രാജ്യത്തിന്റെ രാജ്ഞിയെ മോഹിച്ച് ഭടൻ; പ്രതികാരം ചെയ്ത് രാജ്ഞിയും

Mail This Article
ഞാൻ കഥകൾ എഴുതാനുറച്ചു, ഒരു രാത്രിക്കപ്പുറം ആയുസ്സില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ആശുപത്രികിടക്കയിൽ നിന്നും ആദ്യമായൊരു കഥ എഴുതാൻ ഞാൻ തുനിഞ്ഞു. "സാർ, എനിക്കൊരു നല്ല റൈറ്റർ ആവണം. സർക്കാറിനെ വിമർശിക്കാനോ, ലോകം നന്നാക്കാമെന്നുള്ള ദുർമോഹത്തിന്റെ ഫലമോ ആയല്ല ഈ തീരുമാനം. ചിലപ്പോഴെങ്കിലും ഞാൻ മരിച്ചുപോയാൽ ആരെങ്കിലും എന്നെക്കുറിച്ചന്വേഷിച്ചെന്റൊരു ബുക്ക് തപ്പിയെടുത്തു വായിച്ചാൽ. അയാൾ അത്ഭുതപ്പെടണം, കരയണം, അവസാനം ഒന്ന് പുഞ്ചിരിക്കണം. അത്ര മാത്രം മതി.."
"സൊ, മി. ധനപാലൻ താങ്കൾ എന്ത് കഥയാണ് എഴുതാനുദ്ദേശിക്കുന്നത്?" "യുദ്ധഭൂമിയിൽ അകപ്പെട്ട ഒരു ഭടന്റെ കഥയാണ് സാർ. സ്വപ്നങ്ങളൊന്നുമില്ലാതെ മരണത്തെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് അയാൾ രാജാവിനു വേണ്ടി പടവെട്ടി, ഒടുവിൽ.." "ഒടുവിൽ?" ഒടുവിൽ യുദ്ധം ജയിച്ചൊരു സന്ധ്യയിൽ കൊട്ടാരത്തിൽ വെച്ചയാൾ രാജ്ഞിയെ കണ്ടു. കണ്ട മാത്രയിൽ അയാൾക്ക് അന്നാദ്യമായി രാജ്ഞിയോട് കനത്ത അനുരാഗം തോന്നി. അയാൾക്ക് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമുണ്ടായി, എങ്ങനെയെങ്കിലും അന്തപുരത്തിൽ കടന്നുകൂടി രാജ്ഞിയുടെ കൂടെയൊന്ന് ശയിച്ചാൽ കൊള്ളമെന്നൊരാഗ്രഹം ഭടനുണ്ടായി. മോഹം കലശലായപ്പോൾ അയാൾ ആരും കാണാതെ അന്തപുരത്തിൽ കേറിപറ്റി.
പട്ടു വിരിച്ച ശയ്യയിൽ നാഥനെ കാത്തിരിക്കുന്ന രാജ്ഞിയെ കണ്ട് ഭടന്റെ ഹൃദയം വിറകൊണ്ടു. വികാരം സഹിക്കാൻ പറ്റാതെ ആയപ്പോൾ അയാൾ പുറകെ ചെന്നു രാജ്ഞിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അയാൾ അവളെ ചേർത്തു പിടിച്ചു. ദൂരെ ഉയർന്നു നിൽക്കുന്ന മരത്തിന്റെ ചില്ലകളിൽ എവിടെയോ നിന്നൊരു കിളി ഉറക്കെ കരഞ്ഞു. അൽപം നാണത്തോടെ, അത്ഭുതത്തോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചു. എന്തോ അവൾക്കതിന് സാധിക്കില്ലെന്നു തോന്നി. അയാൾ അവളെ സ്നേഹത്തോടെ വരിഞ്ഞു പുണർന്നു.. അയാൾക്ക് സഹിക്കാൻ പറ്റാതെ ആയപ്പോൾ ആ നിമിഷത്തിൽ അവളുടെ കവിളിൽ അയാൾ കുസൃതിയിൽ ഒരുമ്മവെച്ചു.
അപ്പോഴാണ് രാജ്ഞി രാജാവല്ല ഭടൻ ആണിതെന്ന് മനസിലാക്കിയത്. രാജ്ഞി അയാളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് നൃത്തമാടി. ഭടൻ നിന്ന് സുഖിച്ചു. രാജ്ഞിയല്ലേ അവനെ കെട്ടിപ്പിടിച്ചിരിക്കുന്നത്. അങ്ങനെ നൃത്തം കളിച്ചു പോയി പോയി അവൾ അവനെക്കൊണ്ട് അന്തപുരത്തിന്റെ ജനലിന്റെ അവിടെ എത്തി. എന്നിട്ട് ഒരൊറ്റ തള്ള് താഴേക്ക് വെച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു. പട്ടി, ഈ രാജ്യത്തിന്റെ രാജ്ഞിയെ മോഹിക്കാൻ വന്നിരിക്കുന്നു. അയാൾ മട്ടുപ്പാവിൽ നിന്ന് നിലത്തു വീണു. രാജ്ഞി രാജാവിനേം പ്രതീക്ഷിച്ചുകൊണ്ട് നാണത്തോടെ വീണ്ടും ശയ്യയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ രാജാവ് വന്നു.. കഥ അവസാനിച്ചു സാർ."
"മി.ധനപാൽ ആ ഭടനെന്ത് പറ്റി?" "അതൊക്കെ ആരു നോക്കാൻ സാർ, നമുക്ക് വലുത് രാജ്യവും രാജാവും രാജ്ഞിയും അല്ലെ.." "എന്നാലും ധനപാൽ പറ ആ ഭടനെന്ത് പറ്റിയെന്ന്." "അയാൾ ചത്തുപോയി സാർ. അതൊക്കെ ശ്രദ്ധിക്കാൻ ആർക്ക് സമയം.."