ADVERTISEMENT

പൂത്താലമേന്തിയ മലർകൈകൾ 

വാടിത്തളർന്നിതളുകളറ്റ് 

മണ്ണിലേക്കടിയുന്നു

ഋതുചംക്രമണത്തിന്റെ

പീയൂഷം നുകർന്ന് ഞാൻ

കൊച്ചരിപ്പല്ലുകൾ കാട്ടി 

ചിരിക്കുന്നുവോ..?

ഊളിയിട്ടിറങ്ങുന്നുണ്ട് 

ഞാനെന്റെയൂഷരഭൂമിയിലേക്ക്..
 

അവിടെ

തന്നനം കളിക്കുന്ന

പിഞ്ചിളം പാദങ്ങളെ 

ഞാനമ്മയിൽ ചുവടുറപ്പിക്കുന്നു.

ഒരു കുഞ്ഞുമിഠായിപ്പൊതിയിലെന്റെ

ശാഠ്യങ്ങളെ തളയ്ക്കുന്നു.

അച്ഛന്റെ തോളിലെയൂഞ്ഞാലയിൽ  

ചായുറങ്ങുന്നു..
 

മയിൽപ്പീലിത്തുണ്ടും

വെറ്റിലപ്പച്ചയും, വളപ്പൊട്ടുകളും 

തൊട്ട് ഞാൻ ഋതുമതിയാകുന്നു. 

പച്ചിലച്ചാർത്തുകളുടെ

ഹാരമണിയിച്ച് 

ഞാനറിയാത്തയെന്റെ 

തെല്ലു നാണത്തെയവൻ 

വേളികഴിക്കുന്നു.
 

ഓർമ്മകളുടെ നീറ്റുകക്കയിൽ 

നീറിയെരിഞ്ഞ് 

നിശ്വാസങ്ങളുടെ 

പരവതാനിയിലെന്റെ ചായങ്ങൾ 

വീണ്ടുംവീണ്ടുമെന്തൊക്കെയോ 

കോറിവരയ്ക്കുന്നു...

അക്ഷരങ്ങളിൽ നിറഞ്ഞു

പൂക്കുന്നു കുന്നിൻ മേലത്തെ

അതിരാണി പൂക്കൾ...
 

അങ്ങ് തെക്കേയിടവഴിതാണ്ടി

തേക്കുപാട്ടിനീണത്തിനൊപ്പം 

കൂട്ടുകൂടി പാടിയാടി 

പ്രിയചങ്ങാതിമാർ 

വട്ടക്കണ്ണുള്ള ആയ്ഷ, 

പെരും നുണയൻ അബ്ദു,

മരിയ, കുഞ്ഞുമോൾ..

വടക്കൂന്ന് തെന്നാലിക്കരേലെ 

ചാലിപ്പുഴ കടന്ന് കളകളമൊഴുകി,

കുളിർപകർന്ന് ഇരട്ടവാലുള്ളഗോമതി,

തടിച്ചി പാറു, വരയാട് തോമ...
 

നടുക്കത്തെ വരികളിൽ കവിഞ്ഞ് 

അടയ്ക്കാത്തോപ്പിലെ 

തൂക്കണാം കുരുവികൾ..

കൊത്തങ്കല്ലാടിയ 

ഇടനാഴിത്തിണ്ണകൾ...

മായുന്നില്ലോർമ്മയിലെ

മാമ്പൂക്കാലവും...

ഞാനെന്നിൽ

നിന്നില്ലാതെയാകുന്ന,

യവസാന സുഷുപ്തിയുടെ

തീരമുടഞ്ഞുതകരുംവരെ.

English Summary:

Malayalam Poem ' Manjupoya Kalpadukal ' Written by Jasiya Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com