.
അവളുടെ
കാലിലെ ചെറുവിരലിൽ
അയാൾ
അലിവോടെ
എന്റേത്
എന്ന് എഴുതി വയ്ക്കും.
അവളെ കുറിച്ച്
എഴുതാൻ
വാക്കുകൾ
മതിയാകാതെ,
എഴുതപ്പെട്ട
കവിതകളിലോ
പാട്ടുകളിലോ
അവൾക്ക് യോജിച്ച
പദങ്ങൾ
ഒന്നും കാണാതെ,
അയാൾ നിരാശനാവും.
ഭൂമിയിലെ ഏറ്റവും
മനോഹരമായ
എല്ലാത്തിനെയും
അവളുടെ പേരിട്ട്
വിളിക്കും.
വേനലും വെയിലും
പോലെ
പൊള്ളിക്കുന്നവയെ
അയാൾ
പുറത്ത് നിർത്തും.
അവൾക്ക് വേദനിച്ചാലോ
എന്നോർത്ത്
തന്റെ മുറിവുകളെ,
കവിതാ
പുസ്തകങ്ങൾക്കിടയിൽ
ഒളിപ്പിക്കും.
അവൾക്കായി
പൂക്കളും നിലാവും
ഇളവെയിലും
മഴയും കോർത്ത
ഉടൽ നൽകും.
അവളിൽ അയാൾ
സ്നേഹം
എന്ന് മാത്രം പേരുള്ള
കവിതയായി
പരാവർത്തനം
ചെയ്യപ്പെടും.