മിന്നാമിനുങ്ങും ശലഭവും – മൻഷാദ് എഴുതിയ കവിത

Mail This Article
തണുത്തുറഞ്ഞ കരിമ്പടത്തിനു മുകളിൽ അങ്ങ് ദൂരെ..
ശുഭ്ര നക്ഷത്രം മിന്നി തിളങ്ങി.
നിശബ്ദതയും തമസ്സും യുഗ്മഗാനം പാടാനൊരുങ്ങി
ചീവീടുകൾ മൺവീണാ നാദം മുഴക്കി.
ഹേയ് ശലഭമേ... നിനക്ക് ഭയമോ?
മിന്നാമിനുങ്ങു ചെവിയിൽ മന്ത്രിച്ചു.
കറുത്ത കുപ്പായമണിഞ്ഞു ശലഭം മൊഴിഞ്ഞു..
നിന്റെ ശോഭയിൽ ഞാനെന്തിന് ഭയക്കണം?
നീ താരകമല്ലല്ലോ...
നമുക്ക് പറക്കാം.. ഈ വിഹായസ്സിൽ...
ആരണ്യകത്തിലെ തരുക്കൾക്കിടയിലൂടെ...
കുന്നിൻ ചരുവിലെ അനന്തമായ വളഞ്ഞ പാതയിലൂടെ..
നിദ്ര പൂകിയ പൂമൊട്ടുകളെ തലോടി..
നിനക്ക് ഭയമുണ്ടോ? മിന്നാമിനുങ്ങ് വീണ്ടും ചോദിച്ചു.
എന്തിനു?
നരികളുടെ ഓരിയിടൽ ...
മൂങ്ങകളുടെ അപസ്വരങ്ങൾ...
ചുവന്ന കണ്ണുകളുള്ള വാവലുകളുടെ ചിറകടിയൊച്ചകൾ..
മാളത്തിൽ നിന്നിറങ്ങി ഇരതേടുന്ന സർപ്പസീൽക്കാരങ്ങൾ..
ഇല്ല, ഭയമില്ല. നീ എന്റെ വഴിയിലെ വെളിച്ചം.
നമുക്ക് പറക്കാം. ഈ ഒരിറ്റു വെളിച്ചത്തിന് വഴിയിലൂടെ
തളരുമ്പോൾ ഞാൻ എന്റെ ചിറകു തരാം. നീ വെളിച്ചവും
നമുക്ക് പറക്കാം... ഹിമം മൂടിയ താഴ്‌വരകളും
ദേവതാരുക്കൾ പൂത്ത മേടുകളും കടന്ന്...
ആസ്വദിക്കാം ഈ തമസ്സിനെ..
പറവകൾ ഉണരും വരെ ...
ഈ ശുഭ്ര താരകം അസ്തമിക്കുവോളം..
ഒടുവിൽ...
ശലഭം പറഞ്ഞു. മതി നമുക്ക് തിരികെ പോകാം
നാളേയ്ക്ക് മധു തേടേണ്ടതുണ്ടെനിക്ക്
ഒന്നും മൊഴിയാതെ ശലഭം തിരികെ പറന്നു,
മിന്നാമിനുങ്ങോ?...
അസ്തമിച്ച താരകത്തെ പുച്ഛത്തോടെ നോക്കി.
സ്വന്തം പ്രകാശം അലിഞ്ഞില്ലാതായതറിയാതെ