റെയിലോര സന്ധ്യയിൽ – കെ. എ. രവി നാരായണൻ എഴുതിയ കവിത

Mail This Article
സുഹൃത്തേ - ആരോർക്കുവാൻ
യാത്രാ നിമിഷങ്ങൾ തൻ
അന്ധസമാഗമത്തിൽ
മനം പൊഴിയുന്നതും
ഓർമ്മ നനയുന്നതും?
ജനം ആർത്തിരമ്പുമീ
റെയിലോര സന്ധ്യയിൽ
വരാ വണ്ടി കാക്കുന്ന
മനുഷ്യ ജന്മങ്ങൾ നാം.
പറയും വാക്കിലെല്ലാം
ബോധത്തിന്റെ തീവണ്ടി
പുക തുപ്പി നിൽപ്പതും
ഞരമ്പിൻ പാളങ്ങളിൽ
സുഖസ്വപ്നങ്ങൾ
തലവെച്ചു കിടപ്പതും
സുഹൃത്തേ - ആരോർക്കുവാൻ?
യാത്ര പോകുമ്പോൾ മോഹ-
ച്ചിത്ര പുസ്തകം നോക്കൂ
എത്ര ജന്മങ്ങളായി നാം
മിത്രരാശിയിൽ വന്നു വീഴുന്നതും
പരസ്പരം കരളു കൊത്തുന്നതും?
ആൽക്കഹോൾ ശരീരം ഞാൻ
ജീവിതക്കാറ്റായ് നീയും
പടരുമീ ഗന്ധം നിറയെ
കലരും മോഹ നിദ്ര തൻ ക്ഷണം
ജനം നിറഞ്ഞു നിൽക്കുന്ന
റെയിലോര സന്ധ്യയിൽ
വരാ വണ്ടി കാക്കുന്ന
മോഹയാത്രികരാണു നാം.
ഇരുമ്പിൻ താരാട്ടുമായ്
വന്നേക്കാം പുകവണ്ടികൾ
മണിക്കൂറുകൾ വൈകിയോടുന്ന
മനസ്സിൻ കരിവണ്ടികൾ.
പുക തുപ്പിനിൽക്കും വെളിച്ചത്തിൻ
തകരപ്പാട്ട വണ്ടികൾ
ഇരുളിൽ തേങ്ങലാകുന്ന
മായാമയവണ്ടികൾ
നേരു ശുഭ ചിന്തകൾ
നിറയും പ്രിയ വാക്കുകൾ
ഇരുമ്പിൻ പാളങ്ങളിൽ ഞാൻ
നിനക്കായ് കിതച്ചു നിൽക്കുമ്പോൾ
അറിയാ സങ്കടം പേറി -
ക്കയറൂ -യാത്രയായിടാം