പറയാത്ത പ്രണയം – സുരേഷ് എടയപുറത്ത് എഴുതിയ കവിത

Mail This Article
കാലത്തിൻ കൈകളിൽ മീട്ടാൻകൊടുത്തെന്റെ
ജീവിതമായൊരു മൺതംബുരു.
പ്രണയത്തിൽ മന്ത്രണം കേൾക്കാൻ തുടിക്കുമെൻ
ഹൃദയം നിനക്കായ് നൽകിടുന്നു.
സ്വപ്നം കൊരുത്തൊരു പൂമാല ഞാനെന്റെ
ഹൃത്തിലൊളിപ്പിച്ചു വെച്ചിരുന്നു.
മറ്റാരും കാണാതിരിക്കുവാൻ ഞാനതിൽ
കാർമുകിൽ വാരി പുതച്ചിരുന്നു.
കല്ലെടുക്കുന്നൊരു തുമ്പിയെ പോലെ ഞാൻ
കാലത്തിനൊപ്പം നടന്നിടുന്നു.
പിന്നിട്ട വഴികളിലൊക്കെയും നിന്റെയാ
നിശ്വാസമർമരം തങ്ങിനിൽപ്പു.
ഇറ്റു വീഴാൻ നിൽക്കും മഞ്ഞിൻ കണങ്ങളിൽ
തൊട്ടു നോക്കാൻ തോന്നുമെന്നപോലെ.
നിൻ വിരൽതുമ്പിലെൻ വിറയാർന്ന കൈകളാൽ
ചുറ്റിപിടിച്ചു ഞാൻ അത്രമാത്രം.
കാർമുകിൽ മൂടിയ അംബരത്തിൻ കീഴേ
കനവുകൾ കാണുന്ന വേഴാമ്പൽ പോൽ
കാലത്തിനപ്പുറം ഞാൻ കാത്തിരിക്കുന്നു
നിൻ കാതിലെന്നുടെ പ്രണയമോതാൻ
പക്ഷേ.....
ചൊല്ലുവാനാകില്ല നിൻ കാതിലെന്നുടെ
പ്രണയമൊരിക്കലും പെൺകിടാവേ....
ചൊല്ലിക്കഴിയുമ്പോൾ നഷ്ടമാകുന്നൊരു
വിസ്മയമുണ്ട് പ്രണയത്തിന്.....
നഷ്ടപ്പെടുത്തിയ വെള്ളിക്കൊലുസിലെ
ഒറ്റമണിയുടെ മർമ്മരം പോൽ.....
നഷ്ടപ്പെടുത്തുവാനാകില്ല എന്നിലെ വറ്റാത്ത
പ്രണയത്തിൻ ചേതനകൾ....