ADVERTISEMENT

2004 ജൂലൈ, ദുബായിലെ ഒരു മദ്ധ്യാഹ്നം. കൊടുംചൂട് സഹിക്കാൻ പറ്റാത്തതിനാലാവണം മണൽത്തരികൾ കാറ്റിനൊപ്പം പറന്ന് നടക്കുന്നതെന്ന് അവന് തോന്നി. റോഡരികിലെ ഈ നിൽപ്പ് തുടങ്ങിയിട്ട് കുറച്ചധികം നേരമായി. ഒരു മരമൊ, കടയൊ ഒന്നുംതന്നെ ഇവിടില്ല. ദാഹിച്ചിട്ട് ഒരു രക്ഷയുമില്ല, ഇനിയുമിങ്ങനെ തുടർന്നാൽ താനിവിടെ തളർന്ന് വീഴും ഉറപ്പ്. നാട്ടിൽ നിന്നും ജോലിതേടി വന്നതാണ് ബാസ്റ്റിൻ. ഒരു ഇന്റർവ്യൂ കഴിഞ്ഞിട്ട് തിരിച്ച് റൂമിലേക്ക് പോകാനായി നിൽക്കുകയാണ്. ബസ്‌സ്റ്റോപ്പ് കുറച്ച്ദൂരെയാണ്, ഈ കൊടുംവെയിലിൽ അവിടംവരെ നടക്കുന്നത് ഓർക്കാൻകൂടി വയ്യ, പോരാത്തതിന് പൊടിക്കാറ്റും. വരുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിക്കുന്നുണ്ട്, എന്നാൽ ആരുംതന്നെ നിർത്തുന്നില്ല.. ഒരു കാർ വരുന്നുണ്ട്. റോഡിലേക്ക് തന്റെ വലതുകാൽ ഇറക്കിവെച്ച്, മുന്നോട്ടാഞ്ഞ് വലതുകൈ നീട്ടിവീശിക്കാണിച്ചു. ഉച്ചത്തിലുള്ള കുറച്ച്‌ നീളംകൂടിയ ഹോണടി ശബ്ദത്തോടെ ആ കാർ നിർത്താതെ പാഞ്ഞുപോയി. ആ ഹോണടി ഒരു തെറിവിളി ആയിരിക്കുമെന്ന് അവന് തോന്നി. ഉറപ്പായിട്ടും അതിന്റെ ഡ്രൈവർ ഒരു മലയാളി ആയിരിക്കും, അല്ലെങ്കിൽ ഇത്ര ഉച്ചത്തിൽ ഹോണടിക്കുമായിരുന്നില്ല. പോടാ.. പോ... മലയാളികളുടെ ഔദ്യോഗിക തെറി മനസ്സിൽ വിളിച്ച്കൊണ്ട് കാർ പോയ ദിക്കിലേക്ക് അവൻ കൈനീട്ടി കാണിച്ചു. ചന്ദ്രനിൽപ്പോലും ചായക്കട നടത്തുന്നവന്മാരാണ്, ഇവിടെ ഒരു മുറുക്കാൻകടയെങ്കിലും വച്ചിരുന്നെങ്കിൽ ഇത്തിരി വെള്ളംകുടിച്ച് ചാകാമായിരുന്നു. 

പിറുപിറുത്ത്കൊണ്ട് റോഡരികിൽ നിന്നും തിരിച്ചു നടക്കവെ പുറകിൽനിന്നും അതാ വീണ്ടും ഒരു ഹോണടി ശബ്‌ദം... പോയകാറിൽ വല്ല അറബിയൊ മറ്റൊ ആയിരുന്നൊ? ഇനി താൻ കൈപൊക്കിക്കാണിച്ചത് കണ്ട് തിരികെ വന്നതാണൊ? ഭീതിയോടെ അവൻ തിരിഞ്ഞ്നോക്കി. ഗ്ലാസ്‌ താഴ്ത്തിയിട്ട ഫ്രണ്ട് വിൻഡോയിൽക്കൂടി ആരോ കയ്യാട്ടിവിളിക്കുന്നു. തിരിഞ്ഞ്നോക്കി അത് തന്നെത്തന്നെയാണെന്ന് ഉറപ്പ് വരുത്തി അവൻ കാറിന്റെ സമീപത്തേക്കു നടന്നു. ആ കാർ ഓടിച്ചിരുന്ന സ്ത്രീയല്ലാതെ വേറെയാരും അതിലുണ്ടായിരുന്നില്ല. അസ്സലാമുഅലൈക്കും... തുടർന്ന് അവൾ അറബിയിൽ പറഞ്ഞതെന്താണെന്നു അവനു മനസ്സിലായില്ല. "സോറി, അറബി അറിയില്ല, ഇംഗ്ലിഷിൽ സംസാരിക്കാമൊ?" അതിന് മറുപടിയായി ഫ്രണ്ട്സീറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് കയറിയിരിക്കാൻ അവൾ ഇംഗ്ലിഷിൽ  ആവശ്യപ്പെട്ടു. അവന്റെ പാരവശ്യം കണ്ടിട്ടാവണം കാറിനുള്ളിൽ കയറിയതും ഒരു കുപ്പി വെള്ളം നീട്ടിക്കൊണ്ട് എവിടേക്കാണ് പോകേണ്ടത് എന്നവൾ ചോദിച്ചു. മറുപടി പറയുന്നതിനുമുമ്പായി ആ വെള്ളം മുഴുവൻ ഒറ്റയടിക്ക് അവൻ കുടിച്ച് തീർത്തു. A/C യുടെ കൂളിംഗ് അൽപംകൂടി കൂട്ടിക്കൊണ്ട് എവിടേക്കാണെന്ന് അവൾ ഒരിക്കൽക്കൂടി ചോദിച്ചു. "താങ്ക്സ്, ബസ്റ്റോപ്പ് വരെ... അൽപംകൂടി സമയം വെളിയിൽ നിന്നിരുന്നെങ്കിൽ ഞാൻ തലകറങ്ങിവീണുപോകുമായിരുന്നു, ദൈവമാണ് നിങ്ങളെ ഇവിടിപ്പോൾ എത്തിച്ചത്." അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. 

"ബസ്റ്റോപ്പിനടുത്താണൊ റൂം?" അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ, പറഞ്ഞ് പൂർത്തിയാക്കുന്നതിനുമുമ്പേ അവൾ ചോദിച്ചു. "അല്ല, ഗോൾഡ്‌സൂക്കിനടുത്താണ്, ഇവിടെനിന്ന് ബസ് കിട്ടും'' അവൻ പറഞ്ഞു. "ഞാൻ കാറിൽ കൊണ്ട് വിടാം, ഉച്ച സമയമായതിനാൽ ബസ് കിട്ടാൻ പ്രയാസമായിരിക്കും." അവൾ പറഞ്ഞു. അവൾ പറഞ്ഞത് വിശ്വാസം വരാതെ ആ മുഖത്തേക്ക് അവൻ ആശ്ചര്യത്തോടെ നോക്കി. കറുത്ത പർദ്ദയിൽ ആ മുഖം ചിങ്ങനിലാവുപോലെ മനോഹരമായിരിക്കുന്നുവെന്ന് അവന്‌ തോന്നി. 'അമാവാസി നാളിൽ ഞാനൊരു പൂർണചന്ദ്രനെ കണ്ടു' എന്ന ഗാനം അവന്റെ മനസ്സിലേക്ക് ഓടിയെത്തി... എത്രനേരമായി താനാ കൊടുംവെയിലത്ത് നിൽക്കുന്നു, നാട്ടിലുള്ള എത്രയോപേർ ആ വഴി വാഹനങ്ങളിൽ കടന്ന്പോയിരിക്കാം, ഒരാൾപോലും സഹതാപം തോന്നി വണ്ടിനിർത്തി തന്നെ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. സഹജീവികളോട് കാരുണ്യമില്ലാത്ത ഒരുവർഗ്ഗം നമ്മൾ മാത്രമാണ്. എന്നാൽ ഇവരൊ, ചോദിക്കാതെതന്നെ വണ്ടിനിർത്തി, കുടിക്കാൻ വെള്ളവും, ദാ ഇപ്പോൾ റൂംവരെ കൊണ്ടുവിടാമെന്നും പറയുന്നു, അവർക്കിതിന്റെ വല്ല ആവശ്യവുമുണ്ടൊ. ഇതാണ് സ്നേഹം, കാരുണ്യം... അവൻ മനസ്സിൽ പറഞ്ഞു. താങ്ക്സ്, താങ്ക്സ്... അവൻ പലവട്ടം അവളോട് പറഞ്ഞു.

അവൾ ചിരിച്ച്കൊണ്ട് സ്റ്റിയറിങ്ങിൽ പതുക്കെ തന്റെ വിരലുകൾകൊണ്ട് താളംപിടിച്ച് ഡ്രൈവിംഗ് തുടർന്നു. അവൻ ആ വിരലുകളിലേക്കു സൂക്ഷിച്ച്നോക്കി, വിരലുകൾക്കൊക്കെ ഇത്രയും ഭംഗിയുണ്ടാവുമൊ! ഇളംറോസ് നിറത്തിലുള്ള ക്യൂട്ടെക്സടിച്ച നീളൻനഖങ്ങൾ.. കൈവിരലുകളുടെ താളത്തിനൊത്ത് അവ ഉയർന്ന് താഴുന്നത് കാണാൻതന്നെ എന്ത് ഭംഗി, കുഞ്ചിരോമങ്ങൾ ഇളക്കി പാഞ്ഞ്പോകുന്ന കുതിരകളെപ്പോലെ.. കറുത്തപർദ്ദയിട്ട വെളുത്ത മാലാഖ തെളിക്കുന്ന അഞ്ച് കുതിരകളെ പൂട്ടിയ രഥത്തിൽ വെണ്മേഘങ്ങളെ തഴുകിത്തഴുകി മുന്നോട്ടു പോകുകയാണെന്ന് അവന് തോന്നി.. ഉച്ചത്തിലുള്ള ഹോണടികേട്ടാണ് അവൻ മനോരഥത്തിൽനിന്നുണർന്നത്, സിഗ്നൽലൈറ്റ്തെളിഞ്ഞ് മുന്നിലുള്ള വണ്ടി പോകാത്തതിനാൽ ഹോണടിച്ച്കൊണ്ടു മാലാഖ പിറുപിറുക്കുന്നു. ഹേയ്‌! മാലാഖ പിറുപിറുക്കുമൊ, സാധാരണ നമ്മൾ മലയാളികളാണല്ലൊ ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇക്കാര്യത്തിൽ മലയാളിയും മാലാഖയും ഒന്നുതന്നെ. അവൻ മനസ്സിലോർത്ത് ചിരിച്ചു.

അവൻ റോഡിലേക്ക് കണ്ണോടിച്ചു, തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറായി. അടുത്ത സിഗ്നൽ കഴിഞ്ഞാൽ വലത്തോട്ട് കഷ്ടിച്ച് ഒരു 300 മീറ്റർ. മാലാഖയെ വിട്ട്പോകണമല്ലൊ എന്നോർത്തപ്പോൾ അവന് വല്ലാത്ത വിഷമംതോന്നി. ഇനി തമ്മിൽ കാണില്ലായിരിക്കാം, തന്നോട് കാണിച്ച ഈ സ്നേഹത്തിനും കരുതലിനും എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക. ഇറങ്ങുമ്പോൾ ഒരു താങ്ക്സ് പറയാം, താങ്ക്സ് പറയുന്നത് അവരുടെ ഭാഷയിലാണെങ്കിൽ അവർക്കു കൂടുതൽ സന്തോഷമാകും. പക്ഷേ അറബിയിൽ എങ്ങനെയാണ് താങ്ക്സെന്ന് പറയുന്നതെന്ന് തനിക്കറിയില്ലല്ലൊ, എന്തായാലും മാലാഖയോട് തന്നെ ചോദിച്ചേക്കാം... "മാം, താങ്ക്സിന് അറബിയിൽ എന്താണ് പറയുന്നത്?" "#ശുക്രൻ" അവൾ ചിരിച്ച്കൊണ്ട് പറഞ്ഞു. ശുക്രൻ... ശുക്രൻ... ശുക്രൻ... പലയാവർത്തി അവൻ മനസ്സിൽ ആ വാക്ക് ഉരുവിട്ട് ഉറപ്പിച്ചു. ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ വാക്ക് അതാണെന്ന് അവന് തോന്നി "ശുക്രൻ" "മാം, അവിടുന്ന് വലത്തേക്ക്," മുന്നിലുള്ള സിഗ്നൽ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. കുറച്ചുകൂടി മുന്നോട്ട്പോയി റോഡരുകിലെ പാർക്കിംഗ് സോണിൽ അവൾ കാർ നിർത്തി. അവളോട് യാത്രപറയണമെന്നോർത്തപ്പോൾ അവന്റെ ഹൃദയം വല്ലാതെവിങ്ങി. സത്യത്തിൽ നാട്ടിൽനിന്ന് ഇവിടേയ്ക്ക് തിരിക്കുമ്പോൾ ഇത്രയും ഹൃദയവേദന താൻ അനുഭവിച്ചിട്ടില്ലെന്നു അവന് തോന്നി. ഒരു വിനീതവിധേയനെപ്പോലെ ഗദ്ഗദത്തോടെ അവൻ പറഞ്ഞു,

"മാം , താങ്ക്സ്... ശുക്രൻ, ശുക്രൻ, ശുക്രൻ..." നനവ്പടർന്ന കണ്ണുകൾ അവൾ കാണാതിരിക്കാനായി അവൻ പെട്ടെന്ന്തന്നെ ഡോർതുറന്ന് വെളിയിലേക്കിറങ്ങാൻ തുടങ്ങി, "Wait! Give Fifty Dirham" പുറകിൽ നിന്നുയർന്ന ശബ്ദം മാലാഖയുടേതാണൊ? വിശ്വാസമാകാതെ അവൻ തിരിഞ്ഞ്നോക്കി. നനവ്പടർന്ന മിഴികളിൽ അവ്യക്തമായി അവനാകാഴ്ചകണ്ടു, തന്റെ നേരെ നീട്ടിപ്പിടിച്ച കൈയ്യുമായി മാലാഖ! കണ്ണുകൾ അമർത്തി അവൻ വീണ്ടും സൂക്ഷിച്ച് നോക്കി,തന്റെ മാലാഖ തന്നെയല്ലെ ഇത്! മാലാഖയുടെ മുഖഭാവം മാറുന്നത് അവൻ ശ്രദ്ധിച്ചു, നീട്ടിയ കൈകളിൽനിന്നും ആ നീണ്ട് വളഞ്ഞ വൃത്തികെട്ട നഖങ്ങൾ തന്റെ നേർക്കു നീണ്ട് വരുന്നതായി അവന്‌ തോന്നി. പെട്ടെന്ന് കൊടുക്ക് എന്ന അർഥത്തിൽ അവൾ കൈകൊണ്ടു ആംഗ്യം കാണിച്ചു. പോക്കറ്റിൽനിന്നും ഭക്ഷണത്തിനായി നീക്കിവച്ചിട്ടുള്ള തുകയിൽനിന്നും 50 ദിർഹം അവളുടെ കൈയ്യിലേക്ക് വയ്ക്കവെ അവൻ വീണ്ടും അറിയാതെ പറഞ്ഞു, "ശുക്രൻ…!"

English Summary:

Malayalam Short Story ' Shukran ' Written by Gireesh Sreelakam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com