കടന്നുപോയ വാക്ക് – മോഹൻദാസ് കെ. എഴുതിയ കവിത

Mail This Article
എവിടെയോ വീണു കിടപ്പുണ്ട്
സ്വപ്നം വിരിയിച്ച വാക്കൊന്ന്.
ഒരു പുലരിയിൽ പുറപ്പെട്ട്
പോയൊരാ വാക്കും തേടി
പെരു മഴയിലും അലയുകയാണു ഞാൻ.
ഓർമവെച്ച നാളിലെൻ
ചെവിയിലാരോ മന്ത്രിച്ച
വാക്കിന്റെ ബലത്തിലീ യാത്ര
തുടങ്ങിയതാണു ഞാൻ.
അന്നെന്റെ ചെവിയിലൂടെ
കരളിലെത്തിക്കനിവായ്
കദനമായ്,കാരുണ്യമായ്,
കരുത്തായ്,
കരിയാതിരിക്കാൻ
വാത്സല്യ സ്നിഗ്ദ്ധമായ്
എപ്പൊഴും കൂടെ നടന്നൊരാ വാക്കതാ
മിണ്ടാതെ,തിരിഞ്ഞൊന്ന്
നോക്കാതെ കടന്നുപോകുന്നൂ.
കാറ്റു മൂളുന്ന സായന്തനത്തിൽ
അരികിലായ് സാന്ത്വനം പോലെ
മന്ത്രിക്കുമാ വാക്കിനായ്
ഏതു പുസ്തകത്താളു
മറിയ്ക്കണം, നോക്കണം?
എത്രയോ വാക്കുകൾ
വരിയിട്ടു നിൽക്കിലും,
വന്നെനിക്കുമ്മ നൽകാൻ
പ്രിയപ്പെട്ട വാക്കില്ല,
വക്കുപൊട്ടി ചോര പൊടിയുമീ
വാക്കുകൾക്കു മുമ്പിൽ
പുലരിയിൽ പടി കടന്ന
വാക്കുണ്ടോ വാത്സല്യ
ദുഗ്ദ്ധമായെൻ
മനസ്സിന്റെ വാതായനങ്ങൾ
തുറന്നു വരുന്നൂ?
അതല്ലേ പ്രിയപ്പെട്ട
വാക്ക്, കേൾക്കൂ
അമ്മയെന്ന തീർഥ സമാനമാം വാക്ക്!