പരോളിലിറങ്ങിയ പിതാവ് – നിസാർ പുത്തൻപള്ളി എഴുതിയ കവിത

Mail This Article
മൂന്നു വർഷങ്ങൾക്കിപ്പുറം ഒരു വൈകുന്നേരമാണ്
ജയിലിൽ ആ വിവരം എത്തുന്നത്
ആകെയുള്ള കണ്മണി അപകടത്തിൽ
എന്നെന്നേക്കുമായി യാത്രയായെന്നും
ഇന്നുതന്നെ മറമാടുമെന്നും
ഇരുപത്തി നാല് മണിക്കൂറാണ് പരോളെന്നും
അമ്പതിനായിരം ഉറുപ്പിക കെട്ടണമെന്നും
ലംഘനത്തിന് പിഴയെന്നും നിയമം
തോക്കുമേന്തിയ പൊലീസ്പടക്കൊപ്പം
മിഴി നിറഞ്ഞ അനേകം മനുഷ്യർക്കിടയിലേക്ക്
മനക്കരുത്തിൽ പിതാവിന്റെ ആഗമനം
അവസാന ചുംബന ശേഷം
ദൈവം നൽകിയ വരദാനമെന്നും
അവൻ തിരിച്ചെടുത്തെന്നും നോക്കിനിന്നവരെ
ആശ്ചര്യപ്പെടുത്തി ആത്മഗതം
പറന്നു കൊതി തീരാത്ത പൂമ്പാറ്റയെന്നും
എന്നെക്കാൾ വിദ്യ നൽകി ഉന്നതിയിലെത്തിച്ചെന്നും
കണ്ണീർ വറ്റിയ ഗൃഹനാഥൻ
ഗസ്സയിലെ കുഞ്ഞുങ്ങളുടെ വിയോഗം ഓർക്കുമ്പോൾ
എന്റേത് ഇതൊന്നുമല്ലെന്നും പടച്ചവൻ തന്നെ
അവളെ നേരത്തെ വിളിച്ചതാണെന്നും
ഉള്ളുലക്കിന്റെ മനുഷ്യപ്പറ്റ്
ദൈവത്തിന്റെ വികൃതിയെന്നും അനേകം പേർക്ക്
മോട്ടിവേഷൻ നൽകിയവളെന്നും പന്തലിൽ ജനസംസാരം
പാപം ചെയ്യാത്തവരുടെ ശുദ്ധ മനസ്സും ശരീരവും
പച്ചമണ്ണിന് ഏറെ ഇഷ്ടമാണെന്ന് അടക്കത്തിന്
കൊണ്ടുപോകുമ്പോൾ ഒരശരീരി
ഫാസിസത്തിന്റെ ഓരോ നീക്കവും കൽത്തുറുങ്ക്
കൂടുതൽ ജീവസുറ്റമാക്കുമെന്ന്
തിരിച്ച് പൊലീസ് വണ്ടിയിൽ നിന്ന് ജനത്തോട്.....