'കല്യാണത്തിന് പോകുന്ന വഴി ആക്സിഡന്റ് ഉണ്ടായി, അനിയന് ഉടനെ സർജറി വേണം...'

Mail This Article
സണ്ണിക്ക് ഒരു നിർബന്ധമേ ഉള്ളൂ, സന്ധ്യാ പ്രാർഥന മുടക്കരുത്. ഞായറാഴ്ച പള്ളിയിൽ പോകണം. ഈ രണ്ട് സമയത്തും ഫോൺ ഉപയോഗിക്കാൻ പാടില്ല. അതിപ്പോ, എത്ര വേണ്ടപ്പെട്ടവരാണെന്ന് പറഞ്ഞാലും സന്ധ്യാ പ്രാർഥന സമയത്ത് വിളിച്ചാ ഫോണെടുക്കത്തില്ല. പള്ളിയിലാണേ ഫോൺ കൊണ്ട് പോകുന്ന പതിവുമില്ല. പുള്ളിക്കാരന് മാത്രമല്ല ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഈ നിയമം ബാധകമാണ്. ഒരിക്കൽ ബാംഗ്ലൂരിൽ ഫാമിലി ടൂർ പോയി. കബൺ പാർക്കിൽ നല്ല കാറ്റൊക്കെ കൊണ്ട് വർത്തമാനമൊക്കെ പറഞ്ഞ് സന്തോഷമായി ഇരിക്കുവാർന്നു. "മക്കളെ പോകാം. ഇപ്പോ പോയാലെ കുർബാനയ്ക്ക് സമയത്തെത്താൻ പറ്റൂ", സാമിന്റെ എല്ലാ സന്തോഷവും കളഞ്ഞ സണ്ണിയുടെ വിളി എത്തി.
"അമ്മാ, ഒന്ന് പറ. നമ്മൾ അടിച്ച് പൊളിക്കാനല്ലേ ഇവിടെ വന്നെ.." "ഇവിടെ വന്നാലും പള്ളി പോണം എന്ന് പറഞ്ഞാ.." "ഒരു ദിവസത്തേക്ക് ഒന്ന് ക്ഷമിച്ചൂടെ.. പിള്ളേർടെ സന്തോഷമല്ലേ നമുക്ക് വലുത്" സാന്ദ്ര പറഞ്ഞ് നോക്കി. "പള്ളിയും പ്രാർഥനയും കഴിഞ്ഞേ ഉള്ളു എന്റെ ഏത് സന്തോഷവും. നിങ്ങൾക്കും അത് മതി." അത് കേൾക്കേണ്ട താമസം, പേടിച്ച് ഇളയവനായ ടോജോ ഓടി വണ്ടിയിൽ കയറി. പള്ളിയിലെത്തിയപ്പോഴാ അറിഞ്ഞത് മലയാളം കുർബാന കഴിഞ്ഞു. ഇനി ഇപ്പോ തമിഴ് കുർബാനയാണ്. സാമും ടോജോയും ചിരി തുടങ്ങി. ഇനി കുർബാന കൂടണ്ട എന്ന ആശ്വാസത്തിലായിരുന്നു അവർ. പക്ഷേ, തമിഴ് കുർബാന മുഴുവൻ കണ്ടിട്ടേ അവർക്കന്ന് പള്ളിയിൽ നിന്നിറങ്ങാൻ കഴിഞ്ഞുള്ളു.
വർഷങ്ങൾ കടന്ന് പോയി. സാം ഇപ്പോൾ എഞ്ചിനിയറിംഗ് മൂന്നാം വർഷ വിദ്യാർഥിയാണ്. ടോജോ പ്ലസ്ടുവിന് പഠിക്കുന്നു. ചേട്ടനും അനിയനും കൂടി പാലായിൽ ഒരു കല്യണത്തിന് പോകുന്ന വഴി ആക്സിഡന്റ് ഉണ്ടായി. വണ്ടി ഓടിച്ചിരുന്ന സാമിന് തലയ്ക്ക് നല്ല പരിക്കേറ്റു. പുറകിലിരുന്ന കൊണ്ട് ടോജോയ്ക്ക് കൈയ്യും കാലും മുറിഞ്ഞതല്ലാതെ സാരമായ പ്രശ്നങ്ങൾ ഉണ്ടായില്ല. നാട്ടുകാരുടെ സഹായത്തോടെ ഉടനെ ടോജോ സാമിനെ ആശുപത്രിയിലെത്തിച്ചു. "ഉടനെ സർജറി വേണം. സമയം കഴിയുന്തോറും രക്ഷപെടാനുള്ള ചാൻസും കുറയും", ഡോക്ടർ പറഞ്ഞു. ''മരുന്നിന് മറ്റുമായി ഒരു 3-4 ലക്ഷം രൂപ ചെലവാകും. അഡ്വാൻസ് ഒരു ലക്ഷം രൂപ പേ ചെയ്താൽ ഉടനെ നമുക്ക് ഓപ്പറേഷൻ നടത്താം."
അപ്പന് നല്ല സാമ്പത്തികമുണ്ട്. 3-4 ലക്ഷം പുള്ളിക്കൊരു തുകയല്ല. അപ്പനെ വിളിക്കാനായി ഫോൺ നോക്കിയ ടോജോ ഒന്ന് വിറച്ചു. ഫോൺ കാണാനില്ല. ആക്സിഡന്റിന്റെ തിരക്കിൽ ആരോ അത് മോഷ്ടിച്ചു. പലരോടും "ഫോൺ ഒന്ന് തരുമോ, ഒരു കോൾ വിളിക്കാനാ അത്യാവശ്യമുണ്ട്." എന്നവൻ ചോദിച്ചെങ്കിലും ആരും ഫോൺ തന്നില്ല. അവസാനം, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സാണ് അവന് ഫോൺ കൊടുത്തത്. അപ്പന്റെ നമ്പർ മാത്രം മന:പാഠമറിയാവുന്ന അവൻ അത് ഡയൽ ചെയ്തു. പക്ഷേ, എടുക്കുന്നില്ല. മൂന്നാമത്തെ തവണ ഡയൽ ചെയ്തപ്പോഴാണവൻ ഓർത്തത് ഇന്ന് ഞായറാഴ്ചയാണ്. 11- 12 അപ്പൻ പള്ളിയിലായിരിക്കും. 12:30 എങ്കിലുമാകും വീട്ടിലെത്തുമ്പോ. ഇപ്പോ സമയം 11:15.
എന്തു ചെയ്യണമെന്നറിയാതെ അവന്റെ ശരീരമാകെ തളർന്ന് പോയി. "നിങ്ങൾ ഓപ്പറേഷൻ ഒന്ന് ചെയ്യൂ. അപ്പൻ വരുമ്പോ പൈസ തരും", അവൻ കരഞ്ഞ് പറഞ്ഞ് നോക്കി. ആശുപത്രി അധികൃതർ അവനെ അവഗണിച്ചു. അവനവിടെ തളർന്നിരുന്ന് ഉറങ്ങിപ്പോയി. "ടോജോ, ടോജോ" എന്നാരോ തട്ടി വിളിക്കുന്ന കേട്ടാണ് അവനെഴുന്നേറ്റത്. "ഡാ എന്ത് പറ്റി?" അവന്റെ ക്ലാസ്മേറ്റ് സനലായിരുന്നു അത്. ടോജോ നടന്നതെല്ലാം പറഞ്ഞു. "നീ വിഷമിക്കണ്ട. എന്റെ അച്ഛനുണ്ട് കൂടെ. പൈസ അച്ഛൻ തരും.."
പള്ളിയിലെ കുർബാനയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ സണ്ണിച്ചായൻ ഫോൺ നോക്കിയപ്പോഴാണ് കുറേ മിസ്സ്ഡ് കോൾ കണ്ടത്. അൺനോൺ നമ്പരല്ലേ തിരിച്ച് വിളിക്കണ്ട എന്നോർത്തിരുന്നപ്പോഴാണ്. "സാമിന് ആക്സിഡന്റായി" എന്ന മെസേജ് കണ്ടത്. ആ നമ്പരിൽ തിരിച്ച് വിളിച്ചപ്പോൾ നഴ്സ് കാര്യങ്ങളെല്ലാം പറഞ്ഞു. ധൃതി പിടിച്ച് ആശുപത്രിയിലെത്തിയ അവരെ കണ്ടയുടനെ ടോജോ വന്ന് കെട്ടിപ്പിടിച്ചു. "ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോ കുഴപ്പമില്ല. എന്റെ കൂട്ടുകാരൻ സനലിന്റെ അച്ഛനാ നമ്മളെ സഹായിച്ചത്." നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി സനലിന്റെ അച്ഛന്റെ അടുത്തേക്ക് സണ്ണി ചെന്നു.
"എത്ര നന്ദി പറഞ്ഞാലും മതിയാകില്ല." "നിങ്ങൾ തക്ക സമയത്ത് വന്നില്ലായിരുന്നെങ്കിൽ.." "ഞാൻ വന്നല്ലോ. എന്തായാലും സാമിന്റെ ഓപ്പറേഷൻ ഭംഗിയായി നടന്നല്ലോ. അത് മതി." "ഞാൻ പള്ളിയിൽ ഫോൺ കൊണ്ടു പോയിരുന്നെങ്കിൽ എന്റെ ടോജോ മോൻ ഇത്ര ടെൻഷനടിക്കില്ലാർന്നു.." "അത് ശരിയാ. പള്ളിയും പ്രാർഥനയുമൊക്കെ നല്ലത് തന്നെ. ഒരു പക്ഷേ, ദൈവം തന്നെയാകും എന്നെ ഇവിടെ എത്തിച്ചതും. എന്നാലും, നമ്മുടെ ജീവിതം വെച്ച് ഒരു ഭാഗ്യപരീക്ഷണം വേണോ?"