മധുരം – ഗിരിജ ചാത്തുണ്ണി എഴുതിയ കവിത

Mail This Article
ഇളം തെന്നലിലുലഞ്ഞു കൊഴിയുന്ന
ഇലകളെ പോലെ
അകലങ്ങളിലേക്ക് പറന്നകലുന്ന
അപ്പൂപ്പൻതാടിയെ പോലെ
എത്ര ചേർത്തു പിടിച്ചാലും
കബളിപ്പിച്ചിറങ്ങുന്ന നിശയുടെ
മൂന്നാം യാമത്തെപ്പോലെ...
സുസ്മിതം തൂകി കൺചിമ്മി
യകന്നുപോകുന്ന
താരകങ്ങളെപോലെ..
ഇലക്കീറിൽ പൊതിഞ്ഞെടുത്ത
മൗനവുമായ് നീ
നിഴലായകന്നുപോകുമ്പോൾ
ഓർമ്മകളുടെ ഭാണ്ഡങ്ങൾക്ക്
സ്നേഹത്തിന്റെ ഭാഷ്യമറിയാതെ
ദിശതെറ്റി പൊള്ളിയടരുമ്പോൾ
ചേർത്തുവെച്ച ഇഷ്ടങ്ങൾ
ഒരു പിൻവിളിയാൽ
പിന്തിരിയുമ്പോൾ
പാതിവഴിയിൽ ഇറങ്ങിപോകുന്ന
സ്നേഹത്തിൻ വാക്കുകൾക്ക്
മധുരം പകർന്നു നൽകാനാകാതെ
ശിശിരത്തിൽ ഇലകൾ
കൊഴിഞ്ഞ ശാഖികളിൽ
കൂടുകൂട്ടിയ ഒറ്റമൈനയെപ്പോലെ
വിരഹത്തിൻനോവിൽ
നനഞ്ഞൊട്ടുമ്പോൾ
നിശബ്ദമായ വാചാലതയെ
പെയ്തിറക്കാൻ വർഷന്തർത്തുവിൽ
കുളിരുള്ള പെയ്ത്തോളങ്ങളെ
ചുംബിക്കുമ്പോൾ
വസന്തർത്തുക്കളിൽ
കൊരുത്തെടുത്ത സ്വപ്നങ്ങൾ
നിദ്രകൾക്ക് കാവലാളാകുമ്പോൾ
ഗ്രീഷ്മത്തിൽ സൂര്യൻ കളംവരച്ച
ഒറ്റ നിഴലിനെ പുണർന്നിട്ടും
കഥകളുടെ ആവർത്തന
വിരസതകളിൽ
ചെത്തിമിനുക്കിയ അക്ഷരങ്ങൾ
അടർന്നുവീണപ്പോൾ
ചില സ്നേഹങ്ങൾ
മധുരമല്ലെന്ന നിന്റെ
വാക്കുകളെ കടംകൊള്ളട്ടെ!
അല്ലെങ്കിലും എല്ലാ മധുരങ്ങളും
മധുരമാകാറില്ലല്ലോ!!!