ADVERTISEMENT

ഓഫീസിൽ വന്ന് രാമചന്ദ്രൻ അവന്റെ മകളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ പറഞ്ഞിരുന്നു. "എടാ, ഞാൻ വളരെ കുറച്ച് പേരെ മാത്രമേ, മോളുടെ വിവാഹത്തിന് ക്ഷണിക്കുന്നുള്ളു. നിന്നെ ഞാൻ തീർച്ചയായും പ്രതീക്ഷിക്കും. വരണം. നമ്മുടെ ബാച്ച്മേറ്റ്സിനെ എല്ലാം ക്ഷണിക്കണം എന്നായിരുന്നു എന്റാഗ്രഹം. കൊറോണക്കാലം ആയതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറക്കുകയാണ്. എങ്കിലും, കുറച്ചു പേരെ ഞാൻ വിളിക്കുന്നുണ്ട്. എന്റെ ലിസ്റ്റിലെ ആദ്യ പേരുകാരൻ നീ തന്നെ. അത് നിനക്കും അറിയാമല്ലോ. ഞാൻ ഇന്ന് മുതൽ ഒരു മാസത്തേക്ക് അവധിയാണ് കല്യാണം പ്രമാണിച്ച്. മറ്റാരും ഇല്ലല്ലോ സഹായിക്കാൻ. ഞാൻ പോട്ടേടാ.. തിയതി മറക്കരുത്...!"

എന്റെ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയ അവൻ വീണ്ടും ഉടനെ തിരിച്ചെത്തി. "എടാ, ഞാൻ മോളുടെ കല്യാണത്തിന് വിളിക്കുന്ന നമ്മുടെ ബാച്ച്മേറ്റ്സിന്റെ കൂട്ടത്തിൽ അവളും ഉണ്ട്...! കോളജിൽ വെച്ച് നീ മറ്റാരും അറിയാതെ ഇഷ്ടപ്പെട്ടിരുന്ന അവൾ. നീ ഇപ്പോഴും മനസ്സിൽ ഒപ്പം കൊണ്ട് നടക്കുന്ന നിന്റെ ആ നഷ്ട സ്വപ്നം എന്ന് നീ കരുതുന്ന നിന്റെ ആ സുന്ദരിപ്പെണ്ണില്ലേ. അവളെയും ഞാൻ വിളിക്കുന്നുണ്ട് ഈ ചടങ്ങിന്... ഇടയ്ക്കു കാണുമ്പോഴൊക്കെ അവളെന്നെ ഓർമപ്പെടുത്തുമായിരുന്നു "രാമചന്ദ്രാ, മോളുടെ കല്യാണത്തിന് എന്നെയും വിളിക്കണേ എന്ന്..! തീർച്ചയായും അവൾ വരും എന്നും പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഞാൻ അവളെയും വിളിക്കാൻ പോകുവാ. ഫോണിൽ വിളിച്ചാൽ മതി മോളുടെ കല്യാണത്തിന്, ഞാൻ എത്തിക്കൊള്ളാം എന്ന് കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോഴും അവളെന്നോട് പറഞ്ഞിരുന്നു. അതിനാൽ നീ തീർച്ചയായും കല്യാണത്തിന് വന്നിരിക്കണം. നിനക്ക് അവളെയും കാണാമല്ലോ അന്ന്....! 

ഞാൻ അവളോടും പറയുന്നുണ്ട്, നിന്നെ കോളജിൽ വെച്ച് ഇഷ്ടപ്പെട്ടിരുന്ന ഒരാൾ...! ജീവിതത്തിൽ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചിരുന്ന ഒരാൾ...! നമ്മുടെ ആ ബാച്ച്മേറ്റ് കൂടി, എന്റെ മോളുടെ കല്യാണത്തിന് വരുന്ന കാര്യം അവളോട്‌ ഞാൻ പറയാൻ പോകയാ... അവളിപ്പോ കോളജിൽ ട്രെയിനിംഗിൽ ആണെന്നാണ് ഞാൻ അറിഞ്ഞത്." ഞാൻ പോട്ടെടാ...! മിനി താഴെ കാറിൽ ഇരുപ്പുണ്ട്. ഇന്ന് ചില റിലേറ്റീവ്സിന്റെ വീട്ടിൽ ക്ഷണിക്കാൻ പോകാൻ വേണ്ടി അവളും ലീവ് എടുത്തു." എന്റെ പഴയ ഓർമകളിലേക്ക് എന്നെ കൂട്ടി കൊണ്ട് പോകാൻ എന്നവണ്ണം അവൻ എന്നെ ഓർമിപ്പിച്ച ആ പെൺകുട്ടിയെക്കുറിച്ച്, ഞാൻ എന്തെങ്കിലും പറയും മുൻപ് തന്നെ, രാമൻ എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന രാമചന്ദ്രൻ എന്റെ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി..

പ്രൊഫഷണൽ കോളജിലെ പഠനത്തിനിടയിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തായിരുന്നു അവൻ. ആത്മാർഥതയുള്ള ഒരു നല്ല കൂട്ടുകാരൻ.. മറ്റൊരു സംസ്ഥാനത്തു നിന്നും നാട്ടിലെ കോളജിൽ പഠിക്കാൻ വരുമ്പോൾ അവന് മലയാളം അത്ര നല്ല വശമുണ്ടായിരുന്നില്ല. സംസാരിക്കാനും എഴുതാനും ഒന്നും. അതുകൊണ്ട് തന്നെ അവന്റെ മലയാളം കേൾക്കുമ്പോൾ ക്ലാസ്സിലെ മറ്റെല്ലാ കൂട്ടുകാർക്കും തമാശയായിരുന്നു. എന്റെ റൂംമേറ്റ്‌ ആയത് കൊണ്ട് തന്നെ ഞങ്ങൾ വളരെ വേഗം അടുത്തു. പഠിക്കാൻ മിടുക്കൻ ആയത് കൊണ്ട് മാത്രമല്ല അവനിലെ നിഷ്കളങ്കതയായിരുന്നു എനിക്ക് അവനോട് അടുപ്പം തോന്നാനിടയാക്കിയത്. ഇപ്പോഴും അവനിൽ അതെ നിഷ്കളങ്കത നിലനിൽക്കുന്നു. ഈ കപടത നിറഞ്ഞ ലോകത്തിൽ അപൂർവമായി മാത്രം കാണുന്ന, നിഷ്കളങ്കനായ ഒരു അപൂർവ ജീവിയാണ് രാമചന്ദ്രൻ എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, അവന്റെ സംസാരവും തുറന്ന പെരുമാറ്റവും കാണുമ്പോൾ.

ഒരേ ക്ലാസ്സിൽ പഠിച്ച ഞങ്ങൾ ഒരേ വകുപ്പിലെ ഒരേ തസ്തികയിൽ ജോലി ചെയ്തു വരുന്നു ഇപ്പൊ. അവന്റെ മോളുടെ കല്യാണത്തിന് തീർച്ചയായും പോകണം. ഞാൻ മനസ്സിലുറച്ചു. എന്നാൽ രാമന്റെ മകളുടെ കല്യാണത്തിന് തീർച്ചയായും അവൾ കൂടി എത്തിയേക്കും എന്നാണ് അവന്റെ സംസാരത്തിൽ നിന്നും തോന്നുന്നത്. അവളെ കണ്ടിട്ട് നീണ്ട മുപ്പത് വർഷങ്ങൾ ആകുന്നു. ഇപ്പോഴും മായാതെ നിൽക്കുന്നു ആ ദിവസം... മനസ്സ് വല്ലാതെ നൊന്തു പോയ ആ വൈകുന്നേരം. പണ്ടെന്നോ ആ പുസ്തത്താളുകളിൽ നിന്നും ഞാൻ വായിച്ചു മറന്നിരുന്ന ആ വരികൾ.. 

"ആകാശത്തിലെ

ഈ നക്ഷത്രങ്ങളെ

എന്ന് നീ എണ്ണിത്തീർക്കുന്നുവോ :

കടൽക്കരയിലെ

ഈ മൺതരികളെ

എന്ന് നീ എണ്ണിത്തീർക്കുന്നുവോ :

അന്നല്ലേ നിനക്കിവളെ മറക്കാൻ കഴിയൂ...!"

എന്ന ആ വരികൾ വീണ്ടും എന്റെ മനസ്സിലേക്കെത്തിയ ആ വൈകുന്നേരം...! കോളജ് ക്യാംപസിലെ സ്പോർട്സ് ഗ്രൗണ്ടിന് ചുറ്റുമുള്ള ആ പടവുകൾക്ക് തണലേകിയിരുന്ന ആ ഡി. വി. -ഡി. വി. മരങ്ങൾക്ക് സമീപം വെച്ച് അവളെ ഞാൻ അവസാനമായി കണ്ട ആ വൈകുന്നേരം....! അവൾ എനിക്ക് നീട്ടിയ ആ സ്വർണ്ണ നിറമുള്ള കവർ.. അതിനുള്ളിലെ അവളുടെ വെഡിങ്  ഇൻവിറ്റേഷൻ ഏറ്റുവാങ്ങുമ്പോൾ വിറച്ചു പോയ എന്റെ കൈവിരലുകൾ...! ആ ക്ഷണക്കത്തിലൂടെ കണ്ണോടിക്കുമ്പോൾ, നഷ്ടപ്പെട്ടു പോയ എന്റെ കാഴ്ച്ചശക്തി..!! നിലച്ചു പോയ എന്റെ ഹൃദയമിടുപ്പ്...!!!. തകർന്ന് പോയ എന്റെ സ്വപ്‌നങ്ങൾ..! എല്ലാം എനിക്ക് ഓർമയിലുണ്ട് ഇപ്പോഴും... ഒന്നും മറക്കാൻ കഴിഞ്ഞിരുന്നില്ല. മറക്കാൻ ശ്രമിച്ചിരുന്നും ഇല്ല ഞാൻ എന്നതാണ് സത്യവും....!

വീണ്ടും ഞാൻ അവളെ കാണാൻ പോകുന്നു. നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം.. റൂം മേറ്റ്‌ ആയിരുന്നത് കൊണ്ട്, എല്ലാം രാമന് അറിയാമായിരുന്നു.. എനിക്ക് അവളോട്‌ തോന്നിയ താൽപര്യവും, അത് പിന്നീട് ഇഷ്ടമായും, മോഹമായും ഒടുവിൽ ഒരു മോഹഭംഗം ആയും മാറിയതെല്ലാം...! അത് കൊണ്ട് കൂടി ആവണം അവൻ അവളെക്കൂടി തന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത്. അന്നത്തെ ആ കൂടിക്കാഴ്ച്ചക്ക് ശേഷം വീണ്ടും, ഞങ്ങൾ കണ്ടുമുട്ടുന്നു നീണ്ട മുപ്പതു വർഷങ്ങൾക്ക് ശേഷം...! ആ ദിവസം അടുത്തടുത്ത് വരുകയാണ്.... ഇടയിലെ ദിവസങ്ങൾ അതിവേഗം പിന്നിട്ട് പോയ്ക്കൊണ്ടിരിക്കുന്നു... ഈ ദിവസങ്ങളിൽ എല്ലാം ഞാൻ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ആ ക്യാമ്പസ്‌ നാളുകളിലൂടെ...! മനസ്സിൽ കെട്ടി ഉയർത്തിയ ഒരായിരം നിറമുള്ള സ്വപ്‌നങ്ങളിലൂടെ.. ഒടുവിൽ എല്ലാം വീണുടഞ്ഞ ആ വൈകുന്നേരത്തിലേക്കുള്ള ഒരു നീണ്ട യാത്ര....!

നാളെ ആണ് രാമന്റെ മകളുടെ കല്യാണനാൾ. മുപ്പതു വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ വീണ്ടും കണ്ടുമുട്ടുന്ന ആ ദിവസം...! അത് നാളെയാണ്..! പതിവിലും നേരത്തെ ഉണർന്നു. ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിവസമാണെന്ന് എന്റെ മനസ്സ് എന്നോട് തന്നെ പറയുന്നുണ്ട്.! കൈവശമുള്ള ഏറ്റവും നല്ല പാന്റ്സും ഷർട്ടും ധരിച്ചു "സുന്ദരനായി" ഞാൻ കാറിൽ യാത്രയായി. നഗരത്തിലെ ഏറ്റവും നല്ല ഓഡിറ്റോറിയത്തിലാണ് കല്യാണചടങ്ങുകൾ. അവിടെ എത്തുമ്പോൾ അധികം ആൾക്കാർ ഒന്നും എത്തിയിരുന്നില്ല. രാമചന്ദ്രനും അവന്റെ അനിയനും അടക്കമുള്ള ഏതാനും ബന്ധുക്കൾ മാത്രമേ എത്തിച്ചേർന്നിട്ടുള്ളു. ഇനിയും ഒത്തിരി നേരമുണ്ട് കല്യാണ മുഹൂർത്തത്തിന്. ഞാൻ വളരെ നേരത്തെ തന്നെ എത്തിചേർന്നിരിക്കുന്നല്ലോ എന്ന് ഞാനോർത്തു.

ഇത്തവണ 'ഞാൻ അന്നത്തെ പോലെ വൈകരുതല്ലോ..!!' ക്ഷമയോടെ അവളുടെ വരവും കാത്ത് ഞാനിരുന്നു.. സമയത്തിന് വേഗത പോരാ... പോരാ... എന്നെനിക്ക് തോന്നിയ ക്ഷമയില്ലായ്‌മയുടെ നിമിഷങ്ങൾ... നാദസ്വര മേളത്തിന്റെ അകമ്പടിയോടെ വരനെ സ്വീകരിച്ചിരുത്തുന്നു. കല്യാണത്തിന് എത്തിച്ചേർന്ന അതിഥികളെക്കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞു. എന്റെ തന്നെ ക്ലാസ്സ്‌മേറ്റ് ആയ ബിന്ദുവും ശശിയും എത്തിയിട്ടുണ്ട്. അവർ രണ്ടാളുമല്ലാതെ എനിക്ക് പരിചയമുള്ള മുഖങ്ങൾ ആരും തന്നെയില്ല ഓഡിറ്റോറിയത്തിനുള്ളിൽ. കല്യാണമുഹൂർത്തത്തിന് നേരമായി. ഇനിയും 'അവർ' എത്തിയിട്ടില്ല. അവർ കോളജിൽ നിന്നും കല്യാണത്തിനായി പുറപ്പെട്ടിട്ടുണ്ട് എന്നാണ് രാമചന്ദ്രൻ രാവിലെയും എന്നെ കണ്ടപ്പോൾ പറഞ്ഞിരുന്നത്.

ഞാൻ കാണാൻ കാത്തിരിക്കുന്ന പെൺകുട്ടിയും പിന്നെ ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് തന്നെയായ സുധാകരൻ, നീത ഇവരൊക്കെ ഇപ്പോൾ കോളജിൽ വെച്ച് നടന്നു കൊണ്ടിരിക്കുന്ന ഒരു ട്രെയിനിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അവർ മൂവരും ഒരുമിച്ച് കോളജിൽ നിന്നും പുറപ്പെട്ട് കല്യാണത്തിനെത്തും എന്നാണ് രാമചന്ദ്രൻ പറഞ്ഞത്. കല്യാണമുഹൂർത്തമായി. താലിചാർത്തൽ കഴിഞ്ഞിട്ടും അവർ എത്തിച്ചേർന്നിട്ടില്ല. തങ്ങളോടൊപ്പം ഇരുന്ന് സദ്യ ഉണ്ണാൻ കൂട്ടുകാരായ ബിന്ദുവും ശശിയും ക്ഷണിക്കുന്നു. അവർക്ക് നേരത്തെ പോകേണ്ടതുണ്ട്. ഓഫീസ് ജോലിക്കിടയിൽ എത്തിച്ചേർന്നതാണ് കല്യാണത്തിന് പങ്കു കൊള്ളാൻ. സ്നേഹപൂർവ്വം അവരുടെ ക്ഷണം നിരസിച്ച് കൊണ്ട് അവരെ ഉണ്ണാനിരുത്തി. സദ്യ കഴിഞ്ഞ് അവർ മടങ്ങിയതും ഞാൻ കണ്ടില്ല. കല്യാണം കഴിഞ്ഞ് കണ്ടപ്പോൾ രാമചന്ദ്രന്റെ മുഖം സന്തോഷത്തിലായിരുന്നു. മോൾക്ക്‌ എല്ലാം കൊണ്ടും ചേരുന്ന കൈകളിൽ മകളെ ഏൽപ്പിച്ചു നൽകിയതിന്റെ സംതൃപ്തിയും നിർവൃതിയും ഞാനവന്റെ മുഖത്ത് കണ്ടു. നന്നായി വരട്ടെ അവന്റെ മക്കൾ. മനസ്സ് കൊണ്ടു പോലും ജീവിതത്തിൽ ആരെയും വേദനിപ്പിക്കാത്തവൻ ആണവൻ. ഞാൻ മൗനമായി ആ കുട്ടികൾക്ക് മംഗളാശംസകൾ നേർന്നു.

ഇടയ്ക്കു രാമചന്ദ്രൻ വന്ന് എന്നെ വധൂവരൻമാർക്കൊപ്പമുള്ള ഫോട്ടോ എടുക്കാൻ ക്ഷണിക്കുന്നു. "അവർ കൂടി എത്തട്ടെ എന്നിട്ടാവാം ഫോട്ടോ." രാമചന്ദ്രന് എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞു കാണും. പിന്നെ അവൻ എന്നെ നിർബന്ധിച്ചില്ല. ഞാൻ ആരെയാണ് പ്രതീക്ഷിച്ചു കാത്തിരിക്കുന്നതെന്നും അവനും അറിയാമല്ലോ...! സദ്യയുടെ അവസാന പന്തിയും ആകുന്നു. ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒന്നും കഴിച്ചിരുന്നില്ല. വല്ലാതെ വിശക്കുന്നുണ്ട്. എങ്കിലും രാമചന്ദ്രൻ ആഹാരം കഴിക്കാനായി വധൂ വരന്മാർക്കൊപ്പം ഇരിക്കാൻ ക്ഷണിച്ചിട്ടും ഞാൻ അവരോടൊപ്പം ഇരുന്നില്ല. എന്റെ കണ്ണുകൾ അവളുടെ വരവും കൊതിച്ചിരിക്കുകയാണ്. അവളെയൊന്ന് കാണാൻ...! അവൾ ഇനിയും എത്തിയിട്ടില്ല. രാമചന്ദ്രൻ വധൂവരൻമാർക്കൊപ്പം ആഹാരം കഴിക്കുകയാണ്. ഞാൻ കുറെ നേരമായി സുധാകരനെ മൊബൈലിൽ 'ട്രൈ ' ചെയ്യുന്നുണ്ട്. അവൻ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല...! ഒരു പക്ഷെ തിരക്ക് പിടിച്ച് ഡ്രൈവ് ചെയ്യുകയാവും അവൻ. അല്ലെങ്കിൽ ഇങ്ങടുത്ത് എത്താറായി കാണും അവർ. അതാവും അവൻ ഫോൺ എടുക്കാതിരിക്കുന്നത്. ഇനിയും ഫോൺ വിളിച്ചു ശല്യം ചെയ്യേണ്ട. കാത്തിരിക്കാം അവർക്കായി.

അൽപസമയം കഴിഞ്ഞയുടൻ, ഓഡിറ്റോറിയത്തിലെ കസേരയിൽ ഇരിക്കുകയായിരുന്ന എന്റെ മൊബൈൽ ശബ്ദിക്കുന്നു... "സുധാകരൻ കാളിങ്" എന്ന് മോണിറ്ററിൽ തെളിയുന്നു. അവർ ഇങ്ങ് എത്തിക്കാണും. അതാവും എന്നെ ഇപ്പോൾ വിളിക്കുന്നത്‌..! കസേരയിൽ നിന്നും എണീറ്റ് ഫോൺ അറ്റൻഡ് ചെയ്ത എന്റെ കാതുകളിൽ വന്ന് വീണത് ഒരു സ്ത്രീ ശബ്ദമാണ്...! "ഹലോ, ഇത് മിസ്റ്റർ. ജോൺസ് ആണോ...? ഞാൻ ഇപ്പൊൾ ഈ 'കോൾ' ചെയ്യുന്നത് വൺ മിസ്റ്റർ. സുധാകരന്റെ ഫോണിൽ നിന്നും അദ്ദേഹം പറഞ്ഞിട്ടാണ്. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ ഹോസ്പിറ്റലിലുണ്ട്. അവർ സഞ്ചരിച്ചിരുന്ന കാറിന് ഒരു ആക്‌സിഡന്റ് സംഭവിച്ചു. പ്ലീസ് ഹോൾഡ് ഓൺ....! ഞാൻ അദ്ദേഹത്തിന്റെ കൈയ്യിൽ ഫോൺ കൊടുക്കാം ഇപ്പൊ....,' അങ്ങേത്തലയ്ക്കൽ നിന്നുള്ള ഫോൺ സംഭാഷണം ഒരു നിമിഷം മുറിഞ്ഞു. മൊബൈൽ കാതോട് ചേർത്ത് വെച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ഞാൻ....!

ഇപ്പോൾ സുധാകരന്റെ കരഞ്ഞു കൊണ്ടുള്ള ശബ്ദമാണെന്റെ കാതിൽ കേൾക്കുന്നത്. "എടാ ജോൺസേ, ഞങ്ങൾ അങ്ങോട്ട് വരും വഴി കാർ ആക്‌സിഡന്റിൽ പെട്ടു. അവൾ ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. നീതാ, അവളോടൊപ്പം മുൻ സീറ്റിലും ഞാൻ പുറകിലും ആയിരുന്നു ഇരുന്നത്. അവളുടെ ഡ്രൈവിംഗ് സൈഡിലേക്ക് ഒരു ബൈ റോഡിൽ നിന്നും വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു.. ഞാനും നീതായും ഇപ്പോൾ ഐ. സി. യു. വിൽ കിടക്കുകയാണ്. നീതാ അൺകോൺഷ്യസ് ആണിപ്പോൾ. അവളുടെ തലയ്ക്കാണ് ഇഞ്ചുറി. എന്റെ കൈയ്യും കാലും ഒടിഞ്ഞിട്ടുണ്ട്...! അവൻ തുടരുകയാണ്.. എനിക്ക് തല ചുറ്റുന്നു....! ഞാനൊരു പമ്പരം പോലെ കറങ്ങുന്നതായി എനിക്ക് തോന്നി. "അവൾ....! അവളെവിടെ സുധാകരാ..!" അവൾ, നിങ്ങളോടൊപ്പം ഐ. സി. യു. വിൽ അല്ലേ ഇപ്പോൾ...?" എങ്ങനെയൊക്കെയൊ ആ ശബ്ദം എന്നിൽ നിന്നും പുറത്തേക്ക് വന്നു.

"ഇല്ലടാ.....! അവൾ ഞങ്ങളോടൊപ്പം ഇവിടില്ല. മറ്റേതെങ്കിലും വാർഡിൽ ആകും 'അവളെ അഡ്മിറ്റ്‌ ' ആക്കിയിരിക്കുന്നത്.." അവളെക്കുറിച്ച് ഞാൻ നഴ്സ്നോടും ഡോക്ടർമാരോടും ചോദിച്ചിട്ടും അവരൊന്നും മറുപടി പറയുന്നില്ല. അവളുടെ ഡ്രൈവിംഗ് ഭാഗത്തേക്കായിരുന്നു ആ ലോറി ഇടിച്ചു കയറിയത്...! അവൾക്ക് എന്ത് പറ്റിയെന്ന് എനിക്കറിയില്ലടാ.." അവൻ കരയുകയായിരുന്നു അപ്പോൾ. അവന്റെ തേങ്ങിക്കരച്ചിൽ, സങ്കടക്കടലായി ആർത്തിരമ്പുകയായിരുന്നു എന്റെ ഹൃദയത്തിൽ..! സംസാരിക്കുന്നതിനിടയിൽ, അവർ ഏത് ആശുപത്രിയിൽ ആണെന്ന് പോലും ചോദിക്കാൻ വിട്ടു പോയി ഞാൻ...! എനിക്കിനി ഫോൺ വിളിക്കാനുള്ള മനക്കരുത്തില്ല... ശരീരമാകെ തളരുന്ന പോലെ.. രാമചന്ദ്രനെക്കൊണ്ട് ഫോൺ വിളിപ്പിക്കാം ഇനി. അവൻ പുറത്തു കണ്ടേക്കും. അവളെ മറ്റേതെങ്കിലും വാർഡിൽ ആയിരിക്കും 'അഡ്മിറ്റ്‌ 'ആക്കിയിരിക്കുന്നത്. അതാവും സുധാകരൻ അവളെ കാണാതെ പോയത്. അങ്ങനെ ആശ്വസിച്ചു കൊണ്ട്  ഇടറുന്ന കാലടികളോടെ ഞാൻ പുറത്തേക്ക് നടന്നു. പുറത്തും രാമചന്ദ്രനെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല..

വിങ്ങുന്ന മനസ്സോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകൾ മുകളിലേക്ക് ഉയർത്തി, അറിവുള്ള ദൈവങ്ങളോടെല്ലാം ഞാൻ പ്രാർഥിച്ചു കൊണ്ടിരുന്നു "ദൈവമേ, അവളെ രക്ഷിക്കണേ...! അവൾക്ക് ഒരു ആപത്തും വരുത്തരുതേ..!!" കൈകൾ നെഞ്ചോട് ചേർത്ത്, ആകാശത്തേക്ക് നോക്കി പ്രാർഥിച്ചു നിന്ന, എന്റെ കണ്ണീർതുള്ളികൾക്കിടയിലൂടെ, എനിക്കിപ്പോൾ അവളെ കാണാം.. തൂവെള്ള വസ്ത്രം അണിഞ്ഞ അവൾ: ഇരുവശവും വെള്ളക്കുപ്പായം ധരിച്ച രണ്ട് മാലാഖമാർ...! അവർ മൂവരും, ഒരു വെള്ള പഞ്ഞിക്കെട്ട്പോലെ നീലാകാശ മേഘങ്ങളിലേക്ക് പറന്ന്, ഉയർന്ന്, പോകുകയാണ്..! ഞാൻ കണ്ണിമയ്ക്കാതെ അവളെയും നോക്കി നിന്നു..! കണ്ണീരിനിടയിലൂടെ ഞാനിപ്പോൾ കാണുന്നുണ്ട്. അവളെന്നെ നോക്കി ചിരിക്കുകയാണ്..! കവിളുകളിലെ നുണക്കുഴികൾ വിടരുകയാണ്..!! ഒരിക്കൽക്കൂടി എന്നെ പറ്റിച്ചു കളഞ്ഞതിന്റെ സന്തോഷമാണോ ആ ചിരി..!

"ഈ നീലാകാശത്തെ നക്ഷത്രങ്ങളെ,

ഞാനെന്ന് എണ്ണിതീർക്കുന്നുവോ :

ഈ കടൽപ്പരപ്പിലെ മണൽതരികളെ,

ഞാനെന്ന് എണ്ണി തീർക്കുന്നുവോ,

അന്നല്ലേ എനിക്കവളെ മറക്കാൻ കഴിയൂ...!!

English Summary:

Malayalam Short Story ' Nakshathrangalum Manaltharikalum Ennitheerkkunna Nerathu ' Written by Dr. Jyothish Babu K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com