ADVERTISEMENT

കഴിഞ്ഞ പ്രണയദിനത്തിൽ 

കരടി ബൊമ്മയ്ക്കും 

ചോക്ലേറ്റിനുമൊപ്പം 

നീ സമ്മാനിച്ച 

ചെടിയുടെ പേരെന്താണ്? 
 

സ്പ്രിങ് പോലുള്ള 

ചുരുളൻ കാലുകൾ ഉറപ്പിച്ച് 

അത് ഭിത്തിയിലൂടെ 

പടർന്നു കയറി 

ആകാശത്തെ 

തൊടാൻ ശ്രമിക്കുന്നത്

സ്വപ്നം കണ്ട്, നിത്യവും 

ഉണരേണ്ടി വരുന്നതെന്താണ്?
 

മിറാൻഡ,

കടും വയലറ്റ് നിറമുള്ള 

ചെറുപൂക്കളും 

നീളത്തിലുള്ള  ഇലകളുമായി

ചുരുളൻ മുടി പോലുള്ള 

ആ ചെടി, നിർത്താതെ 

നൃത്തം ചെയ്യുന്നു.
 

പ്രണയത്തിന്റെ ഏത് ഹെർബേറിയത്തിൽ 

നിന്നാണ് നീ അതിനെ കണ്ടെടുത്തത്?

ഏതു നർത്തകിയുടെ 

ആത്മാവാണ് 

നീയതിൽ കൊരുത്തിട്ടുള്ളത് .
 

പിരിയൻ ഗോവണി പോലെ 

അനന്തതയിലേക്ക് 

പടർന്നു കയറുന്ന 

അത് തിരഞ്ഞ് 

നഴ്സറികളിൽ 

കയറിയിറങ്ങിയപ്പോഴാണ്  

ആ ചെടി എല്ലാവർക്കും 

അജ്ഞാതമാണെന്ന് മനസ്സിലായത്.
 

മിറാൻഡ,

ലാറ്റിനമേരിക്കൻ 

വിപ്ലവകാരിയുടെ പേര്

നിനക്ക് സമ്മാനിച്ച്

മരിച്ചുപോയ നിന്റെ പപ്പയെ 

ഞാൻ എപ്പോഴും ഓർക്കും. 

എന്തുകൊണ്ടാണ്

നിനക്കൊരു ഗ്രീക്ക് 

രാജ്ഞിയുടെ 

പേര് അദ്ദേഹം തരാതിരുന്നത് ?
 

ഈ ലോകത്തിലെ ഏറ്റവും 

മികച്ച സുന്ദരികളുടെ പേരും

ഭൂമിയിലെ 

മുഴുവൻ വിശുദ്ധരുടെ

പേരും 

നിനക്ക് ചേരുന്നതാണ്.

എന്നിട്ടും....
 

ലിനൂസ്, ബോണിഫസ്, സെലസ്റ്റിൻ,

സിസിന്നിയസ്, ഹെലൻ, ടെസ്, അന്ന 

നിന്നെ വിളിക്കാൻ 

നീ ആവശ്യപ്പെടാറുള്ള

പേരുകൾ പലതും  

മറന്നു കഴിഞ്ഞു..
 

മിറാൻഡ,

കൈവെള്ളയിൽ 

പ്രണയകവിതകൾ 

വിരൽ കൊണ്ടെഴുതി

മറഞ്ഞുപോയ നിന്നെ,

ഇടയ്ക്കെല്ലാം 

ഈ ചെടിയിൽ കാണാറുണ്ട്. 
 

അപ്പോഴെല്ലാം 

ചുരുളൻ കൈകൾ കൊണ്ട് 

നീയെന്നെ കെട്ടിയിടും.

കാറ്റിനു പോലും കടക്കാൻ 

ഇടമല്ലാത്തവണ്ണം 

മുറുക്കെ.. മുഴുക്കെ..
 

ഒടുവിൽ, 

ആ വള്ളിയിൽ

കുരൽ കുടുങ്ങി 

പിടഞ്ഞൊടുങ്ങുമ്പോൾ 

ഭൂമിയിൽ ശരത്ക്കാലം ആരംഭിച്ചിരിക്കും.
 

പ്രിയപ്പെട്ട മിറാൻഡ

ഏതു ദുസ്വപ്നത്തിന്റെ 

കുന്നിൻ ചെരുവിലാണ്

നമ്മൾ കണ്ടുമുട്ടിയത്?

എത്ര ജന്മങ്ങളുടെ

ഉറക്കങ്ങൾക്കുശേഷമാണ് 

ഇത് അവസാനിക്കുക?

English Summary:

Malayalam Poem ' Miranda ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com