'പ്രദർശനത്തിനു വെച്ച എല്ലാ ചിത്രങ്ങളും ഒരാൾ വന്നു വാങ്ങി, അമ്മമാർക്കായുള്ള സ്നേഹവീട്ടിലേക്കാണെന്ന് മാത്രം പറഞ്ഞു...'

Mail This Article
മുരൻ, കൂടൽമാണിക്യം തിരുവുത്സവം കഴിഞ്ഞിരിക്കുന്നു. നീ ഇത്തവണ വന്നില്ല അല്ലെ മുരൻ. ഒരുപക്ഷെ എന്നേക്കാൾ നന്നായി നീ ഉത്സവങ്ങളുടെ ലൈവ് ആസ്വദിച്ചിരിക്കും. നാട്ടിലെ അസഹ്യമായ ചൂടും അന്തരീക്ഷമർദ്ദവും തിരക്കും ഒന്നും അനുഭവിക്കാതെ ഗൾഫിലെ തണുപ്പുമുറിയിൽ നീ എന്നേക്കാൾ നന്നായി മേളപ്പെരുക്കങ്ങളും, കലാപരിപാടികളും ആസ്വദിച്ചിരിക്കും. ഞാനെന്നും പോയിരുന്നു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും തിരുവുത്സവത്തിന് നീ എവിടെനിന്നോ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന് തന്നെ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. "നിന്റെ കണ്ണുകളിലൂടെ, നിന്റെ കാതുകളിലൂടെ ആണ് ഞാൻ ഉത്സവം കാണുന്നതും കേൾക്കുന്നതും എന്ന് നീ പറഞ്ഞിരുന്നെങ്കിലും" അത് സത്യമാവും ഇത്തവണ എന്ന് ഞാൻ കരുതിയില്ല. ഓരോ ദിവസവും, ഓരോ നിമിഷവും എന്റെ കണ്ണുകൾ നിന്നെ തിരഞ്ഞുകൊണ്ടിരുന്നു. പത്തുനാളുകൾ എത്ര പെട്ടെന്നാണ് തീർന്നത്.
നിനക്കറിയാമോ, നിന്നെ അത്ഭുതപ്പെടുത്താനായി ഞാൻ എന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചിരുന്നു. എന്റെ സുഹൃത്തായിരുന്നു അവിടെ. നിന്നെ ഞാൻ അമ്പലത്തിൽത്തന്നെ തിരയുകയായിരുന്നു. എങ്ങാനും നീ പ്രദർശനഹാളിൽ വന്നുപെട്ടാൽ എന്റെ ചിത്രങ്ങൾ തിരിച്ചറിയുമെന്നും, എന്നെ തേടുമെന്നും എനിക്കറിയാമായിരുന്നു. എന്റെ കണ്ണുകളും എന്റെ ചിത്രങ്ങളും നിന്നെക്കാണാതെ ഒരോ നിമിഷവും ഉഴറി. മൺപാത്രങ്ങൾ വിൽക്കുന്ന മാലതി ഇത്തവണയും വന്നിരുന്നു. നിന്റെയൊപ്പം പഠിച്ച മാലതി, നീ അവളെക്കുറിച്ചു മുമ്പ് കഥയെഴുതിയിട്ടുണ്ട് (മൺചട്ടികൾക്ക് നടുവിൽ മാലതി). മാലതി നിന്നെ അന്വേഷിച്ചിരുന്നു. മാലതിയിപ്പോൾ ഗുണ്ടയല്ലെന്നും, മൺപാത്രങ്ങൾ വലിയതോതിൽ വിറ്റ് പൊള്ളാച്ചിയിലെ ഗ്രാമത്തിൽ സ്‌കൂൾ നടത്തുകയാണെന്നും നിന്നോട് പറയാൻ പറഞ്ഞു. ഉത്സവത്തിന് നിന്നെക്കാണുമെന്ന് അവളും കൊതിച്ചിരുന്നു.
നിന്റെ ഹൃദയബന്ധങ്ങൾ എന്നെ അസൂയപ്പെടുത്താറുണ്ട്. നീ തിരഞ്ഞെടുത്തു ഇഷ്ടപ്പെടുന്ന മനുഷ്യരിലേക്ക് ഒരിക്കൽ കുടികയറിയാൽ നീ ഒരിക്കലും അവരിൽ നിന്ന് ഇറങ്ങിപ്പോകാറില്ല. ഞാനും മാലതിയും മാത്രമല്ല. ആൽത്തറയിലെ മോഡേൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിനക്കൊപ്പം പഠിച്ച ഒരുപാട് കണ്ണുകൾ നിന്നെ തിരഞ്ഞിട്ടുണ്ടാകണം. ഒപ്പം നിന്റെ പ്രിയ സുഹൃത്ത് രമേശ് മേനോൻ, മണികണ്ഠൻ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിന്റെ ക്രൈസ്റ്റ് കോളജ് മുതലുള്ള ചങ്ങാത്തങ്ങൾ. കുലീപിനി തീർഥക്കുളത്തിന്റെ മതിലിൽ ചാരി നിൽക്കുന്നത് നീ തന്നെയാണോ എന്ന് ഞാൻ സംശയിച്ചു. അതോ ചെണ്ടമേളങ്ങൾക്കിടയിൽ മേളം ആസ്വദിച്ചുയരുന്ന ഒരു കൈ നിന്റെയാണോ? തേടിക്കൊണ്ടിരിക്കുന്ന ഒരാൾ അത്ഭുതംപോലെ എപ്പോഴാണ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുക? അറിയില്ല. ഇനിയെന്തായാലും അടുത്തവർഷംവരെ കാത്തിരിക്കുക തന്നെ.
മാലതി ബാക്കിയായ മൺപാത്രങ്ങൾ എല്ലാം ലോറിയിൽ കയറ്റിക്കഴിഞ്ഞു. അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങുന്നു. മൺപാത്രങ്ങൾ എല്ലാം കയറ്റിക്കഴിഞ്ഞു, വണ്ടിയിൽ കയറുന്നതിന് തൊട്ടുമുമ്പ് എന്റെയടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു. മുരൻ വരുമ്പോൾ പറയണം ഞാൻ മറന്നിട്ടില്ലെന്ന്, പിറന്ന നാടുമായുള്ള ബന്ധം നിലനിൽക്കുന്നത് അവൻ കാരണമാണ്, എന്റെ സ്‌കൂളിലെ കുട്ടികളെക്കാണാൻ നിങ്ങൾ രണ്ടുപേരും ഒരുമിച്ചു വരണം. കണ്ണുകൾ അമർത്തിത്തുടച്ചു അവർ വണ്ടിയിലേക്ക് കയറി. ആ വേദന എന്താണെന്ന് എനിക്കറിയാം മുരൻ, അത് ഞാനും അനുഭവിക്കുന്നുണ്ട്. വരാതിരിക്കാൻ നിനക്ക് നിന്റേതായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ വരാതിരുന്നപ്പോൾ നീ ഞങ്ങൾക്ക് നിഷേധിച്ച നിന്റെ സ്നേഹം, ഒന്നും ആഗ്രഹിക്കാത്ത നിന്റെ പ്രണയം, കരുണയുടെ ഉറവുകൾ, അതിലുപരി വീണ്ടും ഉത്സാഹത്തോടെ ജീവിച്ചു ഒരു വർഷംകൂടി കാത്തിരിക്കാനുള്ള ആകാംക്ഷ.
ഇനിയിപ്പോൾ ഞാനും ആരെയും കാത്തിരിക്കാനില്ല. ചിത്രപ്രദർശനഹാളിലേക്ക് നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കടുത്ത രോഷം എന്നിൽ നിറഞ്ഞു വന്നു. ഞാൻ ഇനി പുതിയ ചിത്രങ്ങൾ എഴുതില്ല. നിന്റെ നേരിട്ടുള്ള പ്രോത്സാഹനവാക്കുകൾ അത്രയധികം ഊർജ്ജം എനിക്ക് തന്നിരുന്നു. എന്നിൽ നിന്ന് ഒഴുകിപ്പോകുന്ന ശക്തിയും, അതോടൊപ്പം എന്റെ ശരീരം തളരുന്നതും ഞാൻ അറിഞ്ഞു. ഞാൻ വീണുപോകുമോ എന്നുപോലും എനിക്ക് തോന്നി. പ്രദർശനഹാളിന് പുറത്തുണ്ടായിരുന്ന സുഹൃത്തിന്റെ കൈയ്യിൽ നിന്നും വെള്ളംകുപ്പി വാങ്ങി മുഴുവൻ കുടിച്ചു. "ചിത്രങ്ങൾ എല്ലാം അഴിച്ചെടുക്കൂ, നമുക്ക് പോകാം" "അതിന് ചിത്രങ്ങൾ ഒന്നും ബാക്കിയില്ല, ഒരാൾ വന്നു എല്ലാ ചിത്രങ്ങളും വാങ്ങി, അമ്മമാർക്കായുള്ള ഏതോ സ്നേഹവീട്ടിലേക്കാണെന്ന് മാത്രം പറഞ്ഞു, ആരോ ഒരാൾ സ്പോൺസർ ചെയ്തതാണത്രെ, നീ ഇവിടെ വെച്ചുപോയ ഫോണിൽ തുക ബാങ്കിൽ കിട്ടിയ എസ് എം എസ് കണ്ടതിനു ശേഷമാണ് എല്ലാം പൊതിഞ്ഞു കൊടുത്തത്". മുരൻ, ഇന്നും നീയെന്നെ തോൽപ്പിച്ചു അല്ലെ?